26 April Friday

രാജാക്കണ്ണിനും മുന്നേ പത്തനംതിട്ടയിലെ ജോസ്; പോരാട്ടത്തിന്റെ മറ്റൊരുകഥ

സണ്ണി മാർക്കോസ്‌ deshsunny@gmail.comUpdated: Sunday Nov 21, 2021

ജോസ്‌ സെബാസ്റ്റ്യൻ

ജോസ്‌ സെബാസ്റ്റ്യൻ

ജയ്‌ ഭീം കണ്ടവരിലെല്ലാം രാജാക്കണ്ണ്‌ ഒരു നീറ്റലായി അവശേഷിക്കുന്നുണ്ട്‌. ലോക്കപ്പ്‌ മർദനത്തിന്റെ രക്തസാക്ഷിയായ ആദിവാസി യുവാവ്‌.  എന്നാൽ രാജാക്കണ്ണ്‌ കൊല്ലപ്പെടുന്നതിനും  ഒമ്പതു വർഷം മുമ്പ്‌  1984 നവംബറിൽ    പത്തനംതിട്ടയിൽ സമാനമായ ഒരു ലോക്കപ്പ്‌ കൊലപാതകമുണ്ടായി.  പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ ആ കേസിൽ നീതി ലഭിക്കാൻ സിപിഐ എമ്മും  സിഐടിയുവും നടത്തിയ ഉജ്വലമായ പോരാട്ടത്തെക്കുറിച്ച്‌

ഒരു കേസിലും പ്രതിയായിരുന്നില്ല ജോസ്‌ സെബാസ്റ്റ്യൻ. എന്നിട്ടും എന്തിനായിരുന്നു പൊലീസ്‌ ജോസ്‌ സെബാസ്റ്റ്യനെ കൊന്നത്‌? ഒരു കേസിലും പ്രതിയായിരുന്നില്ല രാജാക്കണ്ണ്‌. എന്നിട്ടും എന്തിനായിരുന്നു രാജാക്കണ്ണിനെ കൊന്നത്‌? ജയ്‌ഭീം എന്ന സിനിമയ്‌ക്ക്‌ ആധാരമായ തമിഴ്‌നാട്ടിലെ ആദിവാസി യുവാവ്‌ രാജാക്കണ്ണിന്റെയും പത്തനംതിട്ടയിലെ കള്ളുഷാപ്പ്‌ തൊഴിലാളി ജോസ്‌ സെബാസ്റ്റ്യന്റെയും കൊലപാതകങ്ങൾ തമ്മിൽ അതിശയിപ്പിക്കുന്ന സാമ്യങ്ങളുണ്ട്‌. 

രണ്ടും ലോക്കപ്പ്‌ കൊലപാതകങ്ങൾ. കൃത്യമായി പറഞ്ഞാൽ ഉരുട്ടിക്കൊലകൾ. ഇല്ലാത്ത മോഷണക്കുറ്റം ചാർത്തിയായിരുന്നു രണ്ടു സംഭവങ്ങളിലും അന്യായ തടങ്കലും മർദനവും.  കേസിന്റെ  ഓരോ ഘട്ടത്തിലും കേസ്‌ അട്ടിമറിക്കാനുള്ള പ്രതികളായ പൊലീസുകാരുടെയും സർക്കാരിന്റെയും ഇടപെടൽ. ഇരുവരുടെയും നീതിക്കായി നിയമയുദ്ധം നടത്തിയത്‌ സിപിഐ എം. രാജാക്കണ്ണിന്റെ നീതിക്കുവേണ്ടി വാദിച്ചത്‌ സിപിഐ എം പ്രവർത്തകനായിരുന്ന അഡ്വ. ചന്ദ്രു ആയിരുന്നെങ്കിൽ ഇവിടെ ജോസിനെ കൊലപ്പെടുത്തിയ പ്രതികൾക്ക്‌ ശിക്ഷ ഉറപ്പാക്കാൻ അതുപോലെ പ്രഗത്ഭനായ ഒരഭിഭാഷകൻ ഉണ്ടായിരുന്നു, ജി ജനാർദനക്കുറുപ്പ്‌.  

