03 December Sunday

ഇതാ പ്രപഞ്ചരഹസ്യങ്ങളുടെ ചെപ്പ്‌

ദിലീപ്‌ മലയാലപ്പുഴUpdated: Sunday Sep 24, 2023

പ്രപഞ്ചരഹസ്യങ്ങളടങ്ങിയ ചെപ്പുമായി  ഒരു പേടകം ഇതാ എത്തുകയാണ്‌. 32 കോടി കിലോമീറ്റർ അപ്പുറത്തുനിന്ന്‌ ശേഖരിച്ച പാറയും പൊടികളുമാണ്‌ ചെപ്പിലുള്ളത്‌. പ്രപഞ്ചത്തെപ്പറ്റിയും സൗരയൂഥത്തിന്റെ ഉൽപ്പത്തിയെപ്പറ്റിയുമുള്ള നിർണായക വിവരങ്ങൾ ഒളിച്ചിരിക്കുന്ന 250 ഗ്രാം  ‘നിധി’. ഏഴുവർഷം നീണ്ട ദൗത്യത്തിനൊടുവിൽ എത്തുന്ന പേടകത്തെ ശാസ്‌ത്രലോകം കാത്തിരിക്കുകയാണ്‌. ഞായറാഴ്‌ച രാത്രി പേടകം ഭൂമിയിൽ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ബഹിരാകാശ ഗവേഷണരംഗത്ത്‌ മറ്റൊരു നാഴികക്കല്ലായി മാറും ഒസിറിസ് റെക്‌സ് (OSIRIS – REx) ദൗത്യം. ഛിന്നഗ്രഹ (asteroid)ങ്ങളെ അടുത്തറിയാനും അവയുടെ സഞ്ചാരപഥം നിരീക്ഷിക്കാനും ഭൂമിക്ക്‌ അപകടകരമായേക്കാവുന്ന ക്ഷുദ്രഗ്രഹങ്ങളെപ്പറ്റി പഠിക്കാനുമുള്ള പര്യവേക്ഷണങ്ങൾക്ക്‌ ബഹിരാകാശ ശാസ്‌ത്രജ്ഞർ വലിയ പ്രാധാന്യമാണ്‌ നൽകുന്നത്‌. ഇത്തരത്തിലുള്ള ദൗത്യമാണ്‌ നാസയുടെ ഒസിറിസ്‌ റെക്‌സ്‌. സൗരയൂഥത്തിനും അതിനപ്പുറവും ജീവന്റെ സാന്നിധ്യം തേടുന്നവർക്കായി എന്തൊക്കെയാകും ഈ അത്ഭുത ചെപ്പ്‌ ഒളിപ്പിച്ചിരിക്കുന്നത്‌...

ബെന്നു ചെറുതെങ്കിലും

ബെന്നു എന്ന ഛിന്നഗ്രഹ (101955 Bennu)ത്തെ ആദ്യമായി കണ്ടെത്തുന്നത്‌ 1999 സെപ്‌തംബറിലാണ്‌. ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്‌ട്രോയിഡ്‌ ബൽറ്റിൽനിന്ന്‌ രൂപപ്പെട്ട ബിടൈപ്‌ ഛിന്നഗ്രഹത്തിന്‌ 492 മീറ്റർ വ്യാസമുണ്ട്‌. 438 ദിവസമെടുത്ത്‌ ദീർഘവൃത്തത്തിലുള്ള പഥത്തിൽ സൂര്യനെ ചുറ്റുന്നു. കോടിക്കണക്കിനു വർഷങ്ങൾക്കുമുമ്പ്‌  കാർബൺ സമ്പന്നമായ മറ്റൊരു ഛിന്നഗ്രഹത്തിൽനിന്ന്‌ രൂപപ്പെട്ടതാണ്‌ ബെന്നുവെന്നാണ്‌ നിഗമനം. ചെറുതും വലുതുമായ പാറകളാണ്‌ ഉടനീളം. ഭൂമിയിൽ ജീവൻ രൂപപ്പെട്ട കാലത്തെ ജൈവഘടകങ്ങൾ ബെന്നുവിൽ ഉണ്ടാകുമെന്ന്‌ ഗവേഷകർ പറയുന്നു. ജലസാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്‌. പ്രപഞ്ചരഹസ്യങ്ങളുടെ കലവറയായാണ്‌ അവർ ബെന്നുവിനെ കാണുന്നത്‌. ആറു വർഷത്തിലൊരിക്കൽ ഭൂമിക്കരികിൽക്കൂടി പാഞ്ഞുപോകുന്ന ഛിന്നഗ്രഹം ഭാവിയിൽ ഭൂമിക്ക്‌ ഭീഷണിയായേക്കാം. ബെന്നുവിലേക്ക്‌ പേടകത്തെ അയച്ച്‌ നിരീക്ഷിക്കാനും സാമ്പിൾ ശേഖരിച്ച്‌ മടങ്ങാനുമുള്ള സങ്കീർണ ദൗത്യത്തിന്‌ നാസ തയ്യാറായതിന്‌ കാരണങ്ങൾ ഇവയൊക്കെയാണ്‌.

