20 April Saturday

പ്രിയങ്കരമായ പാഷൻഫ്രൂട്ട്

എം കെ പി മാവിലായിUpdated: Sunday Jan 23, 2022


പാഷൻ ഫ്രൂട്ടിന്‌  അടുത്തകാലത്തായി ഏറെ പ്രാധാന്യം വന്നു തുടങ്ങിയിട്ടുണ്ട്‌. മാനസിക സമ്മർദം കുറയ്‌ക്കാനുപകരിക്കുന്ന രാസവസ്തുക്കൾ ഈ പഴത്തിലുണ്ടെന്ന കണ്ടെത്തൽ ലോക വിപണിയിൽ ഇതിനെ കൂടുതൽ പ്രിയങ്കരമാക്കി. പാസിഫ്ളോറേസിയേ (Passifloraceae) കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം പാസിഫ്ളോറ എഡുലിസ്(Passiflora edulis) എന്നാണ്. തെക്കെ അമേരിക്കയാണ് സ്വദേശം. പടർന്ന് വളരുന്ന വളളിച്ചെടിയാണ്‌. നമ്മുടെ കാലാവസ്ഥയിൽ ശക്തമായ മഴക്കാലമൊഴികെ ഇവ പൂക്കുകയും കായ്ക്കുകയും ചെയ്യും. ഇവയിൽ വ്യത്യസ്ഥ ഇനങ്ങൾ പ്രചാരത്തിലുണ്ട്.  ഇളം മഞ്ഞ, ഇളം പർപ്പിൾ നിറത്തിൽ കായകളുള്ള ഇനങ്ങളാണ്‌ നമ്മുടെ നാട്ടിൽ ഏറെയുള്ളത്‌.

വെളളം കെട്ടി നിൽക്കാത്ത ഏതുതരം മണ്ണിലും ഈ ചെടി നന്നായി വളരും. കടുത്ത ചൂടും അതിശൈത്യവും പാടില്ല. വിത്തുമുളപ്പിച്ചും തണ്ടുകൾ മുറിച്ച് നട്ടും കൃഷി ചെയ്യാം. ആറ് –- ഏഴ് മാസം വളർച്ചയെത്തിയതും പൂവിടാത്തതുമായ കമ്പുകളാണ് മുറിച്ചുനടാൻ അനുയോജ്യം. അടിഭാഗത്തെ രണ്ട് മുട്ടിലുളള ഇലകൾ നീക്കം ചെയ്ത ശേഷം നടാനായി ഉപയോഗിക്കാം. തണ്ട് നട്ട് രണ്ടുമൂന്നാഴ്ചയ്‌ക്കുളളിൽ തളിർപ്പുകൾ വന്നു തുടങ്ങും. ഒരു വർഷത്തിനുളളിൽ ഇവ നന്നായി പടർന്നു കയറും. നടുമ്പോൾ രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്ത് അത് മേൽമണ്ണും പഴകിയ ചാണകപ്പൊടിയും കലർത്തി നിറയ്‌ക്കണം. വളളിനടുന്നതിന് ഒരു മാസം മുമ്പ് ഇത് ചെയ്ത് വയ്‌ക്കുന്നതാണ് നല്ലത്.

മഴക്കാലത്ത് ചെടിക്ക് ചുറ്റും വെളളം കെട്ടി നിൽക്കുന്നില്ലെന്നുറപ്പ് വരുത്തണം. വിത്ത് നട്ടും തൈകളാക്കാം. ശേഖരിച്ച വിത്തുകൾ ഒരു ദിവസം ചെറുനാരങ്ങാ നീരിൽ ഇട്ടു വയ്‌ക്കണം. ഇത് വെള്ളത്തിൽ കഴുകിയ ശേഷം നടാനായി ഉപയോഗിക്കാം. ഇങ്ങിനെ ചെയ്യുന്നതുമൂലം വിത്ത് എളുപ്പം കിളിർത്തുവരും.

മഞ്ഞ, പർപ്പിൾ നിറത്തോടു കൂടിയ ഇനങ്ങൾക്ക് പുറമെ ഈ രണ്ടിനങ്ങളുടെയും സങ്കരണത്തിലൂടെ ഇന്ത്യൻ ഹോർട്ടിക്കൾച്ചറൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഇനമാണ് കാവേരി. പർപ്പിൾ നിറമുള്ള കായ്കളാണ് ഈ ഇനത്തിൽ ഉണ്ടാവുക. മറ്റുള്ളവ കായ്ക്കാൻ ആറ് മാസമെടുക്കുമ്പോൾ ഇത് നട്ട് നാലാം മാസം തന്നെ കായ്ക്കുകയും ചെയ്യും. ഉൽപ്പാദന ക്ഷമതയും കൂടുതലാണ്. വേനൽക്കാലത്ത് പൊതുവെ ഇവ ഇലകൾ പൊഴിക്കാറുണ്ട്. കടുത്ത വേനലിൽ തണ്ടുകൾ ഉണങ്ങാനും സാധ്യതയുണ്ട്. അടുത്ത മഴക്കാലത്ത് വീണ്ടും പുതിയ തളിർപ്പുകൾ ഉണ്ടാകും. ഈ പുതിയ തളിർപ്പുകളിലാണ് പൂക്കളും കായ്കളും കൂടുതലായി ഉണ്ടാവുക. ഒരു ചെടിയിൽ നിന്നും വർഷം തോറും ശരാശരി 10 കിലോഗ്രാം കായ്കൾ ലഭിക്കും.  സപ്തംബർ- –-ഒക്ടോബർ, മെയ്-–-ജൂൺ മാസങ്ങളിലാണ് ധാരാളം കായ്കൾ ഉണ്ടാവുക. നനയ്‌ക്കുകയും നല്ല പരിചരണം നൽകുകയും ചെയ്താൽ വർഷം മുഴുവൻ ഇവ കായ്ക്കും. വിദേശ രാജ്യങ്ങളിൽ പ്രധാനമായും വിവിധ ഔഷധനിർമാണത്തിനായാണ് ഈ പഴത്തെ പ്രയോജനപ്പെടുത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top