28 March Thursday

കേരള സൈഗാൾ

യേശുദാസ്‌Updated: Tuesday Jun 23, 2020

പാപ്പുക്കുട്ടി ഭാഗവതർക്ക് എന്റെ ജീവിതത്തിൽ സവിശേഷ സ്ഥാനമാണ്. അദ്ദേഹത്തിൽനിന്നാണ് സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ ഗ്രഹിച്ചത്. അക്കാലം മനസ്സിൽ ഇപ്പോഴും പച്ചപിടിച്ച് കിടക്കുന്നുണ്ട്. എന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫും ഭാഗവതരും നാടകങ്ങളിൽ അഭിനയിച്ചതും മറക്കാനാവത്ത അനുഭവങ്ങളാണ്. ‘നിർമല’ സിനിമയുടെ നിർമാതാവ് പി ജെ ചെറിയാന്റെ മിശിഹാചരിത്രം നാടകത്തിൽ ഭാഗവതർ ഇരട്ടവേഷത്തിലായിരുന്നു. ആദ്യം മഗ്ദലന മറിയമായും പിന്നെ സ്നാപക യോഹന്നാനായും. നിരവധി നാടകങ്ങളിൽ ഭാഗമായ അദ്ദേഹം ആദ്യമായി അഭിനയിച്ച സിനിമ 1950ൽ ഇറങ്ങിയ ‘പ്രസന്ന’. എസ് എം ശ്രീരാമലു നായ്ഡുവായിരുന്നു സംവിധായകൻ. മുൻഷി പരമുപിള്ളയുടെ തിരക്കഥ അടിസ്ഥാനമാക്കി അതിൽ ഭാഗവതർക്കൊപ്പം കൊട്ടാരക്കരയും പി എ തോമസ്സുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. എം എസ് ജ്ഞാനമണി സംഗീതം നൽകിയ ‘പ്രസന്ന’ തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ട ലളിത, പത്മിനി, രാഗിണി എന്നിവരുടെ അരങ്ങേറ്റ ചിത്രമെന്ന നിലയിലും പ്രശസ്തം. അതിൽ വിധിയുടെ ലീല.. എന്ന ഗാനം ആലപിച്ചതും ഭാഗവതർ.
1964ൽ എം കൃഷ്ണൻ നായർ സംവിധാനംചെയ്ത ‘കറുത്തകൈ’യിലും ഭാഗവതർ ശ്രദ്ധേയനായി. നസീറും അടൂർഭാസിയും തിക്കുറിശിയും ഷീലയും അഭിനയിച്ച അതിൽ അദ്ദേഹം പാടുകയുംചെയ്തു. തിരുനായിനാർകുറിച്ചി മാധവൻ നായർ രചിച്ച ഏഴു പാട്ടുകളിൽ കല്ലാണെ വഴിയിൽ...  എന്നുതുടങ്ങുന്ന  ഗാനം അദ്ദേഹത്തിനൊപ്പം ആലപിക്കാൻ എനിക്കും അവസരമുണ്ടായി. പഞ്ചവർണ തത്ത എന്ന മറ്റൊരു ഗാനം ഞാൻ പാടിയതാവട്ടെ കമുകറയോടൊപ്പവും. സംഗീത സംവിധാനം എം എസ് ബാബുരാജ്. 1973ലെ ആശാചക്രത്തിൽ കണ്ണേ കരളേ എന്ന പാട്ടും ഭാഗവതരാണ് പാടിയത്. തൊണ്ണൂറ്റിയേഴാം വയസ്സിൽ ‘മേരിക്കുണ്ടൊരു കുഞ്ഞാടിൽ’ ഗായകനായി എത്തിയത് എന്നെ  അത്ഭുതപ്പെടുത്തി.

