01 July Friday

സേവനത്തിന്‌ കൂലി നന്ദികേടോ...

പി വി ജീജോUpdated: Wednesday May 4, 2022

കോളറയുടെ കാലത്തെ ജീവിതമാണ്‌  തകഴി ശിവശങ്കരപ്പിള്ളയുടെ ‘തോട്ടിയുടെ മകനി’ൽ വരച്ചുകാട്ടിയത്‌. കോളറ ബാധിച്ച്‌ മരിച്ച തൊഴിലാളികളായ ചുടലമുത്തുവിന്റെയും വള്ളിയുടെയും ദയനീയ ജീവിതം അതിൽ വായിക്കാം. തൊഴിലാളികളെ മരണത്തിനെറിഞ്ഞുകൊടുക്കുന്ന കോവിഡാനന്തരകാലത്തെ അനുഭവം തകഴിയുടെ കഥക്ക്‌ പുതിയവായന പകരുന്നു. രോഹിതിന്റെ ജീവിതം ഇതിന്‌ അനുബന്ധമാണ്‌.

പ്രണയിച്ച്‌ വിവാഹിതനായിട്ട്‌ ആറുമാസം. പങ്കാളിയുമായി മലപ്പുറം അതിർത്തിയിലാണ്‌ താമസം. വിഷുവിനടുത്ത നാൾ നെയ്‌ച്ചോറുമായി പോകുന്നതിനിടെ ബൈപാസിൽ വണ്ടിയിടിച്ചുതെറിപ്പിച്ചു. തലച്ചോർ പൊട്ടിച്ചിതറി. ദാരുണമായി മരിച്ച ഈ തൊഴിലാളിയുടെ മൃതദേഹം മറവുചെയ്യാൻ നാട്ടുകാരുടെ കാരുണ്യമേയുണ്ടായുള്ളു. കണ്ണീർക്കടലിലായ പങ്കാളിയെ സമാശ്വസിപ്പിക്കാൻ, ചെറിയ സഹായമെങ്കിലും നൽകാൻ കമ്പനിയോ പ്രതിനിധികളോ ആരുമെത്തിയില്ല. തൊഴിൽദാതാവല്ല, സേവനദാതാക്കളാണ്‌ എന്ന മറുപടിയാണ് ഉത്തരം. കത്തുന്ന ചൂട്, മഴ, വാഹനപ്രളയം എല്ലാം താണ്ടി  കമ്പനിയുടെ ഏജന്റുമാരായി ജോലിചെയ്യുന്നവരെ മനുഷ്യരായി പോലും ഗിഗ്‌ മുതലാളിമാർ കാണുന്നില്ല. ഹോട്ടൽ ഭക്ഷണമോ മറ്റ്‌ ഉപഭോക്തൃസാധനങ്ങളോ ആവശ്യപ്പെടുന്നവർക്ക്‌ പറയുന്നിടത്ത്‌ എത്തിച്ചു നൽകുന്ന പ്ലാറ്റ്‌ഫോം മാത്രമാണ്‌ ഒരുക്കുന്നത്‌. തൊഴിൽ രഹിതർക്ക്‌ ഒരാപ്പിലൂടെ തൊഴിലേകുക എന്ന സേവനംചെയ്യുന്നവരെന്നാണ്‌ അവകാശവാദം.

സ്വന്തമായി തൊഴിലിടംവേണ്ട, തൊഴിലാളിവേണ്ട, എന്തിന്‌ ഹോട്ടലോ സൂപ്പർമാർക്കറ്റോ ഒന്നുമില്ലാതെ ലാഭംകൊയ്യുന്ന സംരംഭം. പത്തും പന്ത്രണ്ടും മണിക്കൂർ ഓടിയാൽ കിട്ടുന്ന പ്രതിഫലം ജീവിക്കാൻ തികയാതെ പ്രതികരിക്കുന്ന തൊഴിലാളിക്കാകട്ടെ നേരിടേണ്ടിവരിക പ്രതികാരനടപടിയും. ചൂഷണം തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാത്തവരാണ്‌ ഭൂരിഭാഗവുമെന്നതാണ്‌ സങ്കടകരം.  മേഖലയിൽ അമ്പതുശതമാനത്തിലേറെ യുവാക്കളാണ്‌. നല്ലൊരുപങ്ക്‌ വിദ്യാർഥികളോ പാർട്‌ടൈം ജോലിക്കാരോ. ധാരാളം യുവതികളുമുണ്ട്‌. മാന്യമായ വേതനം, അവകാശം,  സംഘടന ഒന്നുമില്ലാതെ  ഇരകളായി തുടരുകയാണീ അസംഘടിതർ. പിഎഫ്‌, ബോണസ്‌, ശമ്പളവർധന തുടങ്ങി തൊഴിലാളിയുടെ പദവിക്കർഹമായ ഒന്നും കിട്ടാതെ രാപ്പകലോട്ടമാണ്‌.

തിരുവനന്തപുരത്തും കൊച്ചിയിലും ഈയടുത്തുണ്ടായ ചെറിയ പ്രതിഷേധങ്ങളാണിതിന്‌ അപവാദം. പ്രതിഫലം വെട്ടിക്കുറച്ചതിനായിരുന്നു സ്വിഗിയിലെ ഡെലിവറി ബോയ്‌സ്‌ തിരുവനന്തപുരത്ത്‌ സമരത്തിനിറങ്ങിയത്‌. തൊഴിലാളികൾക്ക്‌ ദാതാവിനോട്‌ ആവശ്യമുന്നയിക്കാനുള്ള വേദിയില്ല എന്നതാണ്‌ പ്രധാന പ്രശ്‌നം. ആരെങ്കിലും കുറച്ചുപേരുപേക്ഷിച്ചാലും മറ്റാളുകളെ ലഭിക്കുന്നു എന്നതും കോർപറേറ്റ്‌ ഭീമന്മാർ നിയന്ത്രിക്കുന്ന ഓൺലൈൻ ഡെലിവറി രംഗത്തിന് തുണയാണ്‌. തൊഴിൽസുരക്ഷയും  ക്ഷേമനിധിയടക്കമുള്ള പദ്ധതിയും ഗിഗ്‌ തൊഴിലാളികളെന്ന്‌ വിളിക്കുന്ന ഓൺലൈൻ തൊഴിലാളികൾക്കില്ല. തൊഴിൽവകുപ്പിന്റെ  ഇടപെടലും പരിഗണനയുമുണ്ടായാൽ കുറേക്കൂടി മാന്യമായ തൊഴിൽ അന്തരീക്ഷമുണ്ടാകും.

അടച്ചിട്ടപ്പോഴും അഞ്ചരലക്ഷം ബിരിയാണി
അടച്ചിടൽകാലത്ത്‌ മൂന്ന്‌ മാസംകൊണ്ട്‌ രാജ്യത്ത്‌ സ്വിഗി വഴി കൂടുതൽ പേർ ആവശ്യപ്പെട്ട വിഭവം ബിരിയാണിയാണ്‌. അഞ്ചരലക്ഷം തവണ ഈ ഇഷ്‌ടവിഭവത്തിന്‌ ഓർഡർ ചെയ്‌തു. 3.35 ലക്ഷം പേർ ബട്ടർനാനും 3.31 ലക്ഷം പേർ  മസാലദോശയും വാങ്ങി. 1.2 ലക്ഷം കേക്കും വിതരണംചെയ്‌തു. രോഗഭീതി പരന്ന കാലത്തും കച്ചവടം പൊടിപൊടിച്ചെന്നർഥം.


(തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top