18 August Thursday

പേരറിവാളന്റെ വിമോചനം... ജസ്‌റ്റിസ്‌ ചന്ദ്രു എഴുതുന്നു

ജസ്‌റ്റിസ്‌ കെ ചന്ദ്രുUpdated: Wednesday Jun 1, 2022

പേരറിവാളൻ

രാജീവ് ഗാന്ധി വധക്കേസിൽ ഭീകരവാദ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർക്കാൻ സാധ്യമല്ല എന്നത് 1999-ലെ അപ്പീലിൽ സുപ്രീം കോടതി വിധിച്ചതാണ്. എങ്കിലും ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയാകുമ്പോഴെല്ലാം കുറ്റവാളികൾ ഭീകരവാദത്തെ അനുകൂലിക്കുന്നവർ എന്ന് പ്രചരിപ്പിക്കുന്നത് നിയമവിരോധം മാത്രമല്ല, മ്ലേച്ഛമായ രാഷ്ട്രീയ പ്രചാരണവുമാണ്.

ജസ്‌റ്റിസ്‌ കെ ചന്ദ്രു

ജസ്‌റ്റിസ്‌ കെ ചന്ദ്രു

1971ന് ശേഷം തമിഴ് ജനതയാൽ പൂർണമായും തിരസ്‌കരിക്കപ്പെട്ട കോൺഗ്രസ് പാർടി വീണ്ടും അപഹാസ്യമായൊരു പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്. പേരറിവാളനെ മോചിപ്പിച്ച സുപ്രീംകോടതിയുടെ വിധിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ തുണികൊണ്ട് വായ് മൂടിക്കെട്ടി ഒരു മണിക്കൂർ മൗന പ്രതിഷേധം നടത്തുമെന്ന ആ പാർടിയുടെ പ്രഖ്യാപനം ഒരു രാഷ്ട്രീയ പ്രഹസനം മാത്രമാണ്. അതോടൊപ്പം അസഹനീയമായ വേറൊന്നാണ് അവരുടെ ‘മാധ്യമ വക്താവ് ' എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൈ നാരായണൻ മൊഴിയുന്ന മുത്തുകൾ കേൾക്കുക എന്നത്. ഈ വിധി ഭീകരവാദത്തിനും പണാധിപത്യത്തിനും ലഭിച്ച വിജയമെന്നും തമിഴ് ജനതയ്‌ക്ക്‌ ഏറ്റ തോൽവിയെന്നുമാണ് അദ്ദേഹം വിമർശിച്ചത്.

കോടതിയിൽ മുന്നിട്ടുനിന്ന ചോദ്യം

സുപ്രീംകോടതിയുടെ വിധിക്കെതിരെ ഒരു ദേശീയ പാർടി സമരം ചെയ്യുക എന്നത് ഒരു പ്രഹസനമാണ്. 'ഭരണഘടനയിൽ എഴുതിയിട്ടുള്ളത് എന്തുതന്നെയായാലും അന്തിമമായി ന്യായാധിപന്മാർ പറയുന്നതാവും നിയമം!’  എന്ന് തമാശരൂപേണ പറയാറുണ്ട്. ഒരു ക്രിമിനൽ കേസിൽ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധിയാണ് അന്തിമമെന്നത് ഒരു നിയമ വിദ്യാർഥി പോലും സ്ഥിരീകരിക്കുന്ന ഒന്നാണ്. ഈ കുഞ്ഞറിവ് പോലുമില്ലാതെ നിരുത്തരവാദപരമായി എന്തിനാണ് കോൺഗ്രസ് പാർടി ഇങ്ങനെ പെരുമാറുന്നത്?

