18 April Thursday

ഏതുമില്ലാതെ സർവരും; പള്ളുരുത്തി ശ്രീഭവാനീശ്വരക്ഷേത്രത്തിൽ ഉത്സവമേളത്തിന്‌ പ്രമാണംനിൽക്കാൻ ജൗഷൽ ബാബു

ദിനേശ്‌വർമ ckdvarma@gmail.comUpdated: Sunday Oct 10, 2021

കാശി വിശ്വനാഥ ക്ഷേത്രത്തെ എത്രയോ കാലം തുയിലുണർത്തിയത്‌ ഉസ്‌താദ്‌ ബിസ്‌മില്ലാ ഖാന്റെ ഷെഹ്‌നായി. ഇവിടെയിതാ എറണാകുളം പള്ളുരുത്തിയിലെ ശ്രീ ഭവാനീയും ശീവേലിക്ക്‌ പാണിയും കൊട്ടാൻ, ഉത്സവമേളത്തിന്‌ പ്രമാണംനിൽക്കാൻ ജൗഷൽ ബാബു. ചുമട്ടുതൊഴിലാളിയായിരുന്ന അസീസിന്റെയും റംലയുടെയും മകൻ

‘മതസംബന്ധമായ മൂഢവിശ്വാസം 

പാടില്ല. ഒരു മതത്തെയും ദ്വേഷിക്കരുത്’–- 

ശ്രീനാരായണ ഗുരു

രണ്ടു ചെറുവാചകത്തിൽ ഒരു തത്ത്വശാസ്‌ത്രം! തന്റെ മതം മാത്രമാണ്‌ മഹത്തരമെന്നും മറ്റു മതങ്ങളെല്ലാം മോശമാണെന്നുമുള്ള ധാരണ എത്രമാത്രം അപകടമാണെന്ന മുന്നറിയിപ്പ്‌. ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള കേരളത്തിൽ പോലും വർഗീയത വേരാഴ്‌ത്താൻ ശ്രമിക്കുമ്പോൾ നെഞ്ചേറ്റേണ്ട സൂക്തം.

വ്യത്യസ്‌ത മതസ്ഥർ ഒരു മെയ്യായി ജീവിക്കുന്നത്‌ ഈ അടിത്തറയ്‌ക്കുമേലാണ്‌. പരസ്‌പര സഹകരണത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും ആചാരം തടസ്സമല്ല, വിശ്വാസം വിലക്കല്ല. അപ്രകാരമൊരു സാമൂഹ്യ പശ്ചാത്തലത്തിൽനിന്നാണ്‌ കലാമണ്ഡലം ഹൈദരാലി ഉയർന്നുവന്നത്‌. വർഗീയവാദികളുടെ എല്ലാ ഛിദ്രപ്രയോഗങ്ങളെയും തൃണവൽഗണിച്ച്‌ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ്‌ ഹൈദരാലിയെ ഇന്നും കേൾക്കുന്നു.

വർത്തമാനകാലഘട്ടത്തിൽ നമുക്ക്‌ കേൾക്കാനാകുന്നത്‌ മറ്റൊരു ശബ്ദമാണ്‌. വാദ്യമുഖത്തുനിന്ന്‌ ജൗഷൽ ബാബു എന്ന അനുഗൃഹീത കലാകാരൻ ഹൃദയങ്ങളിലേക്ക്‌ പകരുന്ന നാദസത്യങ്ങൾ. ഈ മനുഷ്യൻ പാടുമ്പോഴും വാദ്യം വായിക്കുമ്പോഴും അന്തരംഗത്തിലെ അഭിമാനാതിരേകം നക്ഷത്രശോഭ കൊള്ളുന്നു. വീട്ടിലും നാട്ടിലും വാശിയെ തപസ്സാക്കി അനുഷ്ഠിച്ച്‌ ഇഷ്ടകലകൾ പഠിച്ചും പാടിയും ജീവിച്ച ജീവിതം. ഇടയ്‌ക്കയും തിമിലയും ചെണ്ടയും ജീവന്റെ ഈണത്തിൽ വായിച്ച്‌ ഈ നാടിന്റെ നെഞ്ചിൽ കാണിക്കവച്ച കലാകാരൻ.

