26 April Friday

പാർട്‌ണർമാർക്ക്‌ പങ്കിടാൻ ദുരിതം മാത്രം

പി വി ജീജോUpdated: Monday May 2, 2022

തൊഴിലാളികളുടെ ദൈന്യതയും സമരബോധവും വിഷയമാക്കി ഇടശ്ശേരി ഗോവിന്ദൻ നായർ  ‘പണിമുടക്ക’മെഴുതിയത്‌ സ്വാതന്ത്ര്യപ്പിറവിയിലാണ്‌. ഇതിലെ തൊഴിലാളികളുടെ ദൈന്യതയും നിസ്സഹായതയും ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ ജീവിതചർച്ചയിലും പ്രസക്തമാണ്‌. ഊബർ ഈറ്റ്‌സ്‌ സിഇഒ ദറാ ഖോസ്രോഷാഹിയുടെ ട്വീറ്റ്‌ കൂടി ഇതോടൊപ്പം ചേർത്തുവായിക്കാം.
‘ആദ്യദിനത്തെ ഓട്ടം കഴിഞ്ഞപ്പം എന്ത്‌ സുഖം... 10 ട്രിപ്‌സ്‌, 90 ഡോളർ നേടി’. സാൻഫ്രാൻസിസ്‌കോയിൽ കുറച്ച്‌ സമയം ഭക്ഷ്യവിതരണ ബോയിയായി എത്തിയ വിശേഷവും വരുമാനവുമായിരുന്നു ട്വീറ്റിലെ ഉള്ളടക്കം.  പുതിയ ആളുകളെ ആകർഷിക്കാനും മേധാവിത്വം ഉറപ്പിക്കാനും  ഖോസ്രോഷാഹിയും സൊമാറ്റോ സ്ഥാപകൻ ദിപിന്തർ ഗോയലുമെല്ലാം ഇത്തരം നമ്പർ ഇറക്കാറുണ്ട്‌.

എന്നാൽ, വൻകിടക്കാർ പറയുന്നതല്ല യാഥാർഥ്യം. വിതരണക്കാർക്ക്‌ യൂണിഫോം കൂടി നൽകുന്നില്ല ഈ ഭീമൻമാർ. മൊബൈലും ബൈക്കും സ്വന്തമായി വേണം, റീചാർജ്‌ ചെയ്യണം. ഭക്ഷണം കൊണ്ടുപോകുന്ന ബാഗും വിലകൊടുത്ത്‌ വാങ്ങിയാൽ കിട്ടുന്ന തൊഴിലിന്റെ പേര്‌ ഡെലിവറി പാർട്‌ണർ എന്നാണ്‌. ബാഗിനും യൂണിഫോമിനും ചിലയിടങ്ങളിൽ 1500 രൂപയീടാക്കുന്നു. തവണയാണെങ്കിൽ 1800 മുതൽ 2000 വരെയാകുമിത്‌. കോവിഡിൽ കടകൾ പൂട്ടിയതിനാൽ ഡെലവിറി ബോയിയായി മാറിയ മാൾ മാനേജർ പുറത്തറിയാത്ത ചൂഷണങ്ങൾ വിശദമാക്കി.

