27 April Saturday

കഥകളാണ് എന്നും എന്റെ ലോകം

എ ഐ ശംഭുനാഥ് sambhunathai18@gmail.comUpdated: Sunday Sep 25, 2022

ഒരു തെക്കൻ തല്ലുകേസ് എന്ന ചിത്രത്തിൽനിന്ന്‌

മുറിഞ്ഞുപോയെന്നു കരുതിയ ഒരു ബന്ധമുണ്ട്, സിനിമയും സാഹിത്യവും തമ്മിൽ. മലയാള സിനിമയുടെ സുവർണകാല ചിത്രങ്ങൾ പലതും രൂപപ്പെട്ടത്‌ മികച്ച സാഹിത്യസൃഷ്‌ടികളിൽനിന്നാണ്. വഴിക്കെപ്പോഴോ പിരിഞ്ഞ സാഹിത്യം ഇപ്പോഴിതാ സിനിമയിൽ സജീവമായിത്തുടങ്ങി.  ജി ആർ ഇന്ദുഗോപന്റെ പല ചെറുകഥയും നോവലുകളും സെല്ലുലോയ്‌ഡിൽ വിരിയുകയാണ്‌. ‘അമ്മിണിപിള്ള വെട്ടുകേസ്’ എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട കഥയിൽനിന്ന് രൂപംകൊണ്ട ‘ഒരു തെക്കൻ തല്ലുകേസ്’ ഓണത്തിന് തിയറ്ററുകളിൽ എത്തി. മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് സിനിമ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധയും ഡിറ്റക്ടീവ് പ്രഭാകരനുമടക്കം പലതും വെള്ളിത്തിരയിൽ എത്താൻ  അണിയറയിലാണ്‌.

സാഹിത്യസൃഷ്ടികളിലെല്ലാം പച്ചയായ ജീവിതഗന്ധമുണ്ട്. മനുഷ്യവികാരങ്ങളുടെ ജീർണിച്ച അംശങ്ങൾ അതിൽ ദർശിക്കാനാകും. കഥാപാത്രങ്ങളുടെ ജൈവതലം വായനക്കാരെ കഥയുടെ ഒഴുക്കിനൊത്ത് സഞ്ചാരിയാക്കും. കാപ്പാ എന്ന ഷാജി കൈലാസ് ചിത്രത്തിന്റെ ലോക്കേഷനിലാണ് ഇന്ദുഗോപൻ ഇപ്പോൾ. ശംഖുമുഖി എന്ന സ്വന്തം ചെറുകഥയുടെ ആവിഷ്‌കാരം. ശംഖുംമുഖം കടൽപ്പുറത്തെ പഴയ വിക്ടോറിയൻ ശൈലി കെട്ടിടമാണ് സ്ഥലം. ഇന്ദുഗോപൻ സംവദിക്കുന്നു.

സാഹിത്യരചനയും തിരക്കഥാരചനയും കൂടിച്ചേരുമ്പോൾ

സാഹിത്യം വളരെ മാറ്റം സംഭവിച്ച മേഖലയല്ല. ദിനംപ്രതി മാറുന്നത് സിനിമയാണ്. സിനിമാ ലോകമെന്നും നല്ല കണ്ടന്റിനായുള്ള വേട്ടയിലാണ്. ഒടിടി പ്ലാറ്റ്ഫോമുകൾ അത്തരം ആവശ്യകതയെ ആഗോളവ്യാപകമായി ശക്തിപ്പെടുത്തി.  കണ്ടന്റിനായുള്ള തിരച്ചിൽ എത്തിനിന്നത് സാഹിത്യത്തിലാണ്. സാഹിത്യസൃഷ്ടിയിൽനിന്ന് ഓഫ്ബീറ്റ് അല്ലെങ്കിൽ സമാന്തരസ്വഭാവമുള്ള ചിത്രങ്ങൾ മാത്രമല്ല, മുഖ്യധാരാ സിനിമകൾക്കും വലിയ സാധ്യതയുണ്ടെന്ന് കാലം തെളിയിച്ചു. ഇതിന്റെ ഫലമായാണ് സാഹിത്യത്തിൽനിന്ന് സിനിമ ഉടലെടുക്കുന്നത്.

