25 April Thursday

അന്ന്‌ റാങ്ക്‌ലിസ്‌റ്റുപോലുമില്ല, പകരം നിയമനത്തട്ടിപ്പ്‌; തിരുകിക്കയറ്റിയത്‌ 13,000 സ്വന്തക്കാരെ

വിജേഷ്‌ ചൂടൽUpdated: Saturday Aug 1, 2020

തിരുവനന്തപുരം > ‘പൊലീസ്‌ സേനയിൽ നിയമനം നൽകാമെന്ന്‌ പറഞ്ഞ്‌ ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിൽ റിപ്പോർട്ട്‌ ചെയ്‌ത 32 കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുകയാണ്‌. നാൽപ്പത്തഞ്ചോളം പേരിൽനിന്ന്‌ ലക്ഷക്കണക്കിന്‌ രൂപ വാങ്ങിയതായി ഇതുവരെയുള്ള അന്വേഷണത്തിൽ വെളിവായിട്ടുണ്ട്‌’–- 2015 ഡിസംബർ ഏഴിന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നിയമസഭയിൽ അംഗങ്ങളുടെ  ചോദ്യത്തിന്‌ നൽകിയ മറുപടിയാണിത്‌.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 2011 മുതൽ 2014 വരെ സിവിൽ പൊലീസ്‌ ഓഫീസർ തസ്തികയിലേക്ക്‌ റാങ്ക്‌ലിസ്‌റ്റുപോലും നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത്‌ ഉന്നതരുടെ പിന്തുണയോടെ നിയമനത്തട്ടിപ്പ്‌ നടത്തിയവരാണ്‌ ഇപ്പോൾ കള്ളക്കഥ പ്രചരിപ്പിക്കുന്നത്‌.

തട്ടിപ്പിന്‌ സഹായംചെയ്‌തത്‌ ചെന്നിത്തലയുടെ ഓഫീസ്‌

പിൻവാതിൽ വഴി പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത്‌ നിരവധിപേരിൽനിന്ന്‌ ലക്ഷങ്ങളാണ്‌ യുഡിഎഫ്‌ ഭരണത്തിൽ തട്ടിയെടുത്തത്‌. സർക്കാരിന്റെയും പൊലീസിന്റെയും മുദ്രകളുള്ള വ്യാജ ഫയൽ നിർമിച്ചായിരുന്നു തട്ടിപ്പ്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെ ജീവനക്കാരിൽനിന്ന്‌ തട്ടിപ്പിന്‌ സഹായം ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തൽ വൻവിവാദമായി. തൃക്കുന്നപ്പുഴ സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ പ്രദീപ്‌ അറസ്‌റ്റിലായി. എന്നാൽ, ഉന്നതങ്ങളിലേക്കുള്ള അന്വേഷണം തടഞ്ഞു.

ശരണ്യയുടെ രഹസ്യമൊഴി

പൊലീസുകാർ ഉൾപ്പെടെ നിരവധി ഉന്നതർക്ക് തട്ടിപ്പിൽ ബന്ധമുണ്ട്‌ എന്നായിരുന്നു കേസിലെ മുഖ്യപ്രതി ശരണ്യ ഹരിപ്പാട് കോടതിയിൽ നൽകിയ രഹസ്യമൊഴി. എസ്‌ഐ നിരവധിതവണ ശാരീരികമായി പീഡിപ്പിച്ചെന്നും കായംകുളം ഡിവൈഎസ്‌പി മൊഴിമാറ്റി പറയാൻ മർദിച്ചെന്നും ശരണ്യ മൊഴി നൽകി. ശരണ്യയുമായി 1150 തവണ പൊലീസ്‌ ഉദ്യോഗസ്ഥൻ മൊബൈൽഫോണിൽ സംസാരിച്ചിരുന്നതായും കോളുകൾ മണിക്കൂറുകളോളം നീണ്ടതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. നിയമനത്തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥരടക്കം സംശയനിഴലിലായതോടെ പൊലീസ്‌ അന്വേഷണം തൃപ്തികരമല്ലെന്ന്‌ ആക്ഷേപം ഉയർന്നതോടെയാണ്‌ കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറിയത്.

