20 April Saturday

ഒരു വേട്ടയുടെ അന്ത്യം

സയൻസൺUpdated: Sunday Oct 31, 2021

രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സത്യസന്ധനായ ഒരുദ്യോഗസ്ഥന്‌ കോടതിയിൽ അലയേണ്ടി വന്നത്‌ നീണ്ട ഒമ്പതു വർഷം. ഒടുവിൽ  വിചാരണ പോലും ആവശ്യമില്ലെന്ന്‌ കാണിച്ച്‌ ഹൈക്കോടതി കുറ്റ വിമുക്തനാക്കി. വാണിജ്യ നികുതി വിഭാഗം അസി. കമീഷണറായിരുന്ന സി രാമചന്ദ്രന്റെ അനുഭവം

അമ്മയുടെ കല്യാണ വീഡിയോ കാണുന്ന തിരക്കിലാണ്  ഏഴു വയസ്സുകാരി മുത്തു. മുത്തു മാത്രമല്ല വീട്ടിലെ എല്ലാവരും ആദ്യമായാണ് ഈ സിഡി കാണുന്നത്. വിജിലൻസിന്റെ കൈവശമായിരുന്നു അത്‌. അതുമാത്രമല്ല, 2013ൽ  വിജിലൻസ്‌ എടുത്തുകൊണ്ടുപോയ രേഖകളിൽപ്പെട്ടതാണ്‌ കല്യാണ സിഡിയും. ഒടുവിൽ  വിചാരണപോലും ആവശ്യമില്ലെന്ന്‌ പറഞ്ഞ്‌ കേസ്‌ കോടതി തള്ളിയപ്പോൾ കുറ്റവിമുക്തനാക്കപ്പെട്ടയാൾക്ക് എല്ലാം തിരിച്ചുകിട്ടി.  

കൈക്കൂലി വാങ്ങാതിരുന്ന കുറ്റത്തിന് നഷ്‌ടപ്പെട്ട ഒമ്പത് വർഷങ്ങൾ എങ്ങനെ തിരിച്ചുകിട്ടുമെന്ന്‌ ഇവിടത്തെ ഗൃഹനാഥൻ രാമചന്ദ്രൻ ചോദിക്കുമ്പോൾ ആർക്കുണ്ട്‌ ഉത്തരം.  

വാണിജ്യ നികുതി വിഭാഗം അസി. കമീഷണറായിരുന്നു കോഴിക്കോട്‌  കോട്ടൂളിയിലെ  സി  രാമചന്ദ്രൻ. അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന  അജ്ഞാത പരാതിയെത്തുടർന്നുള്ള നടപടിയിലാണ് ഈ നീതിമാന്റെ ജീവിതം തകർന്നത്.  2001 ജനുവരി മുതൽ 2012 ഡിസംബർ വരെ വിജിലിൻസിന്റെ കൊടിയ പീഡനം. ഒടുവിൽ സത്യത്തിന്റെ  വിജയം.  ഉദ്യോഗസ്ഥനെതിരെ അന്വേഷണമാരംഭിക്കണമെങ്കിൽ വാണിജ്യനികുതി വകുപ്പ് കമീഷണറുടെ മുൻകൂർ അനുമതി വേണമെന്ന ചട്ടം പാലിക്കാതെ  നടപടികൾ. ജോലിയിൽനിന്ന് വിരമിക്കുംവരെ നിയമക്കുരുക്ക്‌. അത്രയ്‌ക്ക്‌ ശക്തരായിരുന്നു ശത്രുക്കൾ.

നികുതിയടക്കാതെ എന്തു കടത്തിയാലും രാമചന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടാൽ പിടികൂടി പിഴയടപ്പിക്കുമായിരുന്നു.  ഈ സത്യസന്ധത മൂലമാണ്‌   വിശ്രമജീവിതം കോടതി മുറികളിൽ  ഹോമിച്ചുകളയേണ്ടിവന്നത്‌.  കൈക്കൂലി വാങ്ങിയിരുന്നെങ്കിൽ  സുന്ദരമായി ജീവിക്കാം. അതിന്‌ തയ്യാറായില്ല. അതിന്റെ പേരിൽ നീതിമാനായ ഉദ്യോസ്ഥന്‌ ലഭിച്ച ശിക്ഷയായിരുന്നു വർഷങ്ങൾ നീണ്ട നിയമയുദ്ധം.  

