1934 ജൂലൈയിൽ കമ്യൂണിസ്‌റ്റ് പാർടിയെ നിരോധിച്ച് ബ്രിട്ടീഷ് സർക്കാർ ഉത്തരവിറക്കി. എന്നാൽ ഇക്കാലമാകുമ്പോഴേക്കും കൃഷ്‌ണപിള്ള കമ്യൂണിസ്‌റ്റ് പാർടിയിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. 1935 ഒക്ടോബറിൽ കൃഷ്‌ണപിള്ളയും ഇ എം എസും മദ്രാസിൽ പോയി കമ്യൂണിസ്‌റ്റ് പാർടി കേന്ദ്രക്കമ്മിറ്റി അംഗം പി സുന്ദരയ്യയുമായി ചർച്ച നടത്തി. തുടർന്ന് പലതവണ സുന്ദരയ്യയും എസ് വി ഘാട്ടേയും കേരളത്തിലെത്തി. ഇതിന്റെ തുടർച്ചയായിരുന്നു ആദ്യ കമ്യൂണിസ്‌റ്റ് സെൽ രൂപീകരണം. കോഴിക്കോട് പാളയം മാർക്കറ്റിനടുത്ത് പച്ചക്കറിക്കടയുടെ മുകളിലായിരുന്നു സെൽ രൂപീകരണയോഗം. 1937 ജൂലൈയിൽ. കോൺഗ്രസ് സോഷ്യലിസ്‌റ്റ് നേതാക്കളായ പി കൃഷ്‌ണപിള്ള, ഇ എം എസ്, എൻ സി ശേഖർ, കെ ദാമോദരൻ എന്നീ നാലുപേരായിരുന്നു അംഗങ്ങൾ. സെക്രട്ടറിയായി കൃഷ്‌ണപിള്ളയെ തെരഞ്ഞെടുത്തു. കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്‌റ്റ് പാർടിക്കുള്ളിലെ കമ്യൂണിസ്‌റ്റ് ഫ്രാക്‌ഷൻ ആയിരുന്നു ഈ സമിതി. രഹസ്യമായി ചേർന്ന യോഗത്തിൽ മാർഗനിർദേശങ്ങളുമായി കേന്ദ്രക്കമ്മിറ്റിയിൽനിന്ന് എസ് വി ഘാട്ടേയും പങ്കെടുത്തു.
പിണറായി പാറപ്രം
സമ്മേളനം
കോഴിക്കോട്ട് രഹസ്യമായി സെൽ രൂപീകരിച്ച് രണ്ടുവർഷത്തിനുശേഷമായിരുന്നു കമ്യൂണിസ്‌റ്റ് പാർടിയുടെ പരസ്യ രംഗപ്രവേശം. 1939 ഡിസംബർ അവസാനം പിണറായി പാറപ്രത്തുവച്ച് പാർടി രൂപീകരണ സമ്മേളനം ചേർന്നു. കോൺഗ്രസ് സോഷ്യലിസ്‌റ്റ് പാർടിയുടെ കേരള ഘടകം ഒന്നാകെ കൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ കമ്യൂണിസ്‌റ്റ് പാർടിയായി മാറിയ ചരിത്രസംഭവത്തിനാണ് മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പാറപ്രം സാക്ഷ്യംവഹിച്ചത്. വടവതി അപ്പുക്കുട്ടി കാരണവരുടെ മേൽനോട്ടത്തിലായിരുന്നു സമ്മേളന സംഘാടനം. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ റാഡിക്കൽ ടീച്ചേഴ്‌സ് യൂണിയൻ സമ്മേളനം ആർ സി അമല സ്‌കൂളിൽ സംഘടിപ്പിച്ചിരുന്നു. രൂപീകരണസമ്മേളനത്തിൽ കെ പി ഗോപാലനായിരുന്നു അധ്യക്ഷൻ. കൃഷ്‌ണപിള്ള പ്രഥമ സെക്രട്ടറിയായെങ്കിലും പരസ്യപ്പെടുത്തിയില്ല. മുഖ്യപ്രമേയം അവതരിപ്പിച്ചതും കൃഷ്‌ണപിള്ളയായിരുന്നു. ഇ എം എസ്, എ കെ ജി, കെ ദാമോദരൻ, എൻ സി ശേഖർ, സി എച്ച് കണാരൻ, എൻ ഇ ബാലറാം, കെ പി ആർ ഗോപാലൻ, സുബ്രഹ്മണ്യഷേണായി തുടങ്ങിയവരും പങ്കെടുത്തിരുന്നു. പൊലീസും ഒറ്റുകാരും തിരിച്ചറിയാതിരിക്കാൻ വേഷം മാറി കോട്ട് ധരിച്ചായിരുന്നു കൃഷ്‌ണപിള്ള സമ്മേളനത്തിൽ പങ്കെടുത്തത്. 1940 ജനുവരി 26–-നാണ് കമ്യൂണിസ്‌റ്റ് പാർടി രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1939 ഒക്ടോബറിൽ കൃഷ്‌ണപിള്ള ബോംബെയിൽ പോയി കമ്യൂണിസ്‌റ്റ്‌പാർടി നേതാക്കളുമായി ചർച്ചചെയ്‌താണ് പാറപ്രത്ത് സമ്മേളനം നടത്താൻ ധാരണയായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..