രാജാക്കണ്ണിന്റെ ക്രൂരമായ കൊലപാതകവും തുടർന്നുള്ള നിയമനടപടികളും നമ്മൾ ജയ്‌ഭീമിലൂടെ അറിഞ്ഞെങ്കിൽ ജോസ്‌ സെബാസ്റ്റ്യന്റെ കൊലപാതകത്തിന്റെയും തുടർന്നുള്ള  നിയമയുദ്ധത്തിന്റെ വിശദാംശങ്ങൾ അധികമാർക്കും അറിയില്ല. 

രാജനുശേഷം ജോസ്‌

  ജോസിന്റെ ദാരുണമായ കൊലപാതകം നടന്നിട്ട് നവംബർ 12ന് 37 വർഷം പിന്നിട്ടു. 1984 നവംബറിൽ ഏഴു ദിവസത്തെ നിയമവിരുദ്ധ കസ്റ്റഡിയിലെ മൂന്നാം മുറയ്‌ക്കൊടുവിലാണ്‌ ജോസ്‌ ഇഞ്ചിഞ്ചായി മരിച്ചത്‌. ജോസിന്റെ  ബലിഷ്‌ഠശരീരത്തിൽ പൈശാചികത മുഴുവൻ ആവിഷ്‌കരിക്കുകയായിരുന്നു പൊലീസുകാർ. അടിയന്തരാവസ്ഥക്കാലത്ത്‌ കക്കയം ക്യാമ്പിൽ കോഴിക്കോട്‌ റീജ്യണൽ എൻജിനിയറിങ് കോളേജ് വിദ്യാർഥി രാജനെ കൊലപ്പെടുത്തിയതിനുശേഷം കേരളം കണ്ട ക്രൂരമായ ഉരുട്ടിക്കൊല. കെ കരുണാകരൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ്‌ രാജനെ പൊലീസുകാർ ഉരുട്ടിക്കൊന്നതെങ്കിൽ ജോസ് സെബാസ്റ്റ്യനെ പൊലീസ് കൊല്ലുമ്പോൾ കരുണാകരൻ  മുഖ്യമന്ത്രിക്കസേരയിലായിരുന്നു.

സിഐടിയു പ്രവർത്തകനും സിപിഐ എം അനുഭാവിയുമായിരുന്നു ജോസ്‌. കോട്ടയം അതിരമ്പുഴ സ്വദേശി. ചില പൊലീസുകാർക്കുണ്ടായിരുന്ന  വ്യക്തിവിരോധമാണ്‌ ആ യുവാവിന്റെ ക്രൂരമായ ഹത്യക്ക്‌ കാരണം. പിന്നീട് നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ, നിയമപോരാട്ടങ്ങൾ. ഒടുവിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. സിപിഐ എമ്മും സിഐടിയുവും നടത്തിയ അചഞ്ചലമായ പോരാട്ടമാണ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയത്.

കള്ളക്കേസും അന്യായ തടങ്കലും

കോന്നി ചാക്കൂർമുക്ക് കള്ളുഷാപ്പിലെ വിൽപ്പന തൊഴിലാളിയായിരുന്നു ജോസ് സെബാസ്റ്റ്യൻ. കുരുത്തൻ, ആജാനബാഹു, ധീരൻ. ഷാപ്പിനു സമീപം അടഞ്ഞുകിടന്ന വീട്ടിൽ അക്കാലത്ത്‌ ഒരു മോഷണം നടന്നു. ഫർണിച്ചറടക്കം മോഷ്ടിക്കപ്പെട്ടു. പിടിയിലായ പ്രതിയുടെ മൊഴിപ്രകാരം ജോസ് എന്നയാൾക്കാണ് ഫർണിച്ചർ വിറ്റത്. എന്നാൽ, അത് ജോസ് സെബാസ്റ്റ്യനായിരുന്നില്ല. ജോസ്‌ സെബാസ്റ്റ്യനോടുള്ള വ്യക്തിവിരോധവും മുൻവിധിയുമാണ്‌ കസ്റ്റഡിയിലേക്ക്‌ നയിച്ചത്‌. ഷാപ്പിൽവന്ന്‌ കഴിച്ചിട്ട് കാശ് കൊടുക്കാതെ പോകുന്നത്‌ ജോസ് ചോദ്യം ചെയ്‌തതിന്റെ രോഷം തീർക്കുകകൂടിയായിരുന്നു പൊലീസുകാർ. 

