19 April Friday

പാലിയം പ്രക്ഷോഭത്തിന്‌ 75 വയസ്സ്‌ ; സമരസ്‌മരണ പുതുക്കി നാട്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

അണ്ടിപ്പിള്ളിക്കാവിൽ സമരസേനാനികൾ രാത്രി യോഗം നടത്തിയിരുന്ന ക്ഷേത്രപരിസരം


കൊച്ചി
പാലിയം ക്ഷേത്രവഴിയിലെ സഞ്ചാരസ്വാതന്ത്ര്യത്തിനായി നടന്ന ഐതിഹാസിക പ്രക്ഷോഭത്തിന്റെ 75–-ാം വാർഷികസ്‌മരണ പുതുക്കി നാട്‌. സ്വതന്ത്ര ഇന്ത്യയിൽ അയിത്തമെന്ന അനാചാരത്തിനെതിരെ നടന്ന 97 ദിവസം നീണ്ട ജനകീയപ്രക്ഷോഭത്തിന്റെ നേതൃത്വം കമ്യൂണിസ്‌റ്റ്‌ പാർടിക്കായിരുന്നു. പൊലീസും പാലിയം ഗുണ്ടകളും ചേർന്ന്‌ തല്ലിയൊതുക്കാൻ ശ്രമിച്ച സമരം എ ജി വേലായുധൻ എന്ന കമ്യൂണിസ്‌റ്റ്‌ പോരാളിയുടെ രക്തസാക്ഷിത്വത്തോടെ അനശ്വരചരിത്രമായി.

1947 സെപ്‌തംബറിൽ ആരംഭിച്ച്‌ 1948 മാർച്ച്‌ ഒമ്പതിന്‌ പാലിയം ക്ഷേത്രനടയ്‌ക്കൽ പൊലീസിന്റെയും പാലിയം കൂലിപ്പടയുടെയും നരനായാട്ട്‌ നേരിട്ടുകൊണ്ടാണ്‌ സമരം വിജയസമാപ്‌തിയിലെത്തിയത്‌. കൊച്ചിരാജാവിന്റെ മന്ത്രിപദവി വഹിച്ചിരുന്ന പാലിയം കുടുംബംവക ക്ഷേത്രം, കോവിലകം എന്നിവയ്‌ക്കുമുന്നിലൂടെയുള്ള പൊതുവഴിയിൽ അയിത്തജാതിക്കാർക്ക്‌ പ്രവേശനമില്ലായിരുന്നു. അതിനെതിരെ പ്രതിഷേധം ഉയർന്നപ്പോഴെല്ലാം പാലിയം കൂലിപ്പട തല്ലിയൊതുക്കി. തിരുവിതാംകൂറിലും മലബാറിലും ക്ഷേത്രപ്രവേശനം യാഥാർഥ്യമായതിനുപിന്നാലെയാണ്‌ പാലിയം പ്രക്ഷോഭത്തിന്‌ ശക്തിയേറിയത്‌. 1947 സെപ്‌തംബറിൽ കമ്യൂണിസ്‌റ്റ്‌ പാർടി, എസ്‌എൻഡിപി, പുലയ മഹാസഭ, പ്രജാമണ്ഡലം ഉൾപ്പെടെ മുപ്പതോളം സംഘടനകൾ യോഗം ചേർന്ന്‌ പാലിയം കർമസമിതിക്ക്‌ രൂപംനൽകി. കൊച്ചി രാജ്യത്താകെ പ്രചാരണജാഥകൾ സംഘടിപ്പിച്ചുവരവെ കർമസമിതി നേതാവ്‌ രാഘവന്‌ പാലിയം ഗുണ്ടകളുടെ കുത്തേറ്റത്‌ പ്രതിഷേധം ആളിക്കത്തിച്ചു. നവംബർ 30ന്‌ കർമസമിതി അടിയന്തരയോഗം ചേർന്ന്‌ ഡിസംബർ മൂന്നിനകം പാലിയം റോഡിൽ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന്‌ അന്ത്യശാസനം നൽകി. അല്ലാത്തപക്ഷം അയിത്തവിലക്കും നിരോധനാജ്ഞയും ലംഘിക്കുമെന്നും പ്രഖ്യാപിച്ചു.

