ന്യൂഡൽഹി> ജന്മം കൊണ്ട് ഡൽഹിക്കാരിയാണെങ്കിലും ഡോ. അംന മിർസ ഓണത്തിരക്കിലാണ്. എഴുത്തുകാരിയും അധ്യാപികയും ക്യുറേറ്ററുമായ അംന കേരളത്തിന്റെയും ഓണത്തിന്റെയും ആരാധികയും പ്രചാരകയുമാണ്. ഇക്കുറി ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമിട്ട് കേരളീയവേഷത്തിൽ ഫോട്ടോഷുട്ടും നടത്തി സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ആഘോഷമാക്കിയിരിക്കുകയാണ് ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപിക കൂടിയായ അവർ.

അംന ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത ഫോട്ടഷൂട്ട്
ഡൽഹി സെന്റ് സ്‌റ്റീഫൻസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ തുടങ്ങിയതാണ് അംനയുടെ കേരളപ്രേമം. സുഹുത്തുകളായി മലയാളികൾ ഏറെപ്പേരുണ്ടായിരുന്നു. അവർ വഴി കേരളത്തിന്റെ സംസ്‌ക്കാരത്തെപ്പറ്റിയും ഓണത്തിന്റെ പത്തുദിവസത്തെ ആഘോഷ ങ്ങളെപ്പറ്റിയും പലതും കേട്ടു. പലവട്ടം കേരളത്തിൽ വന്നു. ഓണസദ്യയും തിരുവാതിര കളിയും പൂക്കളവും വളരെ പരിചിതം. കഴിഞ്ഞവർഷവും ഡൽഹിയിലെ വസതിയിൽ ഓണം ആഘോഷിച്ച അംന ഇത്തവണ പൂക്കളവും ഫോട്ടോ ഷുട്ടുമായി ആഘോഷം വിപുലമാക്കിയിരിക്കുകയാണ്.
‘‘ കേരളം വേറിട്ട നാടാണ്. ഓരോതവണ വരുമ്പോഴും ആ നാടിന്റെ സൗന്ദര്യത്തിനും സംസ്‌ക്കാരത്തിനും തിളക്കം കൂടിവരുന്നതായേ തോന്നിയിട്ടുള്ളൂ. കേരളത്തിന്റെ ആരാധികയാണ് ഞാൻ; ഓണത്തിന്റെയും. ഈ നാടിനെയും അതിന്റെ മതനിരപേക്ഷ നിലപാടുകളെയും ഞാൻ സ്‌നേഹിക്കുന്നു’’‐അവർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..