28 March Thursday

വയനാട്ടിന്റെ ചരിത്രത്തോടൊപ്പം നടന്നയാൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

ഇ എം എസിനൊപ്പം പി എ മുഹമ്മദ്‌ (വലത്ത്‌) വയനാട്ടിലെ സിപിഐ എം 
നേതാവ്‌ കെ വി മോഹനനാണ്‌ ഇടത്ത്‌


കൽപ്പറ്റ
സൗമ്യനായ കമ്യൂണിസ്‌റ്റ്‌, സരസനായ പ്രസംഗകൻ,  ദീർഘവീക്ഷണമുള്ള ഭരണാധികാരി, സമരമുന്നണിയിൽ വിട്ടുവീഴചയില്ലാത്ത പോരാളി... വയനാട്ടുകാരുടെ ‘പിഎ’ എന്ന പി എ മുഹമ്മദിന്‌ വിശേഷണങ്ങൾ ഏറെയാണ്‌. വയനാടൻ ചരിത്രത്തിനൊപ്പം നടന്ന  സിപിഐ എം നേതാവ്‌ പി എ മുഹമ്മദ്‌ വെള്ളിയാഴ്‌ചയാണ്‌ വിടവാങ്ങിയത്‌.

പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടിയാണ് സഖാവ് നേതൃനിരയിലെത്തിയത്. വയനാട്ടിൽ വസൂരിയും പട്ടിണിയും പടർന്ന്‌ മനുഷ്യർ മരിച്ചുവീണ അമ്പതുകളിൽ ഭീതിയിലാണ്ട മനുഷ്യർക്കൊപ്പം അദ്ദേഹം നിന്നു.  കമ്യൂണിസ്‌റ്റായതിന്റെ പേരിൽ കലാലയത്തിൽനിന്നും ബാങ്ക്‌ ജോലിയിൽ നിന്നും കുടുംബത്തിൽനിന്നുവരെ പുറത്തായിട്ടും പതറാതെ  മുൻനിര  കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായി.  1952ലെ പൊതുതെരഞ്ഞെടുപ്പോടെ പൊതുരംഗത്തെത്തിയ പി എ തൊഴിലാളികൾക്കും കർഷകർക്കുമിടയിൽ  പ്രവർത്തിച്ചാണ് പാർടി കെട്ടിപ്പടുത്തത്. കിസാൻ സഭയിലൂടെയാണ് നേതൃനിരയിലേക്ക് എത്തുന്നത്. 1957ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടി അംഗമായി. 1960 മുതൽ തോട്ടംതൊഴിലാളി യൂണിയൻ സെക്രട്ടറി, എഐടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 64ൽ സിപിഐ എം രൂപീകൃതമായപ്പോൾ പാർടിക്കൊപ്പം നിന്നു. 1973ൽ പാർടി വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ ജില്ലാ സെക്രട്ടറിയറ്റംഗമായി. 1982 മുതൽ 2007 വരെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചു. തോട്ടം തൊഴിലാളി, കർഷക സമരങ്ങൾക്കും നേതൃത്വം നൽകി.  ഏഴരമാസം ജയിലിലടയ്‌ക്കപ്പെട്ടു. സിഐടിയു വയനാട്‌ ജില്ലാ പ്രസിഡന്റ്, ദേശാഭിമാനി ഡയറക്ടർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭരണരംഗത്തും മികവുറ്റ പ്രവർത്തനം കാഴ്ചവച്ചു. 1979 മുതൽ 84 വരെ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.  വൈത്തിരി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്‌,  സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് വൈസ്‌ പ്രസിഡന്റ്‌, കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ, ഗ്രാമവികസന ബോർഡ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. നിയമസഭയിലേക്ക് 2011ൽ കൽപ്പറ്റയിൽനിന്ന് മത്സരിച്ചു. 

പന്തലൻകുന്നൻ ആലിക്കുട്ടിയുടെയും കുഞ്ഞാമിയുടെയും മകനായി 1939 ജൂലൈ ഏഴിന് കണിയാമ്പറ്റയിലാണ് ജനനം. കണിയാമ്പറ്റ ബോർഡ് സ്കൂൾ, കൽപ്പറ്റ എസ്‌ കെഎംജെ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ പ്രീ യൂണിവേഴ്സിറ്റിക്ക് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് നെടിയിരുപ്പാണ് പി എയുടെ കുടുംബവേരുകൾ. 1921ൽ മലബാർ കലാപകാലത്ത് പിഎയുടെ മുൻതലമുറ വയനാട്ടിലേക്ക് കുടിയേറുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top