മലയാള സിനിമയിൽ വിഷയ ദാരിദ്ര്യമുണ്ടോ

അങ്ങനെ  തോന്നിയിട്ടില്ല. വാണിജ്യപരമായി നേട്ടംകൊയ്യാൻ സാധ്യതയുള്ളതെന്തോ ആ ട്രെൻഡിനൊത്ത് വർത്തമാനകാലം ചുവടുവയ്ക്കും. മധ്യവർത്തി സിനിമ എന്നൊരു വേർതിരിവൊന്നും ഇക്കാലത്ത്‌ കാണാൻ സാധിക്കില്ല. ഒടിടി റിലീസ്, തിയറ്റർ റിലീസ് എന്നതു മാത്രമേ വരുംകാലത്ത്‌ വേർതിരിക്കാനാകൂ. തിരക്കഥയ്‌ക്കനുസരിച്ച് സിനിമയുടെ ക്യാൻവാസ് രൂപപ്പെടും. രണ്ടോ രണ്ടര മണിക്കൂറോ കാഴ്ചക്കാരെ എൻറിച്ച് ചെയ്യാൻ കഥാ വിഷയത്തിൽ എന്ത് പുതുമ സമ്മാനിക്കാമെന്നതാണ് തിരക്കഥാകൃത്ത്‌ നേരിടുന്ന വെല്ലുവിളി.

പുതുകാല സിനിമയുടെ സ്വഭാവം

പ്രേക്ഷകർ വളരെയധികം സിനിമയെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കാലമാണ്‌ ഇത്‌. സാങ്കേതികവശങ്ങളുടെ മിനിമം പരിജ്ഞാനം ഏതൊരു കൊച്ചുകുട്ടിക്കും വിരൽത്തുമ്പിൽ അറിയാൻ സാധിക്കും. തിരക്കഥാകൃത്തിന്റെ ജോലി  ശ്രമകരമാണ്. പല വശവും ഗുണിച്ചും ഹരിച്ചും മാത്രമേ ഓരോ സീനും ചിട്ടപ്പെടുത്താനാകൂ. മറ്റൊരു പ്രധാന കാര്യം ഇന്നത്തെ സിനിമയുടെ ജനാധിപത്യ സ്വഭാവമാണ്. ഓരോ വ്യക്തിക്കും അവരവരുടേതായ  ഇടമുണ്ട്. സിനിമ എന്ന തുറന്ന കല വളരെ സുതാര്യമായി കഴിഞ്ഞിരിക്കുന്നു. കഴിവുള്ള ഏതൊരാൾക്കും അനായാസം മുന്നേറാനുള്ള അവസരങ്ങൾ നിരവധിയാണ്.

അമ്മിണിപ്പിള്ള വെട്ടുകേസ് കഥയിലേക്ക് എത്തിയ വഴി

വ്യക്തിപരമായി അടുപ്പമുള്ള ചിലർ ഉൾപ്പെട്ട ഒരു സംഭവത്തിൽനിന്നാണ് ആ കഥ ഉണ്ടായത്. ഒരാളെ സംഘംചേർന്ന് നാലഞ്ച് ചെറുപ്പക്കാർ മർദിക്കാൻ ഒരുങ്ങുന്നു. അയാൾ സ്വരക്ഷയ്ക്ക് സ്വീകരിക്കുന്ന പ്രവൃത്തികൾ,  അവർക്കിടയിലെ അഹംഭാവങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇതിന്റെയെല്ലാം നേർക്കാഴ്ചയിൽ സംഭവിച്ചതാണ് അമ്മിണിപ്പിള്ള വെട്ടുകേസ്‌. തല്ല് കൊടുക്കാനുള്ള പദ്ധതിയും  അതിനെ ചെറുക്കാനുള്ള ശ്രമത്തിനിടയിലും കഥാപരമായി അനവധി സംഘർഷ മുഹൂർത്തങ്ങൾക്ക് സാധ്യതയുണ്ടെന്ന് വ്യക്തമായി.