പള്ളുരുത്തിയിലെ ശ്രീഭവാനീശ്വരക്ഷേത്ര ശ്രീകോവിലിനു മുന്നിൽനിന്ന്‌ അദ്വിതീയനായ ഈ സോപാന കലാകാരൻ മനംനിറഞ്ഞ്‌ മോഹന രാഗത്തിൽ പാടുന്നു; ‘കാശി വിശ്വനാഥാ ഗൗരീശാ...’

കാശി വിശ്വനാഥക്ഷേത്രം! മതസൗഹാർദംകൊണ്ടും ചരിത്രസ്‌മൃതികൾകൊണ്ടും ജനകോടികളുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച ക്ഷേത്രം; എത്രയോ വ്യാഴവട്ടങ്ങൾ ആ ക്ഷേത്രനഗരിയെ ഉസ്‌താദ്‌ ബിസ്മില്ലാ ഖാന്റെ ഷെഹനായി തുയിലുണർത്തി. മൈക്കിലൂടെ ഇന്നും അവിടെ മുഴങ്ങുന്നു ആ നാദം.

ഇന്നും മുഴങ്ങുന്ന വിളംബരം

ശ്രീഭവാനീശ്വര ക്ഷേത്രത്തിനുമുണ്ട് കാലത്തിന്‌ മായ്‌ക്കാനാകാത്ത ചരിത്രമുദ്രകൾ. വിജാതീയ വിവാഹവും പന്തിഭോജനവും നടത്തി ശ്രീനാരായണൻ മനുഷ്യവിളംബരം നടത്തിയ ക്ഷേത്രമാണ്‌ ഇത്‌. ഇവിടെ പടർന്നുപന്തലിച്ചത്‌ മത ജാതി തിരിവുകൾക്കപ്പുറമുള്ള മാനവഗീതങ്ങൾ. ഈ ക്ഷേത്രപരിസരത്ത്‌ പിച്ചവച്ച ജൗഷൽ ബാബുവിന്റെ ഹൃദയത്തിൽ അവിടത്തെ വാദ്യകൗതൂഹലങ്ങൾ മാത്രമല്ല, ഗുരുദേവൻ ഉണർത്തിവിട്ട സമഭാവനയും ഇടംനേടി.

പള്ളുരുത്തിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന അസീസിന്റെയും റംലയുടെയും മകൻ ഈ ക്ഷേത്രത്തിൽ പൂജയ്‌ക്ക്‌ ഇടയ്‌ക്കയും ശീവേലിക്ക്‌ പാണിയും കൊട്ടി. ഉത്സവമേളത്തിന്‌ പ്രമാണംനിന്ന്‌ പാണ്ടിയുടെ അമരംപകർന്നു. കലയുടെ മാസ്‌മരിക വിന്യാസങ്ങൾക്കു മുന്നിൽ ആസ്വാദനത്തിന്റെ സുഖശ്രേണികൾ ഐക്യപ്പെട്ടു.

ആദ്യകാലത്ത്‌ എതിർത്തെങ്കിലും മകന്റെ ഉള്ളിലെ നാദസരണി ബാപ്പ തിരിച്ചറിഞ്ഞു. മറ്റു പലരും എതിർത്തെങ്കിലും അതൊക്കെ ഈ കലാകാരന്റെ സൗമ്യസാമീപ്യമാർന്ന വാദ്യപ്രകടനങ്ങൾക്കു മുന്നിൽ അലയടിച്ച്‌ ഇല്ലാതായി. അടിയന്തരങ്ങളിലും ചടങ്ങുകളിലും ജനസഹസ്രം ആരവം മുഴക്കുന്ന മേളപ്പന്തലുകളിലും ജൗഷൽ ബാബുവെന്ന കറതീർന്ന വാദ്യക്കാരൻ മറുവാക്കില്ലാത്ത നാദപ്രപഞ്ചമായി. സ്ഥിരനിയമനം നൽകാൻ ക്ഷേത്ര മാനേജ്‌മെന്റിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. അത്‌ കേരളത്തിന്റെ മതനിരപേക്ഷ മണ്ണിൽ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു.

‘‘ സത്യത്തിൽ മുമ്പ്‌ ഇതൊക്കെ പറയാൻ ഒരാവേശമുണ്ടായിരുന്നു. ഇപ്പോൾ ഒരു ഭയം വന്നുകൂടിയിട്ടുണ്ട്‌. എന്റെ തോന്നലാകാം. പിന്നെ, കേരളമാണല്ലോ എന്നൊരു ആശ്വാസമുണ്ട്‌, ആ ആശ്വാസം ചെറുതല്ല ’’ –- അഭിമുഖത്തിന്‌ സമ്മതിക്കുമ്പോൾ ഉള്ള ആശങ്ക ജൗഷൽ മറച്ചുവച്ചില്ല.

