25 April Thursday

ജീവിതം വിളമ്പുന്ന അത്താഴപ്പഷ്‌ണിക്കാർ

പി വി ജീജോUpdated: Sunday May 1, 2022

ഭക്ഷണവിതരണ തൊഴിലാളികളെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുക നടി സുരഭിലക്ഷ്‌മിയുടെ ‘ഫുഡ്‌പാത്ത്‌ ’എന്ന ഹ്രസ്വചിത്രമാണ്‌. ഭക്ഷണം വിതരണംചെയ്യുന്നൊരാളുടെ ജീവിതമാണിതിൽ. ഓർഡർ ചെയ്ത ഭക്ഷണം വൈകിയെത്തിക്കുമ്പോൾ കേൾക്കുന്ന അധിക്ഷേപം, അതിനിടയിൽ അയാളുടെ മകന്റെ വിശപ്പുമൊക്കെയാണീ  ഹ്രസ്വചിത്രത്തിൽ. ആ സിനിമക്കുശേഷം  ഓർഡർചെയ്‌ത ഭക്ഷണവുമായി കൊച്ചിയിലെ ഫ്ലാറ്റിലെത്തിയ ഡെലിവറി ബോയിയെ സമ്മാനപ്പൊതികൾ നൽകി സ്വീകരിച്ച്‌ സുരഭി ശരിക്കും ഞെട്ടിച്ചു. വടകര സ്വദേശി  സമീറിനെയാണ്‌  വരവേറ്റത്‌. എറണാകുളത്ത്‌ വിദ്യാർഥിയായ സമീർ പഠനത്തിനെടുത്ത കടംവീട്ടാനാണ്‌ പാർട്‌ടൈമായി ഡെലിവറിബോയ്‌ ആയത്‌.

സമീറിനുണ്ടായ ഈ അനുഭവമല്ല മറ്റ്‌ തൊഴിലാളികൾക്ക്‌ പറയാനുള്ളത്‌. സൊമാറ്റോ, സ്വിഗി, പൊട്ടാഫോ, യൂബർ ഈറ്റ്‌സ്‌... പേരെന്തുമാകട്ടെ  ആഹാരവുമായി  വാതിൽപ്പടിയിലെത്തുന്ന ഇവരുടെ ജീവിതം അത്ര  മധുവൂറുന്നതല്ല. പേരും വ്യക്തിത്വവും തിരിച്ചറിഞ്ഞാൽ ഉള്ള പണിയും നഷ്‌ടമാകുമെന്നതിനാൽ ഇതൊക്കെ മറച്ചുവച്ചാണ്‌ അവർ അനുഭവങ്ങൾ പങ്കിടുന്നത്‌.  

കൊട്ടാരക്കര സ്വദേശിയായ രവീന്ദ്രന്റെ ജീവിതകഥയിൽ തുടങ്ങാം. ‘‘അമ്പത്തഞ്ചുവയസ്സായെനിക്ക്‌. ഡ്രൈവറായിരുന്നു. കോവിഡും അടച്ചുപൂട്ടലും വന്ന്‌ ആ പണിപോയി.  ബന്ധു സഹായിച്ചാണ്‌ കൊച്ചിയിലെത്തിയത്‌. ബൈക്ക്‌, റൂം വാടക... എല്ലാമുണ്ടാക്കി ഭക്ഷണവിതരണക്കാരനായി ആറുമാസം ജോലിയെടുത്തു. ആയിരം രൂപ കിട്ടിയാൽ മൂന്നിലൊന്ന്‌  പെട്രോളിന്‌ വേണം.  ഇത്‌ തുടരുമ്പഴാ ബൈക്ക്‌ കേടായത്‌. ആക്‌സിൽ ഒടിഞ്ഞതാ. വർക്ക്‌ഷോപ്പിൽനിന്ന്‌ പറഞ്ഞത്‌ പതിനയ്യായിരം രൂപ. ടീം ലീഡർ മുതൽ കിട്ടാവുന്ന കമ്പനി പ്രതിനിധികളെയൊക്കെ വിളിച്ചു. വിഷുവിന്‌ മകൾക്ക്‌ കുഞ്ഞുടുപ്പ്‌, പടക്കം... എല്ലാ മോഹങ്ങളും കത്തിയമർന്ന്‌ വാടകവീട്ടിൽനിന്ന്‌ പുറത്തായിട്ടും ഈ തൊഴിലാളിയെ സഹായിക്കാൻ ജോലിയെടുക്കുന്ന ബഹുരാഷ്‌ട്ര കമ്പനി തയ്യാറായില്ല.