രാജീവ്‌ ഗാന്ധി

രാജീവ്‌ ഗാന്ധി


ഇപ്പോൾ കോടതിയുടെ മുന്നിൽ ഉന്നയിക്കപ്പെട്ട പ്രശ്നമെന്നത് ‘രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ടവർ കുറ്റവാളികളാണോ അല്ലെങ്കിൽ നിരപരാധികളാണോ?' എന്നതേയല്ല. ആ കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള കുറ്റവാളികൾ എല്ലാവരും തന്നെ പ്രത്യേക കുറ്റാന്വേഷണ സംഘത്തിന്റെ മേൽനോട്ടത്തിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ടാഡ (TADA) യുടെ കീഴിൽ ഏർപ്പെടുത്തിയ പ്രത്യേക കോടതിയിൽ ഹാജരാക്കിയ കുറ്റവാളികൾ ആരുംതന്നെ ആ വധക്കേസുമായി നേരിട്ട് ബന്ധമുള്ളവരായിരുന്നില്ല. ആ കൊലപാതകത്തിലും അതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും പല വഴികളിലായി സഹായികളായവർ എന്ന നിലയിലാണ് അവരുടെ ഭാഗം വിചാരണയ്‌ക്ക്‌ എടുത്തത്. ടാഡ പ്രകാരം ആ വിചാരണ മൊത്തത്തിൽ രഹസ്യമായി നടത്തുകയായിരുന്നു. എസ്‌ പി റാങ്കിലുള്ള ഒരാളുടെ മുൻപായി നൽകുന്ന കുറ്റസമ്മതങ്ങളെ തെളിവുകളായി സ്വീകരിക്കാനും ആ നിയമത്തിൽ ഇടമുണ്ട്. കൂടാതെ, പ്രത്യേക കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീൽ സുപ്രീംകോടതിയിൽ മാത്രമേ ചെയ്യാനാകൂ. 
പേരറിവാളൻ ജയിൽമോചിതനായപ്പോൾ

പേരറിവാളൻ ജയിൽമോചിതനായപ്പോൾ

ഇത്തരത്തിലുള്ള ഒരു കർക്കശ നിയമത്തിന്റെ പരിധിയിലാണ്, പലതരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരായ കുറ്റവാളികളെ വിചാരണയ്‌ക്ക്‌ ഉൾപ്പെടുത്തിയത്.

പ്രത്യേക കോടതി 26 പേർക്കും വധശിക്ഷ വിധിച്ചത് എല്ലാവരെയും ഞെട്ടിച്ചു. ക്രിമിനൽ കേസുകളിൽ ബന്ധപ്പെട്ട ഓരോരുത്തരുടെയും പങ്കിനെ പ്രത്യേകം പ്രത്യേകമായി സ്ഥിരീകരിച്ച് അതിനനുസൃതമായി ശിക്ഷ വിധിക്കുക എന്നതാണ് ഉചിതമായ നടപടി. എന്നാൽ അത് മറികടന്നുകൊണ്ട് എല്ലാവർക്കും വധശിക്ഷ തീർപ്പാക്കിയതിനെപ്പറ്റി സുപ്രീം കോടതിയിൽ ഉന്നയിച്ചപ്പോൾ ‘ഇത് നീതിപീഠം സൃഷ്ടിച്ച കൊലക്കുറ്റമാണ് ’  എന്ന വിമർശനം ഉയർന്നിരുന്നു.

പിന്നീട് ഈ അപ്പീലിൽ 22 പേരുടെ വധശിക്ഷ റദ്ദുചെയ്തുകൊണ്ട് നാലുപേരുടെ മാത്രം വധശിക്ഷ ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഈ ശിക്ഷാഉത്തരവ് എഴുതിയ ജസ്റ്റിസ് കെ ടി തോമസ് വേറൊരു സന്ദർഭത്തിൽ, ആ നാലുപേരുടെയും വധശിക്ഷ ശരിവെച്ചത് തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെടുകയുണ്ടായി. പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയ സി ബി ഐ ഉദ്യോഗസ്ഥൻ ത്യാഗരാജൻ, മൊഴി രേഖപ്പെടുത്തിയപ്പോൾ അതിൽ പ്രധാനപ്പെട്ട ഒരു ഭാഗം ചേർക്കാതെ വിട്ടതിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

മന്ത്രിസഭയ്‌ക്കാണ് പ്രാധാന്യം

വധശിക്ഷ വിധിക്കപ്പെട്ട നളിനി, മുരുകൻ, പേരറിവാളൻ, ശാന്തൻ എന്നീ നാലുപേരും ഭരണഘടനയുടെ 161 സെക്ഷൻ പ്രകാരം ഗവർണർക്ക് ദയാഹർജി നൽകി.

