24 April Wednesday

നാലാംതൂണെന്ന കാര്യം മാധ്യമങ്ങൾ മറന്നു; ചാരക്കേസ്‌ രൂപത്തിലേക്ക്‌‌ കാര്യങ്ങൾ പോകുന്നു: സക്കറിയ സംസാരിക്കുന്നു

വിനോദ്‌ പായം vinodpayam@gmail.comUpdated: Sunday Nov 15, 2020
സക്കറിയയോട്‌ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ മാത്രം ഒപ്പം കൂട്ടിയാൽ പോര. ആ ചിന്താപദ്ധതിയിൽ സാഹിത്യം മാത്രമല്ലല്ലോ വിഷയം. എഴുത്തിലെ വൈവിധ്യം പോലെ പറയുന്നതിലുമുണ്ട്‌ വേറിട്ട വഴിയും ചിന്തയും കണിശതയും. ഇങ്ങനെയൊക്കെ മൗലികമായി സാമൂഹ്യവിഷയങ്ങളിൽ ഇടപെടുന്ന എഴുത്തുകാർ മലയാളത്തിൽ അധികമില്ല; പുതിയ രാഷ്ട്രീയ കാലത്ത്‌ ഒട്ടുമേയില്ല. മലയാളസാഹിത്യത്തിലെ പരമോന്നത സാഹിത്യ അവാർഡായ എഴുത്തച്ഛൻ പുരസ്‌കാരം‌ സക്കറിയക്ക്‌ നൽകുമ്പോൾ, സമ്മാനിതമാകുന്നത്‌ വായനക്കാർ കൂടിയാണ്.
 
 
എഴുത്തച്ഛൻ പുരസ്‌കാരം‌ മലയാളഭാഷയിലെ ഏറ്റവും വലിയ അവാർഡാണ്‌. അത്‌ മലയാളത്തിൽ പുതിയ ഭാവുകത്വം പകർന്ന സക്കറിയക്ക്‌ നൽകുമ്പോൾ, അവാർഡിന്റെ തലമുറമാറ്റമാണ്‌ എന്ന്‌ നിരീക്ഷിക്കാമോ? 
 
■ തലമുറ മാറ്റമൊന്നുമല്ല; എനിക്ക്‌ മുമ്പ്‌ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച മുകുന്ദനുമായി രണ്ടുമൂന്ന്‌ വയസ്സിന്റെ വ്യത്യാസമേ എനിക്കുള്ളൂ. പുതിയ തലമുറയാണെന്നൊക്കെ പറയാൻ തോന്നുന്നത്‌ ഞാൻ അതുമിതും പറഞ്ഞ്‌ നടക്കുന്നത്‌ കൊണ്ടാണ്‌. ഞങ്ങളൊക്കെ ഒരേ തലമുറയാണ്‌‌. മുകുന്ദൻ രാഷ്ട്രീയവും മറ്റും അങ്ങനെ പറയുന്ന സ്വാഭാവക്കാരനല്ല. ഞാൻ നിർഭാഗ്യവശാൽ രാഷ്ട്രീയത്തിലും മറ്റും അഭിപ്രായം പറയുന്നു അത്രേയുള്ളൂ!
 
ഭാഷാപിതാവ്‌ കുഞ്ചൻ നമ്പ്യാരാണെന്ന്‌ വാഴ്‌ത്തുന്ന സക്കറിയക്ക്‌ എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം കിട്ടിയതിലുള്ള യാദൃച്‌ഛികതയൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ തമാശയായി പങ്കുവയ്‌ക്കുന്നുണ്ട്‌.
 
