14 August Sunday

വാക്‌സിൻ വിപ്ലവം

സുനീഷ്‌ ജോ suneeshJo05@gmail.comUpdated: Sunday Dec 5, 2021

പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌

കേരളത്തിൽ ഒരു വാക്‌സിൻ  നിർമാണ ഹൗസുണ്ടായിരുന്നു. തിരുവനന്തപുരം റെഡ്‌ക്രോസ്‌ റോഡിലെ സ്റ്റേറ്റ്‌ പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌. പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സിനുകൾ 1994 വരെയും  അവിടെ ഉൽപ്പാദിപ്പിച്ചിരുന്നു. സാങ്കേതിക സൗകര്യം മെച്ചപ്പെടുത്താതെ യാത്ര തുടർന്ന യൂണിറ്റിന്‌ 1993ൽ ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യയുടെ സ്റ്റോപ്പ്‌ മെമ്മോ. 1994ൽ അന്നത്തെ യുഡിഎഫ്‌ സർക്കാർ അതിന്‌ താഴിട്ടു. 2021 ൽ സംസ്ഥാനം വാക്‌സിൻമേഖലയിലേക്ക്‌. തോന്നയ്‌ക്കൽ ലൈഫ്‌ സയൻസ്‌ പാർക്കും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമൊക്കെ ആ വഴിയെ യാത്ര തുടങ്ങിയിരിക്കുന്നു. പഴയതും പുതിയതുമറിയാം

‘പട്ടിക്ക്‌ പേ വരാതിരിക്കാൻ കുത്തിവയ്‌ക്കാനുള്ള വാക്‌സിൻ അയച്ചുതരണം. എത്രകാലം അതിന്റെ ഗുണം ലഭിക്കും?’  സന്ദേശമെഴുതാനുള്ള ഭാഗത്ത്‌ ഒരഭ്യർഥനയും ഒരു ചോദ്യവും കുറിച്ച്‌  പത്തനംതിട്ട ഓമല്ലൂരിലെ കമലമ്മ തിരുവനന്തപുരത്തുള്ള പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌ ഡയറക്ടർക്ക്‌ പത്തു രൂപ മണി ഓർഡർ അയക്കുന്നു. 1977 മെയ്‌ മാസം. കോവിഡും കോവിഡ്‌ വാക്‌സിനും സജീവ ചർച്ചയാകുന്ന ഇക്കാലത്ത്‌ ആ മണി ഓർഡർ ഫോമിലെ ആവശ്യവും അതിൻമേലുള്ള നടപടിയും കൗതുകമുണ്ടാക്കും. 

ഡോ. സി ഒ കരുണാകരൻ

ഡോ. സി ഒ കരുണാകരൻ

പേ വിഷബാധയ്‌ക്കെതിരെ മനുഷ്യരിലും മൃഗങ്ങളിലും കുത്തിവയ്‌ക്കുന്ന വാക്‌സിൻ കേരളത്തിൽ ഉൽപ്പാദിപ്പിക്കുകയും അവ തപാൽമാർഗം ആവശ്യക്കാരിലെത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌. പബ്ലിക്‌ ഹെൽത്ത്‌ ലാബിന്റെ ‘ക്യാപ്‌റ്റൻ’ ഡോ. സി ഒ കരുണാകരന്റെ നേതൃത്വത്തിലായിരുന്നു  വാക്‌സിൻ നിർമാണത്തിന്റെ തുടക്കം. റാബിസ്‌ വാക്‌സിൻ മാത്രമല്ല കോളറ വാക്‌സിനും ടൈഫോയ്‌ഡ്‌ വാക്‌സിനും നിർമിച്ചിരുന്നു. 1980ൽ കാലാവധി തീർന്ന  ഒരുലക്ഷം എംഎൽ കോളറ വാക്‌സിനും 18000 എൽഎൽ ടൈഫോയ്‌ഡ്‌ വാക്‌സിനും നശിപ്പിച്ചിട്ടുണ്ട്‌! 1937ൽ തുടങ്ങി 1994 വരെയായിരുന്നു വാക്‌സിൻ നിർമാണം. അന്നത്തെ യുഡിഎഫ്‌ സർക്കാർ വാക്‌സിൻ നിർമാണ യൂണിറ്റ്‌ അടച്ചുപൂട്ടിയതോടെ അവസാനിച്ചത്‌ ഒരു യുഗം. രാജ്യത്തെ പ്രമുഖ ഡോക്ടറായിരുന്ന  സി ഒ കരുണാകരനെ കാണാൻ പെൻസിലിൻ കണ്ടുപിടിച്ച അലക്‌സാണ്ടർ ഫ്‌ളെമിങ്‌ അമ്പതുകളിൽ തിരുവനന്തപുരത്ത്‌ എത്തിയിരുന്നു. അങ്ങനെ എത്തിയ അദ്ദേഹം  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ കോളേജ്‌ യൂണിയൻ ഉദ്‌ഘാടനവും നിർവഹിച്ചു.

