ഗുരുവായൂർ ക്ഷേത്രത്തിൽ ഹിന്ദുസമുദായത്തിലെ താഴ്‌ന്ന ജാതിക്കാർക്കെല്ലാം പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് 1931 നവംബർ ഒന്നുമുതലാണ് കോൺഗ്രസ് നേതാവ് കെ കേളപ്പന്റെ നേതൃത്വത്തിൽ സത്യഗ്രഹം ആരംഭിക്കുന്നത്. ക്ഷേത്രം ട്രസ്റ്റിയായ സാമൂതിരി ഈ ആവശ്യം നിരസിച്ചതിനെത്തുടർന്നായിരുന്നു ക്ഷേത്രകവാടത്തിലെ സത്യഗ്രഹം. ഇതിൽ പ്രധാന സമരഭടനായിരുന്നു പി കൃഷ്‌ണപിള്ള.
സത്യഗ്രഹം ഒരുമാസം പിന്നിട്ടപ്പോഴും വേണ്ടത്ര ശ്രദ്ധകിട്ടിയില്ല. സത്യഗ്രഹം ബലഹീനമാകുന്നതുകണ്ട് കൃഷ്‌ണപിള്ള ഗുരുവായൂർ ക്ഷേത്രത്തിനകത്തുള്ള മണി അടിച്ച് തൊഴുതു. 1931 ഡിസംബർ 22നായിരുന്നു ഇത്. അന്ന് ക്ഷേത്രത്തിലെ മണി അടിക്കാനുള്ള അവകാശം ബ്രാഹ്‌മണർക്കുമാത്രമായിരുന്നു. കൃഷ്‌ണപിള്ള മണി അടിച്ചത് കണ്ട് അവിടെയുള്ള ഒരു നായർ വന്ന് കൃഷ്‌ണപിള്ളയെ ചെകിട്ടത്തും പുറത്തും അടിച്ചു. എന്നാൽ, കൃഷ്‌ണപിള്ള തിരിച്ചൊന്നും ചെയ്‌തില്ല. മണിയടിക്കൽ അടുത്ത ദിവസവും തുടർന്നു. മർദനവും തുടർന്നു. മൂന്നാം ദിവസം കൃഷ്‌ണപിള്ള മണിയടിക്കാൻ എത്തുമ്പോഴേക്കും സവർണർ ഉപരോധം ഏർപ്പെടുത്തി. ഈ സംഭവം സത്യഗ്രഹത്തെ കൂടുതൽ ചൂടാക്കി.
വളന്റിയർ ക്യാപ്‌റ്റനായ എ കെ ജിയെ ഡിസംബർ 28ന് ക്രൂരമായി മർദിച്ചു. സത്യഗ്രഹികൾ കടക്കാതിരിക്കാൻ ക്ഷേത്രത്തിന്റെ മൂന്നു ദിക്കിലും മുള്ളുവേലികൾ കെട്ടിവളച്ചു. ഇത് സത്യഗ്രഹികൾ തകർത്തതോടെ ആർക്കും ക്ഷേത്രത്തിൽ കടക്കാമെന്നായി. അതോടെ ക്ഷേത്രം അടച്ചിട്ടു. 1932 ജനുവരി 28ന് ക്ഷേത്രം തുറന്നതോടെ സത്യഗ്രഹവും ആരംഭിച്ചു. ഗുരുവായൂർ നടയിൽ സത്യഗ്രഹമനുഷ്‌ഠിക്കുന്ന എ കെ ജിയെ വീണ്ടും മർദിക്കാൻ തുടങ്ങി. ഇതു കണ്ട് കൃഷ്‌ണപിള്ളയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഇതിന് പ്രതികാരം ചെയ്യാൻ സുഹൃത്തും സമരഭടനുമായ പത്മനാഭൻ നമ്പ്യാരുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കി.
അടുത്തദിവസം പുലർച്ചെ മേൽശാന്തി വാകച്ചാർത്തിനായി കുളിക്കാൻ വരുന്നതുംകാത്ത് കഴുത്തോളം വെള്ളത്തിൽ ഇരുവരും കുളപ്പുരയിൽ ഒളിച്ചിരുന്നു. ശബ്ദമുണ്ടാക്കാതെ ഇരുവരും മേൽശാന്തിക്ക് പിറകെ പോയി മണ്ഡപത്തറയിൽ കയറി മണിയടിച്ചു. ഇതോടെ മേൽജാതിക്കാർ ഇരുവരെയും വളഞ്ഞു. കൃഷ്‌ണപിള്ളയും നമ്പ്യാരും പുറത്തോടു പുറംതരിഞ്ഞുനിന്ന് ചുറ്റുംകൂടിയവരെ പൊതിരെ തല്ലി പുറത്തേക്ക് കടന്നു. അതോടെ സത്യഗ്രഹികൾക്കുനേരെ പുറത്തുവച്ചുള്ള അക്രമവും അവസാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..