അന്നത്തെ കോന്നി എസ്ഐ ബാബുരാജ്, കോൺസ്റ്റബിൾമാരായ ചക്രപാണി, രഘുനാഥപിള്ള എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. ജോസിനെ തല്ലിയൊതുക്കുക എളുപ്പമല്ല. മൂന്നാംമുറയ്‌ക്കു കാരണം അതാകാമെന്ന്‌ നാട്ടുകാരും സുഹൃത്തുക്കളും കരുതുന്നു. ജിഡി (ജനറൽ ഡയറി) രജിസ്റ്ററിൽ രേഖപ്പെടുത്താതെ ഏഴു ദിവസമാണ് അന്യായ തടങ്കലിൽ വച്ചത്. കസ്റ്റഡിയിലെടുത്ത ദിവസംമുതൽ യൂണിയൻ സെക്രട്ടറി കെ സി രാജഗോപാലും കോന്നി എംഎൽഎ വി എസ് ചന്ദ്രശേഖരപിള്ളയും സിപിഐ എം ജില്ലാ സെക്രട്ടറി പി രാമകൃഷ്‌ണനുമടക്കം ബന്ധപ്പെട്ടിട്ടും വിട്ടയച്ചില്ല. കോടതിയിൽ ഹാജരാക്കിയതുമില്ല. സമ്മർദം ഫലിക്കാതെ വന്നപ്പോൾ പാർടി നേതാക്കൾ സിഐ രാജഗോപാലാചാരിയെ നേരിൽ സമീപിച്ചു. അയാൾ വിളിച്ചു പറഞ്ഞെങ്കിലും വിട്ടയക്കാൻ എസ്ഐ കൂട്ടാക്കിയില്ല. ഒടുവിൽ സംഗതി വഷളാകുമെന്നുകണ്ട് കോടതിയിൽ ഹാജരാക്കാമെന്ന് പറയുകയായിരുന്നു. അത് പ്രതീക്ഷിച്ച് കോടതിയിലെത്തിയ നേതാക്കൾക്ക് ജോസിനെ കാണാനായില്ല.  

ആറുദിവസം നിരന്തരം മർദിച്ചിട്ടും ജോസിൽനിന്ന്‌ പൊലീസിന്‌ പ്രതീക്ഷിച്ച മൊഴി  കിട്ടിയില്ല. ഏഴാംനാൾ സിഐ ഓഫീസായ പത്തനംതിട്ടയിലേക്ക് മാറ്റുന്നു. അവിടെ മർദനത്തിനൊപ്പം ഉരുട്ടലുംകൂടിയായപ്പോൾ ജീവൻ നഷ്‌ടപ്പെട്ടു. തിരികെ കോന്നി സർക്കാർ ആശുപത്രിയിലെത്തിച്ചത് മൃതശരീരമാണ്. കസ്റ്റഡി രേഖപ്പെടുത്താത്തതുപോലെതന്നെ പത്തനംതിട്ട സിഐ ഓഫീസിലേക്ക് കൊണ്ടുപോയതും കോന്നി ആശുപത്രിയിലെത്തിച്ചതും രേഖപ്പെടുത്തിയില്ല. (വീഴ്‌ച വരുത്തിയ ജിഡി ചുമതലയുള്ളയാൾ വിഷം കഴിച്ച് ജീവനൊടുക്കി)

