28 March Thursday

പൊളിഞ്ഞത് കേന്ദ്രത്തിന്റെ കള്ളക്കളി

സാജൻ എവുജിൻUpdated: Thursday Oct 28, 2021


ന്യൂഡൽഹി
പെഗാസസിൽ കേന്ദ്ര സർക്കാരിന്റെ കള്ളക്കളിക്ക്‌ കനത്ത തിരിച്ചടിയേകി സുപ്രീംകോടതി വിധി. ഇസ്രയേലി സ്ഥാപനമായ എൻഎസ്‌ഒയുടെ പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ ഇന്ത്യയിലും ഉപയോഗിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തൽ വന്നതുമുതൽ കേന്ദ്രം ഉരുണ്ടുകളിക്കുകയായിരുന്നു. മാധ്യമവാർത്ത അടിസ്ഥാനരഹിതമാണെന്ന്‌ ഐടി മന്ത്രി പാർലമെന്റിൽ പറഞ്ഞു. മൊബൈൽ നമ്പർ ഉൾപ്പെട്ടതുകൊണ്ടുമാത്രം അത്‌ നിരീക്ഷണവിധേയമാക്കിയെന്നു പറയാൻ കഴിയില്ല. നിയമവിരുദ്ധ നിരീക്ഷണം ഇന്ത്യയിൽ അസാധ്യമാണെന്നും മന്ത്രി അവകാശപ്പെട്ടു.

ആഗസ്‌ത്‌ 16ന്‌  ഇലക്ട്രോണിക്‌സ്‌, ഐടി മന്ത്രാലയം ‘പരിമിത സത്യവാങ്‌മൂലം’ ആണ്‌ സോളിസിറ്റർ ജനറൽ (എസ്‌ജി) വഴി സുപ്രീംകോടതിയിൽ സമർപ്പിച്ചത്‌. എല്ലാ വശവും പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ കേന്ദ്രം തയ്യാറാണെന്നും എസ്‌ജി പറഞ്ഞു. സത്യവാങ്‌മൂലം അപൂർണമാണെന്ന്‌ ചൂണ്ടിക്കാട്ടി 17ന്‌ സുപ്രീംകോടതി കേന്ദ്രത്തിന്‌ നോട്ടീസ്‌ അയക്കാൻ ഒരുങ്ങിയപ്പോൾ, എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നത്‌ രാജ്യസുരക്ഷയെയും പ്രതിരോധത്തെയും ബാധിക്കുമെന്ന്‌ എസ്‌ജി വാദിച്ചു. രാജ്യസുരക്ഷയിൽ തങ്ങൾക്കും ആശങ്കയുണ്ടെന്ന്‌ ഹർജിക്കാർ വ്യക്തമാക്കി.

സർക്കാരിന്റെ അഭിപ്രായം തേടാൻ എസ്‌ജി കൂടുതൽ സമയം ചോദിച്ചു. സെപ്‌തംബർ ഏഴിന്‌ കേസ്‌ കോടതി വീണ്ടും പരിഗണിച്ചപ്പോൾ 13ലേക്ക്‌ മാറ്റാൻ എസ്‌ജി ആവശ്യപ്പെട്ടു. ഹർജിക്കാർ ആവശ്യപ്പെടുന്ന വിവരങ്ങൾ പുറത്തുവിടുന്നത്‌ ഭീകരസംഘം പ്രയോജനപ്പെടുത്തുമെന്ന്‌ 13ന്‌ എസ്‌ജി കോടതിയിൽ പറഞ്ഞു. അന്വേഷണത്തിന്‌ വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ അനുവദിക്കണമെന്നും എല്ലാ സാങ്കേതികവിദ്യയും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വാദിച്ചു.

പെഗാസസ്‌ ഇന്ത്യൻ ഏജൻസികൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിൽനിന്ന്‌ ഇത്തരത്തിൽ ഒഴിഞ്ഞുമാറാനാണ്‌ കേന്ദ്രസർക്കാർ തുടർച്ചയായി ശ്രമിച്ചത്‌. രാജ്യസുരക്ഷയുടെ പേരിൽ ഈ തന്ത്രം അനുവദിക്കാൻ കഴിയില്ലെന്ന കോടതിയുടെ തുറന്നടി കേന്ദ്രത്തിന്‌ കനത്ത തിരിച്ചടിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top