26 April Friday

എന്താണ്‌ പെഗാസസ്‌?.; ഇന്ത്യയിൽ ഉപയോഗിച്ചത്‌ മോഡിയുടെ ഇസ്രയേൽ സന്ദർശനത്തിനു ശേഷം

റിസെർച്ച്‌ ഡസ്‌ക്‌Updated: Wednesday Oct 27, 2021

പെഗാസസ് ചാരവൃത്തിക്കേസില്‍ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രവിദഗ്ധ സമിതിയെ രൂപീകരിച്ചത്‌ കേന്ദ്രസര്‍ക്കാരിന് വന്‍തിരിച്ചടിയായി. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളില്‍നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, സ്വകാര്യത കാത്തു സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പെഗാസസ്‌ ഫോൺ ചോർത്തൽ വിവരം 2021 ജൂലൈ 18നാണ്‌ പുറത്ത്‌ വന്നത്‌. ദേശീയ വിദേശ മാധ്യമങ്ങൾ വൻ വാർത്താപ്രാധാന്യം നൽകി. 50 രാജ്യങ്ങളിൽ നിന്ന്‌ 100ൽ അധികം പേരുടെ ഫോൺ ചോർത്തിയെന്നായിരുന്നു വാർത്ത. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ഇന്ത്യയിൽ 300 ഓളം പേരുടെ ഫോണുകൾ നിരീക്ഷണത്തിലായിരുന്നു. 2 കേന്ദ്ര മന്ത്രിമാർ, 3 പ്രതിപക്ഷ നേതാക്കൾ, ബിസിനസ്സുകാർ, സാമൂഹ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർ പട്ടികയിൽ. ജൂലൈ 19, 20 തീയതികളിൽ ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം.

എന്താണ്‌ പെഗാസസ്‌

2009-ൽസ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച ചാരസോഫ്റ്റ്‌വേറാണ് പെഗാസസ്. ഗ്രീക്ക് പുരാണത്തിലെ പറക്കുംകുതിര പെഗാസസിന്റെ പേരാണിതിന്. ഉപയോക്താക്കളെ വഴിതെറ്റിച്ച് സ്‌മാർട്ട്ഫോണുകളിലും കംപ്യൂട്ടറുകളിലും കടന്നുകൂടി വിവരം ചോർത്തുന്ന ചാര സോഫ്‌റ്റ്‌വേർ. ‘പെഗാസസി’നെ ഐഫോണിലും ആൻഡ്രോയ്‌ഡ് ഫോണുകളിലും കടത്തിവിട്ട് സന്ദേശങ്ങൾ, ഫോട്ടോകൾ, ഇ-മെയിലുകൾ എന്നിവ ചോർത്താൻ കഴിയും.  കുറ്റവാളികളെയും ഭീകരരെയും നിരീക്ഷിക്കാൻമാത്രമായുണ്ടാക്കിയതാണ് ഈ സോഫ്റ്റ്‌വേർ എന്നാണ്‌ എൻഎസ്ഒ അവകാശവാദം.

ലക്ഷ്യമിടുന്നവരുടെ മൊബൈലുകളിലേക്ക്‌ എസ്‌എംഎസ്‌ വഴിയാണ്‌ പെഗാസസ്‌ കൂടുതലായും കടന്നുകയറുന്നത്‌. ലിങ്ക്‌ ഓപ്പൺ ചെയ്യുമ്പോൾ ചാര സോഫ്‌റ്റ്‌വെയർ ഫോണിൽ ഇടംപിടിക്കും. മുഴുവൻ വിവരവും ഏജൻസിക്ക്‌ ലഭ്യമാകും. ക്യാമറ, മൈക്രോഫോൺ എന്നിവയിലും നുഴഞ്ഞുകയറും. വാട്സാപ്‌, ടെലഗ്രാം, സിഗ്‌നൽ തുടങ്ങി നുഴഞ്ഞുകയറ്റം ബുദ്ധിമുട്ടായ എൻഡ്‌ ടു എൻഡ്‌ എൻക്രിപ്‌റ്റഡ്‌ മെസേജിങ്‌ ആപ്പുകളിലെ വിവരങ്ങളടക്കം പെഗാസസ്‌ ചോർത്തും. ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്‌താൽ സോഫ്‌റ്റ്‌വെയറിന്റെ പ്രവർത്തനം നിലയ്‌ക്കുമെങ്കിലും സ്വിച്ച്‌ഓൺ ചെയ്യുമ്പോൾ പ്രവർത്തിച്ചു തുടങ്ങും.  ഫോണുകളിലെ കോളുകൾ റെക്കോഡ് ചെയ്യാനും മൈക്രോഫോണുകളും ക്യാമറകളും ഉപയോക്താവറിയാതെ പ്രവർത്തിപ്പിക്കാനും സാധിക്കും. ഫോൺ ഉപേക്ഷിക്കൽ മാത്രമാണ്‌ രക്ഷപ്പെടാൻ ഏകമാർഗം.

