30 November Wednesday

ആവേശക്കൊടിയുമായി ബാഗേപ്പള്ളി റാലി

സ്വന്തം ലേഖകൻUpdated: Sunday Sep 18, 2022ബാഗേപ്പള്ളി (ബംഗളൂരു)
മഴ മാറിയ മാസപ്പകുതിക്കുശേഷമുള്ള കടുത്ത ചൂടിന് തണൽവിരിച്ച് ചിക്കബല്ലാപുരിലെ ബാഗേപ്പള്ളിയിൽ ഞായർ ഉച്ചയ്‌ക്ക് ആവേശക്കൊടി പടർന്നു. രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന, ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കെതിരായ താക്കീതുകൾ മുദ്രാവാക്യങ്ങളായി പ്രകമ്പനംകൊള്ളുന്ന കാഴ്ച.

സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ബാഗേപ്പള്ളിയിൽ സംഘടിപ്പിച്ച റാലിയിൽ അരലക്ഷത്തിലധികം പേർ ചുവന്ന കൊടിയേന്തി അണിനിരന്നു. ജനമഹാസാഗരത്തിലലിയാൻ നാടും നഗരവും രാവിലെ ഒമ്പതോടെ ടൗണിലേക്ക് ഒഴുകിയടുക്കുന്ന ദൃശ്യങ്ങൾ. കൊടിയ ചൂടിലും മുഴങ്ങുന്ന ആവേശാരവം.


 

പകൽ ഒന്നരയോടെയാണ് പൊളിറ്റ്‌ ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ബാഗേപ്പള്ളി കെഎച്ച്ബി ലെയിനിലെ ഗ്രൗണ്ടിൽ റാലി ഉദ്ഘാടനം ചെയ്യാനെത്തിയത്. അപ്പോഴും രണ്ടു കിലോമീറ്റർ അകലെ ബാഗേപ്പള്ളി നാഷണൽ കോളേജ്‌ ഗ്രൗണ്ടിൽ റാലി കേന്ദ്രീകരിച്ചു കഴിഞ്ഞിരുന്നില്ല. കർണാടക എസ്ആർടിസി ബസുകൾ ബുക്ക് ചെയ്ത് മുകളിലും പടിയിലും ഇരുന്നും കിടന്നും മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സമ്മേളനനഗരിയിലെത്തി. ബംഗളൂരു അർബൻ, റൂറൽ, ബീദാർ, ചാമരാജ് നഗർ, ചിക്കമംഗളൂരു തുടങ്ങിയ ജില്ലകളിൽനിന്നാണ് കൂടുതൽ പ്രവർത്തകരെത്തിയത്. ബാഗേപ്പള്ളി ഉൾപ്പെടുന്ന ചിക്കബല്ലാപുർ ജില്ലയിൽനിന്ന്‌ മുപ്പതിനായിരത്തിലധികം പ്രവർത്തകരെത്തി.

റാലിക്ക്‌ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന സെക്രട്ടറി യു ബസവരാജ്, കേന്ദ്ര കമ്മറ്റി അംഗം കെ എൻ ഉമേഷ് എന്നിവർ നേതൃത്വം നൽകി.
"ആത്മീയ സംഗാതികളെ, ഹാഗു സഹോദര സഹോദരിയരെ...' എന്ന അഭിസംബോധനയോടെയുള്ള പിണറായി വിജയന്റെ പ്രസംഗം ജനം കെെയടികളോടെ ഹൃദയത്തിലേറ്റി.


 

രണ്ടു മണിക്കൂറോളം നീണ്ട പിണറായിയുടെ ഉദ്ഘാടനം കഴിയുമ്പോഴും പ്രവർത്തകരുടെ ആരവം ഒഴിഞ്ഞില്ല. നാട്ടിൽനിന്ന്‌ കരുതിയ ഉച്ചഭക്ഷണം പ്രസംഗം ശ്രവിച്ചുതന്നെ പ്രവർത്തകർ കഴിച്ചു. സംഘപരിവാറിനെതിരെ കേരളമൊരുക്കിയ ബദൽ പിണറായി വിജയൻ വിവരിച്ചപ്പോൾ നിലയ്‌ക്കാത്ത കൈയടിയുയർന്നു.
മൂന്നു പഞ്ചായത്തിൽ തനിച്ചും രണ്ടിടത്ത് സ്വതന്ത്രരുടെ പിന്തുണയിലും ബാഗേപ്പള്ളി നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്തുകൾ സിപിഐ എം ഭരിക്കുന്നുണ്ട്. ആ കുതിപ്പിന്റെ മുഴുവൻ കരുത്തും റാലിയിൽ പ്രകടമായി.

സംഘപരിവാർ ശക്തികളുടെയും കോൺഗ്രസിന്റെയും തട്ടകത്തിൽ സമീപകാലത്തൊന്നും കാണാത്ത ജനമുന്നേറ്റത്തിനാണ് ഞായറാഴ്ച കർണാടക സാക്ഷ്യം വഹിച്ചത്. പിബി അംഗങ്ങളായ എം എ ബേബി, ബി രാഘവലു എന്നിവരും സംസാരിച്ചു. പിണറായിക്ക് കർണാടക പാർടിയുടെ ഉപഹാരം നേതാക്കൾ കൈമാറി. ആന്ധ്രയിലെ പ്രജാ നാട്യമണ്ഡലി പ്രവർത്തകരുടെ നൃത്താവിഷ്കാരവുമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top