കേസിൽ പിടിയിലായ ശരണ്യയുടെ സഹായിയായ യൂത്ത്കോൺഗ്രസ്‌ പ്രവർത്തകൻ നൈസലിന്റെ ഉന്നത കോൺഗ്രസ് ബന്ധം പുറത്തുവന്നത്‌ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. ശരണ്യയെ ആഭ്യന്തരമന്ത്രിയുടെ അടുത്തെത്തിച്ചതും പൊലീസിന്റെ സീൽ ശരണ്യയുടെ പക്കൽ എത്തിച്ചതും ഇയാളായിരുന്നുവെന്നും വാർത്തകൾ വന്നു. എന്നാൽ, ഈവഴിക്കുള്ള അന്വേഷണം ഉന്നതതലത്തിൽ തടഞ്ഞു.

ഇപ്പോൾ ഇരട്ടിയിലേറെ നിയമനം

സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ ലിസ്റ്റിന്റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന്‌ റാങ്ക്‌ ലിസ്റ്റുകളുടെ അവസ്ഥ പരിശോധിച്ചാൽ വ്യക്തം. യുഡിഎഫ്‌ നൽകിയതിന്റെ ഇരട്ടിയിലേറെ നിയമനം എൽഡിഎഫ്‌ സർക്കാർ നൽകി.

യുഡിഎഫ്‌ 4796 പേർക്ക്‌ നിയമനശുപാർശ അയച്ചപ്പോൾ എൽഡിഎഫ്‌ 11,268 പേർക്ക്‌ നിയമനം നൽകി. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സിവിൽ പൊലീസ്‌ തസ്തികയിലേക്ക്‌ നിലവിലുണ്ടായിരുന്നത്‌ ഒരു റാങ്ക്‌ ലിസ്റ്റാണ്‌ (കാറ്റഗറി നമ്പർ: 250/2011). 2014 സെപ്‌തംബർ രണ്ടിന്‌ ആറ്‌ ബറ്റാലിയന്റെയും സെപ്‌തംബർ 11ന്‌ കെഎപി 3 (പത്തനംതിട്ട) ബറ്റാലിയന്റെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏഴ്‌ ബറ്റാലിയനിലുമായി  പിഎസ്‌സി നിയമനശുപാർശ അയച്ചത്‌ 4796 പേർക്ക്‌.


 

എൽഡിഎഫ്‌ അധികാരത്തിൽവന്നശേഷം രണ്ട്‌ റാങ്ക്‌ലിസ്റ്റ്‌ നിലവിൽവന്നു. ഒന്നിന്റെ റാങ്ക്‌ ലിസ്റ്റ് 2016 ജൂൺ 21നും  657/2017ന്റെ ലിസ്റ്റ് 2019 ജൂലൈ ഒന്നിനും പ്രസിദ്ധീകരിച്ചു. ഈ രണ്ട്‌ റാങ്ക്‌ ലിസ്റ്റുകളിൽനിന്നും യഥാക്രമം 5667 പേർക്കും 5601 പേർക്ക്‌ നിയമനം നൽകി. മറ്റൊരു പരീക്ഷയ്‌ക്കുകൂടി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്‌.

