26 April Friday

ഇതും കാണുക; സിപിഐ എമ്മിന് നഷ്ടപ്പെട്ടത് 588 ജീവന്‍; ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 36 പേര്‍

സ്വന്തം ലേഖകൻUpdated: Thursday Dec 23, 2021


ഇരുളിന്റെ മറപറ്റിയെത്തി, വെട്ടിമുറിച്ചും കുത്തിക്കീറിയും കൃത്യമായ ആസൂത്രണത്തോടെ മനുഷ്യന്റെ ചോരകുടിച്ച്‌ കൊതിമാറാത്ത ‘ഇരട്ട സഹോദരങ്ങ’ളാണ്‌ ആർഎസ്‌എസും എസ്‌ഡിപിഐയും. പരസ്‌പരം ശത്രുക്കളെന്ന്‌ നടിക്കുമ്പോഴും ഇവരുടെ പൊതുശത്രു എന്നും സിപിഐ എം തന്നെ. ഇവർ പരസ്‌പരം കൊലക്കത്തി എടുക്കുന്നതുതന്നെ വർഗീയ ധ്രുവീകരണത്തിനാണ്‌. പിന്നാലെ വർഗീയതയുടെ തീ ആളിക്കത്തിച്ച്‌ പരസ്‌പരം തെരുവിലിറങ്ങും, വെടക്കാക്കി തനിക്കാക്കാനുള്ള ഗൂഢനീക്കവുമായി. അപ്പോഴും നഷ്ടം നാടിനാണ്‌. കേരളത്തിന്റെ ശാന്തിയും സമാധാനവും കെടുത്തുന്ന ഇവരുടെ കണ്ണിൽ ചോരയില്ലാത്ത രാഷ്ട്രീയ നെറികേടിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്‌ ആലപ്പുഴയിൽ നാം കണ്ടത്‌...  ഒളിഞ്ഞും തെളിഞ്ഞും ഇവർ നടത്തുന്ന അക്രമങ്ങളിൽ... അവർ ആസൂത്രണംചെയ്‌ത എണ്ണമറ്റാത്ത കൊലകളിൽ നഷ്ടം എന്നും സിപിഐ എമ്മിനായിരുന്നു


തിരുവനന്തപുരം
രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച്‌ കദനകഥകളെഴുതുന്ന മാധ്യമങ്ങൾ മറക്കരുത് അമ്മയും ഉമ്മയും പെങ്ങളും പെൺമക്കളുമുള്ള 588 ജീവനുകൾ...  ഒരു വർഷത്തിനിടെമാത്രം ആറ്‌ സിപിഐ എം–- ഡിവൈഎഫ്‌ഐ പ്രവർത്തകരെയാണ്‌ ആർഎസ്‌എസ്‌, ബിജെപി, കോൺഗ്രസ്‌, ലീഗ്‌ ക്രിമിനലുകൾ കൊലപ്പെടുത്തിയത്‌. കായംകുളത്ത്‌ സിയാദ്‌, വെഞ്ഞാറാമൂട്ടിൽ മിഥിലാജ്‌, ഹഖ്‌ മുഹമ്മദ്‌ എന്നിവരെ കോൺഗ്രസുകാരും കുന്നംകുളത്ത്‌ സനൂപ്‌, തിരുവല്ല പെരിങ്ങരയിൽ സന്ദീപ്‌ എന്നിവരെ ആർഎസ്‌എസും കാഞ്ഞങ്ങാട്ട്‌ ഔഫ്‌ അബ്ദുൾ റഹ്‌മാനെ ലീഗും കൊലപ്പെടുത്തി. സംസ്ഥാനത്ത്‌ ഇതുവരെ 588 സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക്‌ ഇരയായത്‌.  

ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്തത്‌ ആർഎസ്‌എസ്‌, ബിജെപി കൊലയാളികൾ. 215 സിപിഐ എം പ്രവർത്തകരെയാണ്‌ സംഘപരിവാർ കൊന്നത്‌. 133 പേരെ കോൺഗ്രസും 25 പേരെ മുസ്ലിംലീഗും ഒമ്പതുപേരെ എൻഡിഎഫ്‌–- എസ്‌ഡിപിഐയും കൊലപ്പെടുത്തി. പിഡിപിയും ജനതാദളും ഒരാളെ വീതവും സിപിഐ ഒമ്പതു പേരെയും കേരള കോൺഗ്രസ്‌ മൂന്നു പേരെയും കൊലചെയ്‌തു. പൊലീസ്‌ അതിക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവർ 126 പേരാണ്‌. 35 പേരെ ക്രിമിനൽ സംഘവും 15 പേരെ ഭൂഉടമകളും 16 പേരെ മറ്റുള്ളവരും കൊലപ്പെടുത്തി.

ഏറ്റവും കൂടുതൽ സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ടത്‌ കണ്ണൂരിലാണ്‌–- 169 പേർ. ഇതിൽ 70 പേരെയും കൊന്നത്‌ ആർഎസ്‌എസ്‌–-ബിജെപി ക്രിമിനലുകളാണ്‌. തൃശൂരിൽ 59 പേരും പാലക്കാട്ട്‌ 53 പേരും കൊല്ലപ്പെട്ടു. തിരുവനന്തപുരം 49, കൊല്ലം 29, പത്തനംതിട്ട 17, ആലപ്പുഴ 47, കോട്ടയം 14, ഇടുക്കി 14, എറണാകുളം 26, മലപ്പുറം ഒമ്പത്‌, കോഴിക്കോട്‌ 51, വയനാട്‌ 10, കാസർകോട്‌ 41 എന്നിങ്ങനെയാണ്‌ വിവിധ പാർടികളാൽ കൊല്ലപ്പെട്ട സിപിഐ എം പ്രവർത്തകർ.