‘‘ചിലർ നേരിട്ടല്ലാതെ മതപരമായ എതിർപ്പ്‌ വ്യക്തിപരമായി പ്രകടിപ്പിച്ചെങ്കിലും കലയിലാണ്‌ എന്റെ ഊന്നൽ എന്നതിനാൽ കാര്യമായി എടുത്തില്ല. അന്ന്‌ ഭയവും ഉണ്ടായിരുന്നില്ല. പിന്നീട്‌ ഭയം പിടികൂടിയെങ്കിലും ഈ മേഖലയിൽ തുടരാൻതന്നെ തീരുമാനിച്ചു. ഈ തൊഴിലുകൊണ്ട്‌ സാമ്പത്തികമായി വലിയ നേട്ടമൊന്നുമുണ്ടാകില്ല. അന്നം മുടങ്ങാതെ പോകാമെന്നു മാത്രം, ഭാര്യയും കുട്ടിയുമുണ്ടല്ലോ. പക്ഷേ, സാമ്പത്തിക നേട്ടത്തിലുപരിയായി കലാപ്രകടനത്തിലൂടെ കിട്ടുന്ന ആത്മസംതൃപ്തിയാണ്‌ പ്രധാനം. എന്റെ കാര്യം പോട്ടെ, എത്രയോ കലാകാരന്മാരും കുടുംബങ്ങളും ഇതിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌. ആറുമാസക്കാലത്തെ ഉത്സവമൊന്നുകൊണ്ടു മാത്രമാണ്‌ കഴിച്ചുകൂട്ടുന്നത്‌. അപ്പോൾ കോവിഡിന്റെയൊക്കെ ആഘാതം എത്രമാത്രം വലുതാണെന്ന്‌ ആലോചിച്ചു നോക്കൂ.’’

നിസ്‌കരിക്കും, നടയിൽ പാടും

ക്ഷേത്രാചാര പ്രകാരമുള്ള ചടങ്ങുകൾ ഭംഗിയായി നിർവഹിക്കുന്ന ജൗഷൽ തന്റെ വിശ്വാസപ്രമാണങ്ങളെയും മുറതെറ്റാതെ ഊട്ടിക്കൊണ്ടിരിക്കുന്നു. നിസ്‌കാരവും നോമ്പാചരണവും മറ്റും അതത്‌ സമയത്തുതന്നെ നടത്തുന്നു. കുറച്ച്‌ കാത്തിരുന്നെങ്കിലും ക്ഷേത്രത്തിൽ ജോലിയെടുക്കുന്ന യുവാവിനെ വരിക്കാൻ മുസ്ലിം കുടുംബത്തിൽനിന്നു തന്നെ ഒരു പെൺകുട്ടി തയ്യാറായി. ഭാര്യ സാഫിറയും മകൻ അഞ്ചു വയസ്സുള്ള അമാനും ഈ കലാകാരന്റെ ഹൃദയം കാണുന്നു.

‘‘കല പഠിക്കുന്നതിനോ പ്രകടിപ്പിക്കുന്നതിനോ മതപരമായ തടസ്സങ്ങൾ ഉണ്ടാകരുത്‌. ആയിരത്തിലൊരുവനാണ്‌ കലാകാരനാകുന്നത്‌. ഒരു ശ്രേഷ്‌ഠപദവിയാണ്‌ അത്‌. അവരെ പ്രോത്സാഹിപ്പിക്കുകയാണ്‌ മതങ്ങൾ ചെയ്യേണ്ടത്‌. എല്ലാ മതത്തിലും നന്മയുടെ പൂമരങ്ങളുണ്ട്‌. എന്നാൽ, അതേ മതങ്ങളുടെ ചില ചട്ടക്കൂടുകൾ കാരണം എത്രയോ പ്രതിഭകൾ കല പഠിക്കാനോ അവതരിപ്പിക്കാനോ കഴിയാതെ വീർപ്പുമുട്ടുന്നുണ്ട്‌. കലാവാസനയുള്ളവരെ ആ വഴിക്ക്‌ ജീവിക്കാൻ അനുവദിക്കണം. കാരണം കല കൈയിലുള്ളവർക്ക്‌ മറ്റു വഴികൾ തേടണ്ട, മറ്റൊന്നിനും അടിമപ്പെടണ്ട, വഴിപിഴയ്‌ക്കുകയുമില്ല...’’