വസൂരി(1796)ക്ക്‌ പിന്നാലെ കോളറ(1880), ടൈഫോയ്‌ഡ്‌ (1896), പ്ലേഗ്‌ (1897),പോളിയോ(1952),ആന്ത്രാക്‌സ്‌(1954)... തുടങ്ങി ഒന്നിനുപിറകെ ഒന്നായി വാക്‌സിൻ കണ്ടുപിടിത്തങ്ങൾ. 2020ൽ കോവിഡ് വാക്‌സിനുകളുടെ  കണ്ടുപിടിത്തത്തിലൂടെ മഹാമാരിയെ ശാസ്‌ത്രമനുഷ്യൻ തട്ടിയകറ്റി. ഈവർഷം കേരളം സുപ്രധാന ചുവടുവച്ചു. വാക്‌സിൻ നിർമാണമേഖലയിലേക്ക്‌ കടക്കുമെന്ന് പ്രഖ്യാപനം. തോന്നയ്‌ക്കൽ ലൈഫ്‌ സയൻസ്‌ പാർക്കിൽ അതിനുള്ള ആലോചന പുരോഗമിക്കുകയാണ്‌.  

ആദ്യകഥ

ഡോ. കെ ജെ രാധ

ഡോ. കെ ജെ രാധ

മുപ്പത്‌ വർഷം പബ്ലിക്‌ ഹെൽത്ത്‌ ലാബിൽ ജോലി ചെയ്യുകയും ഒരുഘട്ടത്തിൽ വാക്‌സിൻ നിർമാണത്തിന്‌ നേതൃത്വം നൽകുകയും ചെയ്‌തിട്ടുണ്ട്‌ ഡോ. കെ ജെ രാധ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 1955  എംബിബിഎസ്‌ ബാച്ചുകാരി. തൊടുപുഴക്കാരിയായ രാധ 1964ലാണ്‌  തിരുവനന്തപുരത്തെ സ്റ്റേറ്റ്‌ പബ്ലിക്‌ ഹെൽത്ത്‌ ലാബിൽ എത്തുന്നത്‌. പടിപടിയായി ഉയർന്ന്‌ ലാബിന്റെ ഡയറക്ടറുമായി. ഡിഎച്ച്‌എസിൽനിന്ന്‌ അഡീഷണൽ  ഡയറക്ടർ (പ്ലാനിങ്‌) പദവിയിലിരിക്കെ 1994ൽ വിരമിച്ചു. പഴയ റാബിസ്‌ വാക്‌സിൻ നിർമാണം അവരിലൂടെ അറിയാം. തിരുവനന്തപുരം റെഡ്‌ ക്രോസ്‌ റോഡിലാണ്‌ സ്റ്റേറ്റ്‌ പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌. കേരളത്തിന്റെ പഴയ വാക്‌സിൻ ഹൗസ്‌! വളപ്പിൽ വലിയ അനിമൽ ഹൗസ്‌ 1994 അവസാനംവരെയുണ്ടായിരുന്നു.

