26 April Friday

കപ്പൽച്ചേതത്താൽ മുറിവേറ്റ ഒരാൾ

പ്രേമൻ തറവട്ടത്ത് prembamsuri@gmail.comUpdated: Sunday Jul 31, 2022
മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ നൂറ്റിപ്പത്ത് ദിവസം സഞ്ചരിച്ചിട്ടുണ്ട് കോഴിക്കോട് മേപ്പയ്യൂർ സ്വദേശി ദീപാഷ്. ഹൂതി തീവ്രവാദികളുടെ വെടിയുണ്ടയേറ്റ്- നെഞ്ചിൻകൂട് തകരുന്നതോർത്ത് ദിനങ്ങൾ തള്ളിനീക്കിയിട്ടുണ്ട്. ജന്മം നൽകിയ മാതാപിതാക്കളെയോ ജനിച്ച് വീണ വീടോ കളിച്ചുവളർന്ന നാടോ ഇനി ഒരിക്കലും കാണില്ലെന്ന് തീർച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതൊക്കെ സ്വപ്നമാണോ യാഥാർഥ്യമാണോയെന്നറിയാത്ത തീർച്ചയുടെ കരയിൽ അയാളുടെ ബോധത്തിന്റെ കപ്പൽ ഇനിയും നങ്കൂരമിട്ടിട്ടില്ല. കണ്ണുകളിൽ ഭയം കൂടുകൂട്ടിയിട്ടുണ്ട്. സംസാരത്തിന് സ്വാഭാവികത തിരിച്ച് കിട്ടിയിട്ടില്ല. ഐക്യ രാഷ്ട്രസംഘടനയും ഇന്ത്യാഗവൺമെന്റും കേരളസർക്കാരുമൊക്കെ നടത്തിയ നിരന്തര പരിശ്രമത്തിലൂടെ യമൻ ഹൂതി തീവ്രവാദികളുടെ തടങ്കൽപ്പാളയത്തിൽനിന്ന് സ്വന്തം നാടിന്റെ സുരക്ഷാ തീരമണഞ്ഞ ദീപാഷ് നടുക്കുന്ന ഓർമകൾ പങ്കുവയ്ക്കുന്നു.
ഏറെക്കാലം ബോംബയിൽ കാറ്ററിങ്‌ ചെയ്ത അനുഭവം വെച്ചാണ് യുഎഇയിലേക്ക് പറന്നത്. അവിടെ ലിവമരിയൻ എന്ന കമ്പനിയുടെ റബാബി എന്ന കാർഗോ കപ്പലിൽ കുക്കായി. 2021 ഓക്ടോബർ 27ന് അബുദാബി പോർട്ടിൽ നിന്നും ഫിലിപ്പെയിൻസുകാരനായ ക്യാപ്റ്റൻ കാർലോസ്, ചീഫ് ഓഫീസർ ഇന്തോനേഷ്യക്കാരൻ സൂര്യഹിദായത്ത്‌, പിന്നെ ഓരോ എത്യോപ്യൻ, മ്യാൻമർ ജീവനക്കാരും ഏഴ് ഇന്ത്യക്കാരുമുൾപ്പെടെ പതിനൊന്ന് പേരടങ്ങുന്ന കപ്പൽ രാവിലെ യാത്ര പുറപ്പെട്ടു. നവംബർ 5ന് യമന്റെ അധികാരപരിധിയിലുള്ള സൊകോട്ര ദ്വീപിൽ  എത്തി. അവിടെ നിന്നും മെഡിക്കൽ ഉപകരണങ്ങൾ കയറ്റി സൗദി തുറമുഖമായ ജിസാൻലേക്കും തിരിച്ചും മൂന്ന് പ്രാവശ്യം കപ്പൽ വന്നുപോയി. 