ക്ഷേത്രം അടിയന്തരക്കാരനായിരുന്ന കലാകാരൻ ഉണ്ണി ദയാനന്ദൻ ആശാനിൽനിന്നാണ്‌ ചെണ്ടമേളം, തായമ്പക, പഞ്ചവാദ്യം എന്നിവ പഠിക്കാൻ തുടങ്ങിയത്‌. തുടർന്ന്‌ അദ്ദേഹത്തിന്റെ സഹോദരൻ നായരമ്പലം ഉണ്ണി ബോസിൽനിന്ന്‌ മേളം അഭ്യസിച്ചു. കാവിൽ ഉണ്ണികൃഷ്ണ വാര്യരാണ്‌ സോപാനസംഗീതം അഭ്യസിപ്പിച്ചത്‌. ചൊവ്വന്നൂർ സുധാകരൻ, പറപ്പൂർ വാസുമോൻ എന്നിവരിൽനിന്നും തായമ്പക, പഞ്ചവാദ്യത്തിൽ ഉപരിപഠനം. സോപാന വഴിയിലേക്ക്‌ തിരിച്ചുവിട്ടത്‌ സാക്ഷാൽ ഞരളത്ത്‌ ഹരിഗോവിന്ദനും.

സ്‌കൂൾ സംഘം

പള്ളുരുത്തി എസ്‌ഡിപിവൈ സ്‌കൂളിൽ പ്രധാനാധ്യാപകനായിരുന്ന പരമേശ്വരൻ ഇളയത്‌ കലാസ്വാദകനായിരുന്നു. തന്റെ സ്‌കൂളിൽനിന്ന്‌ ഒരു വാദ്യസംഘം കലോത്സവത്തിന്‌ മത്സരിക്കണമെന്ന്‌ അദ്ദേഹം തീരുമാനിച്ചു. സംഘം രൂപീകരിക്കാൻ ക്ഷേത്രവാദ്യക്കാരനായ നായരമ്പലം ദയാനന്ദനെ ഏൽപ്പിച്ചു. അദ്ദേഹം വാദ്യതൽപ്പരരായ കുട്ടികളെ കണ്ടെത്തി. അതിലൊരാൾ അഞ്ചാം ക്ലാസുകാരൻ ജൗഷലായിരുന്നു. ആ പരിശീലനം സ്‌കൂളിന്‌ ഒരു സ്ഥിരം വാദ്യസംഘത്തെ ഉണ്ടാക്കുന്നതിലെത്തി. മേളം മാത്രമല്ല, പഞ്ചവാദ്യത്തിലും തായമ്പകയിലുമടക്കം മത്സരിക്കാൻ ടീമുണ്ടായി. സംഘത്തലവനായി ജൗഷലും. പത്തിൽ പഠിക്കുമ്പോൾ സംസ്ഥാന വിജയികളായും സ്‌കൂളിന്റെ പെരുമയുയർത്തി. സ്‌കൂളിൽ ഒരു മത്സര ഇനത്തിനായി മാത്രമായിരുന്നില്ലല്ലോ ജൗഷലിന്റെ ലക്ഷ്യം. അതൊരു കലാ മാർഗമായിരുന്നു. അന്ന്‌ സ്‌കൂൾ ടീമിന്റെ ഭാഗമായി ജൗഷൽ വരുമ്പോൾ പ്രധാന അധ്യാപകനും വാദ്യഗുരുവും ആനന്ദം കൊള്ളുകയാണ്‌ ഉണ്ടായത്‌. ജൗഷൽ ആരാണ്‌ എന്നതിനല്ല; എന്തുചെയ്യുന്നു, എങ്ങനെ ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചായിരുന്നു തെരഞ്ഞെടുപ്പും അംഗീകാരവും.

