20 April Saturday

നിറയും സ്വാഭാവിക വനം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 15, 2021


തിരുവനന്തപുരം
സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനുള്ള സംസ്ഥാനത്തിന്റെ നയം ചരിത്രമാകും.  വിദേശ, ഏകവിള തോട്ടങ്ങൾ നീക്കി സ്വാഭാവിക വനങ്ങൾ നട്ടുപിടിപ്പിക്കണമെന്ന്‌ കർഷകരും പരിസ്ഥിതി പ്രവർത്തകരും പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നതാണ്‌. നയരേഖ തയ്യാറാക്കി വനം പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം.

അക്കേഷ്യ ഒഴിവാക്കും; സ്വാഭാവിക വനമാക്കും
പ്രകൃതി ദുരന്തങ്ങളും മനുഷ്യ-വന്യജീവി സംഘർഷവും കണക്കിലെടുത്ത്‌ പരിസ്ഥിതിക്ക്‌ ഭീഷണിയായ അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ്, വാറ്റിൽ തുടങ്ങിയ വിദേശ ഏകവിള തോട്ടങ്ങൾ നീക്കി സ്വാഭാവിക വനമാക്കും.  മൂന്നാർ, വയനാട് തുടങ്ങി അതീവ പരിസ്ഥിതിലോല പ്രദേശങ്ങളായി വിജ്ഞാപനം ചെയ്‌ത മേഖലകളിലെ ഇത്തരം തോട്ടങ്ങളും സ്വാഭാവിക വനങ്ങളാക്കും. വളർച്ച മുരടിച്ചവയെയും വന്യജീവി വഴിത്താരകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള തേക്ക് തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കും. ഇവിടങ്ങളിലെ താമസക്കാരുടെയും പ്രശ്നങ്ങൾ പരിഗണിക്കും

നാടൻ മതി
മഞ്ഞക്കൊന്ന, ലന്റാന, മൈക്കീനിയ, സെന്ന തുടങ്ങിയ അധിനിവേശ സസ്യങ്ങൾ നശിപ്പിക്കും. വന്യജീവികൾക്ക് അനുയോജ്യമായ കാട്ടുമാവ്, കാട്ടുനെല്ലി, കാട്ടുപ്ലാവ് തുടങ്ങിയവ നട്ടുവളർത്തും. ആഫ്രിക്കൻ ഒച്ച്, ആഫ്രിക്കൻ മുഷികളെയും ഒഴിവാക്കും. അന്യം നിൽക്കുന്ന സസ്യ-ജന്തുജാലങ്ങളെ കണ്ടെത്തി പുനരുൽപ്പാദനവും സംരക്ഷണവും ഉറപ്പാക്കും. വനത്തിൽ തടയണകളും കുളങ്ങളും നിർമിക്കും.

ഏറ്റെടുക്കും കണ്ടൽ, സ്വകാര്യ എസ്‌റ്റേറ്റുകൾ
കണ്ടൽക്കാടുകളും വനത്തോടു ചേർന്നതും അകത്തുള്ളതുമായ സ്വകാര്യ സ്ഥലങ്ങളും എസ്റ്റേറ്റുകളും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കും. കാവുകൾ, നീർത്തടങ്ങൾ, നദീതീരവനങ്ങൾ സംരക്ഷിക്കും.  

ആദിവാസികൾക്ക്‌ മികച്ച ജീവിതം
ആദിവാസി വിഭാഗങ്ങളുടെ ഉന്നമനവും ഉപജീവനവും ഉറപ്പാക്കും. താൽപ്പര്യമുള്ള ആവാസ വ്യവസ്ഥയിലേക്ക് സമ്മതത്തോടെ മാറ്റി പർപ്പിക്കും. തടിയിതര വനവിഭവങ്ങളുടെ ശേഖരണവും വിപണനവും നടപ്പാക്കും.

സ്വന്തം ആവശ്യത്തിന്‌ മുറിക്കാം
കൃഷിക്കാരും പാട്ടാദാർമാരും നട്ടുപിടിപ്പിച്ച വൃക്ഷങ്ങൾ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ നിയമനിർമാണം നടത്തും. തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ വൃക്ഷങ്ങളുടെ ശാസ്ത്രീയമായ പരിപാലനവും പുനരുൽപ്പാദനവും ഉറപ്പാക്കും.

തടയും കാട്ടുതീ
കാട്ടുതീ തടയാൻ പൊതുജനപങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. തൊഴിലുറപ്പ്‌ പദ്ധതി പ്രയോജനപ്പെടുത്തും.

അതിർത്തി ഡിജിറ്റൈസ്‌
കാടിന്റെ അതിർത്തി നിർണയം പൂർത്തീകരിച്ച് ജണ്ടകൾ നിർമിച്ച് സംരക്ഷിക്കും. വനാതിർത്തികൾ ഡിജിറ്റൈസ് ചെയ്‌ത്‌ റവന്യു രേഖകളിൽ ഉൾപ്പെടുത്തും.