■ എഴുത്തച്ഛൻ ഭക്തി മാർഗത്തിലൂടെ കാര്യങ്ങൾ പറഞ്ഞപ്പോൾ കുഞ്ചൻ നമ്പ്യാർ രാഷ്ട്രീയത്തിന്റെയും സാമൂഹ്യ വിമർശനത്തിന്റെയും സാധാരണക്കാരന്റെയും മാർഗവും ഉപയോഗിച്ചു. രണ്ടുപേരുടെയും രണ്ടു പാതയാണ്‌. പക്ഷേ, ഭാഷ രൂപീകരിച്ചത്‌ എഴുത്തച്ഛനാണ്‌. അതുവരെ മണിപ്രവാളവും സംസ്‌കൃതമാണോ തമിഴാണോ എന്നറിയാത്ത രീതിയിൽ തുടർന്ന ഭാഷയ്‌ക്ക്‌, രാമായണം, മഹാഭാരതം പോലുള്ള സങ്കീർണമായ വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള ശക്തിയുണ്ടെന്ന്‌ അദ്ദേഹം തെളിയിച്ചു. ആ പാതയിലാണ്‌ ഭാഷ വളർന്നത്‌. അടുത്ത പടവിലാണ്‌ കുഞ്ചൻ നമ്പ്യാർ വരുന്നത്‌. ലോകത്ത്‌ മറ്റെവിടെയുമായിരുന്നെങ്കിൽ സർവാന്റസിനെപ്പോലെയൊക്കെ ആഘോഷിക്കുമായിരുന്ന ജീനിയസ്‌ ആണ്‌ അദ്ദേഹം. കാവ്യത്തെ ആദ്യമായിട്ട്‌ ജനങ്ങളുടെ നടുവിലേക്ക്‌ ഇറക്കിക്കൊണ്ടുവന്നയാൾ‌. രാഷ്ട്രീയ ആക്ഷേപഹാസ്യം വഴി മതം, ജാതി, അധികാരം എന്നിവയെയൊക്കെ വിമർശിച്ച ആളാണ്‌. കവിത അതിന്‌ ഉപകരണമാക്കിയ ആളാണ്‌. ആ അർഥത്തിലാണ്‌ ഞാൻ കുഞ്ചൻ നമ്പ്യാരെ നിരൂപിച്ചത്‌.
 
സക്കറിയയെ നിനവിൽ വരുമ്പോൾ എഴുത്തുകാരൻ എന്ന ഇമേജ്‌ മാത്രമല്ല വരിക. കൃത്യമായ നിലപാടുകൾ വെട്ടിത്തുറന്ന്‌ പറയുന്ന ഒരാൾ എന്ന അർഥം കൂടിയുണ്ട്‌. പണ്ട്‌ മാധ്യമ പ്രവർത്തകനൊക്കെ ആയിരുന്നതു കൊണ്ടാണോ അങ്ങനെയാക്കെ?
 
■ അങ്ങനെയല്ല; ഞാൻ ഡൽഹിയിലൊക്കെ ജീവിച്ച കാലത്ത്‌ ഒ വി വിജയനൊക്കെ എന്നെ നന്നായി സ്വാധീനിച്ചു‌. വിജയനും വിജയന്റെ സന്തതസഹചാരിയും സുഹൃത്തുമായിരുന്ന സിംഗപ്പുർ‌ ഗോപനുമൊക്കെയാണ്‌ എന്റെ മോഡൽ. മലയാളി എന്ന നിലയിൽ നമ്മളെങ്ങനെ കേരളത്തെ നോക്കിക്കാണണം എന്ന അവബോധം സൃഷ്ടിച്ചത്‌ വിജയനും അദ്ദേഹത്തിന്റെ ‘ഇന്ദ്രപ്രസ്ഥം’  പംക്തിയുമൊക്കെയാണ്‌. അതിൽ കൂടി കാര്യങ്ങളെ എങ്ങനെ വീക്ഷിക്കണം എന്ന കാര്യം വിജയൻ തുടങ്ങിവച്ചു. ഇത്‌ എന്നെയും സ്വാധീനിച്ചു. എന്റെ ഐഡന്റിറ്റി എന്നു പറയുന്നത്‌ മലയാളിയാണ്‌, പിന്നെ ഇന്ത്യക്കാരനും.‌ ആ നിലയ്‌ക്ക്‌ ഇവിടെ എന്താണ്‌ നടക്കുന്നത്‌ എന്ന്‌ ഞാൻ കൂടി അറിഞ്ഞിരിക്കേണ്ടതല്ലെ, പറയേണ്ടതല്ലെ എന്നതാണ്‌ പ്രശ്‌നം.
അതേ ഒ വി വിജയനെ താങ്കൾ അവസാന കാലത്ത്‌ തള്ളിപ്പറഞ്ഞിട്ടുണ്ട്‌.
 