കരുണാനിധി

കരുണാനിധി

അന്നത്തെ തമിഴ്നാട് ഗവർണർ ഫാത്തിമാ ബീവി ആ പദവിയിലെത്തുന്നതിന് മുമ്പ് സുപ്രീം കോടതിയിൽ ജസ്റ്റിസ് ആയിരുന്നു. തമിഴക മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാതെ നാലുപേരുടെയും ദയാഹർജികളെ അവർ തള്ളിക്കളഞ്ഞു. ആ കേസിൽ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാതെ ഗവർണർ ദയാഹർജികൾ പരിഗണിക്കാൻ പാടില്ല എന്ന് വിധിപ്രസ്താവം വരികയും, ഗവർണരുടെ ദയാഹർജി തള്ളിയ നടപടി ഉത്തരവിനെ റദ്ദാക്കുകയുമുണ്ടായി.

അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ നേതൃത്വത്തിലുളള മന്ത്രിസഭ ആ ഹർജികളെ പരിഗണിച്ചു. ഡി എം കെ സർക്കാർ വിടുതലൈ പുലികളുടെ കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആരോപണം നിലനിന്നിരുന്ന സാഹചര്യത്തിൽ, നളിനിക്ക്‌ മാത്രം വധശിക്ഷയിൽ നിന്ന് ഇളവ് അനുവദിക്കണമെന്ന് ഗവർണർക്ക് ഉപദേശം നൽകി. മറ്റ് മൂന്നുപേരുടെയും ദയാഹർജികൾ പരിഗണിക്കപ്പെട്ടില്ല. ഇതിനെതിരായി രാഷ്ട്രപതിക്ക് ഹർജികൾ അയച്ചു.

ജയിൽമോചിതനായ ശേഷം പേരറിവാളൻ തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്‌റ്റാലിനെ സന്ദർശിച്ചപ്പോൾ

ജയിൽമോചിതനായ ശേഷം പേരറിവാളൻ തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്‌റ്റാലിനെ സന്ദർശിച്ചപ്പോൾ

അന്ന് രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണനും അതിനു ശേഷം രാഷ്ട്രപതിയായ അബ്ദുൽ കലാമും തീരുമാനമേതുമെടുക്കാതെ നീട്ടിക്കൊണ്ടുപോയത് 11 വർഷങ്ങൾ. അതിനുശേഷം രാഷ്ട്രപതി പദവിയിലെത്തിയ പ്രതിഭാ പാട്ടീൽ ആ ദയാഹർജികൾ  തള്ളിയതിനെ തുടർന്ന് വധശിക്ഷ നടപ്പിലാക്കേണ്ട ദിവസവും അടുത്തെത്താറായി. ആ സന്ദർഭത്തിൽ തമിഴക മന്ത്രിസഭയിൽ കുറ്റവാളികൾ ഏഴ്‌ പേരുടെയും വധശിക്ഷ റദ്ദാക്കാൻ രാഷ്ട്രപതി ദയ കാണിക്കണമെന്ന തീരുമാനം നിറവേറ്റി (2011).

കുറ്റാരോപിതർ വീണ്ടും മദ്രാസ്‌ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ആ കേസിന്റെ വിചാരണ നടക്കവേ തന്നെ അതിനെ സുപ്രീം കോടതിയിലേക്ക് മാറ്റി. ഇത്രയും വർഷങ്ങളായി കാരാഗൃഹത്തിൽ കഴിയുകയായിരുന്ന ആ കുറ്റവാളികളുടെ വധശിക്ഷയെ റദ്ദ് ചെയ്ത് ജീവപര്യന്തമായി ഇളവുചെയ്തുകൊണ്ട് സുപ്രീം കോടതി തീർപ്പ് കല്പിച്ചു (2014). ഇതിനുപിന്നാലെയാണ് തമിഴക മന്ത്രിസഭ കുറ്റവാളികൾ ഏഴുപേരെയും ശിക്ഷയിൽനിന്നും ഒഴിവാക്കി ജയിൽ മോചിതരാക്കണം എന്ന് ഗവർണർക്ക് ശുപാർശ ചെയ്തത്.