 

 

ഉമ്മൻചാണ്ടിയുടെ കാലത്ത്‌ 36 പേർ
കഴിഞ്ഞ യുഡിഎഫ്‌ സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ രാഷ്ട്രീയ കൊലപാതകം കുറഞ്ഞു. 2011 മുതൽ 2021 വരെ സംസ്ഥാനത്ത്‌ 68 രാഷ്ട്രീയ കൊലപാതകമാണ്‌ നടന്നത്‌. ഇതിൽ 36ഉം കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌.
പൊലീസിന്റെ കണക്കനുസരിച്ച്‌ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2011 –-16ൽ 36 രാഷ്ട്രീയ കൊലപാതകങ്ങളിൽ 11 പേരും സിപിഐ എം പ്രവർത്തകരാണ്‌. അഞ്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരും രണ്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകരും കൊല്ലപ്പെട്ടു. നിലവിലെ സർക്കാരിന്റെ കാലത്ത്‌ ആലപ്പുഴയിലെ രണ്ട്‌ അടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.

കണ്ണൂരിന്റെ കണ്ണീർ
വർഗീയതയുടെ ആൾരൂപങ്ങളായ ആർഎസ്‌എസും എസ്‌ഡിപിഐയും  കണ്ണൂരിൽ അരിഞ്ഞില്ലാതാക്കിയത്‌ 71 സിപിഐ എം പ്രവർത്തകരെ. എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ വി സുധീഷിനെ രാത്രി വീട്ടിൽ അച്ഛനമ്മമാരുടെ കൺമുന്നിലിട്ടാണ്‌ ആർഎസ്‌എസ്‌ വെട്ടിക്കീറിയത്‌. കൂത്തുപറമ്പിൽമാത്രം 11  സിപിഐ എം പ്രവർത്തകർ ആർഎസ്‌എസിന്റെ കൊലക്കത്തിക്ക്‌ ഇരയായി.  സിപിഐ എം മുഴക്കുന്ന്‌ ചാക്കാട്‌ ബ്രാഞ്ച്‌ സെക്രട്ടറി പേരാവൂർ വിളക്കോട്ടെ നരോത്ത്‌ ദിലീപൻ, തലശേരിയിലെ സുഗേഷ്‌,  ഉരുവച്ചാൽ പഴശ്ശിയിലെ കെ പി സജീവൻ,  ന്യൂമാഹിയിലെ യു കെ സലീം എന്നിവരെ എസ്‌ഡിപിഐ–- പോപ്പുലർ ഫ്രണ്ട്‌ സംഘമാണ്‌ വകവരുത്തിയത്‌. 

ചോരയുണങ്ങും മുമ്പ്‌ ഒത്തുതീർന്നു
ക്രിമിനൽ കൂട്ടമായ ആർഎസ്‌എസും എസ്‌ഡിപിഐയും തമ്മിലടിച്ചതിന്റെയും ഒത്തുതീർപ്പിലെത്തിയതിന്റെയും വൃത്തികെട്ട ഓർമകളും കണ്ണൂരിനുണ്ട്‌.  ഇരിട്ടിയിൽ എൻഡിഎഫ്‌ നേതാവ്‌ പുന്നാട്ടെ മുഹമ്മദിനെ 2004 ജൂൺ ഏഴിന്‌ പുലർച്ചെ ആർഎസ്‌എസുകാർ വെട്ടിക്കൊന്നു. ഒരുവർഷം തികയുംമുമ്പ്‌ 2005 മാർച്ച്‌ 10ന്‌ ഹിന്ദു ഐക്യവേദി ജില്ലാ കൺവീനർ അശ്വിനികുമാറിനെ വധിച്ചായിരുന്നു എൻഡിഎഫിന്റെ ‘തിരിച്ചടി’. ഇതിൽ എഫ്‌ഐആറിൽ ഒന്നാം പ്രതിയായ വത്സൻ തില്ലങ്കേരിയെ 24–-ാം പ്രതിയാക്കി യുഡിഎഫ്‌ സർക്കാർ ‘രക്ഷിച്ചെടു’ത്തു.
ഏറെ വൈകിയില്ല, മുഹമ്മദിന്റെയും അശ്വിനികുമാറിന്റെയും ചോരയിൽ ചവിട്ടിനിന്ന്‌ കേസുകൾ പോപ്പുലർ ഫ്രണ്ടും  ആർഎസ്‌എസും ഒത്തുതീർത്തു. കോടതിയിൽ സാക്ഷിപറയാൻപോലും ആളുണ്ടായില്ല. ഒത്തുതീർപ്പിന്റെ മറവിൽ കോടികളുടെ സാമ്പത്തിക ഇടപാടാണ്‌ നടന്നത്‌. 

വർഗീയതയുടെ പങ്കുവയ്‌പ്‌
തലശേരി ഫസൽ വധക്കേസിലും കൊലയാളികളായ ആർഎസ്‌എസിനെ രക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്‌ എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടുമാണ്‌. ആദ്യം ആർഎസ്‌എസിനെ കുറ്റപ്പെടുത്തിയവർ പിന്നീട്‌ സിപിഐ എമ്മിനുനേരെ തിരിഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top