ടൊറന്റോ സർവകലാശാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡിജിറ്റൽ നിരീക്ഷണ ഗവേഷണ സംഘടന ‘സിറ്റിസൺ ലാബ്‌’ ആണ്‌ 2019ൽ പെഗാസസ്‌ ചോർത്തൽ ആദ്യം പുറത്തുകൊണ്ടുവന്നത്‌. തുടർന്ന്‌, വാട്സാപ്‌ എൻഎസ്‌ഒയ്‌ക്കെതിരെ നിയമനടപടികളിലേക്ക്‌ നീങ്ങി. ആംനെസ്‌റ്റി ഇന്റർനാഷണലിന്റെ ടെക്നിക്കൽ ലാബും ഫ്രാൻസിലെ മാധ്യമഗ്രൂപ്പായ ‘ഫോർബിഡൻ സ്‌റ്റോറീസു’മാണ്‌ ഇപ്പോഴത്തെ ഗവേഷണ വെളിപ്പെടുത്തലിന്‌ പിന്നിൽ.

വാങ്ങുന്നവർ

സർക്കാരുകൾക്കും സർക്കാർ ഏജൻസികൾക്കും  മാത്രമാണ് പെഗാസസ്‌ നൽകാറുള്ളുവെന്നാണ്‌ എൻഎസ്ഒ പറയുന്നത്‌. മനുഷ്യാവകാശസംരക്ഷണത്തിൽ മികച്ച റെക്കോഡുള്ള രാജ്യങ്ങളിലെ സൈന്യം, നിയമനിർവഹണ -രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയ്ക്കാണ് പെഗാസസ് വിൽക്കുന്നത്‌. രഹസ്യാന്വേഷണ ഏജൻസികളാണ് ഉപയോക്താക്കളിൽ 51 ശതമാനവും. ആർക്കൊക്കെ വിൽപന നടത്തിയിട്ടുണ്ടെന്ന്‌ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിറ്റുകഴിഞ്ഞാൽ പെഗാസസിന്റെ കാര്യങ്ങൾ നോക്കുന്നത് വാങ്ങുന്ന സർക്കാരുകളും സർക്കാർ ഏജൻസികളുമായിരിക്കും. എൻഎസ്ഒ അതിൽ ഇടപെടില്ല. ‘ഉപയോഗം എൻഎസ്ഒയ്ക്ക് ദൃശ്യമാകില്ല. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാറുമില്ല’ എന്നാണ്‌ കമ്പനിയുടെ അവകാശവാദം. പെഗാസസ് വിൽക്കുക എന്നുവെച്ചാൽ വാങ്ങുന്നവർക്ക് ഈ ചാര സോഫ്റ്റ്‌വേർ ഉപയോഗിക്കാനുള്ള ലൈസൻസ് നൽകുക എന്നാണ് അർഥം. എത്രകാലത്തേക്കാണ് ലൈസൻസ് എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ വില.

പെഗാസസ് പ്രോജക്‌ട്

വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ, ലെ മൊൺഡേ, ദി വയർ എന്നിവയുൾപ്പെടെ 17 മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണമാണ് പെഗാസസ് പ്രോജക്ട്. പാരീസ് ആസ്ഥാനമായുള്ള ഫൊർബിഡൻ സ്റ്റോറീസ് എന്ന മാധ്യമസ്ഥാപനത്തിനും മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിനും ചോർന്നുകിട്ടിയ 50,000 ഫോൺ നമ്പറുകൾ കൂടുതൽ അന്വേഷണത്തിനും വിശകലനത്തിനും കൈമാറുകയായിരുന്നു. ഈ പട്ടികയിൽനിന്നാണ് അമ്പതിലേറെ രാജ്യങ്ങളിലെ ആയിരത്തിലേറെപ്പേരെ നിരീക്ഷിച്ചതായി കണ്ടെത്തിയത്. നിരീക്ഷണം തുടങ്ങിയത് 2016-ൽ.

