29 March Friday

ഹൃദയത്തിലെ 
4 ‘സി’കളെ നെഞ്ചേറ്റിയ ആൾ

ജി രാജേഷ്‌ കുമാർUpdated: Monday Oct 3, 2022



തിരുവനന്തപുരം
കമ്യൂണിസം, ക്രിക്കറ്റ്‌, സർക്കസ്‌, കേക്ക്‌–-  -തലശേരിയുടെ ഗരിമകളായ നാലു ‘സി’കളെ നെഞ്ചേറ്റിയ ആളും തികഞ്ഞ കളിസ്‌നേഹിയുമായിരുന്നു കോടിയേരി ബാലകൃഷ്‌ണനെന്ന്‌ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഫുട്ബോളിന്റെ അറിയാത്ത കഥകൾ പങ്കുവയ്‌ക്കാനായി ‘ലോകം കാറ്റുനിറച്ച പന്തിന്റെകൂടെ’ എന്ന പുസ്തകം പുറത്തിറക്കിയ കാലത്തെ അനുഭവം ഓർത്തെടുക്കുകയാണ്‌ അദ്ദേഹം. ഒരു ദിവസം രാവിലെ ബാലകൃഷ്‌ണന്റെ ഫോൺവിളി എത്തി. ‘പന്ന്യാ, ഞാൻ ഫുട്‌ബോൾ കഥകൾ നന്നായി മനസ്സിരുത്തി വായിച്ചു. നിങ്ങൾ പഴയ ചരിത്രങ്ങളൊക്കെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അതിന്റെകൂടെ നമ്മുടെ തലശേരിയും കണ്ണൂരുംകൂടി ഉൾപ്പെടുത്തണം. ഇന്ത്യയെയും ലോകത്തെയും കേരളത്തെയും കുറിച്ച്‌ പറയുന്നു. എന്നാൽ, നിങ്ങൾ പിറന്നുവീണ കണ്ണൂരിന്റെയും ഞാൻ പിറന്നുവീണ തലശേരിയുടെയും ഫുട്‌ബോൾ പാരമ്പര്യത്തെക്കുറിച്ചും ചേർക്കണമായിരുന്നു’.

മറ്റൊരിക്കൽ കോടിയേരി പറഞ്ഞത്‌  ‘ഫുട്‌ബോളുമാത്രം പോരാ, നിങ്ങൾ ക്രിക്കറ്റും ശ്രദ്ധിക്കണം. ഇന്ത്യയിൽ ക്രിക്കറ്റ്‌ പിറന്നുവീണത് എന്റെ നാട്ടിലാണ്’. പിറന്ന നാടിനെ അത്രയേറെ സ്‌നേഹിക്കുന്ന കോടിയേരിയാണ്‌ പന്ന്യന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്‌.

നാൽപ്പാടി വാസുവിന്റെ കൊലപാതകത്തെതുടർന്ന്‌ ജ്വലിച്ചുയർന്ന രോഷവുമായി നിൽക്കുന്ന ജനക്കൂട്ടത്തെ കോടിയേരിയുടെ സാന്നിധ്യം തണുപ്പിക്കുന്ന കാഴ്‌ച നേരിട്ട്‌ അനുഭവിച്ചു. കൂത്തുപറമ്പിൽ പ്രിയ സഖാക്കൾ വെടിയേറ്റ്‌ കൊല്ലപ്പെട്ടപ്പോൾ വിതുമ്പിയ കോടിയേരിയെയും കണ്ടു. എത്ര അകലെയായാലും സങ്കീർണമായ വിഷയമായാലും പരിഹാരം ഫോണിലൂടെയെങ്കിലും കോടിയേരിയിൽനിന്ന് ഉറപ്പിക്കാനായി.  മനുഷ്യരെയെല്ലാം സ്‌നേഹിക്കുകയെന്ന‌ കമ്യൂണിസ്റ്റ്‌ ശൈലി ജീവിതത്തിൽ നടപ്പാക്കിയെന്നും പന്ന്യൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top