25 April Thursday

തുലാവർഷത്തിൽ എത്തുമ്പോൾ

ഡോ. ശംഭു കുടുക്കശേരിUpdated: Sunday Nov 20, 2022


രാജ്യത്ത്‌ തെക്കുപടിഞ്ഞാറൻ കാലവർഷ (ഇടവപ്പാതി)ക്കാലം  അവസാനിക്കുമ്പോൾ  മൊത്തം മഴയളവ് ശരാശരിയിൽനിന്ന് 6.5 ശതമാനം വർധനയാണ്‌ രേഖപ്പെടുത്തിയത്‌. ഉത്തർപ്രദേശ്‌ അടങ്ങുന്ന ഗംഗാസമതലത്തിൽ  -20 മുതൽ- -30 വരെ ശതമാനവും മണിപ്പുർ,- മിസോറം എന്നിവിടങ്ങളിൽ -22 –-48 ശതമാനവും ശരാശരി മഴയളവിൽനിന്നു കുറവുണ്ടായി.  കിഴക്കൻ സംസ്ഥാനങ്ങളിൽ പൊതുവെ സാധാരണ മഴയും മറ്റെല്ലാ മേഖലയിലും 23 മുതൽ- 46 ശതമാനംവരെ അധിക മഴയും ലഭ്യമായി.

ഈ ഇടവപ്പാതിക്കാലത്ത് കേരളത്തിൽ 14 ശതമാനം മഴ കുറവായിരുന്നെങ്കിലും സാധാരണ മഴക്കാലമായാണ്‌ കണക്കാക്കുന്നത്‌. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ യഥാക്രമം -21  ശതമാനം, -29 ശതമാനം, - 30 ശതമാനം മഴ കുറവുണ്ടായി. മറ്റെല്ലാ ജില്ലയിലും -രണ്ടു ശതമാനംമുതൽ - 18 ശതമാനംവരെ കുറവുകാട്ടിയ സാധാരണ മഴയും രേഖപ്പെടുത്തി. സെപ്തംബർ 20ന് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽനിന്ന്‌ ആരംഭിച്ച ‘ഇടവപ്പാതി പിൻവാങ്ങൽ’ പ്രക്രിയ ഒമ്പതു ദിവസം വൈകി ഒക്ടോബർ ഇരുപത്തിമൂന്നോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്നു പൂർണമായും പിൻവാങ്ങി.

വടക്കുകിഴക്കൻ കാലവർഷമാറ്റം
ഒക്ടോബർ 29ന് കേരളത്തിൽ ആരംഭിച്ച വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) കേരളത്തിന്റെ രണ്ടാം മഴക്കാലമാണ്. ഇത് ഒക്ടോബർ–--നവംബറിൽ ഏറെ പ്രകടമാകുന്നു. താഴ്ന്ന അന്തരീക്ഷത്തിൽ (3-4 കിലോമീറ്റർവരെ) തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ഗതി മാറി വടക്കുകിഴക്ക്‌ ദിശയിൽനിന്നു വീശുന്നതാണ് തുലാവർഷത്തിലെ കാറ്റിൽ കാണുന്ന പ്രധാന മാറ്റം. കാറ്റിന്റെ ഈ നേർവിപരീത ഗതിമാറ്റത്തിനുള്ള  കാരണം  ഇന്ത്യയുടെ വടക്കുള്ള നിമ്ന അന്തരീക്ഷമർദവും തെക്കുള്ള ന്യൂന അന്തരീക്ഷമർദവും തമ്മിലുള്ള വ്യത്യാസമാണ്. വടക്കുള്ള നിമ്ന മർദത്തെ 30-–-40° അക്ഷാംശങ്ങളിൽ നിലകൊള്ളുന്ന മിതോഷ്ണ മേഖലാ നിമ്ന മർദപ്രദേശവും തെക്കുള്ള ന്യൂനമർദത്തെ ഭൂമധ്യരേഖാ പ്രദേശത്തുള്ള ഭൂമധ്യരേഖാ ന്യൂനമർദ പ്രദേശവും പൂർണമായും സ്വാധീനിക്കുന്നു. അതുപോലെ ഇടവപ്പാതിക്കാലത്ത് ഏതാണ്ട് 15–- - 17 കിലോമീറ്റർ ഉയരത്തിൽ കാണുന്ന ശക്തിയേറിയ (മണിക്കൂറിൽ 240 കിലോമീറ്ററിനു മുകളിൽ) കിഴക്കൻ കാറ്റിന്റെ  ഒഴുക്ക് അപ്രത്യക്ഷമാകുന്നതും തുലാവർഷത്തിനു മുന്നോടിയായി കാണാം. ഒക്ടോബർ 20 മുതൽ ഡിസംബർ 27 വരെയാണ് ശരാശരി തുലാവർഷക്കാലം. തമിഴ്നാട്, ആന്ധ്രാ തീരം, റായലസീമ എന്നിവിടങ്ങളിൽ വാർഷിക മഴയളവിന്റെ 40 ശതമാനവും കേരളത്തിൽ 16 ശതമാനവും തുലാവർഷക്കാലത്ത്‌  ലഭിക്കുന്നു.