ആട്ടിൻ തല

ആടിന്റെ തലച്ചോർ ഉപയോഗിച്ചാണ്‌ റാബിസ്‌ വാക്‌സിൻ പബ്ലിക്‌ ഹെൽത്ത്‌ ലാബിൽ നിർമിച്ചിരുന്നത്‌.  റാബിസ്‌ വൈറസ്‌ ജീവനുള്ള ശരീരത്തിൽ മാത്രമേ വളരുകയുള്ളൂ. ജീവനിരിക്കുമ്പോൾ വൈറസ്‌ കൊടുക്കണം. ആടിന്റെ തലയിൽ വൈറസ്‌ കുത്തിവയ്‌ക്കും. ആടിന്‌ രോഗം വരും. അവസാന ഘട്ടത്തിലേക്ക്‌ പോകുമ്പോൾ ഗുരുതരമായി തളരും. കശാപ്പ്‌ ചെയ്യും. തല എടുക്കും. അതിൽനിന്ന്‌ തലച്ചോറ്‌ ശേഖരിക്കും. കണ്ടെയ്‌നറിൽ സൂക്ഷിക്കും. ഓരോന്നിനും നമ്പറിടും. തലച്ചോർ  മിക്‌സിയിലടിച്ച്‌ പേസ്‌റ്റ്‌ രൂപത്തിലാക്കും. വൈറസിനെ ആക്ടീവ്‌ അല്ലാതെ ആക്കുന്നതിന്‌ കാർബോളിക്‌ ആസിഡ്‌ ചേർക്കും. ഈഘട്ടത്തിൽ പ്രിസർവേഷനും നടക്കും. പിന്നീട്‌ അത്‌ നേർപ്പിക്കും. ആവശ്യാനുസരണം വിതരണത്തിന്‌ പാകപ്പെടുത്തും. ഓരോ ഘട്ടത്തിലും വിദഗ്‌ധ പരിശോധന നടക്കും. അന്തിമ ഘട്ടത്തിലെ ഗുണമേന്മ പരിശോധനകൂടി കഴിയുമ്പോഴാണ്‌ വാക്‌സിൻ കുത്തിവയ്‌പ്പിനെടുക്കുന്നത്‌. ചിലപ്പോൾ കൂനൂരുള്ള പാസ്‌ച്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദഗ്‌ധ പരിശോധനയ്‌ക്ക്‌ അയക്കും. 5എംഎൽ, 10 എംഎൽ എന്നിങ്ങനെയാണ്‌ നായയുടെ കടിയേറ്റവർക്ക്‌ കൊടുത്തിരുന്നത്‌. പതിനാല്‌ ദിവസം തുടർച്ചയായുള്ള കുത്തിവയ്‌പായിരുന്നു. പൊക്കിളിന്‌ ചുറ്റുമാണ്‌ വാക്‌സിൻ എടുത്തിരുന്നത്‌.

കടി മൂന്നുതരം

നായയുടെ കടിയേൽക്കുന്നതിനെ മൂന്നായി തരം തിരിച്ചിരുന്നു. ക്ലാസ്‌ ഒന്നിൽ കാര്യമായ മുറിവ്‌ ഉണ്ടാകില്ല. ഒന്നു നക്കിപോവുകയോ മുറിവ്‌ ഇല്ലാതിരിക്കുകയോ ചെയ്യുന്നതാണിത്‌. ഈ ഘട്ടത്തിലും ആളുകൾക്ക്‌ രോഗഭീതിയുണ്ടാകും. ഇത്തരക്കാർക്ക്‌ 2 എംഎൽ ഏഴുദിവസം കൊടുക്കും. ക്ലാസ്‌ രണ്ടിൽ വരുന്നത്‌  മാന്തൽ, ചെറിയ രീതിയിലുള്ള പരിക്ക്‌ എന്നിവയാണ്‌ പെടുത്തിയിരുന്നത്‌. മൂന്നിലാവട്ടെ ആഴത്തിലുള്ള മുറിവ്‌. മുഖത്തോ, കഴുത്തിലോ ഉള്ള പരിക്ക്‌ എന്നിവയൊക്കെപ്പെട്ടിരുന്നു. വൈറസ്‌ തലച്ചോറിൽ ഏറ്റവും വേഗത്തിൽ എത്തുന്നത്‌ ഈ ക്ലാസിലാണ്‌.  ഇതിനാണ്‌ കൂടുതൽ അളവ്‌ ഡോസ്‌ കൊടുക്കുന്നത്‌. 10 എംഎൽ. (മോഡേൺ വാക്‌സിനിൽ ഈ വേർതിരിവില്ല. അളവ്‌ കുറച്ച്‌ മതി. നാല്‌ തവണയായി ചുരുങ്ങുകയും ചെയ്‌തിട്ടുണ്ട്‌).  