അന്ത്യശാസനം പാലിയം കൊട്ടാരം തള്ളിയതോടെ ഡിസംബർ നാലിന്‌ പ്രത്യക്ഷസമരം തുടങ്ങി. കോൺഗ്രസിന്റെ എതിർപ്പ്‌ അവഗണിച്ച്‌ മാറ്റപ്പാടത്ത്‌ സി കേശവൻ സത്യഗ്രഹസമരം ഉദ്‌ഘാടനം ചെയ്‌തു. തുടർദിവസങ്ങളിൽ വളന്റിയർമാർ ഊഴമിട്ട്‌ സത്യഗ്രഹമിരുന്നു. നിരോധനം ലംഘിച്ച സമരഭടന്മാരെ പാലിയം ഗുണ്ടകൾ തല്ലിച്ചതച്ചു. സമരം അനന്തമായി നീണ്ടതോടെ പിന്തുണച്ച സംഘടനകൾ പലതും പിന്മാറി. ഈ ഘട്ടത്തിലാണ്‌ സമരത്തീ ആളിക്കത്തിച്ച്‌ എ കെ ജിയുടെ വരവ്‌. കൊച്ചിരാജ്യത്ത്‌ പ്രവേശനം നിഷേധിച്ചതിനാൽ തിരുവിതാംകൂറിന്റെ ഭാഗമായ  അണ്ടിപ്പിള്ളിക്കാവിലായിരുന്നു എ കെ ജി പങ്കെടുത്ത പൊതുയോഗം. മാർച്ച്‌ ഒമ്പതിന്‌ നിരോധനാജ്ഞ ലംഘിക്കാനുള്ള ആഹ്വാനം പ്രക്ഷോഭകർ ഏറ്റെടുത്തു. അന്നേദിവസം കൊച്ചിയിലും തിരുവിതാംകൂറിലുംനിന്ന്‌ ബഹുജനജാഥകൾ പാലിയത്തേക്ക്‌ എത്തി. ശിവരാത്രി ഉത്സവം നടക്കുന്ന പാലിയം ക്ഷേത്രനടയിൽ പ്രക്ഷോഭകരെ പൊലീസും പാലിയം കൂലിപ്പടയും തല്ലിച്ചതച്ചു. എ ജി വേലായുധനും സമരനായിക കാളിയും ഉൾപ്പെടെ നിരവധിപേർക്ക്‌ കൊടും മർദനമേറ്റു. വേലായുധൻ അടുത്തദിവസം  മരിച്ചു. തുടർന്ന്‌ സമരം നിർത്തിവയ്‌ക്കുകയും ക്ഷേത്രവഴി എല്ലാവർക്കുമായി തുറക്കുകയും ചെയ്‌തത്‌ ചരിത്രം.

കമ്യൂണിസ്‌റ്റ്‌ നേതാക്കളായ പി ഗംഗാധരൻ, എ ഐ ജലീൽ, ഇ കെ നാരായണൻ, എൻ ശിവൻപിള്ള, കർമസമിതി നേതാക്കളായ വി കെ നാരായണൻ, ടി ഇ ബാലൻ, പി കെ കേശവൻ, എൻ കെ മാധവൻ, ആര്യാ അന്തർജനം, എ എസ്‌ പുരുഷോത്തമൻ, ടി എ പീറ്റർ, ടി പ്രഭാകരൻ തുടങ്ങിയവരാണ്‌ പ്രക്ഷോഭത്തിൽ നേതൃപരമായ പങ്കുവഹിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top