■ തള്ളിയതല്ല, വിജയനും ഞാനും സഹോദരങ്ങളെ പോലെ ജീവിച്ചുവളർന്നവരാണ്‌. എന്നെ ഫാസിസം പഠിപ്പിച്ചയാളാണ്‌. ആ അധികാരത്തിന്റെ മുഴുവൻ കള്ളക്കളികളും എനിക്ക്‌ കാണിച്ചു തന്ന, ‘ഇത്രയൊക്കെ ഉള്ളെടാ കാര്യങ്ങൾ’ എന്ന്‌ പറഞ്ഞ്‌, വെറും പച്ചക്കള്ളവും വ്യാജവുമാണ്‌ ഇവന്മാരുടെ അഭിനയങ്ങൾ എന്ന്‌ എനിക്ക്‌ പഠിപ്പിച്ചു തന്ന മനുഷ്യനാണ്‌. അദ്ദേഹം ഖസാക്കിന്‌ ശേഷം പതിയെ ആധ്യാത്മികതയിലേക്ക്‌ തിരിയുന്നതിൽ എനിക്ക്‌ വളരെ സംശയമുണ്ടായിരുന്നു. വളരെ വൈകാരികമായ ആ ആധ്യാത്മികതയിൽ എനിക്ക്‌ സംശയമുണ്ടായിരുന്നു. ആ വിമർശനം എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. എന്തുകൊണ്ട്‌ വിജയൻ അങ്ങനെയായി എന്ന്‌ ഞാൻ ആഴത്തിൽ ചിന്തിച്ചിട്ടില്ല. അവസാനം വിജയൻ ഒരു വർഗീയ സംഘടനയുടെ പുരസ്‌കാരം സ്വീകരിച്ചപ്പോൾ മാത്രമാണ്‌‌ ഞാൻ വിജയനെ ചോദ്യം ചെയ്‌തത്‌. വൈകാരിക ആധ്യാത്മികത സ്വീകരിച്ചത്‌ വിജയന്റെ സ്വാതന്ത്ര്യമാണ്‌; എഴുത്തുകാരൻ എന്ന നിലയ്‌ക്ക്‌, അതെന്റെ വിഷയമല്ല. വർഗീയ സംഘടനയുടെ അവാർഡ്‌ വാങ്ങിയപ്പോൾ ഞാൻ വിമർശിച്ചു. അത്‌ എന്റെ സ്വന്തം അപ്പനും അമ്മയും ആണെങ്കിലും ഞാൻ വിമർശിക്കും. വിജയൻ എന്റെ ജ്യേഷ്‌ഠനെപ്പോലുള്ള ആളാണ്‌. ഒരേ കുടുംബം പോലെ ജീവിച്ചവർ‌.
 
വിജയൻ ആ കാലത്ത്‌ ശാരീരികമായും മാനസികമായും തളർന്ന മനുഷ്യനാണ്‌. അപ്പോഴാണ്‌ അവാർഡ്‌ സ്വീകരിച്ചത്‌. വാസ്‌തവത്തിൽ താൻ എന്താണ്‌ ചെയ്യുന്നത്‌ എന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നോ എന്നുപോലും  സംശയമുണ്ട്‌. അന്ന്‌ ഞാൻ ദേഷ്യപ്പെടുകയൊക്കെ ചെയ്‌തെങ്കിലും സത്യത്തിൽ എനിക്ക്‌ തോന്നുന്നില്ല, വിജയൻ സ്വന്തം നിയന്ത്രണത്തിലാണത്‌ ചെയ്‌തതെന്ന്‌.
 
