25 April Thursday

ജനകീയതയുടെ 
മുഖശ്രീ

എം വി പ്രദീപ്‌Updated: Monday Jan 9, 2023

സെക്രട്ടറിയറ്റിനുമുന്നിൽ നിരാഹാരസമരം നടത്തുന്ന പി കെ ശ്രീമതി (ഫയൽചിത്രം)


തിരുവനന്തപുരം  
മുത്തങ്ങ സമരത്തെ നരനായാട്ടുകൊണ്ട്‌ നേരിട്ട യുഡിഎഫ്‌ സർക്കാരിനെതിരെ കൊടുമ്പിരിക്കൊണ്ട പോരാട്ടം. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്‌ സെക്രട്ടറിയറ്റിനു മുന്നിൽ എംഎൽഎമാരുടെ നിരാഹാരസമരം. ചരിത്രംകുറിച്ച ആ സമരപരമ്പരയിലെ ഏക വനിതാപോരാളി. അടിച്ചമർത്തപ്പെട്ട ജനതയ്‌ക്കായി 12 ദിവസം  ജലപാനമില്ലാതെ പോരാടിയ നേതാവിന്റെ പേരാണ്‌ പി കെ ശ്രീമതി. നാടാകെ വിഷയം ചർച്ചയായി. സമരകേന്ദ്രത്തിലേക്ക്‌ ജനം ഒഴുകി. പ്രിയ നേതാവിനൊപ്പം അണിനിരക്കാൻ ആദിവാസി സ്‌ത്രീസമൂഹം  ഇരച്ചെത്തി. വിജയം കാണുംവരെ അവർ അടിയുറച്ചുനിന്നു. ഇതുപോലുള്ള നിരവധി പോരാട്ടത്തിന്റെ കരുത്തുമായാണ്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉപ ഭാരവാഹിയിൽനിന്ന്‌ പ്രസിഡന്റ്‌സ്ഥാനത്തേക്ക്‌ ഉയരുന്നത്‌.

കണ്ണൂർ ജില്ലാ കൗൺസിലിലെ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ, ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്‌ എന്നീ നിലകളിലാണ്‌ തുടക്കം. 2001ൽ പയ്യന്നൂർ മണ്ഡലത്തിൽനിന്ന്‌ നിയമസഭയിലെത്തി. 2006ൽ ആരോഗ്യ മന്ത്രിയായി. മന്ത്രിയെന്ന നിലയിൽ നിർധന രോഗികളുടെ കണ്ണീരൊപ്പാൻ നടത്തിയ പ്രവർത്തനം രാജ്യശ്രദ്ധനേടി. ജനകീയ ആരോഗ്യമന്ത്രിയെന്ന പേര്‌ നേടി. 2014 മുതൽ 2019 വരെ കണ്ണൂരിനെ പ്രതിനിധാനംചെയ്‌ത്‌ ലോക്‌സഭാ അംഗവുമായി. യുഡിഎഫ്‌ ഭരണകാലത്ത് നടമാടിയ സ്‌ത്രീപീഡന–- പെൺവാണിഭക്കേസുകളിൽ ഇരകൾക്കുവേണ്ടി നിരന്തരം ശബ്ദിച്ചു.  ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ശ്രീമതി അധ്യാപകസംഘടനാ രംഗത്തും സജീവമായിരുന്നു. 1997ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാണ്‌.2003ൽ സ്വയംവിരമിക്കുമ്പോൾ കണ്ണൂർ നെരുവമ്പ്രം യുപി സ്‌കൂളിൽപ്രധാനാധ്യാപികയായിരുന്നു. കണ്ണൂർ കയരളത്തെ കേളപ്പൻ നമ്പ്യാരുടെയും പി കെ മീനാക്ഷിയുടെയും മകളാണ്‌. പി ദാമോദരൻ നമ്പ്യാരാണ്‌ ഭർത്താവ്‌. മകൻ: പി കെ സുധീർ. മരുമകൾ: ധന്യ.  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ്‌ കൺവീനറുമായ ഇ പി ജയരാജന്റെ  ഭാര്യ പി കെ ഇന്ദിര സഹോദരിയാണ്‌. ‘കേരളത്തെ നയിച്ച വനിതാ പോരാളികൾ’  അടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top