നൂറ്റിരണ്ടാം വയസ്സിലും അവശതയുടെ സൂചനപോലും കാണിക്കാതെ സംഗീതം പഠിപ്പിക്കുന്നതിനും ബസ്സിലും ബോട്ടിലും ദീർഘയാത്ര നടത്താനും ഭാഗവതർ മടിച്ചില്ല. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പി ജെ ചെറിയാൻ ഫൗണ്ടേഷൻ എറണാകുളം ചങ്ങമ്പുഴ പാർക്കിൽ ഒരുക്കിയ ചടങ്ങിൽ സംബന്ധിക്കാനായത് വലിയ  അനുഭവം. കൊച്ചുകുട്ടിയെപ്പോലെ നിഷ്ക്കളങ്കനായി ചിരിച്ചുകൊണ്ടേയിരുന്ന ആ പ്രതിഭ അന്ന് എന്നിലേക്ക് പ്രസരിപ്പിച്ച വികാരങ്ങൾ പെട്ടെന്ന് നിർവചിക്കാനാവില്ല. കേരള സൈഗാൾ എന്ന വിശേഷണം നൂറുവട്ടം ശരിവെക്കുംവിധം സോജ രാജകുമാരി.... ആലപിച്ചപ്പോൾ ഞാൻ ഓർമകളിൽ നനഞ്ഞു.

പാട്ടിന്റെ ‌‘നൂറ്റാണ്ട് ’

ചരിത്രത്തെ പാടിയുണർത്തിയ പാപ്പുക്കുട്ടി ഭാഗവതർ അടിമുടി കലാകാരനായിരുന്നു. സംഗീതത്തിനുപുറമെ നാടകവേദിയിലും സിനിമയിലും കഥാപ്രസംഗത്തിലും  തിളങ്ങി. കൗമാരത്തിൽ തുടങ്ങിയ സംഗീതസപര്യയുടെ മാധുര്യം ജന്മശതാബ്ദി കടന്നും ശ്രോതാക്കളിലെത്തി. നൂറ്റാണ്ട് സാക്ഷിയായ, സമശീർഷരോ സമകാലീനരോ ഇല്ലാത്ത അനുപമമായ നേട്ടത്തിന്റെ തൂവലായിരുന്നു ആ തൊപ്പിയിൽ. അവഗണനയുടെയും തിരസ്കാരത്തിന്റെയും മുറിവേറ്റപ്പോഴും സംഗീതംപോലെ ശുദ്ധമായ പുഞ്ചിരിയുമായി അക്ഷോഭ്യനായിനിന്നു. ഒരഭിമുഖത്തിൽ പറഞ്ഞപോലെ, ""വൈദ്യുതിയും വികസനവും എത്താത്ത അക്കാലത്ത് നാടകവും സംഗീതവും ഇപ്പോഴത്തേക്കാൾ ജനങ്ങൾക്ക് ഹരമായിരുന്നു. മൂന്ന് പെട്രോൾമാക്സിന്റെ വെളിച്ചത്തിൽ അഭിനേതാക്കളും ഗായകരും അണിനിരക്കുമ്പോൾ കാണികൾ ഇളകിമറിയും. പലപ്പോഴും അഭിനേതാക്കൾ തന്നെ ഗായകരും. നാടകത്തിലെ ഗാനങ്ങൾക്കുപുറമെ കീർത്തനങ്ങൾക്കും ജനം മുറവിളി കൂട്ടും. അത്തരം വേദികളാണ് ഞങ്ങളെ കലാകാരന്മാരാക്കിയത.്''

