20 April Saturday

ബിർജു മഹാരാജ് ; ജനഹൃദയങ്ങളിലെ ചാരുനൃത്തം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


ന്യൂഡൽഹി
ഏഴ് പതിറ്റാണ്ട്‌ പിന്നിട്ട നൃത്തസപര്യക്കിടെ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയശേഷമാണ് കഥക് ഇതിഹാസം വിടവാങ്ങുന്നത്. ഫെബ്രുവരി 4ന് 84ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് അന്ത്യം. 1937 ഫെബ്രുവരി നാലിന് ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ കഥക് നൃത്ത കുടുംബമായ കൽക്ക- ബിന്ദാദിൻ ഘരാനയിലാണ് ബിർജ് മോഹൻ നാഥ് മിശ്ര എന്ന ബിർജു മഹാരാജിന്റെ ജനനം. 

പ്രശസ്ത നൃത്തകരായ പിതാവ് അച്ചൻ  മഹാരാജ് (ജ​ഗന്നാഥ്)  , അമ്മാവൻമാരായ ശംഭു മഹാരാജ്‌, ലച്ചു മഹാരാജ് എന്നിവരാണ് ആദ്യകാല ഗുരുക്കന്മാർ. ഏഴാം വയസ്സിലാണ് അരങ്ങേറ്റം. ഒമ്പതാം വയസ്സിൽ പിതാവിന്റെ മരണത്തെ തുടർന്ന് കുടുംബം ഡൽഹിയിലേക്ക് മാറി.

13-–ാം വയസ്സിൽ കുടുംബത്തെ പോറ്റുന്നതിനായി കഥക് പഠിപ്പിക്കാൻ തുടങ്ങി.പിന്നീട് ഡൽഹിയിലെ ഭാരതീയ കലാകേന്ദ്രത്തിലും, കഥക് കേന്ദ്രയിലും അധ്യാപകനായി.

1998-ൽ വിരമിച്ചു.28–-ാം വയസ്സിൽ, ബിർജു മഹാരാജിന്റെ നൃത്തരൂപത്തിലുള്ള വൈദഗ്ധ്യം അദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാർഡ് നേടിക്കൊടുത്തു.  1977-ൽ സത്യജിത് റേയുടെ ശത്രഞ്ജ് കെ ഖിലാഡി എന്ന ചിത്രത്തിൽ ഒരു നൃത്തം ചിട്ടപ്പെടുത്തി. നൃത്തസംവിധായകൻ എന്നനിലയിൽ ബോളിവുഡിലും ഏറെ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉംറാവോ ജാൻ, ബാജി റാവു മസ്താനി, ദേവ്ദാസ്, വിശ്വരൂപം എന്നീ സിനിമകളിലെ നൃത്തസംവിധാനം ഏറെ പ്രശംസ നേടി. ബജിറാവ് മസ്താനിയിലെ നൃത്തസംവിധാനം ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്തു. ബിർജു മഹാരാജിന്റെ നിര്യാണത്തിൽ  രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.

മരണം അന്താക്ഷരിക്കിടെ
ഞായറാഴ്ച രാത്രി അത്താഴത്തിനുശേഷം അന്താക്ഷരി കളിക്കുന്നതിനിടെയാണ് അദ്ദേഹം പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതെന്ന് ചെറുമകളും നർത്തകിയുമായ രാഗിണി മഹാരാജ് പറഞ്ഞു.  പിന്നാലെ ആരോഗ്യനില വഷളാ‌‌യി. ഉടൻ ഡൽഹിയിലെ സാകേത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ സമയം രണ്ട് ശിഷ്യന്മാരും മൂന്ന് പേരക്കുട്ടികളും ഒപ്പമുണ്ടായിരുന്നു. ജയ്കിഷൻ മഹാരാഷ്, ദീപക് മഹാരാജ്,കവിതമഹാരാജ്,  അനിത മഹാരാജ്,മമത മഹാരാജ് എന്നിവരാണ് മക്കൾ.അഞ്ച് പേരക്കുട്ടികളുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top