ആടിന്റെ ഭാരം 

ആരോഗ്യമുള്ള 15 കിലോ ഭാരമെങ്കിലുമുള്ള ആടുകളെയാണ്‌   അനിൽമൽ ഹൗസിലേക്ക്‌ എടുത്തിരുന്നത്‌. ചില വിരുതന്മാർ ആടിനെ വെള്ളംകുടിപ്പിച്ച്‌ ഭാരം കൂട്ടാൻ ശ്രമിക്കും.  12 കിലോ മുതൽ ഉള്ള ആടുകളെ ലഭിക്കുന്നതിനായി പത്രപ്പരസ്യം വന്നിരുന്നു. വിൽപ്പനക്കാരുടെ തട്ടിപ്പ്‌ മറികടക്കാൻ ചില നുറുങ്ങളൊക്കെ അന്ന്‌ ഉണ്ടായിരുന്നു. വിൽപ്പനക്കാരിൽനിന്ന്‌ എടുക്കുന്ന ആടിനെ അനിമൽ ഹൗസിൽ വളർത്തും. ശരാശരി 200–-250 ആടുകളെ ഇങ്ങനെ വാക്‌സിൻ നിർമാണത്തിനായി ഉപയോഗിച്ചിരുന്നുവെന്ന്‌ വാർഷിക റിപ്പോർട്ടുകൾ പറയുന്നു.  

കശാപ്പുകാരൻ മുതൽ ബാർബർ വരെ

വാക്‌സിൻ നൽകിയ ആടുകളെ ശിരച്ഛേദത്തിന്‌ കശാപ്പുകാരൻ ഉണ്ടായിരുന്നു. അതിനുള്ള കത്തിയും മറ്റും  ലാബ്‌ ഏർപ്പാടാക്കണം. റാബിസ്‌ വൈറസ്‌ കുത്തിവയ്‌ക്കുംമുമ്പ്‌ ആടിന്റെ തല ഷേവ്‌ ചെയ്യണം. അതിനായി ബാർബറുണ്ട്‌. ആടിന്റെ ശരീരഭാഗങ്ങൾ കത്തിച്ചുകളയാൻ  ഇൻസിനിറേറ്ററും. കത്തിക്കാനുള്ള വിറക്‌  ശേഖരിച്ചു വയ്‌ക്കണം. അതിനും ക്വട്ടേഷൻ വിളിക്കണം. ആടിന്റെ തോലെടുത്തു പോകുന്നവരെയും അവശിഷ്‌ടം  കത്തിക്കാതെ മുങ്ങുന്നവരെയും തടയേണ്ടത്‌ ഡയറക്ടറായിരുന്നു. പരീക്ഷണം നടത്തുന്ന എലിക്ക്‌ കടല, പാൽ എന്നിവ വാങ്ങണം. ആടുകൾക്ക്‌ പ്ലാവില, ചീര തുടങ്ങിയവയൊക്കെ വാങ്ങണം. എല്ലാം ടെൻഡർ വിളിച്ച്‌ കുറഞ്ഞ ക്വട്ടേഷൻ അംഗീകരിക്കണം. 

120 എംഎൽ കുപ്പി

ലാബിനോട്‌ ചേർന്ന്‌   ക്ലിനിക്ക്‌ ഉണ്ടായിരുന്നു. പേപ്പട്ടി ആശുപത്രി എന്നാണതിനു വിളിപ്പേര്‌. പത്തും നൂറും പേരൊക്ക കുത്തിവയ്‌പ്‌ എടുക്കാൻ വന്നിരുന്നു.  ആശുപത്രികൾ ആവശ്യപ്പെടുന്ന പ്രകാരം 120 എംഎൽ വരുന്ന ബോട്ടിലുകളിൽ വാക്‌സിൻ അയച്ചിരുന്നു. അതിൽ സീൽ ചെയ്‌ത്‌ ലേബൽ ഒട്ടിച്ച്‌, ബാച്ച്‌ നമ്പർ പതിക്കണം. പായ്‌ക്കിങ്‌ സെക്‌ഷൻ പ്രത്യേകമുണ്ട്‌. പെട്ടിയിലാക്കി തപാലിലാണ്‌ അയച്ചിരുന്നത്‌. ഓരോ ആശുപത്രിയിൽനിന്നും ആവശ്യപ്പെട്ടുള്ള അറിയിപ്പ്‌ വരും. കുറവ്‌ വരുന്നതിന്‌ അനുസരിച്ച്‌ മന്ത്രിയോ എംഎൽഎയോ വിളിക്കും.  