  ഇതിനെത്തുടർന്ന്‌ കുറ്റവാളികൾ ശിക്ഷാകാലയളവ് പൂർത്തിയാക്കിയതിനാൽ അവരുടെ ശിക്ഷയിൽ ഇളവ് ലഭിക്കാനോ, മാറ്റം വരുത്താനോ ക്രിമിനൽ നടപടിക്രമം (code of criminal procedure) മുഖേന പ്രതിവിധി നേടാം എന്ന സുപ്രീം കോടതിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ അവർ വീണ്ടും ഗവർണർക്ക് ഹർജി നൽകി. വീണ്ടും തമിഴക മന്ത്രിസഭ ശിക്ഷയിളവ് നൽകണമെന്ന് ഗവർണറോട് ശുപാർശ ചെയ്തു.

അച്ഛൻ ജ്ഞാനശേഖരനും അമ്മ അർപ്പുതം അമ്മാളിനുമൊപ്പം പേരറിവാളൻ

അച്ഛൻ ജ്ഞാനശേഖരനും അമ്മ അർപ്പുതം അമ്മാളിനുമൊപ്പം പേരറിവാളൻ

അതിനുശേഷവും ഗവർണർ തീരുമാനം എടുക്കാത്തതിനാൽ ഒരിക്കൽ കൂടി മദ്രാസ്‌ ഹൈക്കോടതിയെ അവർ സമീപിച്ചു. മദ്രാസ്‌ ഹൈക്കോടതി ഗവർണരുടെ വിശിഷ്ട അധികാരത്തിൽ കൈകടത്താനാവില്ലെന്ന് ഒഴിഞ്ഞുമാറി. വീണ്ടും കേസ് സുപ്രീം കോടതിയിലേക്ക്. 2018ൽ തമിഴക മന്ത്രിസഭ വീണ്ടും കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള തീരുമാനം പാസ്സാക്കി (09‐09‐2018). അന്നുതന്നെ കുറ്റവാളികൾ ഏഴ്‌ പേരുടെയും ശിക്ഷ റദ്ദാക്കണമെന്ന് ഗവർണർക്ക് ശുപാർശ  ചെയ്തു.

 ഇങ്ങനെയുള്ള സാഹചര്യത്തിൽ മന്ത്രിസഭയുടെ ശുപാർശയെ അവഗണിച്ചുകൊണ്ട്‌ തീരുമാനം ഏതും എടുക്കാതെ കാലതാമസം ഉണ്ടാക്കിയതിനെയാണ് ഇപ്പോൾ സുപ്രീം കോടതി വിമർശിച്ചത്. ഗവർണർക്ക് വേണ്ടി വാദിച്ച കേന്ദ്രസർക്കാരിന്റെ വാദങ്ങളെ നിരസിക്കുകയും, ഭരണഘടനാ അനുച്ഛേദം 161 പ്രകാരം ദയ കാട്ടേണ്ട അധികാരത്തെ ഗവർണർക്ക്‌ ഏകപക്ഷീയമായി ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്നും മന്ത്രിസഭയുടെ ഉപദേശം അദ്ദേഹത്തെ നിയന്ത്രിക്കുമെന്നും ഒരിക്കൽക്കൂടി ഉദ്‌ഘോഷിക്കപ്പെട്ടു.

നന്നാക്കലാണ് ശിക്ഷയുടെ ലക്ഷ്യം

ഏകദേശം രണ്ടര വർഷത്തോളം കാലതാമസം ഏർപ്പെടുത്തിയ ഗവർണർക്ക് ദയാഹർജി തിരിച്ചയക്കാതെ ഭരണഘടനാ അനുച്ഛേദം 142 അനുവദിക്കുന്ന സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി വളരെയേറെ ചരിത്രപ്രധാന്യമുള്ളതാണ്. ഇതിനെതിരെയാണ് കോൺഗ്രസ്‌ പ്രതിഷേധിക്കുന്നത്.  ഭീകരവാദത്തിന് സഹായമാകുന്ന വിധി എന്ന് അഭിപ്രായപ്പെടുന്ന അമേരിക്കൈ നാരായണൻ ഈ വിധിയുടെ ഏതെങ്കിലും ഒരു ഭാഗത്തെയെങ്കിലും പരമാർശിച്ചുകൊണ്ട് അത് സ്ഥിരീകരിക്കാമോ? പണാധിപത്യം വിജയിച്ചു എന്ന പ്രസ്താവന തികച്ചും കോടതിയലക്ഷ്യമാണ്. തമിഴ് ജനതയ്‌ക്ക്‌ ഏറ്റ തോൽവി എന്ന് അദ്ദേഹം എന്തിനെയാണ് പരാമർശിക്കുന്നത്‌ എന്ന് മനസ്സിലാവുന്നില്ല.

