ആലപ്പുഴ
ആദ്യമായി പി കൃഷ്ണപിള്ളയെ കണ്ടതിനെപ്പറ്റി പറയുമ്പോൾ കേരളത്തിന്റെ വിപ്ലവഗായിക പി കെ മേദിനിയുടെ മനസ്സിൽ ഓർമകളുടെ വേലിയേറ്റം. അന്ന് പി കെ മേദിനിക്ക് 12 വയസ്സ്. ഇ എം എസിന്റെ ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന നിരോധിക്കപ്പെട്ട പുസ്‌തകത്തിന്റെ കെട്ട് ആലപ്പുഴ ആറാട്ടുവഴി പുത്തൻപുരയ്‌ക്കൽ വീട്ടിലെ നേതാക്കളുടെ ഒളിയിടത്തുനിന്നു മാറ്റാൻ നിയോഗിക്കപ്പെട്ടപ്പോഴാണ് മേദിനി ആദ്യമായി പി കൃഷ്ണപിള്ളയെ കാണുന്നത്. ദൗത്യം ഏൽപ്പിച്ചത് മേദിനിയുടെ സഹോദരനും പുന്നപ്ര –- വയലാർ സമരസേനാനിയുമായ കെ ബാവ.
‘‘അന്ന് എന്നെപ്പോലുള്ള കൊച്ചുപിള്ളേരെയാണ് ഇത്തരം കാര്യങ്ങൾ ഏൽപ്പിക്കുക. നാലുമണിയാകുമ്പോൾ കതകു തുറക്കും. ഒരാൾ കൈകൊണ്ടു വിളിക്കും. നീയൊന്നും ചോദിക്കരുത്. തരുന്ന സാധനം വാങ്ങിക്കൊണ്ടുപോരുക’’ –- ഇതായിരുന്നു നിർദേശം.
പുസ്‌തകക്കെട്ടു തന്നിട്ട് ഇതിലൊന്നു നിനക്കിരിക്കട്ടെയെന്ന് കൃഷ്ണപിള്ള പറഞ്ഞു. വല്ലതും കഴിച്ചോയെന്ന് കൃഷ്‌ണപിള്ള എന്നോട് ചോദിച്ചു. അന്ന് ബംഗാൾ ക്ഷാമമാണ്. കഞ്ഞിയും പയറുപുഴുങ്ങിയതും കഴിച്ചെന്നു പറഞ്ഞപ്പോൾ പയറുപുഴുങ്ങിയത് കൊണ്ടുതരാമോയെന്നു ചോദിച്ചു. തരാമെന്നു ഞാൻ പറഞ്ഞു. അധികം താമസിയാതെ അദ്ദേഹം മരിച്ചു. മൃതദേഹം കാണാൻ കയർ വർക്കേഴ്‌സ് യൂണിയൻ മൈതാനത്തേക്ക് പോയി. താൻ മുമ്പു കണ്ടത് കൃഷ്ണപിള്ളയെ ആണെന്നു അപ്പോഴാണ് മനസ്സിലായത്. ‘സഖാവ്’ എന്നു പറഞ്ഞാൽ കൃഷ്‌ണപിള്ളയാണ്. കൃഷ്‌ണപിള്ളയുടെ ഭാര്യ തങ്കമ്മയുമായും സൗഹൃദത്തോടെ ഇടപഴകാൻ അവസരമുണ്ടായെന്നും മേദിനി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..