അവസാന കാലമായപ്പോഴേക്കും നിരവധി പരാതികൾ വന്നു.  വാക്‌സിൻ എടുത്ത്‌ ശരീരഭാഗങ്ങൾ തളർന്നുപോയവരുണ്ട്‌.  അലർജിയും  പനിയോടുകൂടി തളർച്ചയും ഉള്ളവരുമുണ്ടായിരുന്നു. അതൊക്കെ മാധ്യമങ്ങൾ വലിയ വാർത്തയാക്കി. കോടതി വ്യവഹാരം വേറെ.  നിർമാണത്തിലെ അപാകതയല്ല മറിച്ച്‌ വാക്‌സിൻ എടുത്താൽ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന്‌  പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്‌. അക്കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. വാക്‌സിൻ നിർമാണത്തിന്‌ പുറമേ ഇതുമായി ബന്ധപ്പെട്ട്‌ വിറകടക്കം വാങ്ങേണ്ടിവന്നതും   കോടതി കയറുകയും ചെയ്യേണ്ടിവന്നത്‌ വലിയ മാനസിക വിഷമമുണ്ടാക്കി.  

സാങ്കേതികസൗകര്യം ഒരുക്കിയില്ല

1937ൽ ഡോ. സി ഒ കരുണാകരന്റെ നേതൃത്വത്തിലാണല്ലോ ലാബിൽനിന്ന്‌ വാക്‌സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങിയത്‌. ആദ്യകാലങ്ങളിൽ ചെലവ്‌ കുറഞ്ഞതും ഗുണമേന്മയുള്ളതുമായ വാക്‌സിൻ എന്ന ഖ്യാതിയുണ്ടായിരുന്നു. ക്രമേണ പരാതികൾ ഏറി. ആധുനിക രീതികൾ അവലംബിക്കാതിരുന്നത്‌ പോരായ്‌മയായി. ഇവിടെ കാലാനുസൃത മാറ്റമുണ്ടായില്ല. സാങ്കേതിക സൗകര്യം ഒരുക്കിയതുമില്ല. നാൽപ്പതുകളിൽ പബ്ലിക്‌ ലാബ്‌ നിർമിച്ച കോളറ വാക്‌സിൻ  വലിയ രീതിയിൽ രോഗബാധ  തടഞ്ഞിരുന്നു.  കാത്തിരിക്കാതെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട്‌ സംസ്ഥാനവും ഒരുക്കണമായിരുന്നു. അതിനെക്കുറിച്ചുള്ള ആലോചനതന്നെ അന്നുണ്ടായിരുന്നില്ല. വിദഗ്‌ധരും ആവശ്യമായിരുന്നു. തോന്നയ്‌ക്കൽ ലൈഫ്‌ സയൻസ്‌ പാർക്കിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ പ്രവർത്തിച്ചു തുടങ്ങുമ്പോൾ പഴയ ഓർമകളല്ല പുതിയ പ്രതീക്ഷകളാണ്‌ എന്നിലും.

പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌

1937 ൽ ആണ്‌ ഡോ. സി ഒ കരുണാകരന്റെ നേതൃത്വത്തിലാണ്‌ പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌ പൂർണമായി പ്രവർത്തനസജ്ജമായത്‌. 1942ൽ കോളറ ബാധയുണ്ടായപ്പോൾ 1247855 എംഎൽ വാക്സിൻ ലാബിൽ സ്റ്റോക്ക് ഉണ്ടായിരുന്നു. രോഗ ബാധയെ നിയന്ത്രണത്തിലാക്കാൻ അതുസഹായിച്ചു. ലാബ് ജീവനക്കാരെയും ഡോ. കരുണാകരെയും പൊതുജനാരോഗ്യവകുപ്പ് ഏറെ അനുമോദിക്കുകയും ചെയ്തിരുന്നു. തൊണ്ണൂറുകാലത്തും കോളറ വാക്‌സിനും (ലാബ്‌ അന്താരാഷ്‌ട്ര സർട്ടിഫിക്കേഷൻ സെന്റർകൂടിയായിരുന്നു) ടൈഫോയ്‌ഡ്‌ വാക്‌സിൻ എടുക്കാനും ലാബ്‌ ക്ലിനിക്കിൽ ആളുകൾ വരിനിന്നു. 1945ൽ പെൻസിലിൻ നിർമാണം നടന്നതായി രേഖകൾ പറയുന്നു.