കേരളത്തിൽ മാധ്യമവിമർശനം സജീവമായി നടക്കുന്ന കാലമാണിത്‌.  അത്തരം വിമർശനം ജനാധിപത്യത്തിന്റെ നാലാംതൂണെന്ന നിലയിൽ അതിനെ ദുർബലമാക്കും എന്നും വാദമുണ്ട്‌. എത്രത്തോളം ശരിയാണത്‌?
 
■ പലതവണ പറഞ്ഞ കാര്യമാണിത്‌‌. ജനാധിപത്യത്തിന്റെ നാലാം തൂണാണ്‌ എന്ന കാര്യം മാധ്യമങ്ങൾ മറന്നുകഴിഞ്ഞു. അതാണ്‌ പ്രശ്‌നം. മാധ്യമങ്ങൾ എന്തുകൊണ്ടാണ്‌ നാലാംതൂൺ ആകുന്നത്‌? ജനങ്ങൾക്കും ഭരണകൂടത്തിനും ഇടയിൽനിന്ന്‌ ജനങ്ങൾക്ക്‌ വേണ്ടി ഭരണകൂടത്തെ ചോദ്യം ചെയ്യുക എന്ന ദൗത്യമാണ്‌ മാധ്യമങ്ങൾക്കുള്ളത്‌. അത്‌ ചെയ്യുന്നതിന്‌ പകരം, ഭരണകൂടത്തിന്റെ സേവകരും വാലാട്ടികളുമായി കഴിയുമ്പോൾ പിന്നെ എന്തുചെയ്യും; ഒന്നുമില്ല!
 
വിശദാംശങ്ങളിലേക്ക്‌ കടന്നാൽ നരവേട്ട നടത്തുന്നു എന്നൊക്കെ പറയേണ്ടി വരും. ഇപ്പോൾ നോക്കൂ; ഒരു ശിവശങ്കരനെ പിടിച്ചു വേട്ടയാടുന്നു; അങ്ങനെ ഒറ്റപ്പെട്ട ആളുകളെ കിട്ടിയാൽ വേട്ടയാടുക എന്ന രീതിയിലാണ്‌ കാര്യങ്ങൾ. ഏതാണ്ട്‌ പഴയ ചാരക്കേസിന്റെ അതേ രൂപത്തിലേക്ക്‌‌ കാര്യങ്ങൾ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നു‌. ഇനി അത്‌ ഏതെല്ലാം രൂപത്തിൽ മാറിവരും എന്നൊന്നും നമുക്ക്‌ പറയാൻ കഴിയില്ല. കോടതിയുടെ മുമ്പിലാണുള്ളത്‌. ഒരുപക്ഷേ ഇരുപതു കൊല്ലം കഴിഞ്ഞായിരിക്കും നമ്പി നാരായണനെ പോലെ അദ്ദേഹം പുറത്തുവരിക; നമുക്കത്‌‌ പറയാൻ പറ്റില്ല!
 
മതരാഷ്ട്രവാദം മുഖ്യ അജൻഡയായ സർക്കാരാണ്‌ കേന്ദ്രത്തിൽ‌. അപ്പോൾ പുതിയ കാലത്ത്‌ എഴുത്തുകാർ എന്ത്‌ നിലപാടായിരിക്കണം സ്വീകരിക്കേണ്ടത്‌?
 