സാഹിത്യത്തിലെ ക്രിയാത്മകതയും  സിനിമയും

ഒരിക്കലും സിനിമയാക്കണമെന്ന മുൻവിധിയോടെയല്ല ഒരു കഥയെ സമീപിക്കുന്നത്. കഥയിലെ സ്വാഭാവികത നിലനിർത്തി മുന്നോട്ടുപോകുന്നു. അതിൽ മാത്രമേ ശ്രദ്ധ കൊടുക്കാറുള്ളൂ. കഥാപാത്രത്തെ അതിന്റെ ഒഴുക്കിനൊത്ത് വിടുന്നു. അല്ലാതെ പ്രത്യേക മാനദണ്ഡമൊന്നും സാഹിത്യരചനയിൽ വയ്ക്കാറില്ല. ഇങ്ങനെ സൃഷ്ടിക്കുന്ന കഥകളിലെ ചില ഘടകം അല്ലെങ്കിൽ മൂലആകർഷണങ്ങൾ, അതല്ലെങ്കിൽ ജങ്‌ഷനുകൾ ഇവയെല്ലാമാണ് സിനിമാക്കാരെ ആകർഷിക്കുന്നത്‌. അമ്മിണിപ്പിള്ള വെട്ടുകേസിന്റെ അവസാനം കഥാനായകൻ സ്വയം ജീവനൊടുക്കുന്നതായാണ് കഥയിൽ. എന്നാൽ, സിനിമയിൽ അങ്ങനെയല്ല. തിരക്കഥ ആവശ്യപ്പെടുന്ന ഭാഷ്യം വേറെയാണ്. അതിന് അതിന്റേതായ അളവുകോലുകളുണ്ട്. ആ ഫോർമാറ്റ് സാഹിത്യരചനയിൽ ഏശില്ല.

പത്രപ്രവർത്തനവും എഴുത്തുകാരനും

വിലമതിക്കാനാകാത്ത പാഠങ്ങളാണ് പത്രപ്രവർത്തനത്തിൽനിന്ന് ഉൾക്കൊണ്ടത്. പ്രത്യേക വിഷയങ്ങളെ ഗവേഷണ മനോഭാവത്തോടെ എങ്ങനെ സമീപിക്കണമെന്ന് മനസ്സിലായത് അവിടെനിന്നാണ്. എഴുത്തിൽ കുറച്ചുകൂടി സജീവമായി തുടരണമെന്ന ചിന്തയിൽനിന്നാണ് ആ രംഗം വിടാനുള്ള  തീരുമാനത്തിൽ എത്തിയത്. ജോലി ചെയ്ത മേഖല സമ്മാനിച്ച ഇരിപ്പിടവും അത് പാകിയിട്ട അടിത്തറയും വളരെ വലുതാണ്. ഇത്രയധികം അനുഭവം ജീവിതത്തിൽ പകർന്നുതന്ന പത്രപ്രവർത്തനമേഖലയെ നന്ദിയോടെ സ്മരിക്കുന്നു.

ഭാവി പ്രോജക്ടുകൾ

സിനിമാ മേഖലയിൽ അനിശ്ചിതത്വം ഏറെയാണ്. പലതും ചാഞ്ഞും ചരിഞ്ഞും നിന്നെന്നുവരാം. വർക്കുകൾ മാറിയും തിരിഞ്ഞും ക്രമത്തിലല്ലാതെയും നടന്നെന്നുവരാം. പൃഥ്വിരാജും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാപ്പയുടെ ഷൂട്ടിങ്‌ നല്ല രീതിയിൽ പുരോഗമിക്കുന്നു. ഇതു കഴിഞ്ഞാൽ തുടങ്ങുന്നത് പൃഥ്വിരാജ് തന്നെ നായകനാകുന്ന വിലായത്ത് ബുദ്ധയാണ്. അതോടൊപ്പം ആൽവിൽ ഹെൻറി എന്ന സംവിധായകനുവേണ്ടി ഞാനും മലയാളത്തിലെ സുപ്രസിദ്ധനായ മറ്റൊരു എഴുത്തുകാരനും ചേർന്നൊരുക്കുന്ന തിരക്കഥ. ഇത്രയുമാണ് ഇപ്പോൾ.

ജി ആർ ഇന്ദുഗോപൻ എന്ന സാഹിത്യകാരൻ, തിരക്കഥാകൃത്ത്

കഥകളാണ് എന്നും എന്റെ ലോകം. അതിനെ സാഹിത്യരൂപത്തിലാക്കാനുള്ള വിത്തുപാകി ഇടുന്നിടത്താണ് സംതൃപ്തിയും സന്തോഷവും. തീർച്ചയായും സാഹിത്യകാരനെന്ന ലേബലിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. സിനിമയിലെ തിരക്കഥാകൃത്ത് എന്ന പദവി അതിന്റെ തുടർച്ചയായി സംഭവിക്കുന്നതാണ്. സ്വതന്ത്രമായ സ്ഥലത്തിരുന്ന് കഥകൾ പാകപ്പെടുത്തുന്ന ദൗത്യം തുടർന്നുകൊണ്ടേയിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top