2022 ജനുവരി 3. നാലാം പ്രാവശ്യം കാർഗോയുമായിപ്പോകവെ, ഇന്ത്യൻ സമയം രാത്രി ഏകദേശം രണ്ട് മണി.  കപ്പലിലെ അപകട സൈറൺ നിലയ്ക്കാതെ മുഴങ്ങി. കപ്പൽക്കൊള്ളക്കാരെപ്പറ്റിയുള്ള അറിവുകൾ മനസ്സിൽ ഭീതി വിതറി. എല്ലാവരും മുറിവിട്ടോടി കപ്പലിന്റെ മുകളിലെത്തി. ചെങ്കടലിനെമൂടിയ ഇരുട്ടിനെ വകഞ്ഞ് കുതിക്കുന്ന റബാബിയെന്ന കപ്പലിനെ അപ്പോൾ സ്പീഡ് ബോട്ടുകൾ വളഞ്ഞിരുന്നു. ചെറു ബോട്ടുകളിൽ നിന്നും കപ്പലിന്റെ മുകൾ തട്ടിലേക്ക്‌ തുരുതുരാ വെടിയുതിർത്തു. എല്ലാവരും മുകൾത്തട്ടിൽ കമിഴ്‌ന്ന്‌ കിടന്നു. ഉയർന്നുപൊങ്ങുന്ന തിരമാലയിൽ ആടിയുലയുന്ന ചെറു ബോട്ടുകളിൽ നിന്ന് കപ്പലിന് നേരെ ചീറി വരുന്ന ബുള്ളറ്റുകൾക്ക് ലക്ഷ്യം കാണാനായില്ല. കടൽ കൊള്ളക്കാർ കപ്പൽ റാഞ്ചിയെന്നാണ് എല്ലാവരും കരുതിയത്.
ക്യാപ്റ്റൻ അപകട സന്ദേശം നൽകി, എൻജിൻ ഓഫാക്കി. എല്ലാവരും ഇഴഞ്ഞിഴഞ്ഞ് രണ്ട് -- മുറിയിൽക്കയറി വാതിലടച്ചിരുന്നു. അക്രമികൾ കപ്പലിൽ കയറി എല്ലാ മുറികളും പരിശോധിക്കാൻ തുടങ്ങി. അടഞ്ഞ് കിടന്ന വാതിലുകൾ തുറക്കാൻ ആജ്ഞാപിച്ചു. എന്നാൽ അടിയന്തര സന്ദേശം നൽകിയതിനാൽ ആരെങ്കിലും രക്ഷയ്ക്ക് എത്തുമെന്ന് കരുതി ക്യാപ്റ്റൻ വാതിൽ തുറന്നില്ല. അക്രമികൾ വെടിയുതിർത്ത് വാതിലുകളുടെ സുരക്ഷാകവചം തകർത്തു.  മുഴുവനാളുകളോടും കീഴങ്ങാൻ ആവശ്യപ്പെട്ടു. പതിനൊന്ന് പേരും കൈകൾ പൊക്കി, അക്രമികളെ അനുസരിച്ചു. എല്ലാവരെയും ഒരു റൂമിലാക്കി തോക്കുധാരികൾ കാവൽ നിന്നു. 
ക്യാപ്റ്റനെയും ചീഫ് ഓഫീസറെയും കൂട്ടിക്കൊണ്ടുപോയി കപ്പലിന്റെ ദിശ മാറ്റിയോടിക്കാൻ നിർദേശിച്ചു. എന്നാൽ കപ്പലിന്റെ നിയന്ത്രണ സംവിധാനങ്ങളൊക്കെ അക്രമികൾ വെടിവച്ച്‌ തകർത്തിരുന്നു. കപ്പൽ മുങ്ങിത്തുടങ്ങിയില്ലെങ്കിലും ഒരിഞ്ചുപോലും ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥ. കപ്പൽച്ചേതമെന്ന വാക്ക്‌ ശരിയല്ലെങ്കിലും ഫലത്തിൽ അതുതന്നെയായി. ജീവനക്കാരിൽ നാലുപേരെ തങ്ങളുടെ സ്‌പീഡ്ബോട്ടിൽ കയറ്റി മണിക്കൂറുകളോളം അക്രമികൾ കടലിൽ ചുറ്റിത്തിരിച്ച് വീണ്ടും കപ്പലിനടുത്ത് അടുപ്പിച്ചു. എന്നിട്ട്‌  മുഴുവൻ പേരെയും ബോട്ടിൽ കയറ്റി കരയിലെത്തിച്ചു. പിന്നെ മുഖമെല്ലാം മൂടി അവിടുന്നൊരു കാറിൽ അജ്ഞാതമായ സ്ഥലത്തേക്ക്‌.