പേരറിവാളൻ മാധ്യമങ്ങളോട്‌ സംസാരിക്കുന്നു

പേരറിവാളൻ മാധ്യമങ്ങളോട്‌ സംസാരിക്കുന്നു

രാജീവ് ഗാന്ധി വധക്കേസിൽ ഭീകരവാദ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർക്കാൻ സാധ്യമല്ല എന്നത് 1999ലെ അപ്പീലിൽ സുപ്രീം കോടതി വിധിച്ചതാണ്. എങ്കിലും ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയാകുമ്പോഴെല്ലാം കുറ്റവാളികൾ ഭീകരവാദത്തെ അനുകൂലിക്കുന്നവർ എന്ന് പ്രചരിപ്പിക്കുന്നത് നിയമവിരോധം മാത്രമല്ല, മ്ലേച്ഛമായ രാഷ്ട്രീയ പ്രചാരണവുമാണ്. നമ്മുടെ നാട്ടിലെ ക്രിമിനൽ ശിക്ഷാനടപടികളുടെ ഊന്നൽ പ്രതികാരം ചെയ്യുക അല്ലെങ്കിൽ കണ്ണിന് കണ്ണ് എന്നതല്ല. മറിച്ച്, ശിക്ഷ വിധിക്കപ്പെട്ട വ്യക്തികളിൽ മാനസിക പരിവർത്തനം ഉണ്ടാക്കി മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ്. ‘കണ്ണിന് കണ്ണ് എന്നത് രാഷ്ട്രത്തെ അന്ധമാക്കും’ എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതിയും പല തീർപ്പുകളിലും ഈ ആശയത്തെ ശക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

ജസ്‌റ്റിസ്‌ കെ ചന്ദ്രു

ജസ്‌റ്റിസ്‌ കെ ചന്ദ്രു

1978ൽ ഭേദഗതി ചെയ്യപ്പെട്ട ക്രിമിനൽ നടപടി ചട്ടം അനുച്ഛേദം 433 A  പ്രകാരം വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട കുറ്റവാളി 14 വർഷം ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ ശിക്ഷാ ഇളവിനെക്കുറിച്ച് സർക്കാരിന് ആലോചിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ 30 വർഷം ജയിൽ ശിക്ഷ അനുഭവിച്ച ഏഴ്‌ കുറ്റവാളികളുടെ ശിക്ഷയെ ഒരു സംസ്ഥാന സർക്കാരിന് എന്തുകൊണ്ട് ഇളവ് ചെയ്തുകൂടാ എന്ന ചോദ്യത്തിനാണ് ഏറെ പ്രസക്തി.

ഗവർണറുടെ അധികാര പരിധി?

 ക്രിമിനൽ നിയമത്തിൽ കുറ്റവാളികൾക്ക് ശിക്ഷ നൽകിയതിന് ശേഷം അവർക്ക് നിയമം നൽകുന്ന ഇളവുകൾ ലഭ്യമാക്കുന്നതിനെ രാഷ്ട്രീയമാക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്.

ജസ്‌റ്റിസ്‌  നാഗേശ്വര റാവു

ജസ്‌റ്റിസ്‌ നാഗേശ്വര റാവു

കഴിഞ്ഞ 30 വർഷങ്ങളായി കേന്ദ്ര സർക്കാരിന്റെ ഭാഗമായിരുന്ന കോൺഗ്രസും ബിജെപിയും ഈ കാര്യത്തിൽ ഒരേ നിലപാട് സ്വീകരിക്കുക വഴി ആ പാർടികൾ തമിഴക രാഷ്ട്രീയത്തിൽ നിന്നും കൂടുതൽ പുറന്തള്ളപ്പെടാൻ കാരണമാകും. കുറ്റങ്ങൾക്കുള്ള ശിക്ഷാവിധികളുടെ കാര്യത്തിൽ നിയമങ്ങൾ സുവ്യക്തമായിരിക്കെ, അതിനെയും മറികടന്ന് ഈ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയത്തെ മുൻനിർത്തി ശിക്ഷ നിറവേറ്റാൻ തുനിയുന്നത് ക്രിമിനൽ നടപടി ചട്ടങ്ങൾക്ക് എതിരാണ്.

  കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടവർ നിയമം അനുശാസിക്കുന്ന ജയിൽ ശിക്ഷയ്‌ക്ക്‌ പുറമെ നിയമപ്പോരാട്ട കാലത്തും ജയിലിൽ തന്നെ കഴിയണമെന്ന സമ്മർദ്ദം ഹീനമായൊരു അവസ്ഥ ഇവിടെ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്.

ഈ കേസിൽ വിധി പ്രസ്താവിച്ച ജസ്റ്റിസ് നാഗേശ്വര റാവു ജയലളിത സർക്കാരിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി പല POTA കേസുകളിലും അവലോകന സമിതിയുടെ മുന്നിൽ ഹാജരായി വാദിച്ചയാളാണ്.

ജയലളിത

ജയലളിത

തമിഴ്നാട്ടിൽ ദേശീയ സംഘടനകളുടെ നേതാക്കന്മാരായ നെടുമാരൻ, വൈക്കോ പോലുള്ളവരുടെ പേരിൽ ജഛഠഅ പ്രകാരം കേസെടുത്തതിൽ ന്യായം ഉണ്ടെന്ന് വാദിച്ചയാളുമാണ്. തമിഴ്നാടിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് നല്ല ബോധ്യമുള്ള ആളാണ്.

എങ്കിലും, നിയമനൈതികത കരുതിയുള്ള അദ്ദേഹത്തിന്റെ ഈ സവിശേഷമായ വിധി വളരെ സ്വാഗതാർഹമാണ്. ഗവർണറുടെ അധികാര പരിധിയെക്കുറിച്ചും, അദ്ദേഹം മന്ത്രിസഭയുടെ തീരുമാനങ്ങൾക്ക്‌ വിധേയനാണ് എന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ വിധിപ്രസ്താവം ഇന്നത്തെ കേന്ദ്ര സർക്കാരിനും ഇവിടത്തെ ബിജെപിക്കാർക്കും വേപ്പിൻകായയായിരിക്കാം, പക്ഷേ ഇതിനെയാണ് ഭരണ ഘടന ലക്ഷ്യം വയ്‌ക്കുന്നത് എന്നതിനെക്കുറിച്ച് അവർ ബോധ്യമുള്ളവരാകണം. അതുമാത്രമല്ല, മറ്റ് ആറ്‌ കുറ്റവാളികൾക്കും വിമുഖതയേതും കാണിക്കാതെ നിയമനടപടിക്രമങ്ങൾപാലിച്ചു കൊണ്ട് മാപ്പ് നൽകാനുള്ള അധികാരം മുഖേന ശിക്ഷ റദ്ദാക്കിയാൽ അവരെ ‘തെറ്റ് തിരുത്തിയ മനുഷ്യർ’ എന്ന് കരുതാൻ ഇടമുണ്ട്. അഥവാ, ലംഘിച്ചാൽ വീണ്ടും ‘കൊട്ട് ’ കൊടുക്കാൻ സുപ്രീം കോടതിയുണ്ട്!.

മദ്രാസ്‌ ഹൈക്കോടതി

മദ്രാസ്‌ ഹൈക്കോടതി

( ജസ്‌റ്റിസ്‌ കെ ചന്ദ്രു ചെന്നൈ ഹൈക്കോടതിയിലെ മുൻ ന്യായാധിപനാണ്‌. സാമൂഹിക വിമർശനങ്ങളെ മുൻവെക്കുന്നതിനോടൊപ്പം നിയമസംവിധാനത്തിലെ പരിഷ്‌കാരങ്ങൾക്ക്‌ വേണ്ടിയുള്ള ചിന്തകളെ  ഉയർത്തിപ്പിടിക്കുന്ന എഴുത്തുകാരൻ കൂടിയാണ്‌ അദ്ദേഹം. ഓർഡർ... ഓർഡർ, നീതിമാരേ, നമ്പിേനാമേ തു തുടങ്ങിയ പുസ്‌തകങ്ങളുടെ രചയിതാവാണ്‌.
ഈ ലേഖനത്തിന്‌ കടപ്പാട്‌  അരുംചൊൽ വെബ്‌ മാഗസിനും ബവ ചെല്ലദുരൈക്കും)

(ദേശാഭിമാനി വാരികയിൽ നിന്ന്) 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top