ന്യൂനമർദങ്ങൾ, കാറ്റിന്റെ പാത്തിയിലുണ്ടാകുന്ന ചക്രവാത ദിശാവളയൽ (എതിർ ഘടികാരദിശയിൽ), കിഴക്കൻ തരംഗമെന്ന്‌ അറിയപ്പെടുന്ന ചക്രവാത അന്തരീക്ഷച്ചുഴിച്ചങ്ങല, ചുഴലിക്കൊടുങ്കാറ്റുകൾ എന്നിവ തുലാവർഷ മഴയ്ക്ക് ഏറെ വ്യാപ്തി കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളാണ്‌.




കേരളത്തിൽ
തുലാവർഷക്കാലത്ത് കേരളത്തിൽ സാധാരണയായി ലഭ്യമാകുന്നത് ഇടിമിന്നൽ അകമ്പടിയോടുള്ള മഴയാണ്. തമിഴ്നാട്ടിലും ആന്ധ്രയിലും പ്രധാനമായും മഴ പൊഴിച്ച് പൂർവ -പശ്ചിമഘട്ട മലനിരകൾ വഴി  കേരളത്തിലേക്ക്‌ വടക്കുകിഴക്കൻ ഭാഗത്തുനിന്നെത്തുന്ന  ആർദ്രതയിലുള്ള വായു പിണ്ഡങ്ങൾ രാവിലെ 9–--10 മണിയോടെ അറബിക്കടലിൽനിന്നുള്ള കടൽക്കാറ്റിന്റെ കരുത്തിൽ  ഇടിമിന്നൽ മേഘങ്ങളായി രൂപപ്പെടും. ഇവ  ഉച്ചയ്‌ക്കുശേഷം തുലാവർഷമഴയായി കേരളത്തിൽ പെയ്‌തിറങ്ങുന്നു. തുലാവർഷ മഴ കേരളത്തിൽ തെക്കുനിന്ന് വടക്കോട്ട് കുറയുന്നതിനുള്ള കാരണം ന്യൂനമർദങ്ങൾ, കിഴക്കൻ തരംഗം എന്നീ പ്രതിഭാസങ്ങളുടെ സ്വാധീനം തെക്കൻ കേരളത്തിൽ പ്രധാനമായി നിലകൊള്ളുന്നതിനാലാണ്.

തുലാവർഷം തുടങ്ങിയ ഒക്ടോബർ ഒന്നുമുതൽ നവംബർ 18 വരെ 344 മില്ലിമീറ്റർ മഴയാണ്‌ കേരളത്തിൽ ലഭിച്ചത്‌. 19 ശതമാനം മഴക്കുറവ്‌. തൃശൂർ ജില്ലയിൽ 57 ശതമാനം മഴക്കുറവ്‌ രേഖപ്പെടുത്തി. എന്നാൽ, ഇടുക്കിയിലും പത്തനംതിട്ടയിലും പ്രതീക്ഷിച്ചതിനേക്കാൾ 12 ശതമാനം  അധികമഴ ലഭിച്ചു.  ഇക്കുറി രാജ്യത്ത്‌ തുലാവർഷ മഴ സാധാരണയോ, സാധാരണയിൽ ഉപരിയോ കിട്ടാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ പ്രവചിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top