വാക്‌സിനും മരുന്നും

വീണാ ജോർജ് (ആരോഗ്യ മന്ത്രി )

വീണാ ജോർജ് (ആരോഗ്യ മന്ത്രി )

കേരളത്തിൽ വാക്‌സിൻ ഉത്‌പാദനം ആരംഭിക്കാൻ കഴിയുമോയെന്ന സാധ്യത സംസ്ഥാന സർക്കാർ പരിശോധിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകളും നടക്കുന്നു. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തോന്നയ്‌ക്കൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട്‌ കേന്ദ്രീകരിച്ച്‌ തുടങ്ങിയിട്ടുണ്ട്‌.  ആദ്യഘട്ടത്തിൽ പുറത്തുനിന്നുള്ള കമ്പനികളെ കൊണ്ടുവന്ന്‌ വാക്‌സിൻ ഉൽപാദിപ്പിക്കാനും രണ്ടാംഘട്ടത്തിൽ സ്വന്തമായി വാക്‌സിൻ ഉത്‌പാദിപ്പിക്കാനുമാണ്‌  ആലോചന. മരുന്നുൽപാദനവുമായി ബന്ധപ്പെട്ടും ആലോചനയുണ്ട്‌. സംസ്ഥാനത്ത്‌ 90-–-95 ശതമാനം മരുന്നും പുറത്തുനിന്ന്‌ വരുന്നവയാണ്‌. ആഭ്യന്തരമായി ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞവിലയിൽ നിർമിക്കാൻ കഴിയും. വ്യവസായവകുപ്പുമായി ചേർന്നാണ്‌ ആലോചന. 

പ്രതീക്ഷ നൽകുന്ന തുടക്കം

ഡോ.ബി ഇക്ബാൽ

ഡോ.ബി ഇക്ബാൽ

കുട്ടികളുടെ പ്രതിരോധശേഷി ഉയർത്തുന്നതിന്റെ ഭാഗമായാണ്‌ 1985ൽ കേന്ദ്രസർക്കാർ സാർവത്രിക രോഗപ്രതിരോധ പദ്ധതി ആവിഷ്‌കരിക്കുന്നത്‌. എന്നാൽ കോവിഡ്‌ വാക്‌സിൻ ഒഴിച്ചുനിർത്തിയാൽ മുതിർന്നവർക്ക്‌ പൊതുവിൽ വാക്‌സിനുകൾ നൽകി വരുന്ന പതിവ്‌ രാജ്യത്തില്ല. പ്രായപൂർത്തിയായവർക്ക്‌ വിദേശരാജ്യങ്ങളിൽ പ്രതിരോധശേഷി ഉയർത്തുന്നതിനായി വാക്‌സിനുകൾ നൽകാറുണ്ട്‌. ഫ്ലൂ, ന്യൂമോകോക്കൽ, ഹ്യൂമൻ പാപിലോമ തുടങ്ങിയ വാക്‌സിനുകൾ കേരളത്തിന്‌ ആവശ്യമാണോയെന്ന ചർച്ച ആരംഭിച്ചിട്ടുണ്ട്‌. ഇത്‌ പരിശോധിക്കുന്ന ഏഴംഗ കമ്മിറ്റി സർക്കാരിന്‌ റിപ്പോർട്ട്‌ നൽകും. തോന്നയ്‌ക്കൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ രൂപീകരണവും വാക്‌സിൻ നിർമാണമേഖലയിലേക്ക്‌ പ്രവേശിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനവും നല്ലൊരു തുടക്കമാണ്‌.  പ്രവർത്തനം ശക്തമായി കൊണ്ടുപോകാനുള്ള മികച്ച ഭരണ–-ശാസ്‌ത്ര–-വിദഗ്‌ധ ടീം ഇപ്പോഴുണ്ട്‌.

