18 April Thursday

അസമത്വം കൂടുതൽ വെളിപ്പെട്ടു: നോം ചോംസ്‌കി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020


തിരുവനന്തപുരം
ലോകത്തിലെ അസമത്വം കൂടുതൽ വ്യക്തമാക്കാൻ കോവിഡ് മഹാമാരിക്ക് കഴിഞ്ഞതായി നോം ചോംസ്‌കി പറഞ്ഞു. ‘കേരള ഡയലോഗ്’ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിൽ അസമത്വം ഏറ്റവുമധികം പ്രകടമായി. അവിടത്തെ വംശീയ സ്വഭാവം ഒന്നുകൂടി തുറന്നുകാണിച്ചു.

നാൽപ്പത്‌ വർഷത്തെ ഉദാരവൽക്കരണം കഴിഞ്ഞപ്പോൾ 0.1 ശതമാനം ആളുകൾ 20 ശതമാനം സമ്പത്ത് കൈയടക്കി. യുഎസ്‌ ആക്രമണത്തിൽ ശിഥിലമായ വിയറ്റ്നാമും മികച്ച രീതിയിൽ മഹാമാരിയെ നേരിട്ടു. വിയറ്റ്നാമിൽ ഒരു മരണംപോലും ഉണ്ടായിട്ടില്ല. ദക്ഷിണ കൊറിയയും മഹാമാരിയെ നിയന്ത്രിച്ചു. അവിടെ ലോക്ഡൗൺപോലും വേണ്ടിവന്നില്ല. തയ്‌‌വാനും ഹോങ്കോങ്ങും കോവിഡിനെ പിടിച്ചുകെട്ടി. ന്യൂസിലൻഡ്‌ കോവിഡിനെ തുടച്ചുനീക്കി. എന്നാൽ, അമേരിക്കയിൽ ഒരു ലക്ഷത്തിലേറെ പേർ മരിച്ചു. മരണസംഖ്യ ഉയർന്നുകൊണ്ടേയിരിക്കുന്നു.

അമേരിക്കയിൽ ആശുപത്രികളെന്നാൽ വെറും കച്ചവടമാണ്. ആറു പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ സാമ്പത്തിക ആക്രമണത്തിന് ഇരയാകുന്ന ക്യൂബയിലെ ഡോക്ടർമാരാണ് ഇറ്റലിയിലേക്ക് പോയത്. ഇറ്റലിയിൽമാത്രമല്ല,  മറ്റു രാജ്യങ്ങളിലേക്കും‌ പോയി. ഇതുകണ്ടപ്പോൾ നമ്മുടെ ‘ലിബറൽ മാധ്യമങ്ങൾ' എന്താണ് പറഞ്ഞത്? ഏകാധിപത്യ ക്യൂബ അവരുടെ ഡോക്ടർമാരെ മറ്റു രാജ്യങ്ങളിലേക്ക് നിർബന്ധിച്ച് തള്ളിവിടുന്നു എന്ന്‌.

കോവിഡ് മഹാമാരി അവസാനിക്കുമ്പോൾ  കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ കൊണ്ടുപോകാനാണ്‌ അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾ ശ്രമിക്കുന്നത്‌. എന്നാൽ, ഇതിനെ പ്രതിരോധിക്കാനുള്ള പ്രസ്ഥാനങ്ങൾ ലോകമെങ്ങും ഉയർന്നുവരുന്നുണ്ട്. ഇത് ഏകോപിപ്പിച്ചാൽ വലിയൊരു ശക്തിയാകുമെന്നും ചോംസ്കി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top