ഓരോ പൊലീസ്‌ ജില്ലയിലും ഉണ്ടാകുന്ന ഒഴിവുകൾ നിലവിലുള്ള ബറ്റാലിയൻ മുഖേനയാണ്‌ നികത്തുന്നത്‌. ഓരോ മാസവും കുറച്ചുപേർ ഇത്തരത്തിൽ അവരവരുടെ ജില്ലയിലേക്ക്‌ പോകും. അതനുസരിച്ച് ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട്‌ ചെയ്യും. 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവ്‌ മുൻകൂട്ടി കണക്കാക്കി 1200 താൽക്കാലിക തസ്‌തികയ്‌ക്ക്‌ സർക്കാർ തുടർച്ചാനുമതി നൽകി. ഇതനുസരിച്ച്‌ ഇന്ത്യൻ റിസർവ്‌ ബറ്റാലിയനിലേക്ക് നീക്കിവച്ച 154 എണ്ണമൊഴികെ 1046 ഒഴിവും റിപ്പോർട്ട്‌ചെയ്‌തു. ഇതുൾപ്പെടെ 1947 അഡ്വൈസ്‌ പിഎസ്‌സി അയച്ചു. റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി അവസാനിച്ച ജൂൺ 30ന് ശേഷമാണ്‌ ഇതിൽ 1445 അഡ്വൈസും അയച്ചത്‌.

കൂടുതൽ താൽക്കാലികക്കാരും എക്‌സ്‌ചേഞ്ച്‌ മുഖേന

സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന പ്രതിപക്ഷ  പ്രചാരണം അടിസ്ഥാനരഹിതമെന്ന്‌ രേഖകൾ. സ്ഥിരനിയമനം സാധ്യമല്ലാത്ത തസ്തികകളിലേക്ക്‌ കഴിഞ്ഞ നാലുവർഷത്തിനിടെ നടത്തിയ നിയമനങ്ങളിൽ മഹാഭൂരിപക്ഷവും എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ചുകൾ വഴി‌. പതിനായിരങ്ങൾക്കാണ്‌ ഇത്‌ പ്രയോജനപ്പെട്ടത്‌.

നാഷണൽ എംപ്ലോയ്‌മെന്റ്‌ സർവീസ്‌ വഴി 43,842 പേർക്ക്‌ ജോലി നൽകിയതായി കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.‌  ഐടിഐകൾ നടത്തിയ തൊഴിൽമേളയിലൂടെ 14,420 പേർക്കും പ്ലേസ്‌മെന്റ്‌ സെൽവഴി 8598 ഐടിഐ ട്രെയിനികൾക്കും തൊഴിൽ നൽകി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്തേതിന്റെ മൂന്നിലൊന്ന്‌ താൽക്കാലിക ജീവനക്കാർ മാത്രമാണ്‌ ഇപ്പോഴുള്ളത്‌. ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ 2011–-12ൽ  31,899 താൽക്കാലിക ജീവനക്കാർ ഉണ്ടായിരുന്നു. 2020–-21ൽ ഇത്‌ 11,674 മാത്രമാണ്.


 

കോവിഡ്‌ കാലത്ത്‌ പതിനായിരത്തിലേറെ നിയമനം

നിയമനനിരോധനമെന്നതടക്കം അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി പ്രതിപക്ഷം കോലാഹലം സൃഷ്ടിക്കുമ്പോൾ കോവിഡ്‌ ലോക്‌ഡൗൺ കാലത്ത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടന്ന്‌ പിഎസ്‌‌സി നിയമനശുപാർശ അയച്ചത്‌ പതിനായിരത്തിലേറെ പേർക്ക്‌.

ലോക്‌ഡൗൺ കാലത്ത്‌ 70ഓളം റാങ്ക്‌ലിസ്‌റ്റിൽനിന്ന്‌ 10,054 പേർക്ക്‌ അഡ്വൈസ്‌ അയച്ചു‌

സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ലിസ്‌റ്റിൽനിന്ന്‌ അവസാന നിമിഷം അഡ്വൈസ്‌ അയച്ചത്‌ 1895 പേർക്ക്‌

55 റാങ്ക്‌ലിസ്‌റ്റും  പ്രസിദ്ധീകരിച്ചു

കഴിഞ്ഞ 21ന്‌ 35 തസ്തികയിലേക്ക്‌ വിജ്ഞാപനമിറക്കി

തപാലോ യാത്രാസൗകര്യമോ ഇല്ലാത്ത ഘട്ടത്തിൽ ഇ–-മെയിൽ, ഇ–-വേക്കൻസി രീതിയിലൂടെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തു
ഡിസംബർ 31 വരെ ഒഴിവുകൾ സ്വീകരിക്കാനും അറിയിക്കാനും തപാൽ, ഇ–-മെയിൽ/ഇ–-വേക്കൻസി രീതി തുടരും