തായമ്പകയുടെ എണ്ണം

ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ മുഴങ്ങുന്ന തായമ്പകയുടെ എണ്ണത്തിലും വണ്ണത്തിലും ജൗഷലിന്റെ കലാമർമജ്ഞത തെളിഞ്ഞുകാണാം. കൈയിലും കോലിലും കറ തീർന്നെത്തുന്ന നാദ–-താള ശുദ്ധിമാത്രംമതി കലാസ്വരൂപങ്ങൾ ഏതെങ്കിലും മത ജാതി അടിസ്ഥാനത്തിലോ വരേണ്യതയുടെ മടിത്തട്ടിലോ ജനിച്ചുവീഴുന്നതല്ലയെന്ന്‌ അറിയാൻ. മേളത്തിലും പഞ്ചവാദ്യത്തിലുമുള്ള ജൗഷലിന്റെ മികവുറ്റ പ്രമാണവും അമരവും കേട്ടവർ മറക്കില്ല.

മേളത്തിന്‌ അവസരം ലഭിച്ച ഏറ്റവും വലിയ ക്ഷേത്രം ഏതെന്ന്‌ ചോദിച്ചാൽ രണ്ടാമതൊന്ന്‌ ആലോചിക്കാതെ പറയും, ‘‘അതെന്റ പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രംതന്നെ.’’ എങ്കിലും പല പ്രമുഖ ക്ഷേത്രങ്ങളും ജൗഷലിനെ കണ്ടില്ലെന്നു നടിച്ചു. ചിലർ മാത്രം ആദരവോടെ വരവേറ്റു. തൃക്കാക്കര ക്ഷേത്രത്തിൽ നടത്തിയ തായമ്പക ജീവിതത്തിലെതന്നെ ഏറ്റവും മഹത്തായ അവസരമായി കാണുന്നു. അവിടെയും ചിലർ ‘മതിൽക്കെട്ടിന്‌ പുറത്തുനിന്ന്‌ കൊട്ടിക്കാം’എന്ന വാദമുയർത്തിയെങ്കിലും ബഹുഭൂരിപക്ഷത്തിന്റെയും ശബ്ദം ജൗഷലിന്‌ അനുകൂലമായിരുന്നു.

ക്ഷേത്രാടിയന്തരം ചെയ്യുമ്പോൾ സ്വാഭാവികമായും സോപാനവും കൈവശപ്പെടുത്തണം. ഗുരുവാണ് അത്‌ ചെയ്‌തിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം അതൊരു ചോദ്യചിഹ്നമായി. തുടർന്നാണ്‌ ജൗഷൽ കാവിലാശാന്റെ കീഴിൽ സോപാനം അഭ്യസിക്കുന്നത്‌. ശാസ്‌ത്രീയസംഗീതം അഭ്യസിക്കാനൊന്നും അവസരം ലഭിക്കാത്ത ജൗഷലിനെ അതറിഞ്ഞുകൊണ്ടുതന്നെ പഠിപ്പിക്കുകയും ഒപ്പംനിർത്തി പരിപാടികൾ അവതരിപ്പിക്കുകയുംചെയ്‌തു കാവിലാശാൻ. ഈ കലകളെല്ലാം അഭ്യസിപ്പിച്ച മഹാരഥന്മാരായ കലാകാരന്മാരാരും ജൗഷലിന്റെ മറ്റേതെങ്കിലും വശത്തെയല്ല, കല പഠിക്കാനുള്ള അതിയായ താൽപ്പര്യത്തെയാണ്‌ കണ്ടത്‌.

സ്വന്തമായി മേള ട്രൂപ്പുള്ള ജൗഷൽ പുരുഷാരങ്ങളെ കോരിത്തരിപ്പിച്ച വൻകിട മേളങ്ങൾ പലയിടത്തും ചെയ്തിട്ടുണ്ട്‌. ഇരുനൂറിലധികം കലാകാരസംഘത്തെ കൃത്യമായി കണ്ണിചേർത്ത്‌ കാലവിളംബം കൂടാതെ കൊട്ടിയവസാനിപ്പിക്കുന്നതാണ്‌ ആ പ്രമാണം. അടന്തയോ പാണ്ടിയോ പഞ്ചാരിയോ ഏതുമാകട്ടെ സ്വയംകൊട്ടാനും കേരളത്തിലെ പ്രമുഖ വാദ്യകലാകാരന്മാർക്കൊപ്പം കൊട്ടാനും ജൗഷലിന്‌ അനവധി അവസരം കിട്ടി.