നിരന്തര പ്രക്ഷോഭങ്ങൾ

ഇ കെ നായനാരടക്കം സിപിഐ എം നേതാക്കൾ കോന്നിയിലെത്തി. പത്തനംതിട്ട കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് അടക്കമുള്ള പ്രക്ഷോഭങ്ങൾ. ഒടുവിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികൾക്കുവേണ്ടി  ഭരണനേതൃത്വവും പൊലീസിലെ ഉന്നതരും പതിനെട്ടടവും പയറ്റി. ഇതിനിടയിൽ പ്രതികൾക്ക് ജാമ്യം കിട്ടി. ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, ‘വേണ്ട നിലയിൽ ശ്രദ്ധിച്ചില്ല' എന്ന്‌ കോടതി പരാമർശിച്ചു. അത് ഭരണകൂട ഭീകരതയ്‌ക്കെതിരായ ചെറുവിജയമായിരുന്നു.

മുഖ്യമന്ത്രി കെ കരുണാകരൻ നേരിട്ടാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. രാജൻ കേസിനുശേഷമുള്ള ലോക്കപ്പിലെ ഉരുട്ടിക്കൊല സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്ന് അറിയാമെന്നതിനാൽ എല്ലാ അധികാരവും സ്വാധീനവും ഉപയോഗിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയിലായിരുന്നു വിചാരണ. എന്നാൽ, പത്തനംതിട്ടയിൽ വരാൻ പ്രതികൾക്ക് ഭയമാണെന്നു പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചു. കേസ് കൊല്ലം കോടതിയിലേക്ക് മാറ്റി. ജോസിന്റെ ഭാര്യ സൂസിയുടെ അഭ്യർഥനപ്രകാരം അഡ്വ. ജി ജനാർദനക്കുറുപ്പിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. വിസ്‌താരം മൂന്നു ദിവസം പിന്നിട്ടപ്പോൾ പ്രതികളുടെ ആവശ്യപ്രകാരം സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി, കൊല്ലം കോടതിയിലെ എപിപിക്ക് ചുമതല നൽകി.

പ്രത്യേകിച്ച് ഒരു കാരണവും ബോധ്യപ്പെടുത്താത്ത രണ്ടുവരി ഉത്തരവായിരുന്നു അത്. അതിനെതിരെ സമീപിച്ചപ്പോൾ വിചാരണ നിർത്തിവയ്‌ക്കാൻ ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ്. സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഹർജി പരിഗണിച്ചു. പ്രോസിക്യൂഷനുവേണ്ടി ആര്‌ വാദിക്കണമെന്ന് തീരുമാനിക്കേണ്ടത് പ്രതികളല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഡ്വ.ജനാർദനക്കുറുപ്പുതന്നെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി തുടരാനും നിർദേശിച്ചു.

പിന്നീട് 12 വർഷം നിയമയുദ്ധം. അധികാരകേന്ദ്രങ്ങൾ  പ്രതികൾക്കൊപ്പമായിരുന്നു. അഭിഭാഷക പ്രമുഖരായ കുഞ്ഞിരാമ മേനോനും മഹേശ്വരൻപിള്ളയുമെല്ലാം പ്രതിഭാഗത്ത്‌ അണിനിരന്നു. എന്നിട്ടും പ്രതികൾക്ക് ജീവപര്യന്തം ഉറപ്പാക്കി.

