ആദ്യ തട്ടകം
ആദ്യ തൊഴിലാളി സംഘടനാ രൂപീകരണം, സോഷ്യലിസ്റ്റ് പാർടിയുടെയും കമ്യൂണിസ്റ്റ് പാർടി സെല്ലിന്റെയും രൂപീകരണം, ഉപ്പുസത്യഗ്രഹം, ഫറോക്കിലെ ഓട്ടുകമ്പനികളിലെയും തിരുവണ്ണൂരിലെ കോട്ടൺമില്ലിലെയും തൊഴിലാളികളുടെ സംഘാടനവും സമരങ്ങളും. സഖാവിന്റെ ആദ്യകാല രാഷ്‌ട്രീയ തട്ടകമായിരുന്നു കോഴിക്കോട്.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി
രൂപീകരണം
1934 മെയ് 12-നാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി (സിഎസ്‌പി) യുടെ രൂപീകരണ സമ്മേളനത്തിന് കോഴിക്കോട് വേദിയാകുന്നത്. ടൗൺഹാളിലായിരുന്നു സമ്മേളനം. ദേശീയപ്രസ്ഥാനമായ കോൺഗ്രസിലെ വലതുപക്ഷ വ്യതിയാനത്തിനെതിരെ ഇടതുപക്ഷ ചേരിക്ക് ശക്തിപകരുന്ന സമ്മേളനത്തിന്റെ സംഘാടകനും ആസൂത്രകനുമെന്നാണ് കൃഷ്‌ണപിള്ളയെ ഇ എം എസ് വിശേഷിപ്പിച്ചത്. കെ കേളപ്പന്റെ അധ്യക്ഷതയിലായിരുന്നു സമ്മേളനം. സി കെ ഗോവിന്ദനെ പ്രസിഡന്റായും കൃഷ്‌ണപിള്ളയെ സെക്രട്ടറിയായും സംസ്ഥാനകമ്മിറ്റി രൂപീകരിച്ചു. പട്‌നയിൽ സിഎസ്‌പി അഖിലേന്ത്യ സമ്മേളനശേഷം പാർടിയുടെ പ്രഥമ സംസ്ഥാനസമ്മേളനവും കോഴിക്കോട്ടായിരുന്നു. ഒക്ടോബർ 13-ന് ടൗൺഹാളിലായിരുന്നു സമ്മേളനം. സമ്മേളനത്തിന്റെ ആകർഷണകേന്ദ്രമായിരുന്നു കൃഷ്‌ണപിള്ളയെന്ന് എൻ സി ശേഖർ എഴുതിയിട്ടുണ്ട്.
ആദ്യ തൊഴിലാളി സമ്മേളനം
കൃഷ്‌ണപിള്ളയുടെ നായകത്വത്തിലായിരുന്നു ആദ്യ തൊഴിലാളി യൂണിയന്റെ പിറവി. ‘‘തൊഴിലാളികളെയും കൃഷിക്കാരെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും വർഗബഹുജന സംഘടനകളിൽ അണിനിരത്തി അതിലൂടെയേ സാമ്രാജ്യത്വവിരുദ്ധസമരം കെട്ടിപ്പടുക്കാനാകൂ’’ – -യൂണിയൻ രൂപീകരണ പശ്ചാത്തലം സഖാവ് പ്രഭാതത്തിൽ വിശദീകരിച്ചു. തുടക്കമായി കോഴിക്കോട് ഒന്നാംഗേറ്റിന് സമീപമുള്ള മാളികയിൽ 1934 ഏപ്രിൽ 22-ന് തൊഴിലാളി നിശാപാഠശാല ഉദ്‌ഘാടനംചെയ്‌തു. നാലുവർഷത്തിനുശേഷം 1938 ജൂലൈ 17-ന് അത് തൊഴിലാളി വിദ്യാലയമായി മാറ്റി. ഇതേകാലത്താണ് കൃഷ്‌ണപിള്ള ആദ്യ തൊഴിലാളി യൂണിയൻ കലിക്കറ്റ് ലേബർ യൂണിയൻ രൂപീകരിക്കുന്നത്. പ്രസ് തൊഴിലാളികൾ, നെയ്‌ത്തുതൊഴിലാളികൾ എന്നിവരെയും സംഘടിപ്പിച്ചു.