■ ഒരു എഴുത്തുകാരനോ ഒരു വ്യക്തിക്കോ എന്തിനധികം ഒരു പാർലമെന്റ്‌ അംഗത്തിനുപോലും ഒറ്റയ്‌ക്ക്‌ ‌ ഭരണകൂടത്തോട്‌ യുദ്ധം ചെയ്യാനാകില്ല. ഒറ്റവെടിക്ക്‌ തീരാനുള്ള കഥയേയുള്ളൂ; ഒരു മനുഷ്യന്റെ യുദ്ധവും മറ്റും. അപ്പോൾ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇവിടെ നരേന്ദ്ര മോഡിയോടൊക്കെ യുദ്ധം ചെയ്യാൻ പറ്റില്ല. ഇവിടുത്തെ രാഷ്ട്രീയ പാർടികൾക്കാണ്‌ അത്‌ ചെയ്യാനാകുക. അതാണ്‌ അവരുടെ ജോലി. അതവർ കൃത്യമായി ചെയ്യന്നുമില്ല! എഴുത്തുകാരന്‌ ചെയ്യാവുന്നത്‌ അവനവന്റെ ഉള്ളിലെ ജനാധിപത്യ ബോധവും മതേതരത്വ ബോധവും എഴുത്തിലൂടെ പ്രകടിപ്പിക്കുക, ഇവിടുത്തെ വികൃതങ്ങളായ പുരുഷ പ്രമാണിത്ത ബോധത്തെയും ദളിത്‌ വിരുദ്ധ ചിന്തയെയും എതിർക്കുക, സാധുജന പക്ഷത്ത്‌ നിൽക്കുക എന്നതൊക്കെയാണ്‌.
 
അങ്ങനെ പറയുമ്പോൾ തന്നെ പുതിയ കാലത്ത്‌ എഴുത്തുകാർ ഫാസിസത്തിന്‌ വിധേയരാകുന്നുമുണ്ട്‌?
 
■ അതവരുടെ ഇഷ്ടം. അതിന്‌ എനിക്ക്‌ എന്തുകാര്യം. ഞാൻ വിധേയനാകുന്നില്ല. വിധേയരായ എത്രയോ എഴുത്തുകാരെ എനിക്കറിയാം. അതവരുടെ പ്രശ്‌നമാണ്‌. അവരുടെ മനഃസാക്ഷിയും അവരുടെ വായനക്കാരും തമ്മിലുള്ള വിഷയമാണ്‌. അവരുടെ വായനക്കാർ അതുകൊണ്ട്‌ സംതൃപ്‌തരാണെങ്കിൽ എനിക്ക്‌ എന്തുചെയ്യാൻ കഴിയും. ഒരു എഴുത്തുകാരൻ, കവി/കവയിത്രി വർഗീയവാദികളുടെ തോളിൽ കൈയിട്ട്‌ നടക്കുന്നതിൽ, അവർക്കും അവരുടെ വായനക്കാർക്കും സന്തോഷം തോന്നുന്നുണ്ടെങ്കിൽ ഞാനെന്ത്‌ ചെയ്യാനാണ്‌. ഞാനതിനെ ചോദ്യം ചെയ്യാൻ തയ്യാറല്ല.
 
അങ്ങനെ പോകുന്ന എഴുത്തുകാരെ എന്തോ ബാധിച്ചിട്ടുണ്ട്‌. അവരുടെ തലച്ചോറിനെ എന്തോ ബാധിച്ചിട്ടുണ്ട്‌. ഒരുപക്ഷേ അത്യാഗ്രഹങ്ങളായിരിക്കാം. ഒരുപക്ഷേ വളരെ യഥാർഥമായ വർഗീയത തന്നെ അവരിലുമുണ്ട്‌ എന്നുള്ളതായിരിക്കും. ഇതിനെ രണ്ടിനെയും ഞാൻ ചോദ്യം ചെയ്യാൻ തയ്യാറല്ല. അതവരുടെ സ്വാതന്ത്ര്യമാണ്,‌ ജനാധിപത്യബോധമാണ്‌. അവർക്ക്‌ വർഗീയവാദിയാകാൻ പറ്റില്ല എന്ന്‌ ആരുപറഞ്ഞു?
 
നമുക്കതിൽ പ്രതിഷേധിക്കാമല്ലോ?
 