ഇന്ത്യ, യുഎഇ., ഹംഗറി, സൗദി അറേബ്യ, റുവാൺഡ, മൊറോക്കോ, മെക്സിക്കോ, കസാഖ്‌സ്താൻ, ബഹ്‌റൈൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിലുള്ളവരാണ്‌ നിരീക്ഷിക്കപ്പെട്ടവരിൽ അധികവും.  അറുന്നൂറിലേറെ രാഷ്ട്രീയക്കാർ/സർക്കാർ ഉദ്യോഗസ്ഥർ, 189 മാധ്യമപ്രവർത്തകർ, 85 മനുഷ്യാവകാശപ്രവർത്തകർ, 64 ബിസിനസ് എക്സിക്യുട്ടീവുമാർ, അറബ് രാജകുടുംബാംഗങ്ങൾ. നിരവധി സ്മാർട്ട്‌ഫോണുകൾ ആംനെസ്റ്റിയുടെ ഫൊറൻസിക് ലാബിൽ പരിശോധിച്ച്, നിരീക്ഷണം നടന്നെന്ന് ഉറപ്പുവരുത്തി.

ഇന്ത്യയിൽ ഉപയോഗിച്ചത്‌ മോഡിയുടെ ഇസ്രയേൽ സന്ദർശനത്തിനു ശേഷം

ബെന്യാമിൻ നെതന്യാഹു പ്രധാനമന്ത്രിയായിരിക്കെ 2017 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഇസ്രയേൽ സന്ദർശനത്തിനു ശേഷമാണ്‌ ഇന്ത്യയിൽ പെഗാസസ്‌ ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ വ്യാപകമായത്‌.

14 ലോക നേതാക്കൾ

ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ, സൗത്ത് ആഫിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, മെക്‌സിക്കൻ പ്രസിഡന്റ്‌ ആൻഡ്രസ്‌ മാനുവൽ ലോപസ്‌ ഒബ്രഡർ, ഇറാഖ്‌ പ്രസിഡന്റ്‌- ബർഹം സാലിഹ്‌, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌–- സിറിൽ റമപോസ, പാകിസ്ഥാൻ പ്രസിഡന്റ്‌ ഇമ്രാംഖാൻ, ഈജിപ്‌ത്‌ പ്രധാനമന്ത്രി മൊസ്‌താഫ മദ്‌ബൗലി, മൊറോക്കോ പ്രധാനമന്ത്രി– സാദ്‌ എഡീൻ ഒത്താമി, മൊറോക്കോ രാജാവ്‌ മൊഹമ്മദ്‌ ആറാമൻ. ഇവരെ കൂടാതെ 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധി, സൈനിക മേധാവികൾ മുതിർന്ന രാഷ്ട്രീയക്കാർ എന്നിവരും പെഗാസസ് നിരീക്ഷണ പട്ടികയിലുണ്ട്‌.

അന്വേഷണം ആരംഭിച്ച്‌ വിവിധ രാജ്യങ്ങൾ

ഫ്രാൻസ്‌ പ്രധാനമന്ത്രി ഇമാനുവൽ മാക്രോണിന്റെ ഫോൺ ചോർത്തിയെന്ന വിവരം പുറത്ത്‌ വന്ന്‌ 24 മണിക്കൂറിനകം അന്വേഷണം പ്രഖ്യാപിച്ചു. ജൂലൈ 20 നാണ്‌ അന്വേഷണം ആരംഭിച്ചത്‌. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനം, വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൃത്രിമം കാണിച്ച് കടക്കാൻ ശ്രമിക്കുക തുടങ്ങിയ 10 കുറ്റങ്ങൾ ചുമത്തി ഫ്രഞ്ച്‌ ജുഡീഷ്യൽ പൊലീസിലെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിനാണ്‌ അന്വേഷണ ചുമതല. മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനമായ മീഡിയാപാർട്ടും നൽകിയ പരാതിയിലാണ് അന്വേഷണം.  മീഡിയപാർടിന്റെ സ്ഥാപകൻ എഡ്‌ വി പ്ലെനേൽ, റിപ്പോർട്ടർ ലെനൈഗ്‌ ബ്രിദോക്‌സ്‌ എന്നിവരുടെ സ്‌മാർട്ട്‌ഫോണുകളിൽ മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം പെഗാസസ്‌ ഉപയോഗിച്ച്‌ വിവരങ്ങൾ ചോർത്തിയെന്നാണ്‌ വെളിപ്പെടുത്തൽ. ഫ്രഞ്ച്‌ ദേശീയ പത്രം ലെ മുന്ദ്‌, എഎഫ്‌പി വാർത്താഏജൻസി എന്നിവയിലെ ജീവനക്കാരുടെ ഫോണുകളും ചോർത്തി.

ഇസ്രായേൽ

സോഫ്‌റ്റ്‌വെയറിന്റെ ദുരുപയോഗത്തെക്കുറിച്ച്‌ ഇസ്രയേൽ സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതി രൂപീകരിച്ചു.  ഇസ്രയേലിന്റെ ദേശീയ സുരക്ഷാ കൗൺസിലിനാണ്‌ (എൻഎസ്‌സി)സമിതിയുടെ നേതൃചുമതല. പുതിയ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റിന്റെ കീഴിലാണ്‌ കൗൺസിൽ.