ചാക്രിക നിധി
വെട്ടിമാറ്റുന്ന വ്യാവസായിക തോട്ടങ്ങളിലെ അസംസ്കൃത വസ്തുക്കൾ ചെറുകിട വനാധിഷ്ഠിത വ്യവസായങ്ങൾക്ക് ന്യായവിലയ്ക്ക് നൽകും. ഇതിൽനിന്നുള്ള വരുമാനത്തിന്റെ 50 ശതമാനം വീതം പരിസ്ഥിതി-പുനഃസ്ഥാപന പ്രവർത്തനങ്ങൾക്കും നിലനിർത്തുന്ന തേക്ക് തോട്ടങ്ങളുടെ പരിപാലനത്തിനും ചാക്രിക നിധിയായി വിനിയോഗിക്കും.

കൂടുതൽ സ്‌റ്റേഷൻ
കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ അനുവദിച്ച്‌ വാഹനങ്ങളും ആയുധങ്ങളും ലഭ്യമാക്കും.

തീരവനം
കടൽക്ഷോഭത്തിൽനിന്നുള്ള സംരക്ഷണത്തിന്‌ അനുയോജ്യമായ സസ്യങ്ങൾ വച്ചുപിടിപ്പിച്ച് തീരവനം നിർമിക്കും.

മണ്ണറിഞ്ഞ്‌ നടും
സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിന്‌ ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾക്ക്‌ അനുസരിച്ചുള്ള വൃക്ഷങ്ങൾ നട്ടുപരിപാലിക്കും. സമതല പ്രദേശങ്ങളിൽ അശോകം, ആര്യവേപ്പ്, കുടംപുളി, പതിമുഖം, മന്ദാരം, കണിക്കൊന്ന, മുള, പേര, അയണി, എബണി, കുടപ്പന, കിളിനാങ്ക് തുടങ്ങിയവ വച്ചുപിടിപ്പിക്കും.

ചെമ്മണ്ണ്, വെട്ടുകല്ല്  പ്രദേശങ്ങളിൽ ഇരുൾ, കരിമരുത്, മാവ്, പ്ലാവ്, ഞാവൽ, കാഞ്ഞിരം, അത്തി, ആൽ തുടങ്ങിയവ നടും. എക്കൽ നിറഞ്ഞ സമുദ്രതീരങ്ങളിൽ പൂവരശ്, വാക, തെങ്ങ്, വേലിപ്പരുത്തി, നോനി, കുടംപുളി എന്നിവ. പുഴയോരങ്ങളിൽ നാങ്ക്, വെൺകട്ട, വെട്ടി, പുന്ന, കാര, അമ്പഴം, വെൺതേക്ക്, കിളിമരം, അത്തി, പൂവം എന്നിവ നട്ടുപിടിപ്പിക്കും. വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിൽ മണിമരുത്, നീർമരുത്, ഒങ്ങ്, ചോലവേങ്ങ, ഞാവൽ, കുമ്പിൾ തുടങ്ങിയവയ്‌ക്കും ഉയരം കൂടിയ പ്രദേശങ്ങളിൽ  കാഞ്ഞിരം, ഈട്ടി, കുളമാവ്, വാലി, മരോട്ടി, ചോലപ്പൂവം,  വലിയവെള്ളപ്പൻ, ചെങ്കുറിഞ്ഞി, എണ്ണപ്പയിൻ, കുന്തിരിക്കം, നിറമ്പാലി എന്നിവയ്‌ക്കും പ്രാധാന്യം നൽകും. വിദ്യാലയങ്ങളിലും നഗരങ്ങളിലും ചെറുവനങ്ങൾ വളർത്തും. കാർബൺ ആഗിരണം ലക്ഷ്യമാക്കി സ്വകാര്യ ഭൂമികളിലും വനവൽക്കരണം പ്രോത്സാഹിപ്പിക്കും.

നാഴികക്കല്ലാകും: മന്ത്രി
സ്വാഭാവിക വനം പുനഃസ്ഥാപന നയം കേരളചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പശ്ചിമഘട്ട മലനിരകൾമുതൽ സമുദ്രതീരംവരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ വനം പുനഃസ്ഥാപനം.  ഈ മേഖലയിലെ ജൈവസമ്പത്തിന്റെ സംരക്ഷണം, ജലസംരക്ഷണം, കാലാവസ്ഥാ വ്യതിയാനം ചെറുക്കൽ, മനുഷ്യ–--വന്യജീവി സംഘർഷം ലഘൂകരിക്കൽ തുടങ്ങിയവയുടെ സമഗ്രമായ പരിഹാരമാണ്‌ നയരേഖയെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top