■ നമുക്ക്‌ പ്രതിഷേധിക്കാം എന്നേയുള്ളൂ. അത്‌ മറ്റൊരു കാര്യം. നിങ്ങൾ ഫാസിസ്റ്റാകാൻ പാടില്ല എന്ന്‌ പറയാൻ ഞാനാരാ? അങ്ങനെ ഞാൻ പറയുന്നത്‌ ജനാധിപത്യ വിരുദ്ധമാണ്‌ എന്നാണ്‌ എന്റെ പക്ഷം. അത്തരം അടിച്ചേൽപ്പിക്കൽ പരിപൂർണമായ ജനാധിപത്യത്തിൽ ശരിയല്ല എന്നു തന്നെയാണ്‌ എന്റെ വാദം.
 
ജനാധിപത്യത്തിന്‌ അങ്ങനെയെല്ലാം വിശാലമായ അർഥം കാണണോ?
 
■ അങ്ങനെ തന്നെ കാണണം. കാരണം ജനാധിപത്യത്തിന്റെ അകത്ത്‌ കോംപ്രമൈസൊന്നും പാടില്ല. അത്‌ പരിപൂർണമായ വ്യവസ്ഥയാണ്‌. അത്തരം സ്ഥിതി യൂറോപ്പിലൊക്കെ കാണാം. നോർവെയിലും സ്വീഡനിലും ഒക്കെ പോയാൽ അനുഭവിച്ചറിയാം. അമേരിക്കയിൽ പോലുമുണ്ട്‌ എന്നാണ്‌ എന്റെ പക്ഷം. ട്രംപിനെ പോലുള്ള വൃത്തികെട്ടവന്മാർ കാട്ടിക്കൂട്ടുന്ന അമേരിക്കയല്ലല്ലോ യഥാർഥ അമേരിക്ക. വളരെ ശ്രദ്ധയോടെ, ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ നുള്ളിപ്പെറുക്കി എടുക്കുന്നവരുമുണ്ട്‌ അവിടെ.
 
ജന്മനാടായ ഉരുളികുന്നത്തിന്റെയും കുടിയേറ്റ കൃസ്‌ത്യാനിയുടെയും കൂടി എഴുത്തുകാരനാണ്‌ താങ്കൾ. പുതിയ കാലത്തെ പരിസ്ഥിതി ചിന്തകളിൽ, കുടിയേറ്റ കർഷകൻ വലിയൊരു പരിസ്ഥിതി വിരുദ്ധനാണ്‌ എന്നൊരു വ്യാഖ്യാനമുണ്ട്‌. ഇത്തരം വിമർശനത്തിന്‌ പിന്നിൽ വംശീയ താൽപ്പര്യങ്ങളുണ്ടെന്ന്‌ പറയാൻ കഴിയുമോ?
 
■ അതൊരു അന്ധമായ സമീപനമാണ്‌ എന്നാണ്‌ എന്റെ പക്ഷം. പരിസ്ഥിതി വാദം എന്നത്‌ വളരെ പ്രസക്തവും കാലികവുമായ വിഷയം തന്നെയാണ്‌. പക്ഷേ ചരിത്രപരമായി പരിസ്ഥിതിക്ക്‌ സംഭവിച്ച ക്ഷതങ്ങളെ നമ്മൾ നോക്കുമ്പോൾ, കാട്‌ വെട്ടിയവരും മൃഗങ്ങളെ കൊന്നവരും കൃഷി ചെയ്‌തവരും എങ്ങനെയാണ്‌ ആ സാഹചര്യത്തിലേക്ക്‌ എത്തിയത്‌ എന്നുള്ള പഠനം ഇല്ലാതായിപ്പോയി. അതുംകൂടി വച്ചുവേണം അവരെ അളക്കാനും വിമർശിക്കാനും.
 