ഒസിറിസ് റെക്‌സിന്റെ യാത്ര

ബെന്നുവിനെ തേടിയുള്ള നാസയുടെ യാത്ര ആരംഭിക്കുന്നത്‌ ഏഴുവർഷംമുമ്പാണ്‌. ആറ്‌ അത്യാധുനിക പരീക്ഷണ ഉപകരണങ്ങളുമായി 2016 സെപ്‌തംബർ എട്ടിനായിരുന്നു ഒസിറിസ് റെക്‌സ്‌ വിക്ഷേപണം. 32.19 കോടി കിലോമീറ്റർ പിന്നിട്ട്‌ 2020 ഒക്ടോബർ 20ന്‌ പേടകം ബെന്നുവിലേക്ക്‌ പാഞ്ഞടുത്ത്‌ സാമ്പിൾ ശേഖരിച്ച്‌ കുതിച്ചുയർന്നു. ഇടിയുടെ ആഘാതത്തിൽ പാറക്കഷണങ്ങളും പൊടിപടലങ്ങളും ചിതറിത്തെറിച്ചു. എട്ട്‌ മീറ്ററിലധികമുള്ള ഗർത്തം രൂപപ്പെടുകയും ചെയ്‌തു.

പ്രത്യേക യന്ത്രക്കൈ ഉപയോഗിച്ചുള്ള സാമ്പിൾ ശേഖരണത്തിന്റെ തത്സമയ ദൃശ്യങ്ങൾ  കൗതുകത്തോടെയാണ്‌ അന്ന്‌ ലോകം കണ്ടത്‌. ബെന്നുവിൽ ഇറങ്ങാതെയുള്ള ഈ സാങ്കേതിക വിദ്യക്ക്‌  ‘ടച്ച്‌ ആൻഡ്‌ ഗോ’ (Touch and Go sample Acquisition Mechanism–-  TAGSAM) എന്നായിരുന്നു പേര്‌. പരുന്തുകളും മറ്റും ഇരകളെ റാഞ്ചുന്നതുപോലെ! യന്ത്രക്കൈയിലുള്ള ചെപ്പിലാണ്‌ ബെന്നുവിൽനിന്നുള്ള പാറകളും ധൂളിയും ശേഖരിച്ചത്‌. പ്രതീക്ഷിച്ചതിനേക്കാൾ സാമ്പിൾ ശേഖരിക്കാനായി എന്നതും പ്രത്യേകത. നേരത്തേ ഛിന്നഗ്രഹത്തെ ഭ്രമണം ചെയ്‌ത്‌ പഠനങ്ങൾ നടത്തിയും ചിത്രങ്ങൾ എടുത്തതിനും ശേഷമാണ്‌ സാമ്പിൾ ശേഖരണത്തിനുള്ള  സ്ഥലമായ നൈറ്റിംഗേൽ കണ്ടെത്തിയത്‌. സാമ്പിളടങ്ങിയ ക്യാപ്‌സ്യൂളുമായി ഒസിറിസ്‌ റെക്‌സ്‌ 2021 മെയ്‌ 10ന്‌ മടക്കയാത്ര ആരംഭിച്ചു.

ഭൂമിയിലേക്ക്‌

ഭൂമിയിൽനിന്ന്‌ 1.02 ലക്ഷം കിലോമീറ്റർ അകലെവച്ച്‌ സാമ്പിൾ ചെപ്പടങ്ങിയ ക്യാപ്‌സ്യൂളിനെ മാതൃപേടകമായ ഒസിറിസ്‌  ഭൗമാന്തരീക്ഷത്തിലേക്ക്‌ തൊടുത്തുവിടും. ഞായറാഴ്‌ച രാത്രി എട്ടോടെ ക്യാപ്‌സ്യൂൾ ഭൗമാന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കലിഫോർണിയക്കു സമീപമായിരിക്കുമിത്‌. മണിക്കൂറിൽ നാൽപ്പതിനായിരത്തിലധികം കിലോമീറ്റർ വേഗത്തിൽ എത്തുന്ന പേടകത്തെ നിയന്ത്രിക്കുന്നതിന്‌ പ്രത്യേകം പാരച്യൂട്ടുകൾ ക്രമീകരിച്ചിട്ടുണ്ട്‌. 13 മിനിറ്റിനുള്ളിൽ പ്രതിരോധവകുപ്പിന്റെ യൂട്ടാ ടെസ്റ്റ് ആൻഡ്‌ ട്രെയ്‌നിങ്‌ റേഞ്ചിന്റെ തെക്കുപടിഞ്ഞാറായി  പേടകം ഇറങ്ങും.
മാതൃപേടകമായ ഒസിറിസ്‌ ബഹിരാകാശത്തുവച്ചുതന്നെ മറ്റൊരു ഛിന്നഗ്രഹ ദൗത്യവുമായി പുറപ്പെടുകയും ചെയ്യും. 2029ൽ ഭൂമിക്ക്‌ 32,000 കിലോമീറ്റർ അരികിലൂടെ കടന്നുപോകുന്ന അപ്പോഫിസ് എന്ന ഛിന്നഗ്രഹം ലക്ഷ്യമാക്കിയാണ്‌ യാത്ര. ദൗത്യത്തിന്റെ പേര്‌ ഒസിറിസ്‌ അപ്പക്‌സ്‌   (OSIRIS- APEX) എന്നായി മാറും. 370 മീറ്ററാണ്‌ അപ്പോഫിസിന്റെ വ്യാസം. എന്തായാലും ക്ഷുദ്രഗ്രഹങ്ങളെ തേടിയുള്ള യാത്രകൾ തുടരുകയാണ്‌ ശാസ്‌ത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top