ഉരുട്ടലും  ചൂരലടിയും

രാജന്റെ ഉരുട്ടിക്കൊലയും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ ഇടപെടലും അധികാര ദുർവിനിയോഗവുമെല്ലാം കേരളത്തിന്റെ മനസ്സിലിന്നുമുണ്ട്. രാജന്റെ അച്ഛൻ പ്രൊഫ. ഈച്ചരവാര്യർ നടത്തിയ നിയമപോരാട്ടവും അതിന് കേരള മനഃസാക്ഷി നൽകിയ ഐക്യദാർഢ്യവും ഒടുവിൽ കരുണാകരന് അധികാരത്തിൽനിന്ന് ഇറങ്ങേണ്ടി വന്നതുമെല്ലാം ചരിത്രം. ഷാജി എൻ കരുൺ സംവിധാനം ചെയ്‌ത ‘പിറവി' എന്ന സിനിമയിലൂടെ രാജൻ കേസ്‌ കേരള മനസ്സിനെ വീണ്ടും പൊള്ളിച്ചു.    

 ജോസ് സെബാസ്റ്റ്യനെ  പത്തനംതിട്ട സിഐ ഓഫീസിലെ മേശയിൽ കെട്ടിവരിഞ്ഞ് കിടത്തിയായിരുന്നു മർദനം. തുടയിൽ റൂൾ തടികൊണ്ട് രണ്ടു പൊലീസുകാർ രണ്ടുവശത്തുനിന്ന് ഉരുട്ടുമ്പോൾ മറ്റൊരാൾ ചൂരൽകൊണ്ട് കാൽവെള്ളയിൽ അടിക്കുകയായിരുന്നു. ഫലത്തിൽ മാംസവും രക്തവും ഒരുപോലെയായി. മൃതദേഹം കോന്നി ആശുപത്രിയിൽ നടതള്ളി സ്ഥലം വിടുകയായിരുന്നു പൊലീസ്‌.

ഇതിനെല്ലാം സാക്ഷിയായ എഎസ്ഐ ബുദ്ധിമാനായിരുന്നു. മരണം സ്ഥിരീകരിച്ച ദിവസം ജോസിനെ അറസ്റ്റ് ചെയ്‌തതായി രേഖപ്പെടുത്തി റിമാൻഡ് അപേക്ഷയും എഴുതിവച്ചിട്ട് അയാൾ മുങ്ങി. അതിനുമുമ്പ്‌ മറ്റ് പ്രതികൾ മുങ്ങിയിരുന്നു.

കസ്റ്റഡിയിലിരുന്നതിനും ഉരുട്ടലിനും ദൃക്‌സാക്ഷികളായ രണ്ടു പൊലീസുകാർ സാക്ഷി പറഞ്ഞിരുന്നില്ലെങ്കിൽ ഈ കേസിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. അവർക്കും പിരിച്ചുവിടലടക്കം നടപടി നേരിടേണ്ടിവന്നു. പിന്നീട് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്‌ അവരെ സർവീസിൽ തിരിച്ചെടുത്തത്‌.

കെ സി രാജഗോപാൽ

കെ സി രാജഗോപാൽ

കമ്യൂണിസ്റ്റുകാരെക്കുറിച്ച്‌ ബോധ്യമില്ലാത്തവർ

കേസ്‌ പുരോഗമിക്കവെ യൂണിയൻ സെക്രട്ടറി കെ സി രാജഗോപാലിനെ ഒരു പരിചയക്കാരൻ മുഖേന മുഖ്യപ്രതിയായ എസ്ഐ സമീപിച്ചു. ഒരു വാഗ്‌ദാനം മുന്നോട്ടുവച്ചു. ‘‘എന്തായാലും കേസ് നടത്താൻ ലക്ഷങ്ങൾ ചെലവു വരും. ഒന്നു കണ്ണടച്ചാൽ മതി. 25 ലക്ഷം കൈയിൽ തരും’’ ഇതായിരുന്നു വാഗ്‌ദാനം. 35 വർഷംമുമ്പത്തെ  25 ലക്ഷമാണെന്നോർക്കണം. 