നിസ്സഹായ ജീവിതം
ദിനേനയുള്ള പെട്രോൾ വില വർധന എന്ന അമിതഭാരവും ചുമലിലായതോടെ മറ്റൊരു പണി കിട്ടുംവരെ ഇങ്ങനെ ഓടുകയാ ... കോഴിക്കോട്‌ കക്കോടി സ്വദേശി ജഗദീഷിന്റെ വാക്കിലുണ്ട്‌ നിസ്സഹായത.  പ്രവാസിയായ ജഗദീഷ്‌ മസ്‌കറ്റിലേക്കുള്ള തിരിച്ചുപോക്ക്‌ അസാധ്യമായപ്പോഴാണ്‌ ബാഗും വണ്ടിയുമായിറങ്ങിയത്‌. 1500  കിട്ടിയാൽ 600 രൂപ എണ്ണക്കായി മാറ്റണം. എൻജിൻ ഓയൽ, ടയർ, മറ്റ്‌ പ്രശ്‌നങ്ങളുമായാൽ ഒന്നും പോക്കറ്റിലുണ്ടാകില്ല – -ജീവിക്കാനുള്ള നെട്ടോട്ടം ജഗദീഷ്‌ വിവരിച്ചു. കസ്‌റ്റമർ കൂടിയതോടെ ആനുകൂല്യങ്ങൾ പലതും നിഷേധിച്ചു. 25 കിലോമീറ്ററിലധികമുള്ള സർവീസിന്‌ അധിക തുക എടുത്തുകളഞ്ഞു. കാത്തിരിപ്പ്‌ നിരക്കുമില്ല. ഒരോർഡർ നിഷേധിച്ചാൽ അതിനുമുണ്ട്‌ പിഴ.
 ഈ വർഷം ആദ്യം ഉപഭോക്താക്കളിൽ നിന്നീടാക്കുന്ന വിലയെല്ലാം കൂട്ടി. സൗജന്യങ്ങൾ മിക്കതും പിൻവലിച്ചു. നൂറ്‌ രൂപക്കും മറ്റും ലഭിക്കുന്ന ബിരിയാണിക്ക്‌ ഓൺലൈനിൽ 150ന്‌ മുകളിൽ നൽകണം. ഭക്ഷണ വിതരണത്തിലൂടെ കൊള്ള നടത്തുമ്പോഴും അർഹമായത്‌ വിയർത്തൊലിച്ചോടുന്ന പാവങ്ങൾക്ക്‌ നൽകുന്നില്ലെന്നതാണ്‌ സത്യം. അസംഘടിതരായതിനാൽ പ്രതിഷേധവും പ്രതികരണവും ആകട്ടെ ദുർബലവും.

ആറാടുകയാണ്‌ ഓൺലൈനുകൾ
വലിയ ഇൻസെന്റീവ്‌  പ്രഖ്യാപിച്ചായിരുന്നു ഓൺലൈൻ സ്ഥാപനങ്ങളുടെ വരവ്‌. ഉപഭോക്താക്കൾക്കൊപ്പം ജീവനക്കാരെയും മാനിച്ചു. ഡെലിവറി പാർട്‌ണർക്ക്‌ കാത്തിരിപ്പിനും മടക്കത്തിനുമെല്ലാം ബത്ത നൽകി. അഞ്ച്‌ കിലോമീറ്ററിനപ്പുറമാണ്‌ ഓർഡറെങ്കിൽ അധികതുക. കോവിഡ്‌ വന്നതോടെ എല്ലാം മാറി.  
       നാടാകെ അടച്ച്‌  വീട്ടിലിരുന്ന വേളയിൽ വളർന്ന പ്രധാന മേഖല ഓൺലൈൻ ഭക്ഷ്യവിതരണവും /സാധന വിൽപ്പനയുമായിരുന്നു. മലയാളിയുടെ അഭിരുചി പെട്ടിക്കടയിൽനിന്നും മാളിൽനിന്നും ആമസോണിലേക്കും ഫ്ലിപ്‌കാർടിലേക്കും ലോഗിൻ ആയി.  ഉപ്പ്‌ മുതൽ ഉപ്പിലിട്ടതുവരെപേറി  നാട്ടിൻപുറങ്ങളിൽവരെ  ഡെലിവറി ബോയിമാർ പാഞ്ഞതോടെ കമ്പനികൾ ആറാടുകയായിരുന്നു. ഡെലിവറി പാർട്‌ണേഴ്‌സിനാകട്ടെ കഷ്‌ടകാലവുമായി. ആനുകൂല്യങ്ങൾ ഒന്നൊന്നായി നിർത്തി. അഞ്ച്‌ കിലോമീറ്ററിനുള്ളിലാണെങ്കിൽ 30 രൂപ കൊടുത്തിരുന്നു. 
       തിരക്കേറിയ സമയം(വൈകിട്ട്‌ 6–-9)സർജ്‌ ചാർജുണ്ടായിരുന്നു. ഹോട്ടലിൽ  കാത്തിരിപ്പിനും ചില്ലറ കിട്ടിയിരുന്നു. മഴയിൽ 20ഉം 25ഉം രൂപ അധികം നൽകിയ കമ്പനികളുണ്ടായിരുന്നു.  പക്ഷേ, മഴയുടെ ചിത്രമെടുത്ത്‌ വാട്‌സ്‌ആപ്പിൽ അയക്കണം. 

(തുടരും)

ഓൺലൈൻ തൊഴിൽ ജീവിതം ഓഫ്  ലൈൻ പരമ്പരയുടെ ആദ്യഭാ​ഗം: https://www.deshabhimani.com/special/online-food/1017100


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top