27 April Saturday

40 ദിവസം അസംസ്‌കൃത എണ്ണവില 8 ഡോളര്‍ ഇടിഞ്ഞു; അവിടെ കുറഞ്ഞിട്ടും എന്തേ ഇവിടെ കുറയ്ക്കാത്തത്

വാണിജ്യകാര്യ ലേഖകൻUpdated: Wednesday Aug 11, 2021


കൊച്ചി > അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില   കുത്തനെ കുറഞ്ഞിട്ടും ഇന്ധനവില കുറയ്‌ക്കാതെ മോഡി സർക്കാർ ജനങ്ങളെ പിഴിയുന്നു. 40 ദിവസത്തിനുള്ളിൽ അസംസ്‌കൃത എണ്ണ വില വീപ്പയ്‌ക്ക്‌ (60 ലിറ്റർ) 8.21 ഡോളർ(610.57രൂപ) ആണ്‌ കുത്തനെ കുറഞ്ഞത്‌. എന്നാൽ, അന്തരാഷ്ട്ര വിപണിയുടെ പേരിൽ  നാൾക്കുനാൾ വില കൂട്ടിയ കേന്ദ്രസർക്കാർ 24 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വില  ചില്ലിക്കാശ്‌ കുറയ്‌ക്കാൻ തയ്യാറായിട്ടില്ല.  ലിറ്ററിൽ കണക്കാക്കിയാൽ  അസംസ്‌കൃത എണ്ണയ്‌ക്ക്‌ 10.17 രൂപയാണ്‌ കുറഞ്ഞത്‌. ഈ കണക്ക്‌ പ്രകാരം പെട്രോളിന്റെയും ഡീസലിന്റെയും വില ആറുരൂപയെങ്കിലും കുറയ്‌ക്കാമെന്ന്‌ വിദഗ്‌ധർ പറയുന്നു. നിലവിൽ ഒരുലിറ്റർ പെട്രോളിന് 103.82 രൂപയും ഡീസലിന് 96.47 രൂപയുമാണ് ഈടാക്കുന്നത്.

ജൂലൈ രണ്ടിന്‌ അസംസ്‌കൃത എണ്ണയ്‌ക്ക്‌  77.51 ഡോളറായിരുന്നു വില. പിന്നീട്‌  കുറയാൻ തുടങ്ങി. ജൂലൈ 15ന്‌ 74.07ൽ എത്തി. ഈ ദിവസത്തിനുള്ളിൽ പെട്രോൾവില 1.75 രൂപ കൂട്ടി. വില അന്ന്‌ 102.89 രൂപയായി. അസംസ്‌കൃത എണ്ണവില 73.30 ഡോളറായി കുറഞ്ഞപ്പോഴും പെട്രോളിന് വീണ്ടും  കൂട്ടി 103.82 രൂപയാക്കി.

ഒടുവിൽ അസംസ്കൃത എണ്ണവില 69.32 ഡോളറായി കുറഞ്ഞിട്ടും ഇന്ധനവില കുറയ്‌ക്കാതെ എണ്ണക്കമ്പനികളുടെ കൊള്ളയ്‌ക്ക്‌ കൂട്ടുനിൽക്കുകയാണ്‌ ബിജെപി സർക്കാർ.ലോക്ക്ഡൗൺ കാലത്ത് വാഹനനീക്കത്തിന് നിയന്ത്രണം വന്നതോടെ ഇന്ധന ആവശ്യം കുറഞ്ഞെന്നും അത് എണ്ണക്കമ്പനികൾക്ക് നഷ്ടംവരുത്തിയെന്നും പറയുന്നു. എന്നാൽ, 2021 ജനുവരിമുതൽ മാർച്ചുവരെയുള്ള കാലയളവിൽ (2020–- 21 സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ) വൻ ലാഭം നേടിയെന്നാണ് കമ്പനികളുടെ കണക്കുകൾ പറയുന്നത്. ഐഒസി 9144 കോടി രൂപയും ബിപിസിഎൽ 11,940 കോടി രൂപയുമാണ് ലാഭമുണ്ടാക്കിയത്. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top