നാൽപ്പതുകളുടെ അവസാനം അമ്പതുകളിലാണ്‌ കുടിയേറ്റങ്ങളുടെ ഏറ്റവും വലിയ തരംഗം കേരളത്തിലുണ്ടായത്‌. മധ്യതിരുവിതാംകൂറിൽനിന്ന്‌ ക്രിസ്‌ത്യാനികൾ തിരമാല പോലെ ഇങ്ങനെ കയറി വന്നു‌. ആ കാലഘട്ടത്തിൽ അമേരിക്കയിൽ പോലും പരിസ്ഥിതി വാദം വന്നിട്ടില്ല. റേച്ചൽ കാഴ്‌സന്റെ പരിസ്ഥിതി പുസ്‌തകം സൈലന്റ്‌ സ്‌പ്രിങ്‌ പോലും അറുപതുകളിലാണ്‌ വരുന്നത്‌. അതിന്‌ മുമ്പ്‌, തീർത്തും നിരക്ഷരരായ ഈ കൃഷിക്കാർ പരിസ്ഥിതി വാദമറിഞ്ഞ്‌ പെരുമാറണമായിരുന്നു എന്നൊക്കെ പറയുന്നതിൽ യുക്തിയില്ലായ്‌മയുണ്ട്‌. അതാണ്‌ പ്രശ്‌നം. അതിന്‌ ശേഷമാണ്‌ ഇവിടെ ആസൂത്രിതമായ വനം നിരപ്പാക്കുന്ന അവസ്ഥയൊക്കെയുണ്ടായത്‌. സംഘടിതമായി തന്നെ നടന്നു. അതാണ്‌ വിഷയം. അല്ലാതെ കർഷകരുടെ പ്രശ്‌നമല്ല.
 
ഭാസ്‌കര പട്ടേലരെയും തൊമ്മിയെയും കണ്ടെത്തുന്നത്‌  കുടിയേറ്റ ജീവിതത്തിലെ അനുഭവത്തിൽനിന്നാണ്‌. ദക്ഷിണ കർണാടകയിലെ ബർത്തങ്ങാടിയിലെ ജീവിതം. അവിടെ വിട്ടതിന്‌ ശേഷം അങ്ങോട്ട്‌ പോയിട്ടുണ്ടോ പിന്നീട്‌?
 
■ പിന്നെ! ശരിക്കും ഞാൻ അവിടെ ഉപേക്ഷിച്ചിട്ട്‌ അധികകാലമൊന്നും ആയിട്ടില്ല. 1996ലോ മറ്റോ ആണ്‌ അവിടം വിടുന്നത്‌. ഡൽഹിയിലായിരിക്കുമ്പോഴാണ്‌ ഞാനും ജ്യേഷ്‌ഠനും കൂടി അത്‌ വാങ്ങിക്കുന്നത്‌. കവുങ്ങ്‌, റബർ, കശുമാവ്‌, തെങ്ങ്‌ എന്നിവയായിരുന്നു പ്രധാന കൃഷി. രസകരമായ ജീവിതം. രമണീയമായ കാലം. ചെറിയൊരു വീടുണ്ടായിരുന്നു. പന്നീട്‌ ജ്യേഷ്‌ഠന്റെ മരണത്തോടെ കൊണ്ടുനടക്കാൻ പറ്റാതെവന്നു. അതോടെയാണ്‌‌ ഞാനത്‌ വിൽക്കുന്നത്‌. അവിടെ തന്നെയുള്ള ഒരു പട്ടരാണ്‌ അത്‌ വാങ്ങിച്ചത്‌. ഇരുപത്തൊന്നു വർഷം ഞാൻ ആ ഭൂമി നോക്കി.  വല്ല നിവൃത്തിയുണ്ടായിരുന്നെങ്കിൽ ഞാനത്‌ വിൽക്കില്ലായിരുന്നു. ഡൽഹിയിൽനിന്ന്‌ വന്നിട്ടാണ്‌ ഞാൻ അവിടുത്തെ കൃഷിയൊക്കെ നോക്കിയത്‌. പിന്നീട്‌ തിരുവനന്തപുരത്ത്‌ ഏഷ്യാനെറ്റിൽ ഉള്ള‌ കാലത്താണ്‌ വിൽക്കുന്നത്‌. ഭാസ്‌കര പട്ടേലരെയും തൊമ്മിയെയും പോലുള്ള കഥാപാത്രങ്ങളെ കിട്ടിയതാണ്‌ അക്കാലത്തെ ജീവിതത്തിലെ വലിയ കാര്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top