തിരുവണ്ണൂർ കോട്ടൺ മില്ലിൽ തൊഴിലാളികളെ ബോധവൽക്കരിച്ച് സംഘടനയിലേക്ക് നയിച്ചതിൽ പ്രധാനിയും സഖാവാണ്. 1935 ഫെബ്രുവരി 12-നാണ് കോട്ടൺമില്ലിൽ പണിമുടക്ക് തുടങ്ങുന്നത്. ഇത് ക്രമേണ ഫറോക്കിലെ ഓട്ടുകമ്പനികളിലേക്കും വ്യാപിപ്പിച്ചു. 25-ന് ആ സമരം വിജയിച്ചു. ഇതിന്റെ തുടർച്ചയായിരുന്നു ഒന്നാം അഖില കേരള തൊഴിലാളി സമ്മേളനം.
1935 മെയ് 26ന് കോഴിക്കോട്ടായിരുന്നു സമ്മേളനം. ഇതേക്കുറിച്ച് കൃഷ്‌ണപിള്ള തന്നെ എഴുതിയിട്ടുണ്ട് ‘‘കേരളത്തിലെ തൊഴിലാളികളെ ഒന്നിച്ചുചേർത്ത് ഒരു സംഘടനയുണ്ടാക്കണം. പ്രവൃത്തിക്കാരുടെ നാനാവിധ കഷ്‌ടതകൾ പരിഹരിക്കാനുള്ള ഏകമാർഗം സംഘടന ഉണ്ടാക്കുക എന്നതാണ്’’.
ദേശാഭിമാനിക്കൊപ്പം
പാർടി സംഘടന കെട്ടിപ്പടുക്കുന്നതിനൊപ്പം പ്രവർത്തകരെ ആശയപരമായി ആയുധമണിയിക്കുന്നതിലും പി കൃഷ്‌ണപിള്ള ഏറെ മുന്നിലായിരുന്നു. പ്രഭാതത്തിന്റെ വിപുലീകരണത്തിനും പിന്നീട് ദേശാഭിമാനി വാരികയുടെ പ്രചാരം വർധിപ്പിക്കാനും നിരന്തരം പ്രവർത്തിച്ചു. ദേശാഭിമാനി ദിനപത്രമാക്കുന്നതിന് പുതിയ കമ്പനി രജിസ്റ്റർ ചെയ്‌ത് ഓഹരി പിരിക്കാനും മുന്നിട്ടിറങ്ങി. പുതിയ റോട്ടറി പ്രസ് വാങ്ങാൻ ഓർഡർ കൊടുത്തതും പി കൃഷ്‌ണപിള്ളയായിരുന്നു. കോഴിക്കോട് മേഖലയിൽ എത്തിയാൽ എല്ലാ ദിവസവും ദേശാഭിമാനിയിൽ എത്തി സഖാക്കൾക്ക് നിർദേശങ്ങൾ നൽകി.
പ്രഭാതത്തെപ്പറ്റി
1938 ആഗസ്‌ത് 29ന് പ്രഭാതത്തിൽ പ്രസിദ്ധപ്പെടുത്തിയത്
പ്രഭാതം പരിഷ്കരിക്കുന്നതിനുള്ള പുതിയ പദ്ധതിയെപ്പറ്റി ഇതിനുമുമ്പ് പ്രഭാതം പ്രവർത്തകൻമാർ പ്രസിദ്ധപ്പെടുത്തിയിരുന്നുവല്ലോ. അത് നടപ്പിൽ വരുത്തുന്നതിന് പുതിയ ഒരു മെഷീൻ വാങ്ങുന്നതിനുള്ള എല്ലാ ഏർപ്പാടും പൂർത്തിയായിരിക്കുന്നു. സെപ്തംബർ ആദ്യ ആഴ്ച അത് കൊണ്ടുവന്ന് പ്രവൃത്തി തുടങ്ങാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, ദരിദ്രരുടെ പത്രമായ പ്രഭാതത്തിന് ജീവിക്കണമെങ്കിലും വളരണമെങ്കിലും നാട്ടിലെ പാവങ്ങൾ തന്നെ സംഘടിതമായി ഉത്സാഹിക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയ സംഖ്യകളായി പണം പിരിച്ചു സ്വരൂപിക്കാൻ കഴിഞ്ഞാൽ മാത്രമേ പ്രഭാതത്തിന് സ്വന്തം കാലിൻമേൽ നിൽക്കാൻ കഴിയുകയുള്ളൂവെന്ന് പറയേണ്ടതില്ലല്ലോ.....