‘‘മേളാവതരണം സുന്ദരമാകാനും സഭാകമ്പം ഉൾപ്പെടെ മറ്റു സംഭ്രമങ്ങൾ ഇല്ലാതിരിക്കാനും കറതീർന്ന സാധകം ആവശ്യമാണ്‌. ഏത്‌ വാദ്യ കലാകാരനോടും ചോദിച്ചോളൂ, അവരുടെ പ്രധാന ധൈര്യം സാധകമായിരിക്കും. മറ്റൊന്ന്‌ ആസ്വാദകരിൽനിന്നുള്ള പ്രോത്സാഹനമാണ്‌. കലാപ്രവർത്തർക്ക്‌ അത്‌ പെട്ടെന്ന്‌ തിരിച്ചറിയാനാകും. മേളത്തിന്റെ ആരോഹണാവരോഹണ ഘട്ടങ്ങൾ തിരിച്ചറിഞ്ഞ്‌ ഉൾക്കൊള്ളുന്നവരാണ്‌ യഥാർഥ ആസ്വാദകർ. വലിയ ഊർജമാണ്‌ ആസ്വാദകർ നൽകുന്നത്‌.’’

വാദ്യരംഗത്തുള്ള ആയിരങ്ങളിൽ ജൗഷലിന്റെ ശിഷ്യരുമുണ്ട്‌. വാസ്‌തവത്തിൽ കേരളത്തിന്റെ വാദ്യകലാരംഗം നിറഞ്ഞുതുളുമ്പുന്ന അവസ്ഥയാണ്‌. അനവധി കലാകാരന്മാരാണ്‌ ഈ രംഗത്തുള്ളത്‌. മുമ്പ്‌ സംഘാടകർ കലാകാരന്മാരെ സമീപിച്ച്‌ മേളമോ പഞ്ചവാദ്യമോ ബുക്ക്‌ ചെയ്തിരുന്ന സ്ഥാനത്ത്‌ തിരിച്ചായി. കലാകാരന്മാർ അങ്ങോട്ടുചെന്ന്‌ മേളം ഏറ്റെടുക്കുന്ന രീതിയായെന്ന്‌ ജൗഷൽ പറയുന്നു.

ഉറൂസ്‌ മേളങ്ങൾ

ക്ഷേത്രങ്ങളിൽ മാത്രമല്ല, മുസ്ലിം–-ക്രിസ്ത്യൻ പള്ളികളിലടക്കം മേളങ്ങളുടെ സുന്ദരഗോപുരങ്ങൾ തീർത്ത അനുഭവവും ജൗഷലിന്റെ ജീവിതം നൽകുന്ന മികച്ച പാഠങ്ങളാണ്‌. അത്തരം മേളവാദ്യ പ്രകടനങ്ങളുടെ അവസരം വർധിക്കുമ്പോൾ വർധിച്ചുവരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും അവസരമാകും.

‘‘ ക്രിസ്‌ത്യൻ പള്ളികളിൽ പെരുന്നാളിന്‌ കൊട്ടാൻ വിളിക്കാറുണ്ട്‌. മുസ്ലിം പള്ളികളിൽ ഉറൂസ്‌ അല്ലെങ്കിൽ ചന്ദനക്കുടം നടക്കുമ്പോഴും പലയിടത്തും മേളത്തിന്‌ വിളിക്കാറുണ്ട്‌. പ്രശസ്‌തമായ ആലുവ തോട്ടുമുഖം ചന്ദനക്കുടത്തിനടക്കം മേളം നടത്തിയിട്ടുണ്ട്‌. മുസ്ലിമായതിന്റെ പേരിൽ മേളം കൊട്ടാൻ പാടില്ല എന്ന നിലപാടുള്ളവരല്ല അവരൊന്നും. കാലടി കാഞ്ഞൂർ പള്ളിയിൽ എല്ലാ വർഷവും 101 പേരുടെ മേളം നടത്തുന്നു.’’

വീണ്ടും ഗുരുവിലേക്ക്‌ വരാനാണ്‌ ജൗഷൽ പ്രേരിപ്പിക്കുന്നത്‌. ആ യുഗപ്രഭാവന്റെ യൗവനം തുടിക്കുന്ന വരികളിലൂടെ വളരാനും:

‘‘ ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സർവരും

സോദരത്വേന വാഴുന്ന

മാതൃകാ സ്ഥാനമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top