27 April Saturday
കുത്തബ്‌ മിനാറിനേക്കാൾ 
ഉയരമുള്ള ഫ്ലാറ്റുകൾ

9 സെക്കൻഡ് ഭും... നിലംപൊത്തി 
നോയ്‌ഡയിലെ
 ഇരട്ട ഫ്ലാറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Aug 29, 2022

നോയ്‌ഡ
ഉത്തർപ്രദേശ് സർക്കാരിനുകീഴിലെ നോയ്‌ഡ അതോറിറ്റിയുടെ ഒത്താശയോടെ അനധികൃതമായി നിർമിച്ച നോയ്‌ഡയിലെ 100 മീറ്ററോളം ഉയരമുള്ള ഇരട്ട ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. ഡൽഹിയ്ക്ക് സമീപം നോയ്ഡ സെക്ടർ 93എ-യിലെ സൂപ്പർടെക് ടവറുകളാണ് ഒമ്പത് സെക്കൻഡ് നീണ്ട സ്‌ഫോടനത്തിലൂടെ ഞായർ പകൽ 2.30ഓടെ തകർത്തത്. സെയാൻ (29 നില), അപെക്സ് (32 നില) എന്നീ ഫ്ലാറ്റ് സമുച്ചയം ഉൾക്കൊള്ളുന്ന ഇരട്ട ടവറിൽ ആയിരത്തോളം അപ്പാർട്മെന്റുണ്ടായിരുന്നു.

രാജ്യത്ത് പൊളിച്ചുനീക്കിയ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്‌ ഇത്. ഡൽഹിയിലെ കുത്തബ്‌ മിനാറിനേക്കാൾ ഉയരമുള്ളവയായിരുന്നിവ. ഏകദേശം 3,700 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോ​ഗിച്ചതെന്ന് പൊളിക്കലിന് നിയോ​ഗിച്ച ജോ ബ്രിങ്ക്മാന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ സംഘം അറിയിച്ചു. 2020 ജനുവരിയിൽ എറണാകുളം  മരടിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചതും ഇതേ സംഘമാണ്. സമീപത്തെ ചില കെട്ടിടങ്ങളിൽ നേരിയ വിള്ളലുള്ളതായി റിപ്പോർട്ടുണ്ട്‌. കൂടുതൽ പരിശോധന നടത്തും.

80,000 ടൺ അവശിഷ്ടം
55,000 മുതൽ 80,000 ടൺവരെ അവശിഷ്ടങ്ങളാണ് ശേഷിക്കുന്നത്. ഇത് നീക്കംചെയ്യാൻ കുറഞ്ഞത് മൂന്നുമാസം വേണ്ടിവരും. മുംബൈ കേന്ദ്രമായ എഡിഫസ് എൻജിനിയറിങ്ങാണ് ദക്ഷിണാഫ്രിക്കൻ കമ്പനിയായ ‘ജെറ്റ് ഡിമോളി’ഷനുമായി ചേർന്ന് ഫ്ലാറ്റ് പൊളിച്ചത്.

9 വർഷത്തെ നിയമപോരാട്ടം
ഒമ്പതു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ടവറുകള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. പൊളിക്കലിനു മുന്നോടിയായി ഞായറാഴ്ച സമീപത്തെ അയ്യായിരത്തോളം കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.  നിർമാതക്കളായ സൂപ്പർടെക് ലിമിറ്റഡിന് 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി ചെയർമാൻ ആർ കെ അറോറ പറഞ്ഞു.

നോയ്‌ഡ വികസന അതോറിറ്റി അംഗീകരിച്ച പ്ലാൻ അനുസരിച്ചാണ് ഫ്ലാറ്റുകൾ നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊളിക്കലിനുള്ള ചെലവായ 20 കോടിയോളം രൂപയും സൂപ്പർടെക് ലിമിറ്റഡ് നൽകണം. നിർമാണ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 2021 ആഗസ്‌ത്‌ 31നാണ് ഇരട്ട ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. നോയ്‌ഡ അതോറിറ്റി 2004 നവംബറിലാണ് സൂപ്പർടെക്കിന് എമിറാൾഡ് കോർട്ട് എന്നപേരിൽ ഒരു ഫ്ലാറ്റ് നിർമിക്കാൻ അനുമതി നൽകിയത്. 2005ൽ നിർമാണം ആരംഭിച്ചു. 2006ൽ സൂപ്പർടെക്ക് അധിക സ്ഥലം ഏറ്റെടുത്ത് മറ്റൊരു ഫ്ളാറ്റ്കൂടി നിർമിക്കാൻ അനുമതിനേടി. രണ്ട് ഫ്ലാറ്റ്‌ തമ്മിലുള്ള അകലം വെറും ഒമ്പത്‌ മീറ്ററായി. കുറഞ്ഞത് 16 മീറ്റർ അകലം വേണമെന്നാണ് ചട്ടം. തുടർന്ന് എമിറാൾഡ് കോർട്ടിലെ താമസക്കാർ നിർമാണം അനധികൃതമാണെന്ന് ആരോപിച്ച് 2012 ഡിസംബറിൽ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു.

2014ൽ ഫ്ലാറ്റുകൾ പൊളിക്കാൻ കോടതി ഉത്തരവിട്ടു. ഇതിനെതിരായ സൂപ്പർടെക്കിന്റെ അപ്പീലിൽ സുപ്രീംകോടതി വിധി ശരിവച്ചു. ഉദ്യോ​ഗസ്ഥരുമായി ഒത്തുകളിച്ച് പ്ലാനിൽ മാറ്റംവരുത്തി അനധികൃതമായാണ് കെട്ടിടം നിർമിച്ചതെന്നും കണ്ടെത്തി.  ഫ്ലാറ്റിലെ താമസക്കാർക്ക് 12 ശതമാനം പലിശ സഹിതം പണം തിരികെ നൽകണമെന്നും ഉത്തരവിലുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top