പുതിയ മെഷീൻ വരുന്നതോടുകൂടി പ്രഭാതത്തിന്റെ കോപ്പികൾ ജാസ്തിയാക്കാൻ കഴിയുന്നതാണ്. അത് വിജയപ്രദമാക്കണമെങ്കിൽ പ്രഭാതത്തിന്റെ വരിക്കാരുടെ എണ്ണവും വർധിക്കാതെ തരമില്ല. ഓരോ പത്രബന്ധുവും ചുരുങ്ങിയത് ഒരു പത്രവരിക്കാരനെയെങ്കിലും ചേർത്തു വരിസംഖ്യ വാങ്ങി അയക്കാൻ അപേക്ഷ.
ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി
1947 ഒക്ടോബർ 19-ന്റെ
ദേശാഭിമാനിയിൽ
ഇന്നത്തെ ദേശാഭിമാനി പ്രസും ഉപകരണങ്ങളും പ്രസിദ്ധീകരണശാലയുമെല്ലാം അവയുടെ ഇന്നത്തെ ഉടമസ്ഥന്മാരായ കമ്യൂണിസ്റ്റ് പാർടിയിൽനിന്നെടുത്ത് കൂടുതൽ നന്നായി നടത്താനും അതിനുവേണ്ടി റോട്ടറി പ്രസും കെട്ടിടങ്ങളും മറ്റും വാങ്ങാനുമായി 1913-ലെ കമ്പനി നിയമമനുസരിച്ച് ഒരു കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നു.
അഞ്ചു ലക്ഷം രൂപയുടെ മൂലധനത്തോടുകൂടിയാണ് കമ്പനി രജിസ്‌ട്രാർ ആക്കിയിട്ടുള്ളത്. ഇതിൽ ഒരു ലക്ഷം രൂപ ഷെയറിന് 100 രൂപ വിലയുള്ളതും നാലു ശതമാനം പലിശയുള്ളതുമായ 1000 പ്രത്യേക ഷെയറും നാലു ലക്ഷം രൂപയ്‌ക്ക് ഷെയറിന് അഞ്ചു രൂപ പ്രകാരം 80,000 സാധാരണ ഷെയറുകളുമായി വിഭജിച്ചിരിക്കുകയാണ്.
കമ്പനിയുടെ അറ്റാദായത്തിൽനിന്ന് പ്രത്യേക ഷെയറുകൾക്ക് നാലു ശതമാനപ്രകാരമുള്ളത് നീക്കിബാക്കിയുള്ളതുകൊണ്ട് സാധാരണ ഷെയറുകൾക്ക് ഡിവിഡന്റ് കൊടുക്കുമെന്നാണ് ഇതിന്റെ അർഥം. കമ്പനിക്ക് ഷെയറുകൾ പിരിക്കുന്നതിന് സ. എ കെ ജി അടുത്ത അവസരത്തിൽ മലബാർ മുഴുവൻ സഞ്ചരിക്കുന്നതായിരിക്കും. ഓരോ പാർടി ബ്രാഞ്ചും പാർടി മെമ്പറും ദേശാഭിമാനിയുടെ ഓരോ ബന്ധുവും സ്വയം ഷെയർ എടുത്തും മറ്റുള്ളവരെക്കൊണ്ട് ഷെയർ എടുപ്പിച്ചും കമ്പനിയെ സഹായിക്കാൻ അഭ്യർഥിക്കുന്നു. ഇതിന്റെ വിജയത്തെ ആശ്രയിച്ചാണ് റോട്ടറിയും കൂടുതൽ കടലാസും മറ്റുപകരണങ്ങളും വാങ്ങി പ്രസും പ്രസിദ്ധീകരണശാലയും പത്രവും അഭിവൃദ്ധിപ്പെടുത്താനുള്ള സാധ്യതയുണ്ടാകുകയെന്ന് ഓരോ ആളും ഓർമിക്കേണ്ടതാണ്.