യന്ത്രത്തോക്കുകളുടെ കാഞ്ചിമുനയ്ക്ക് മുമ്പിൽ പിടികൂടിയ പതിനൊന്നു പേരും - മുയൽക്കുഞ്ഞുങ്ങളെപ്പോലെ വിറച്ചു. ആരാണീക്കൊള്ളക്കാർ എന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ നിശ്ചയമില്ല. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ വാഹനത്തിൽ നിന്നും എല്ലാവരെയും പുറത്തിറക്കി ഒരു കെട്ടിടത്തിനുള്ളിലാക്കി.  അന്ന് ഉറക്കമില്ലാത്ത രാത്രി. മരണമോ ജീവിതമോ എന്ന്‌ ഉറപ്പില്ലാത്ത രാത്രി. എല്ലാവരുടെയും ഫോണും പാസ്‌പോർട്ട് പോലുള്ള രേഖകളും അക്രമികൾ കൈവശപ്പെടുത്തി.
നേരം പോകുന്തോറും കടൽക്കൊള്ളക്കാരല്ല തങ്ങളെ ബന്ധിയാക്കിയതെന്ന ചിന്ത വളരാൻ തുടങ്ങി. ക്രൂരന്മാരായ സോമാലിയൻ കടൽക്കൊള്ളക്കാരുടെ കഥകൾ കപ്പൽ ജീവനക്കാർക്ക് സുപരിചിതമാണ്. മോഷണ മുതലുകൾക്കായി നിഷ്‌ഠൂമായ കൊലകൾവരെ നടത്താൻ മടിയില്ലാത്തവർ. എന്നാൽ തങ്ങളെ തട്ടിക്കൊണ്ട് വന്നവർക്ക് മറ്റെന്തോ ലക്ഷ്യമാണുള്ളതെന്നും കൊലപ്പെടുത്താൻ താൽപ്പര്യമില്ലെന്നുമുള്ള തോന്നൽ നേരം പോകുന്തോറും ശക്തിപ്പെട്ടു. ഇത്തിരിക്കഴിഞ്ഞപ്പോൾ അക്രമികൾ നല്ല രീതിയിൽ പെരുമാറാൻ തുടങ്ങി. ചെങ്കടൽതീരത്തെ ഏറ്റവും പ്രധാന യമനി തുറമുഖമായ ഹൊദൈദ (അൽ‐ഹൊദൈദ) യിലായിരുന്നു എല്ലാവരെയും തടവിൽ പാർപ്പിച്ചത്. ഒരു ദിവസത്തിനുശേഷം മുഴുവൻ പേരെയും തങ്ങളുടെ കപ്പലായ റബാബിയിലേക്ക് മാറ്റി. ദിവസങ്ങൾ പിന്നിടാൻ തുടങ്ങിയതോടെയാണ് റാഞ്ചലിന്റെ യഥാർഥകാരണം തടവിലാക്കപ്പെട്ട പതിനൊന്നുപേരും മനസ്സിലാക്കാൻ തുടങ്ങിയത്.
2015 മുതൽ തുടരുന്ന സൗദി–-യമൻ സംഘർഷത്തിന്റെ ഭാഗമായി നടന്നതായിരുന്നു ആ - കപ്പൽ ഹൈജാക്കിങ്‌. യമൻ അധീനതയിലുള്ള സൊകോട്ര ദ്വീപിൽനിന്നും സൗദിയിലെ ജിസാൻ തുറമുഖത്തേക്ക് പോയ കപ്പലിൽ സൈനിക ഉപകരണങ്ങളാണെന്നാരോപിച്ചാണ് ഹൂതി തീവ്രവാദികൾ കപ്പൽ റാഞ്ചിയത്. യഥാർഥത്തിൽ സൗദിയിലെ വിവിധ ആശുപത്രികൾക്ക് വേണ്ട മെഡിക്കൽ ഉപകരണങ്ങളായിരുന്നു കപ്പലിൽ. 