നിർത്തിവച്ച അഭിമുഖങ്ങൾ പ്രോട്ടോകോൾ പ്രകാരം പുനരാരംഭിച്ചു

 

ഉമ്മൻചാണ്ടി സർക്കാർ തിരുകിക്കയറ്റിയത്‌ 13,000 സ്വന്തക്കാരെ

ഉമ്മൻചാണ്ടി ഭരണത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റിയത്‌ പതിമൂന്നായിരത്തിലധികം സ്വന്തക്കാരെ. പ്രധാന പദവികളിൽ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെയും അനുയായികളെയും ഘടകകക്ഷികളുടെ നോമിനികളെയുമാണ്‌ നിയമിച്ചത്‌. പല നിയമനങ്ങളും യോഗ്യതാമനദണ്ഡങ്ങൾ പാലിക്കാതെയും അർഹരെ തഴഞ്ഞുമായിരുന്നു.


 

● ബന്ധുനിയമനം ഇങ്ങനെ
ഉമ്മൻചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളി കോ–- ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ്‌ ചെയർമാനും കെ എം മാണിയുടെ മരുമകൻ ജോസഫ്‌ മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകനുമായിരുന്നു. മന്ത്രിയായിരുന്ന അനൂബ്‌ ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗീസ്‌ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടറും സഹോദരി അമ്പിളി ജേക്കബ് ഐടി ഇൻഫ്രാസ്‌ട്രക്ചർ മാർക്കറ്റിങ്‌ മാനേജരുമായി. സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖയായിരുന്നു സർവവിഞ്ജാന കോശം ഡയറക്ടർ.

വെയർഹൗസിങ് കോർപറേഷനിൽ എഴുത്തുപരീക്ഷയിൽ ഉയർന്നമാർക്ക് നേടിയവരെ ഒഴിവാക്കി എംഎൽഎയായിരുന്ന ആർ സെൽവരാജിന്റെ മകൾ ഉൾപ്പെടെ നിരവധി യുഡിഎഫ്‌ നേതാക്കളുടെ മക്കൾക്ക് പിൻവാതിൽ നിയമനവും നടത്തി. 

● കോഴയും വ്യാജനിയമനവും
കലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ്, പ്യൂൺ തസ്തികയിലേക്ക്‌ എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയവരിൽനിന്ന്‌ ലക്ഷങ്ങൾ കോഴവാങ്ങി ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് നൽകി. കെഎസ്‌ആർടിസിയിൽ വ്യാജ ഉത്തരവു വഴി ജൂനിയർ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ വ്യാജനിയമനം നടത്തി. സെക്രട്ടറിയറ്റിൽ ചട്ടങ്ങൾ ലംഘിച്ച് 20 താൽക്കാലിക ജീവനക്കാരെ ഹൗസ്‌കീപ്പിങ് വിഭാഗത്തിൽ നിയമിച്ചു. ഈ നിയമനങ്ങൾക്ക്‌ കഴിഞ്ഞ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന പല പ്രമുഖരും അന്വേഷണം നേരിടുന്നുണ്ട്‌.

● കാലാവധി നീട്ടി; നിയമനങ്ങളില്ല
യുഡിഎഫ്‌ സർക്കാർ 12 തവണയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. എന്നാൽ, നിയമനങ്ങൾ നടന്നില്ല. പുതിയ ഉദ്യോഗാർഥികൾക്ക്‌ അവസരം നിഷേധിച്ചു. പിൻവാതിൽ നിയമനം തകൃതിയായി നടക്കുമ്പോൾ നൂറോളം റാങ്ക് ലിസ്റ്റാണ് കാര്യമായ നിയമനമില്ലാതെ കാലാവധി കഴിഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top