20 April Saturday

തുമ്പക്കുടങ്ങൾക്കൊപ്പം 
തുമ്പികളും മായുന്നു

പി സി സോമശേഖരൻUpdated: Friday Aug 13, 2021

ആഫ്രിക്കയിൽനിന്ന്‌ കരയും കടലും താണ്ടിയെത്തുന്ന തുലാത്തുമ്പി


നെടുമ്പാശേരി
തുമ്പക്കുടങ്ങളുടെ തുഞ്ചത്ത് ഊഞ്ഞാലാടുന്ന തുമ്പികൾ കവിതകളിലും കാൽപ്പനികതയിലും ഒതുങ്ങുമോയെന്ന്‌ ആശങ്ക.  പാത്തുപതുങ്ങിയെത്തി തുമ്പിയെ പിടിച്ച്‌ കല്ലെടുപ്പിച്ചിരുന്ന ബാല്യങ്ങൾക്കൊപ്പം തൊടികളിൽ വട്ടമിട്ട് പറന്നിറങ്ങിയിരുന്ന തുമ്പിക്കൂട്ടങ്ങളും കേരളത്തിന്റെ കാഴ്‌ചകളിൽനിന്ന്‌ മെല്ലെ മറയുകയാണ്‌. മുപ്പതോളം ഇനങ്ങൾ ഇതിനകം കേരളത്തിൽനിന്ന്‌ അപ്രത്യക്ഷമായെന്ന്‌ തുമ്പികളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനുമായി  പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ് (എസ്‌ഒഎസ്) പറയുന്നു.

എസ്ഒഎസ് സംഘത്തിലെ അംഗം 
സന്തോഷ് കുമാർ മേയ്ക്കാവ്

എസ്ഒഎസ് സംഘത്തിലെ അംഗം 
സന്തോഷ് കുമാർ മേയ്ക്കാവ്

ഷഡ്പദങ്ങളുടെ വംശത്തിൽ ഒഡോണേറ്റ എന്ന ഗണത്തിലാണ് തുമ്പികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിലെ  ഉപഗണങ്ങളായ സൂചിത്തുമ്പികളും കല്ലൻതുമ്പികളുമാണ്‌ കേരളത്തിലുള്ളതെന്ന്‌ എസ്ഒഎസിലെ സജീവാംഗവും സിയാൽ ജീവനക്കാരനുമായ സന്തോഷ് കുമാർ മേയ്ക്കാവ് പറയുന്നു. നൂറിനം കല്ലൻതുമ്പികളെയും 74 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്‌. ഇതിൽ 67 ഇനത്തെ പശ്ചിമഘട്ടത്തിൽമാത്രമേ കാണാൻ കഴിയൂ. എഴുപതോളം ഇനങ്ങളുടെ ചിത്രങ്ങൾ സന്തോഷ് കുമാറിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

എറണാകുളം ജില്ലയിലെ തട്ടേക്കാട്, വയനാട്ടിലെ കുറവാ ദ്വീപ്, തിരുവനന്തപുരം ജില്ലയിലെ കല്ലാർ, കോഴിക്കോട്ടെ തുഷാരഗിരി എന്നിവിടങ്ങളിലാണ്‌ തുമ്പികളെ കൂടുതലായി കണ്ടെത്തിയത്.  ജലാശയങ്ങളിൽ നേരിട്ടോ അതിനടുത്തുള്ള കമ്പുകളിലോ പുല്ലുകളിലോ ഒക്കെയാണ് തുമ്പികൾ മുട്ടയിടുന്നത്.  മുട്ട വിരിഞ്ഞ് ലാർവകളാകാൻ ഒരാഴ്ചമുതൽ ഒരുമാസംവരെ വേണം.

ലാർവകൾ ശുദ്ധജലത്തിലാണ് കഴിയുന്നത്. തുമ്പികളുടെ ജീവിതചക്രത്തിലെ ഏറ്റവും നീണ്ട കാലയളവ് ലാർവകളായാണ്. ഇത് ചിലപ്പോൾ മാസങ്ങൾതന്നെ നീളാറുണ്ട്. ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ തുമ്പികൾക്കും ഭീഷണിയായി. പാടശേഖരങ്ങൾ അപ്രത്യക്ഷമായതും കൃഷിയിടങ്ങളിലെ രാസ കീടനാശിനികളും ലാർവകളുടെ നിലനിൽപ്പിനെ ബാധിച്ചു.  നഗരങ്ങളിലെ തോടുകൾ മാലിന്യവാഹിനികളായതിനാൽ തുമ്പികൾക്ക് അവിടെ പ്രജനനം സാധ്യമല്ല. 

നമ്മുടെ നാട്ടിൽ ഒക്ടോബറോടെ കാണുന്ന തുലാത്തുമ്പികൾ ആഫ്രിക്കയിൽനിന്നുള്ള ദേശാടകരാണ്. മറ്റു ചില തുമ്പികളുടെയും ചെറിയ ദേശാടനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഓണസമയത്ത് ധാരാളമായി കാണുന്ന ശലഭത്തുമ്പികളെയാണ്   ഓണത്തുമ്പികളെന്ന് വിളിക്കാറ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top