ഹങ്കറി

ഹങ്കറിയിൽ ജൂലൈ 24 ന്‌ അന്വേഷണം ആരംഭിച്ചു. പെഗാസസ്‌ സ്‌ഫോറ്റ്‌വയർ ദുരുപയോഗിച്ചുവെന്ന പരാതി സത്യമാണോ, ആണെങ്കിൽ എന്ത്‌ കുറ്റകൃത്യമാണ്‌ നടന്നതെന്ന്‌ തുടങ്ങിയ കാര്യങ്ങളാണ്‌ അന്വേഷിക്കുക. പുറത്ത്‌ വന്ന വിവരങ്ങൾ പ്രകാരം യുറോപ്യൻ യൂണിയനിൽ പെഗാസസ്‌ ഉപയോഗിക്കുന്ന ഏക രാജ്യമാണ്‌ ഹങ്കറി. പ്രധാനമന്ത്രി വിക്ടർ ഓർബനെയും സർക്കാരിനെയും വിമർശിക്കുന്നവരടക്കം മുന്നൂറോളം നമ്പറുകളാണ്‌ നിരീക്ഷിച്ചത്‌.

ആമസോൺ

ചോർത്തൽ റിപ്പോർട് പുറത്ത്‌ വന്നതിനു പിന്നാലെ എൻഎസ്‌ഒ ഗ്രൂപ്പിന്‌ നൽകുന്ന ക്ലൗഡ്‌ സേവനങ്ങൾ ആമസോൺ വെബ്‌ സർവീസസ്‌ അവസാനിപ്പിച്ചിരുന്നു.

ആപ്പിളും

പെഗാസസ് ചാര സോഫ്റ്റ്‌വേർ ആക്രമണം നടന്നെന്ന് ഉറപ്പാക്കിയ 37 സ്മാർട്ട്‌ഫോണുകളിൽ 34-ഉം ആപ്പിൾ കമ്പനിയുടെ ഐഫോണുകൾ. ഈ വിവരം പുറത്തുവന്നതോടെ ആപ്പിളിന്റെ ഓഹരിവിലയിൽ  ഇടിവുണ്ടായിരുന്നു. ധാരാളം പണം ചെലവാക്കിയുള്ള അതിസങ്കീർണമായ ആക്രമണമാണിതെന്നായിരുന്നു ആപ്പിൾ കമ്പനിയുടെ പ്രതികരണം.  

കോർപറേറ്റുകളും

കോർപറേറ്റ്‌ വമ്പൻമാരെ നിരീക്ഷിക്കാനും പെഗാസസ്‌ ഉപയോഗിച്ചു. ജനിതകവ്യതിയാനം വരുത്തിയ(ബിടി) പരുത്തി വിത്തുകളുടെ വിൽപ്പനരംഗത്തുള്ള ബഹുരാഷ്ട്ര കുത്തകകളായ മാഹികോ മൊൺസാന്റോ ബയോടെക് ഇന്ത്യ, മൊൺസാന്റോ ഇന്ത്യ കമ്പനികളിലെ ഉദ്യോഗസ്ഥരുടെ ഫോണുകളാണ്‌ 2018ൽ പെഗാസസ്‌ ലക്ഷ്യമിട്ടത്‌. ബിടി പരുത്തി വിത്തുകളുടെ അനധികൃത ഉപയോഗത്തെക്കുറിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയിലെ ഒരംഗത്തിന്റെ ഫോണും പട്ടികയിലുണ്ടായിരുന്നു.

സിഎഎ പ്രക്ഷോഭകർ

പൗരത്വ ഭേദഗതി നിയമ (സിഎഎ)ത്തിനെതിരെ പ്രക്ഷോഭരംഗത്തുണ്ടായിരുന്ന വടക്കുകിഴക്കൻ മേഖലയിലെ പ്രമുഖരും പെഗാസസ്‌ നിരീക്ഷണത്തിൽ ഉൾപ്പെട്ടു. അസമിലെ ഓൾ അസം സ്റ്റുഡന്റ്‌സ്‌ യൂണിയൻ (എഎഎസ്‌യു) നേതാവ്‌ സമുജാൽ ഭട്ടാചാര്യ, സമാധാനപക്ഷത്തുള്ള ഉൾഫ വിഭാഗം നേതാവ്‌ അനുപ്‌ ചെതിയ, മണിപ്പുർ സാഹിത്യകാരൻ മാലെം നിങ്‌തുജ തുടങ്ങിയവരെയാണ്‌ നിരീക്ഷിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top