02 October Monday

മുന്നറിയിപ്പായി പ്ലാസ്റ്റിഗ്ലോമെറേറ്റ്‌

ഡോ. കുശല രാജേന്ദ്രൻUpdated: Sunday Apr 23, 2023

ഭൂമിയുടെ കഥ പറയുന്നത് പാറകളാണ്. പാറകൾക്ക്‌ വിവിധങ്ങളായ രൂപവും രാസഘടനയും ഉള്ളതിനാൽ അവ ഓരോന്നും രൂപപ്പെടുന്ന രാസ-ഭൗതിക അവസ്ഥകൾ, പരിസ്ഥിതി എന്നിവ മനസ്സിലാക്കാൻ ഭൗമശാസ്ത്രജ്ഞർക്ക് കഴിയും. അവയിൽ തെളിയുന്ന ഫോസിലുകൾ ഉപയോഗിച്ച്‌ ജീവന്റെ ഉൽപ്പത്തിയെപ്പറ്റിയും പരിണാമത്തെപ്പറ്റിയും വിലപ്പെട്ട വിവരങ്ങളിലേക്ക്‌ എത്താനാകും. ഭൂമിയുടെ ചരിത്രം എഴുതുന്ന ഭൗമശാസ്ത്രജ്ഞർക്ക്‌ ഇപ്പോൾ ‘പ്ലാസ്റ്റിഗ്ലോമെറേറ്റ്’ (Plastiglomerate) എന്നപേരിൽ ഒരു പുതിയ പാറകൂടി ലഭിച്ചിരിക്കുന്നു! മനുഷ്യവംശത്തിന്റെ ‘സംഭാവന’യായി ഭൂമിയുടെ ചരിത്രത്തിൽ കയറിക്കൂടുന്നു എന്നതാണ് പ്ലാസ്റ്റിഗ്ലോമെറേറ്റിന്റെ പ്രസക്തി. ഒരു ഭൗമദിനംകൂടി കടന്നുപോകുമ്പോൾ ഏറെ ചർച്ചയാകുകയാണ്‌ ഇത്‌. ഒപ്പം മുന്നറിയിപ്പും.

പാറകൾ രൂപപ്പെടുന്നത്‌

പ്ലാസ്റ്റിഗ്ലോമെറേറ്റ് അല്ലെങ്കിൽ പ്ലാസ്റ്റിക് പാറയെ അറിയുംമുമ്പ്‌ പാറകൾ എങ്ങനെ ഉണ്ടാകുന്നുവെന്ന് അറിയണം. ഉരുകിയ ലാവ ഘനീഭവിച്ച്‌ ബസാൾട്ട്, ഗ്രാനൈറ്റ് തുടങ്ങിയ അഗ്നിശിലകൾ (igneous rocks) പ്രാഥമികമായി ഉണ്ടാകുന്നു. വർധിച്ച താപനിലയിലും മർദത്തിലും രൂപാന്തരം സംഭവിക്കുമ്പോഴാണ്‌ മാർബിൾപോലുള്ള പാറകൾ (metamorphic rocks) ഉണ്ടാകുന്നത്. ജലം, കാറ്റ്, രാസപ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ നിക്ഷേപിക്കപ്പെടുന്ന ചുണ്ണാമ്പുകല്ല് (Limestone) പോലുള്ള പാറകളാണ് അവസാദശിലകൾ (sedimentary rocks). ലാവ ഘനീഭവിച്ചും രൂപാന്തരം പ്രാപിച്ചും ഉണ്ടാകുന്ന ആദ്യം പറഞ്ഞ രണ്ടിനം പാറയിൽ ജീവന്റെ അവശിഷ്ടം സ്വാഭാവികമായും ഉണ്ടാകുകയില്ല. എന്നാൽ, അടരുകളായി നിക്ഷേപിക്കപ്പെടുന്ന അവസാദശിലകളിൽ ജീവന്റെ ശേഷിപ്പുകൾ കണ്ടെത്താനാകും. അതിവിദൂരമായ ഭൂതകാലത്തെപ്പോഴോ കടന്നുപോയ ജീവികളുടെ പാദമുദ്രകളോ ചെളിയിൽ പുതഞ്ഞുപോയ ഇലയുടെ അടയാളമോ കടൽ പിൻവാങ്ങിയപ്പോൾ ജീവൻ നഷ്ടമായ ചിപ്പിക്കൂട്ടങ്ങളോ ആകാം മറഞ്ഞിരിക്കുന്ന അത്തരം ശേഷിപ്പുകൾ.