‘‘സിപിഐ എമ്മിനെയും സിഐടിയുവിനെയും കുറിച്ച്  പൊലീസ് ഓഫീസർക്ക് അതായിരുന്നിരിക്കാം ധാരണ. സഖാവിനെ വിൽക്കുന്ന ഏർപ്പാട് കമ്യൂണിസ്റ്റുകാർക്കില്ല എന്നു പറഞ്ഞാണ് അയാളെ മടക്കിയയച്ചത്.’’ ജോസ് കൊല്ലപ്പെടുന്നതിനുമുമ്പുള്ള ആറു ദിവസവും കോടതിയിൽ ഹാജരാക്കാനാവശ്യപ്പെടുമ്പോൾ ആ ഉദ്യോഗസ്ഥന്റെ മുഖത്തു വിടർന്ന ചിരി ഇന്നും രാജഗോപാൽ മറന്നിട്ടില്ല.

ജോസ് കൊല്ലപ്പെടുമ്പോൾ ഭാര്യ സൂസി എട്ടു മാസം ഗർഭിണിയാണ്. പിന്നീട് ആ കുടുംബത്തിന് സുരക്ഷ നൽകിയത് യൂണിയനാണ്. ഒന്നാം ചരമവാർഷികത്തിൽ രണ്ടുലക്ഷം രൂപ കുടുംബസഹായം നൽകി സുരക്ഷിതത്വം ഉറപ്പാക്കി. കോന്നി കൊന്നപ്പാറ സ്വദേശിയാണ് സൂസി. മകൻ അടുത്തിടെ മരിച്ചുപോയി.

  ‘സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടിരിക്കുന്നു’

അന്ന്‌ ഡിജിപി എം കെ  ജോസഫായിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്ന ദിവസം അദ്ദേഹം കോടതിയിലുണ്ടായിരുന്നു. പ്രതികൾക്ക് ജാമ്യം കിട്ടിയതറിഞ്ഞ് പുഞ്ചിരിയോടെയാണ് അദ്ദേഹം മടങ്ങിയത്‌.  

എന്നാൽ പിറ്റേന്ന്‌ ഒന്നാം സാക്ഷിയുടെ അഭിഭാഷകൻ കോടതിയിൽ ഒരു ഗവൺമെന്റ് ഉത്തരവ് എന്നെ കാണിച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ എന്നെ പിരിച്ചുവിട്ടിരിക്കുന്നു എന്ന രണ്ട് വാചകമേ അതിലുണ്ടായിരുന്നുള്ളൂ. നിങ്ങൾതന്നെ അത് കോടതിയിൽ ഹാജരാക്കൂ. ഞാൻ പിരിഞ്ഞുപോയ്‌ക്കൊള്ളാം എന്ന് പ്രതികരിച്ചു. ഹാളിൽ നിറഞ്ഞുനിന്ന അഭിഭാഷക സമൂഹം ഞെട്ടി വിറച്ചു പോയി. ജഡ്‌ജി എന്നെ നോക്കി. നിങ്ങൾക്കതിന്റെ പകർപ്പ് കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്ന് മറുപടി. എനിക്കും കിട്ടിയില്ലെന്ന് അദ്ദേഹം ക്ഷോഭത്തോടെ പറഞ്ഞു. എന്നിട്ട് സാക്ഷിയെ കൂട്ടിൽ നിർത്തി വിസ്‌തരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. എന്നെ പിരിച്ചുവിട്ട വിവരം ദേശാഭിമാനിയിൽനിന്ന് ഞാൻ രാവിലെതന്നെ അറിഞ്ഞിരുന്നു. അതുകൊണ്ട് ജഡ്‌ജിയുടെ ആവശ്യത്തിന് ഞാൻ വഴങ്ങിയില്ല.

( അഡ്വ. ജി ജനാർദ്ദനക്കുറുപ്പിന്റെ ആത്മകഥ  ‘എന്റെ ജീവിത’ത്തിൽനിന്ന്‌. ആത്മകഥയിൽ 52 പേജിൽ ജോസ് സെബാസ്റ്റ്യൻ കേസിന്റെ അനുഭവവിവരണമാണ്‌.)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top