03 December Sunday

പേപ്പർ പേനകൾ തിരിച്ചു നൽകിയ ജീവിതം

മുഹമ്മദ് നാഫിഹ് വളപുരം nafihmadathil@gmail.comUpdated: Sunday Sep 24, 2023

ഇരു കാലുകളുടേയും തളർച്ച വീൽചെയറിലൊതുക്കിയപ്പോഴും പ്രതിസന്ധികളെ തരണം ചെയ്‌ത്‌ പേപ്പർ പേനകളിലൂടെ ജീവിതം തിരിച്ചുപിടിച്ച കഥയാണ് ചെറുപ്പുളശ്ശേരി നെല്ലായയിലെ മാവുണ്ടിരിക്കടവ് സ്വദേശി ഫൈസലിന്റേത്. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് തളർന്നതാണ് ഇരുകാലുകളും. 42 വയസ്സ് പിന്നിടുമ്പോഴും പരസഹായമില്ലാതെ സഞ്ചരിക്കാനാകാത്ത അവസ്ഥ. മുച്ചക്ര വാഹനത്തിൽ  കൂട്ടുകാരുടെയും അധ്യാപകരുടെയും സഹായത്തോടെ എംഎംഎൽപി സ്കൂളിൽ കുളപ്പിടയിൽനിന്നും പെരിന്തൽമണ്ണ കുന്നക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം. കൂട്ടുകാരുടെ സ്വാധീനം മുന്നോട്ടുള്ള ജീവിതത്തിന് പിൻബലമായി. മോശമായ സാഹചര്യവും കുടുംബ പ്രാരബ്ദവും ജീവിതത്തിലേക്ക് കൂടിയേറിയതോടെ പഠനം ഉപേക്ഷിച്ച് ജോലിക്ക് ഇറങ്ങേണ്ടി വന്നു. നാട്ടിലെ തയ്യൽ കടയിൽ ടൈലറായി. തുടർന്ന്‌ നാട്ടിൽ സ്വന്തമായൊരു എസ്ടിഡി ബൂത്ത് തുടങ്ങി. ഫോണിന്റെ അതിപ്രസരത്തോടെ ആ രംഗം വിടേണ്ടി വന്നു. പിന്നീട് പേപ്പർ പേനകളാണ്‌ ജീവിതത്തിന് പുതിയ വാതായനം തുറക്കുന്നത്. 

ഫൈസൽ

ഫൈസൽ

2016ൽ വീൽചയർ റൈറ്റ് ഫെഡറേഷൻ പാലക്കാട് ജില്ല സംഘടിപ്പിച്ച തൊഴിൽ പരിശീലന ക്യാമ്പിലാണ് പേപ്പർ പേന നിർമാണം പഠിക്കുന്നത്. ആദ്യം ഉണ്ടാക്കിയ പേനകൾക്ക് തന്നെ വലിയ സ്വീകരണം ലഭിച്ചു. ഉപയോഗശേഷം വലിച്ചെറിഞ്ഞാൽ അതിൽ ഒളിപ്പിച്ചുവച്ച വിത്തുകൾ പുതിയ തൈകൾക്ക് ജന്മം നൽകുന്നുവെന്ന പ്രത്യേകത ഫൈസലിന്റെ പേനകൾക്കുണ്ട്. കേരളത്തിനകത്തും പുറത്തുമായി നിരവധി പേരാണ് ഫൈസലിന്റെ പേന തേടിയെത്തുന്നത്. പേനകൾക്ക് നിലവിൽ പത്തു രൂപയോളം വില ലഭിക്കുന്നുണ്ട്. പ്രകൃതി സൗഹൃദ പേന അതുകൊണ്ടുതന്നെ ആവശ്യക്കാർ ഏറെയാണ്. ക്യാമ്പസുകൾ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി പേപ്പർ പേന തേടി നിരവധി ക്യാമ്പസുകൾ ഫൈസലിനെ സമീപിച്ചിട്ടുണ്ട്. പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പേപ്പർപേനയും നോട്ടുപുസ്തകവും സൗജന്യമായി നൽകി ഫൈസൽ മാതൃകയായി. മുൻ മന്ത്രിമാരായ കെ കെ ശൈലജയും സി രവീന്ദ്രനാഥും ഫൈസലിനെ നേരിൽ കണ്ട്‌ അഭിനന്ദനം അറിയിച്ചു. ഉപയോക്താക്കൾ വർധിച്ചതോടെ ആവശ്യമായ സാമഗ്രികൾ കേരളത്തിന്‌ പുറത്തുനിന്നും  ഇറക്കിയാണ് പേനകൾ നിർമിക്കുന്നത്. ഫൈസലിനെ പോലെ വീൽചെയറിൽ കഴിയുന്ന നിരവധി ആളുകൾ പേപ്പർ നിർമിക്കുന്നുണ്ട്. അവർക്ക്‌ താങ്ങാവുംവിധം വാട്സാപ്‌ ഗ്രൂപ്പും സജീവമാണ്. നിർമിതിക്കാവശ്യമായ സാമഗ്രികളും വിതരണം ചെയ്യുന്നുണ്ട്. പേപ്പർ പേന നിർമാണം പഠിപ്പിക്കുന്നതിന്‌  സംഘടനകളും വിദ്യാലയങ്ങളും ഫൈസലിനെ ക്ഷണിക്കാറുണ്ട്. ആയിരക്കണക്കിന് ആളുകൾക്ക് നൂറിലേറെ ക്യാമ്പുകളിലൂടെ പേപ്പർ പേന നിർമാണം പഠിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫൈസൽ. അഞ്ച് ലക്ഷത്തിലേറെ പേനകൾ നിർമിച്ചു. കേരളത്തിലെ ക്യാമ്പസുകൾ പേപ്പർ പേനകളെ കൊണ്ട് പ്ലാസ്റ്റിക് മുക്തമാക്കണമെന്ന ആഗ്രഹമാണ് ഫൈസലിനുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top