27 January Friday
പാലിയം സത്യഗ്രഹത്തിന്റെ 75–ാം വാർഷികം

സമരത്തീ പടർത്തിയ അന്ത്യശാസനത്തിന്റെ ഓർമയിൽ

എം എസ്‌ അശോകൻUpdated: Friday Nov 25, 2022

പാലിയം സമര കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരപ്രചാരണജാഥയിൽ വളന്റിയർമാർ


കൊച്ചി
പറവൂർ ചേന്ദമംഗലത്തെ മാറ്റപ്പാടത്തുനിന്ന്‌ പാലിയം പോരാട്ടത്തിന്റെ തീ നാടാകെ പടർന്ന നാളുകളാണിത്‌. 2023 മാർച്ചിൽ പാലിയം സത്യഗ്രഹസമരത്തിനും എ ജി വേലായുധന്റെ രക്തസാക്ഷിത്വത്തിനും 75 വയസ്സാകുമ്പോൾ ഓർക്കപ്പെടേണ്ട നാളുകൾ. 1948 മാർച്ചിൽ കത്തിക്കാളിയ പോരാട്ടത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയത്‌ 1947 സെപ്‌തംബറിലാണ്‌. രണ്ടുമാസത്തോളം കൊച്ചിയിലും തിരുവിതാംകൂറിലും സമരാവേശംപടർത്തി പ്രചാരണജാഥകൾ, പൊതുയോഗങ്ങൾ. പാലിയത്തച്ചനും കൊച്ചിരാജ്യ മന്ത്രിമാർക്കും നിവേദനം. അതുകൊണ്ടൊന്നും പാലിയത്തെ അയിത്തവാഴ്‌ച കുലുങ്ങിയില്ല. നവംബറിൽ പാലിയം റോഡ്‌ സമരകർമസമിതി ചേർന്ന്‌ ഇരുപത്താറിനകം വഴിനടപ്പവകാശം നൽകണമെന്ന അന്ത്യശാസനം പുറപ്പെടുവിച്ചു. അതോടെ 97 ദിവസംനീണ്ട ഐതിഹാസിക പ്രക്ഷോഭത്തിന്‌ തുടക്കമായി.

പാലിയം കുടുംബംവക ക്ഷേത്രം, കോവിലകം എന്നിവയ്ക്കുമുന്നിലൂടെയുള്ള വഴിയിൽ നടപ്പവകാശം വേണമെന്ന ആവശ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. ഈഴവോദയസഭ സ്ഥാപകൻ കേളപ്പനാശാൻമുതൽ നായകർ മുന്നിൽനിന്നു. വൈക്കം–-ഗുരുവായൂർ സത്യഗ്രഹവും ക്ഷേത്രപ്രവേശന വിളംബരവും പാലിയത്ത്‌ പ്രത്യക്ഷ ബഹുജന മുന്നേറ്റത്തിന്‌ വീറുപകർന്നു. 1946ലെ ഇരിങ്ങാലക്കുട കുട്ടംകുളം സമരവും പാലിയത്തിന്‌ ആവേശമായി. 1947 സെപ്‌തംബറിലാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെയും എസ്‌എൻജിപിയുടെയും നേതൃത്വത്തിൽ മുപ്പതോളം സംഘടനകൾ ചേർന്ന്‌ കർമസമിതി രൂപീകരിച്ചത്‌. പി ഗംഗാധരൻ, എ ഐ ജലീൽ, ടി ഇ ബാലൻ, വി കെ നാരായണൻ തുടങ്ങിയവരായിരുന്നു മുന്നിൽ. കൊച്ചിയിലും തിരുവിതാംകൂറിലും കർമസമിതി  പ്രചാരണജാഥകൾ സംഘടിപ്പിച്ചു. സമരസഹായ ഫണ്ട്‌ സമാഹരിച്ചു. ഇതിനിടെ കർമസമിതി നേതാവ്‌ രാഘവന്‌ പാലിയം ഗുണ്ടകളുടെ കുത്തേറ്റത്‌ പ്രതിഷേധം ആളിക്കത്തിച്ചു.

കർമസമിതി തീരുമാനപ്രകാരം നവംബർ 26ന്‌ മാറ്റപ്പാടത്ത്‌ അന്ത്യശാസനപ്രഖ്യാപന സമ്മേളനം ചേർന്നു. ചേന്ദമംഗലത്ത്‌ പന്തംകൊളുത്തി പ്രകടനത്തിനുശേഷം ചേർന്ന സമ്മേളനത്തിൽ കൊച്ചിയിലെയും തിരുവിതാംകൂറിലെയും നേതാക്കൾ പങ്കെടുത്തു. ഡിസംബർ മൂന്നിനകം സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നായിരുന്നു അന്ത്യശാസനം. അല്ലാത്തപക്ഷം ഡിസംബർ നാലിന്‌ രാവിലെ എട്ടുമുതൽ നിരോധിത റോഡിൽ സത്യഗ്രഹികൾ പ്രവേശിക്കും. അതുതടഞ്ഞാൽ അവിടെ കുത്തിയിരുന്ന്‌ വിജയംവരെ സത്യഗ്രഹം. ഇതായിരുന്നു പ്രഖ്യാപനം.

കാലംമാറിയത്‌ പാലിയം കോവിലകം അറിഞ്ഞില്ലെന്നത്‌ പിൽക്കാല ചരിത്രം. അന്ത്യശാസനം തള്ളിയ കോവിലകത്തിനെതിരെ ഡിസംബർ നാലിന്‌ കോൺഗ്രസിന്റെ എതിർപ്പ്‌ അവഗണിച്ച്‌ സി കേശവൻ മാറ്റപ്പാടത്ത്‌ സത്യഗ്രഹസമരം ഉദ്‌ഘാടനം ചെയ്‌തു. അടയ്‌ക്കാത്തറ ഇട്ട്യാതിയും വെള്ളായി നാരായണനുമായിരുന്നു ആദ്യദിവസത്തെ സത്യഗ്രഹികൾ. അയ്യായിരത്തിലേറെപ്പേർ സമ്മേളനത്തിൽ പങ്കെടുത്തതായി ഡിസംബർ അഞ്ചിലെ എക്‌സ്‌പ്രസ്‌ പത്രം റിപ്പോർട്ട്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top