37 വർഷം നീണ്ട അഭിനയജീവിതത്തിൽ നായകനായി മാത്രം പാപ്പുക്കുട്ടി അരങ്ങിലെത്തിയത് 15,000ഓളം നാടക വേദികളിൽ. മലയാള സിനിമയുടെ കാരണവരായി വാഴ്ത്തപ്പെട്ട തിക്കുറിശ്ശി അദ്ദേഹത്തിന്റെ പ്രതിനായകനായെത്തിയത് ചരിത്രം. ഏഴാം വയസ്സിൽ "വേദമണി' എന്ന സംഗീത നാടകത്തിലാണ് അരങ്ങേറ്റം. കോയിക്കലത്ത് മാധവൻപിള്ളയുടെ "പ്രേമഗാനം', "മഹതി', തിക്കുറിശ്ശിയുടെ "മായ', സ്ത്രീ, പി എ തോമസിന്റെ "പരദേശി' തുടങ്ങിയവയാണ് ഭാഗവതരെ അവിസ്മരണീയനാക്കിയ നായക വേ ഷങ്ങൾ. ഏറ്റവുമധികം അവതരിപ്പിച്ചത് "മായ'. വില്ലൻ അതൊരുക്കിയ തിക്കുറിശ്ശി. പ്രണയവും സംഘട്ടനവുമൊക്കെയുള്ള നാടകം വർഷം 320 വേദികളിൽ അവതരിപ്പിച്ചു; കൊൽക്കത്ത, പൂണെ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലടക്കം.  "പരദേശി'യിലെ അഭിനയ തിളക്കമാണ് സിനിമയിൽ അവസരമൊരുക്കിയത്. കന്നിച്ചിത്രമായ "പ്രസന്ന'യിൽ പാടിയായിരുന്നു അഭിനയം. പൊലീസ് ഇൻസ്പെക്ടറുടെ വേഷം. അതിൽ പിന്നണിഗായകനുമായി. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, ഒരാൾ കൂടി കള്ളനായി, വിലകുറഞ്ഞ മനുഷ്യൻ, വിരുതൻ ശങ്കു, പഠിച്ച കള്ളൻ, ശ്യാമളചേച്ചി, ആൽമരം, ഭാര്യമാർ സൂക്ഷിക്കുക, കാട്ടുകുരങ്ങ്, അഞ്ച് സുന്ദരികൾ, വൈസ് ചാൻസലർ തുടങ്ങി 25ഓളം സിനിമകളിൽ അഭിനേതാവായി. 102‐ാം വയസ്സിൽ ജയരാജിന്റെ ഒറ്റാലിൽ അഭിനയിച്ചു. കച്ചേരിനടത്തിയ ഏറ്റവും പ്രായമേറിയ മലയാളി, പ്രായമേറിയ പിന്നണി ഗായകൻ എന്നീ റെക്കോർഡുകൾ കടന്ന് ഏറ്റവും മുതിർന്ന മലയാളി നടൻ എന്ന ബഹുമതിയും അത് അദ്ദേഹത്തിനു സമ്മാനിച്ചു. 

"പ്രസന്ന'യ്ക്കും മേരിക്കുണ്ടൊരു കുഞ്ഞാടി'നും പുറമെ "ആശാചക്രം', "കറുത്തകൈ' എന്നീ ചിത്രങ്ങളിലും ഗായകനായി. എം കൃഷ്ണൻനായർ സംവിധാനം ചെയ്ത് 1964‐ൽ പുറത്തിറങ്ങിയ "കറുത്ത കൈ'യിൽ യേശുദാസിനൊപ്പം ""കള്ളനെ വഴിയിൽ മുട്ടും കണ്ടാലുടനെ തട്ടും അയ്യായിരവും കിട്ടും'' എന്ന ഗാനമാണ്  ആലപിച്ചത്. തിരുനായനാർ കുറിച്ചി മാധവൻ നായരുടെ രചനയിൽ ഈണമൊരുക്കിയത് ബാബുരാജ്്. ഡോ. സീതാ രാമസ്വാമിയുടെ സംവിധാനത്തിൽ '73‐ൽ പുറത്തിറങ്ങിയ "ആശാചക്ര'ത്തിൽ ""കണ്ണേ കരളേ കാത്തിരുന്നു കാലം പോയല്ലോ'' എന്നു തുടങ്ങുന്ന ഗാനം ശ്രീലതാ നമ്പൂതിരിക്കൊപ്പം. സിനിമാ നടനായിരിക്കെ പാപ്പുക്കുട്ടി നാടക അരങ്ങിൽ വീണ്ടുമെത്തി. കായംകുളം പരബ്രഹ്മോദയ സംഗീത നടനസഭയുടെ "സമത്വം', കൊല്ലം തങ്കപ്പപ്പിള്ളയുടെ സമിതി അവതരിപ്പിച്ച "സ്വാതന്ത്ര്യം', "തെരുവുതെണ്ടി', "ഭാഗ്യചക്രം', "കമ്യൂണിസ്റ്റല്ല, പക്ഷേ' തുടങ്ങിയവ ശ്രദ്ധേയം. കാഥിക വേദിയിലും  പ്രതിഭ തെളിയിച്ചു. തുടക്കത്തിൽ ഒരു നാടകത്തിന് അഞ്ച് രൂപയായിരുന്നു പ്രതിഫലം. "സുഹൃത്ത്' നാടകത്തിലെത്തിൽ 50 രൂപയായി. നാടകത്തിനു പുറമെ സംഗീത യാത്രയും തുടർന്നു. കച്ചേരി കൂടാതെ ഹിന്ദി ഗാനങ്ങളും ആലപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top