പ്ലാസ്റ്റിക്‌ വില്ലനാകുമ്പോൾ

മൺതരികൾ, ചെളി, പാറക്കഷ്ണങ്ങൾ, ചിപ്പികൾ തുടങ്ങി തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടുന്ന വസ്തുക്കൾ പ്ലാസ്റ്റിക് മാലിന്യങ്ങളുമായി ചേർന്ന് കട്ടിപിടിച്ചുണ്ടാകുന്ന വസ്തുവിനെയാണ് പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്നുവിളിക്കുന്നത്‌. പ്ലാസ്റ്റിക്കിലെ പോളി എത്‌ലിൻ പോലെയുള്ള സംയുക്തങ്ങളും കനത്തചൂടും ഈ പ്രക്രിയയെ ശക്തിപ്പെടുത്തും. വിവിധതരം പാറക്കഷണങ്ങളും മണ്ണും കലർന്നുണ്ടാകുന്ന ‘കോംഗ്ലോമെറേറ്റ്’ (Conglomerate) എന്ന അവസാദശിലയാകാം ഈ പേരിന് ആധാരം. പ്ലാസ്റ്റിഗ്ലോമെറേറ്റ് ആദ്യമായി കണ്ടെത്തിയത് 2014-ൽ ഹവായിയിലെ കമിലോ ബീച്ചിലാണ്. കലിഫോർണിയ, ഇന്തോനേഷ്യ, പോർട്ടുഗൽ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലും ഇപ്പോൾ ഇതു കാണപ്പെടുന്നു. ജനവാസം കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രമല്ല, ഒറ്റപ്പെട്ട ദ്വീപുകളിലും ഇപ്പോൾ പ്ലാസ്റ്റിക്‌ ഗ്ലോമെറേറ്റ് കാണുന്നുണ്ട്. ആന്തമാനിലെ അവിസ് ദ്വീപിൽ (Avis Island) പ്ലാസ്റ്റിക് പാറകൾ കണ്ടെത്തിയതായി വാർത്ത വന്നത്‌ അടുത്തിടെയാണ്‌. ബ്രസീലിന്റെ കിഴക്കുതീരത്തുനിന്ന്‌ 1100 കിലോമീറ്റർ അകലെ ട്രിനിഡേഡ് (Trinidade) എന്ന അഗ്നിപർവത ദ്വീപിൽനിന്ന്‌ ലഭിച്ച പ്ലാസ്റ്റിക് പാറയെപ്പറ്റി വിശദമായ പഠനങ്ങൾ നടക്കുന്നുണ്ട്. ഹവായി ദ്വീപിലെ കാമിലോ ബീച്ചിൽ ആഴത്തിലുള്ള കുഴികളിൽ നീലയും പച്ചയും നിറങ്ങളിലുള്ള പ്ലാസ്റ്റിക് പാറകൾ കണ്ടെത്തിയതും ശാസ്‌ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്‌.

കടലിൽ കുമിഞ്ഞുകൂടുന്നു

ലോകത്താകെ ഓരോവർഷവും 300 മില്യൺ ടണ്ണിലധികം പ്ലാസ്റ്റിക്‌ വസ്തുക്കൾ നിർമിക്കപ്പെടുന്നുവെന്നാണ് കണക്ക്‌. 14 മില്യൺ ടൺ ഓരോ വർഷവും കടലിൽ എത്തിച്ചേരുന്നു. ഒഴുകുന്ന പ്ലാസ്റ്റിക്‌ ദ്വീപുകളും രൂപപ്പെട്ടിരിക്കുകയാണ്‌.  ഇത്‌ തുടർന്നാൽ 2050 ആകുന്നതോടെ സമുദ്രങ്ങളുടെ സ്ഥിതി ഗുരുതരാവസ്ഥയിലേക്ക്‌ എത്തും. സമുദ്രത്തിൽ എത്തുന്ന പ്ലാസ്റ്റിക് വസ്‌തുക്കൾ വളരെ സാവധാനത്തിലാണ് ദ്രവിക്കുന്നത്. ചെറുതരികളായി വിഘടിക്കപ്പെട്ട്‌ ഇവ വെള്ളത്തിലൂടെ ഭക്ഷ്യശൃംഖലയിൽ എത്തുന്നതോടെ കൂടുതൽ അപകടകാരിയാകുന്നു. പ്ലാസ്റ്റിക്‌ മാലിന്യം ഭാവിയിൽ വൻ ദുരന്തമാകുമെന്നാണ്‌ ഇവയെല്ലാം കാണിക്കുന്നത്‌.

(പ്രശസ്‌ത ഭൗമശാസ്‌ത്ര ഗവേഷകയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസസ്‌ മുൻ പ്രൊഫസറുമാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top