സുന്നികൾ നിയന്ത്രിക്കുന്ന സൗദി ഭരണകൂടവും ഷിയാകൾ നിയന്ത്രിക്കുന്ന യമൻ ഭരണകൂടവും തമ്മിലുള്ള വംശവെറിയൊന്നും ദീപാഷ് കേട്ടിട്ട് പോലുമില്ല. ജോലിചെയ്യുന്ന കപ്പൽ തീവ്രവാദികൾ തട്ടിയെടുത്ത വിവരമൊന്നും ദീപാഷിന്റെ വീട്ടുകാർക്ക്‌ അറിയില്ലായിരുന്നു. ഫോൺ പിടിച്ചുവാങ്ങിയെങ്കിലും പതിനഞ്ചുദിവസത്തിൽ ഒരു - ദിവസം അഞ്ച് മിനിറ്റ് സമയം തീവ്രവാദികൾ നൽകുന്ന ഫോണിലൂടെ വീട്ടുകാരുമായി സംസാരി ക്കാൻ അനുമതി നൽകി. ഈ സൗകര്യങ്ങളുപയോഗപ്പെടുത്തി അച്ഛനോടും അമ്മയോടും കടലിലൂടെ ദീർഘയാത്രയിലാണെന്ന് മാത്രം പറഞ്ഞു. എന്നാൽ കപ്പൽ ഹൂതി തീവ്രവാദികൾ - ഹൈജാക്ക് ചെത്‌തെന്നും  തങ്ങളെവച്ച് വിലപേശുകയാണെന്നുമുള്ള വിവരം ദീപാഷ് തന്റെ അമ്മാവനോട് മാത്രം വെളിപ്പെടുത്തി. കപ്പൽ ജീവനക്കാരിൽ ആലപ്പുഴക്കാരനായ അഖിൽരഘു എന്ന മലയാളിയുമുണ്ടായിരുന്നു. ആലപ്പുഴ എംപി എ.എം.ആരിഫ് അഖിൽരഘുവിന്റെ മോചനത്തിനായി നിരന്തര ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. ദീപാഷിനായി പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണനും. 
ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ യുഎഇ അംബാസഡർ ലെനനുസൈബ വിഷയം അവതരിപ്പിച്ചു. ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽച്ചാലിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തടവിലാക്കപ്പെട്ടവരുടെ മോചനത്തിനും യുഎൻ ഇടപെടണമെന്ന്‌ അവർ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസംഘടനയുടെ ഇടപെടലും ഇന്ത്യാഗവൺമെന്റും കേരള സർക്കാരും നടത്തിയ നിരന്തര പരിശ്രമങ്ങൾ ഫലവത്തായി. 2022 ഏപ്രിൽ 23ന് കപ്പൽ ജീവനക്കാരായ മുഴുവൻ പേരെയും വിട്ടയക്കാൻ തീവ്രവാദികൾ തയ്യാറായി. തടവിലാക്കപ്പെട്ടവരെ യമനിലെ സന എയർപോർട്ടിലെത്തിച്ചു. ഫോൺ, പാസ്പോർട്ട് തുടങ്ങിയ രേഖകളെല്ലാം തിരികെനൽകി. പിന്നെ പ്രത്യേക വിമാനത്തിൽ മസ്‌കത്തിലെത്തി. അവിടെനിന്നും ഇന്ത്യാ ഗവൺമെന്റ് ചാർട്ടർ ചെയ്ത വിമാനത്തിൽ 7 പേരും സ്വന്തം നാട്ടിലേക്ക്. ഏപ്രിൽ 26ന് രാത്രി ദീപാഷ് കോഴിക്കോട് കരിപ്പൂരിലെത്തി. അവിടെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരും വീട്ടുകാരും ദിപാഷിനെ സ്വീകരിച്ചു. പിന്നെ സ്വന്തം നാടിന്റെ സുഖശീതളിമയിലേക്ക്‌.
ഇപ്പോഴും കണ്ണടയ്‌ക്കുമ്പോൾ മനസ്സിൽ തിരമാലകളെ നടുക്കുന്ന വെടിയൊച്ചകൾ. അജ്ഞാതമായ ലോകത്തേക്കുള്ള സഞ്ചാരങ്ങൾ. ഭയം വിട്ടുമാറാത്ത കണ്ണുകളോടെ ദീപാഷ്‌ അകലേക്ക്‌ നോക്കിനിൽക്കുന്നു. ആശ്വാസത്തിന്റെ ചിരി പടരുമ്പോഴും അയാൾ ചുറ്റിലും നോക്കുന്നു. ഇപ്പോൾ കടലിലാണോ അതോ കരയിലോ?

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top