വാക്‌സിൻ ഗവേഷണം

ഡോ. ഇ ശ്രീകുമാർ (വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ,തോന്നയ്‌ക്കൽ)

ഡോ. ഇ ശ്രീകുമാർ (വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ,തോന്നയ്‌ക്കൽ)

സിക, ചിക്കുൻഗുനിയ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിൻ കണ്ടെത്താനുള്ള ഗവേഷണത്തിനാണ്‌ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ തുടക്കത്തിൽ ശ്രദ്ധയൂന്നുന്നത്‌. സ്വന്തമായി വാക്‌സിൻ കണ്ടെത്തുകയാണ്‌ ലക്ഷ്യം. വിവിധ വിഭാഗങ്ങളിൽ ആറ്‌ ലാബുകൾ സജ്ജീകരിക്കുന്നു.   കൂടുതൽ ശാസ്‌ത്രജ്ഞരും ജീവനക്കാരും എത്തുന്നതോടെ പ്രവർത്തനം പൂർണ രീതിയിൽ മുന്നോട്ടുപോകും. നിയമനങ്ങൾ പൂർത്തിയായി വരികയാണ്‌. രാജ്യത്ത് സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ വിപുലമായ രീതിയിലുള്ള ആദ്യ സംരംഭമാണിത്.

അഭിമാനം ഉയർന്നുതന്നെ

ഡോ.എസ് സുനിജ   (ഡയറക്ടർ,  സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്)

ഡോ.എസ് സുനിജ (ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്)

ലാബിന്റെ അഭിമാന പദ്ധതിയിൽഒന്ന്‌ ന്യൂബോൺ മെറ്റബോളിക്‌ സ്‌ക്രീനിങ്ങാണ്‌. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞിന്‌ തൈറോയ്‌ഡ്‌ പോലുള്ള അസുഖങ്ങൾ ഉണ്ടോ എന്ന്‌ ടെസ്റ്റ്‌ ചെയ്യുന്ന സംവിധാനം. ജനിച്ച്‌ 48 മണിക്കൂറിനകം കുഞ്ഞിന്റെ ഉപ്പൂറ്റിയിൽനിന്നെടുക്കുന്ന രക്തം പബ്ലിക്‌ ലാബിലോ, റീജണൽ ലാബിലോ എത്തിക്കുന്നു. പരിശോധിച്ച്‌ പോസിറ്റീവാണെങ്കിൽ അക്കാര്യം ആശുപത്രി അധികൃതരെ അറിയിക്കുകയും ശലഭം പോർട്ടലിൽ അപ്പ്‌ലോഡും ചെയ്യുന്നു. വർഷം ഒന്നരലക്ഷത്തിന്‌ അടുത്ത്‌ കുഞ്ഞുങ്ങളെ ഇത്തരത്തിൽ പരിശോധിക്കുന്നു. ഈ പരിശോധനയിലൂടെ പോസിറ്റീവായ കുഞ്ഞിന്‌ ചികിത്സ ആരംഭിക്കുക വഴി ബുദ്ധിമാന്ദ്യത്തിലേക്ക്‌ പോകാനുള്ള സാധ്യത തടയുന്നു. അഞ്ഞൂറിന്‌ അടുത്ത കുട്ടികൾ ഇങ്ങനെ ചികിത്സയിലുണ്ട്‌. ഐസിഎംആർ പിസിആർ ടെസ്‌റ്റിന്‌ ഗൈഡ്‌ലൈൻ പുറത്തിറക്കുന്നത്‌ 2018ൽ ആണ്‌. എന്നാൽ ഇതിന്‌ മുമ്പ്‌ ഇത്തരം ടെസ്റ്റ്‌ ചെയ്യാനുള്ള സംവിധാനം ലാബിലുണ്ട്‌. സംസ്ഥാനത്തെ മൂവായിരത്തോളം കോവിഡ്‌ പരിശോധന ഏകോപിപ്പിക്കുകയും പ്രതിദിന റിപ്പോർട്ട്‌ സർക്കാരിന്‌ നൽകുന്ന ചുമതലയും ലാബിനുണ്ട്‌. സിക പോലുള്ള രോഗങ്ങൾക്കുള്ള ഐസിഎംആറിന്റെ റഫറൽ ലാബുകൂടിയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top