20 April Saturday
ഊർജതന്ത്രം

കാലികപ്രസക്തിയുള്ള കാലാവസ്ഥാ മാതൃകകളും ഊർജതന്ത്ര നൊബേലും

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

photo credit twitter/thenobelprize

ഓരോ വർഷവും ചൂടിന്റെ കാര്യത്തിൽ റെക്കോഡിട്ട് കടന്നുപോവുകയും ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നമ്മേ വലയ്ക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനത്തിനർഹമായ ഗവേഷണങ്ങൾക്ക് പ്രസക്തി ഏറെയാണ്. കാലാവസ്ഥ പോലുള്ള സങ്കീർണമായ ഭൗതിക വ്യവസ്ഥകളെക്കുറിച്ച് ആഴത്തിൽ ഉൾക്കാഴ്ച നൽകാൻ സഹായിക്കുന്ന ഗവേഷണങ്ങളാണ്  സ്യുക്കുറോ മനാബെ(പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി, യുഎസ്), ക്ലോസ് ഹാസൽമാൻ (മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റിയറോളജി, ജർമ്മനി), ജോർജിയോ പരീസി (സാപ്പിയൻസ് യൂണിവേഴ്സിറ്റി, ഇറ്റലി) എന്നീ ശാസ്ത്രജ്ഞരെ നൊബേലിന് അർഹരാക്കിയത്.

ഭൗമാന്തരീക്ഷത്തിൽ ഹരിതഗൃഹവാതകമായ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് കഴിഞ്ഞ എട്ട്‌ ലക്ഷം വർഷങ്ങളിലെ റെക്കോഡ് തോതിൽ എത്തി. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് ഇങ്ങനെ വർധിക്കുമ്പോൾ അത് എങ്ങനെയാണ് താപവർധനവിന്‌ കാരണമാവുന്നതെന്ന് കൃത്യമായി വിശദീകരിക്കാൻ കംപ്യൂട്ടേഷണൽ മാർഗങ്ങൾ ഉപയോഗപ്പെടുത്തി മനാബെ അവതരിപ്പിച്ച കാലാവസ്ഥാ മാതൃകകൾക്ക് സാധിച്ചു. 1960കളിൽ വികിരണ സന്തുലനവും വായുവിന്റെ ലംബസഞ്ചാരവും തമ്മിൽ ബന്ധപ്പെടുത്തി അദ്ദേഹം അവതരിപ്പിച്ച ഭൗമ കാലാവസ്ഥയുടെ ഫിസിക്കൽ മോഡൽ കാലാവാസ്ഥാ മാതൃകകൾക്ക് ശക്തമായ അടിത്തറയാണ് നൽകിയത്.

1970കളിൽ ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന കാലാവസ്ഥാ മാതൃകയുമായി ക്ലോസ് ഹാസൽമാൻ രംഗത്തെത്തി. മാറിക്കൊണ്ടേയിരിക്കുന്ന, അസ്ഥിരമായ ദിനാന്തരീക്ഷ സ്ഥിതിയും ദീർഘനാൾ നീളുന്ന കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസങ്ങളും അവ തമ്മിലുള്ള ബന്ധവും വ്യക്തമാക്കി കാലാവസ്ഥാ മാതൃകകളും അതിനെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവചനവും തികച്ചും വിശ്വസനീയമാണെന്നും അതിന് പ്രാധാന്യം ഏറെയുണ്ടെന്നും അദ്ദേഹം തെളിയിച്ചു. കാലാവസ്ഥയിൽ മനുഷ്യന്റെയും പ്രകൃതിപ്രതിഭാസങ്ങളുടെയും വിരലടയാളം തിരിച്ചറിയാൻ സഹായിക്കുന്ന മാർഗങ്ങളും അദ്ദേഹം വികസിപ്പിച്ചെടുത്തു. മനുഷ്യന്റെ അനിയന്ത്രിതമായ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ തന്നെയാണ് ആഗോളതാപനത്തിന്‌ മുഖ്യകാരണമെന്ന് തന്റെ ഗവേഷണങ്ങളിലൂടെ അദ്ദേഹം അടിവരയിട്ട്‌ പറഞ്ഞു.

ക്രമരഹിതമായ സങ്കീർണ പദാർഥങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാറ്റേണുകൾ സംബന്ധിച്ചായിരുന്നു ജോർജിയോ പരീസിയുടെ ഗവേഷണം. സ്പിൻ ഗ്ലാസിലെ ക്രമരാഹിത്യത്തെക്കുറിച്ച് അദ്ദേഹം വിശദമായി പഠിച്ചു. ഫിസിക്സിൽ മാത്രമല്ല ജീവശാസ്ത്രം, ന്യൂറോസയൻസ്, മെഷീൻ ലേണിങ്, ഗണിതശാസ്ത്രം തുടങ്ങി നിരവധി മേഖലകളിലെ സങ്കീർണ പ്രതിഭാസങ്ങളെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും  പ്രയോജനപ്പെടുന്നുണ്ട് ഈ ഗവേഷണ ഫലങ്ങൾ. പദാർഥ ശാസ്ത്രത്തിൽ സൂക്ഷ്മതലത്തിലാണ് പരീസിയുടെ ഗവേഷണങ്ങൾ എങ്കിലും കാലാവസ്ഥപോലുള്ള സങ്കീർണ വ്യവസ്ഥകളെ മനസ്സിലാക്കാനും വിശദീകരിക്കാനും ഇത് ഏറെ സഹായകമാണ്.   
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top