താങ്ങും തണലും
1932 ജനുവരിയിൽ കോഴിക്കോട് സബ്‌ജയിലിൽവച്ച് ആദ്യമായി കണ്ടുപരിചയപ്പെട്ടതുമുതൽ 1948 മേയിൽ ഒരു ‘അണ്ടർ ഗ്രൗണ്ട് ഷെൽട്ടറിൽ’ വച്ച് അവസാനമായി പിരിഞ്ഞതുവരെയുള്ള കാലത്ത് എന്റെ രാഷ്ട്രീയ–- സംഘടനാ പ്രവർത്തനങ്ങളിൽ മാത്രമല്ല വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളിൽക്കൂടി എനിക്ക് വലിയൊരു താങ്ങും തണലുമായാണ് സഖാവിനെ ഞാൻ സദാ കണ്ടത്. ഇത് മറിച്ചും ശരിയായിരുന്നെന്ന് പറയാനെനിക്കാഭിമാനമുണ്ട്. ഞാനദ്ദേഹത്തിന്റെയെന്നപോലെ സഖാവ് എന്റെയും അഭിപ്രായങ്ങളും ഉപദേശങ്ങളും വിമർശനങ്ങളും എല്ലാ കാര്യത്തിലും ആരാഞ്ഞിരുന്നു. അദ്ദേഹമെനിക്കെന്നപോലെ ഞാനദ്ദേഹത്തിനും ആവശ്യമുള്ള അവസരങ്ങളിലെല്ലാം ഉപദേശ–- സഹായങ്ങൾ നൽകിയിരുന്നു.1934 മേയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി രൂപീകരിച്ചതുമുതൽ 1942ൽ കമ്യൂണിസ്‌റ്റ് പാർടിയുടെ കേന്ദ്ര പ്രവർത്തനത്തിനുവേണ്ടി കേരളം വിടുന്നതുവരെ കോൺഗ്രസ് സോഷ്യലിസ്‌റ്റ് പാർടിയുടെയോ കമ്യൂണിസ്‌റ്റ് പാർടിയുടെയോ കേരള സെക്രട്ടറിസ്ഥാനം ഔപചാരികയമായി ഞങ്ങളിരുവരും മാറിമാറി വഹിച്ചിട്ടുണ്ട്.
ഞാനും സഖാവും
1935 നുശേഷം തുടർച്ചയായി പി കൃഷ്‌ണപിള്ളയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ എനിക്ക് ഇടവന്നു. അന്നു ഞാൻ വിദ്യാർഥിയായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലേക്ക് ഞാൻ കടന്നുവരുന്നതിനു പിന്നിലെ പ്രധാന പ്രചോദനങ്ങളിലൊന്നായിരുന്നു പി കൃഷ്‌ണപിള്ളയുടെ വ്യക്തിത്വം.നിയമവിരുദ്ധ പാർടിയായിരുന്ന കമ്യൂണിസ്‌റ്റ് പാർടിയെ ഒളിവിലിരുന്ന് എല്ലാവിധ മർദ്ദനങ്ങളെയും അടിച്ചമർത്തലുകളെയും നേരിട്ട് കേരളത്തിലെ കരുത്തുറ്റ പ്രസ്ഥാനമാക്കുന്നതിലും അതിന്റെ നേതാക്കളെ ആശയ വ്യക്തതയുടെയും അചഞ്ചലതയുടെയും മാതൃകകളാക്കി വളർത്തുന്നതിലും സഖാവ് വഹിച്ച പങ്ക് വളരെ നിസ്‌തുലമാണ്.
അന്യാദൃശ നേതൃപാടവം
താനുമായി ബന്ധപ്പെടുന്ന ഏതൊരാളെയും വശീകരിക്കാനും ഉദ്‌ബുദ്ധരാക്കാനും കർമനിരതരാക്കാനും കൃഷ്‌ണപിള്ളയ്‌ക്കുണ്ടായിരുന്ന കഴിവ് അസാമാന്യമായിരുന്നു. തിരുവിതാംകൂറിൽ ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും മലബാറിൽ കോഴിക്കോട്ടും കണ്ണൂരിലും മറ്റും സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനും കൃഷിക്കാരെ കർഷകസംഘത്തിലൂടെ സംഘടിപ്പിക്കുന്നതിനും അധ്യാപകർ തുടങ്ങിയ മറ്റു വിഭാഗക്കാരെ സംഘടപ്പിക്കുന്നതിനും കൃഷ്‌ണപിള്ള നൽകിയ നേതൃത്വമാണ് കേരളത്തിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള വർഗ–-ബഹുജന സംഘടനകളുടെ ശക്തമായ അടിത്തറ പാകിയത്. അക്കാര്യത്തിൽ അദ്ദേഹത്തിന്റെ നേതൃപാടവം അന്യാദൃശമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..