ശൂന്യതയിലുള്ള കാണാനാകാത്ത തൊഴിൽ ഉടമയാണ്‌ ഗിഗ്‌ തൊഴിലാളിമേഖലയിലെ വലിയ പ്രശ്‌നം. ഡെലിവറി ബോയിയായി ചേരുംവരെ തുടർച്ചയായി ഫോൺവിളി, കുശലങ്ങൾ...  പിന്നെ ഓർഡർ സ്വീകരിക്കൽ, ഡെലിവറി, ഓട്ടം... അതിനിടയിൽ അപകടം പറ്റിയാലോ ജീവൻപോയാലോ തിരിഞ്ഞുനോക്കാത്ത ശരിക്കും കണ്ണും കാതുമില്ലാത്ത മുതലാളി. വിപണിക്കായി പരസ്‌പരം മത്സരിക്കുന്ന ബഹുരാഷ്‌ട്ര ഭീമന്മാർ മുതൽ തഴച്ചുവളരുന്ന നാടൻ ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങൾവരെ എല്ലാത്തിനും ഇക്കാര്യത്തിൽ ഒറ്റമുഖമാണ്‌; ഒടുങ്ങാത്ത ചൂഷണത്തിന്റെയും ആർത്തിയുടെയും.


കസ്റ്റമർ കിങ്‌... പ്രജയല്ലാത്ത തൊഴിലാളിയും

തുടയെല്ല്‌ പൊട്ടി മൂന്നുമാസമായി കിടക്കപ്പായയിലാണ് കോഴിക്കോട്‌ സ്വദേശി കെ വി  മഹേഷ്. ഓണക്കാലത്ത്‌ സദ്യയുമായി പായുന്നതിനിടയിലായിരുന്നു അപകടം. തുച്ഛമായ തുകയാണ്‌ സ്ഥാപനം നൽകിയത്‌. പ്രായമായ അച്ഛനമ്മമാരെ ആശ്രയിച്ചാണിന്ന്‌ മഹേഷിന്റെ ജീവിതം.  വർക്ക്‌ഷോപ്പിലെത്തിച്ച വണ്ടി നന്നാക്കാനാകാതെ തൂക്കിവിറ്റു. സാധാരണ ജീവിതം ഇനിയും മാസങ്ങൾ കഴിഞ്ഞാലേ സാധ്യമാകൂ.
തൃശൂർ റൗണ്ടിലാണ്‌ സേവ്യർ അപകടത്തിൽപ്പെട്ടത്‌. അപകട സന്ദേശമറിയിച്ചപ്പോൾ  ആയിരങ്ങൾ മതിക്കുന്ന ഓർഡർ ഉടനെത്തിക്കാനായിരുന്നു കൽപ്പന. ഉപഭോക്താവിന്റെ സന്മനസ്സിലാണ്‌ സേവ്യർ അന്ന്‌ രക്ഷപ്പെട്ടത്‌.

 തങ്ങൾ തൊഴിൽ ഉടമയല്ല സേവനദാതാവാണ്‌ എന്നതാണിത്തരം സമയങ്ങളിൽ കമ്പനികളുടെ വിശദീകരണം. തൊഴിലാളിയെന്നല്ല പങ്കാളി എന്നുവിളിച്ച്‌ മോഹിപ്പിക്കും. എന്നാൽ ഓടിത്തളരുന്നതിലല്ലാതെ മറ്റൊന്നിലും തൊഴിലാളിക്ക്‌ പങ്കാളിത്തമില്ല.
        (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top