വീട്ടിൽ റെയ്ഡ് നടത്തി കല്യാണക്ഷണക്കത്തും മെഡിക്കൽ, രക്തപരിശോധനാ രേഖകളും അടക്കം കൊണ്ടുപോയതല്ലാതെ കേസിലൊരു പുരോഗതിയും ഇല്ലാതിരുന്നപ്പോഴാണ് ഒന്നുകിൽ കുറ്റവിമുക്തനാക്കണമെന്നും അല്ലെങ്കിൽ കുറ്റം തെളിയിക്കണമെന്നും കാണിച്ച് രാമചന്ദ്രൻ ഏഴു വർഷത്തിന് ശേഷം ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങളൊന്നും തെളിയിക്കാൻ അന്വേഷകർക്കു കഴിഞ്ഞില്ല. രാമചന്ദ്രൻ കുറ്റവിമുക്തനാക്കപ്പെട്ടു. വാണിജ്യനികുതി ഉദ്യോഗസ്ഥന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തി രേഖകൾ പിടികൂടിയെന്ന് വലിയ വാർത്ത നൽകിയ പത്രം പോലും  കുറ്റവിമുക്തനാക്കിയത് കണ്ടില്ലെന്ന്‌ നടിച്ചു. 

കോട്ടൂളിയിലെ മുഴുവൻ രാമചന്ദ്രൻമാരുടെയും സ്വത്തും സി രാമചന്ദ്രന്റെതാണെന്ന് പ്രചരിപ്പിച്ചായിരുന്നു യുഡിഎഫ് ഭരണകാലത്തെ അന്വേഷണസംഘത്തിന്റെ വേട്ടയാടൽ. കെജിഒഎ ജില്ലാ പ്രസിഡന്റായിരുന്നു രാമചന്ദ്രൻ.  വേട്ടയ്‌ക്കുപിന്നിൽ  രാഷ്ട്രീയവിരോധം മാത്രം.  മാനസിക പീഡനമായിരുന്നു പ്രധാനം. ‘നിങ്ങളില്ലാതായാൽ കേസ് തീരും. പിന്നെ കുട്ടികൾക്ക് രേഖകളൊക്കെ തിരിച്ചുകിട്ടും.’  ആത്മഹത്യ ചെയ്യുകയാണ് നല്ലതെന്ന് പറയാതെ പറഞ്ഞു അന്വേഷകർ. വൃക്കരോഗ ചികിൽസയ്‌ക്കായി എടുത്ത രക്തപരിശോധനാഫലം പോലും എടുത്തുകൊണ്ടുപോയി.  

രാമചന്ദ്രന്റെയും മഹിളാപ്രധാൻ ഏജന്റായ ഭാര്യയുടെയും വരുമാനം കണക്കാക്കിയത് തെറ്റാണെന്ന്‌ തെളിയിക്കപ്പെട്ടതോടെയാണ് ഒമ്പത് വർഷത്തിലധികം വേട്ടയാടപ്പെട്ട രാമചന്ദ്രൻ കുറ്റവിമുക്തനാക്കപ്പെട്ടത്. ചെലവ് തുകയുടെ രേഖകൾ ഇരട്ടിപ്പിച്ച് കാണിച്ചാണ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കിയത്.  ചെലവുകളുടെ കൃത്യമായ രേഖകൾ ഹാജരാക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.  അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയ കണക്കുകൂട്ടലുകൾ പൂർണമായും തെറ്റാണെന്നും കോടതി കണ്ടെത്തി. ട്രഷറിയിൽനിന്ന്‌ ലഭിച്ച ശമ്പളം 43,31,472 രൂപ  പൂർണമായി ഉൾപ്പെടുത്താതെ 32,82,628 രൂപയാണ് വരുമാനമായി കണക്കാക്കിയിട്ടുള്ളത്.  ഇതിൽത്തന്നെ 10,48,484  രൂപയുടെ വ്യത്യാസം.  ഭാര്യയുടെ വരുമാനമായി അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചത് കേവലം 28,42,740 രൂപ. എന്നാൽ ഇവർക്ക് യഥാർഥ വരുമാനമായി ഈ കാലയളവിൽ 49,73,437  രൂപയാണുള്ളത്.  ഇവിടെയും 21,30,697 രൂപയുടെ വ്യത്യാസം.   ഭവന വായ്‌പ, വിദ്യാഭ്യാസ വായ്‌പ തിരിച്ചടവ് എന്നിവയും കൂടുതലായി കാണിച്ചു.  31,33,391  രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു കണ്ടെത്തൽ. വീടിന്റെ മൂല്യം കണക്കാക്കുന്നതിലും അന്വേഷണസംഘം ഗുരുതരമായ വീഴ്‌ച വരുത്തി.  ഹൈക്കോടതിയെ സമീപിച്ച്‌ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെയാണ്‌ രാമചന്ദ്രനെതിരെ  വിചാരണപോലും വേണ്ടെന്ന്‌ കോടതി പറഞ്ഞത്‌. സത്യസന്ധനായ ഒരുദ്യോഗസ്‌ഥനോട്‌ കാണിച്ച അന്യായത്തെ അതിജീവിച്ചതിന്റെ ആഹ്ലാദമുണ്ടിപ്പോൾ രാമചന്ദ്രന്റെ  ജീവിതത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top