29 March Friday

ജീവിതത്തോടൊപ്പം നിന്ന കവിത

കെ എസ് രവികുമാർUpdated: Sunday Jan 31, 2021

 സി   പി അബൂബക്കർ ആറു പതിറ്റാണ്ടിലേറെയായി കവിത എഴുതുന്നു. ഇടതുപക്ഷ വിദ്യാർഥി-–- യുവജന രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്കു വന്ന അദ്ദേഹം അവയുടെ നേതൃനിരയിൽ സജീവമായുണ്ടായിരുന്നു.  കോളേജ് അധ്യാപകനായിരിക്കെ സർവീസ് സംഘടനാരംഗത്തായി പൊതുപ്രവർത്തനം. എപ്പോഴും ഹൃദയപക്ഷത്ത് കവിതയുണ്ടായിരുന്നു.  ഗദ്യകൃതികൾ രചിക്കുകയും എ എൽ ബാഷാമിന്റെ ‘ദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ’ പോലുള്ള കനപ്പെട്ട ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കാലത്തും കവിതയെഴുത്ത്  കൈവിടാതെ മുന്നോട്ടുകൊണ്ടുപോയി. അതിന്റെ സാക്ഷ്യമാണ് ‘സമ്പൂർണ കവിതകൾ’. ഇതിലെ 277 കവിത അഞ്ചു ഭാഗത്തിലായി വിന്യസിച്ചിരിക്കുന്നു.

 

കവിതയിലേക്ക്‌ അനവധി വഴികളുണ്ടായിക്കൂടേ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ സമാഹാരത്തിലെ കവിതകൾ. സമകാല കവിതയിലെ നൂതനപ്രവണതകൾ തിരിച്ചറിഞ്ഞ് അതിനൊപ്പം പോകാനുള്ള ബോധപൂർവമായ ശ്രമമൊന്നുമില്ലാതെ സ്വാഭാവികമായി മുന്നേറിയ കവിതകൾ. എന്നാൽ, സമകാലിക ലോകത്തിന്റെ ഉൽക്കണ്ഠകളെ അറിയുന്നതിലും ആവിഷ്‌കരിക്കുന്നതിലും കവി ശ്രദ്ധിച്ചിരുന്നു. ‘സ്‌നേഹം സമരം കവിത’ എന്ന ഖണ്ഡത്തിലെ മിക്ക കവിതയും സമകാലിക ലോകത്തിന്റെ ചലനങ്ങളോട് പ്രതികരിച്ചവയാണ്.  ആ കാലത്തിന്റെ രാഷ്ട്രീയാവസ്ഥയോട് പ്രതികരിക്കുന്ന പല കവിതയും സി പി എഴുതി. ‘നാക്കിനു തുടലിട്ടു നിൽക്കയാണ്‌ ഞാൻ, എന്റെ വാക്കുകളരിപ്പയിലരിച്ചു കഴിയുന്നു’ എന്ന അവസ്ഥയായിരുന്നു അത്.  ‘നീ’ എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷ പോപ്പുലർ പ്രകാശൻ മുംബൈ പ്രസിദ്ധീകരിച്ച, അടിയന്തരാവസ്ഥയിൽ എഴുതപ്പെട്ട പ്രതിരോധ കവിതകളുടെ സമാഹാരമായ ‘വോയ്സ് ഫ്രം ദി എമർജൻസി’യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
“ഈ മയക്കത്തിൽനിന്നും ഞാനുണരും. 
ഞാനുണരുംവരെ  നീ കുഴഞ്ഞാടിക്കൊള്ളുക,
വിഷസർപ്പമേ നീ കുഴഞ്ഞാടിക്കൊള്ളുക...
നിന്റെ മൃത്യു വിളംബരം ചെയ്യപ്പെടുകയാണെന്നറിയാതെ
നീ കുഴഞ്ഞാടിക്കൊള്ളുക
ഈ മയക്കത്തിൽനിന്ന് ഞാനുണരുമ്പോൾ
ചീവീടുകളും കാലൻ കോഴികളും  ഉറക്കെയുറക്കെ ശബ്ദിക്കും.
നീ താളം പിഴച്ച് കാലിടറി നിലംപതിക്കും.
പിടഞ്ഞുമരിക്കുന്ന നിന്റെ ജഡം വളമാക്കി
ഞാൻ പുതിയ വിത്തുകൾ വിതച്ചു കൃഷി നടത്തും.
ഞാനുണരുക തന്നെ ചെയ്യും.” 
 
എന്ന് ആ കവിതയിൽ ആധിപത്യശക്തികളോട് ആത്മവിശ്വാസത്തോടെ താക്കീത് ചെയ്യുന്നു. 
 
 തന്റെ സ്‌കൂളിലേക്ക് പല വഴികൾ എന്ന പരികൽപ്പനയെ സാധൂകരിക്കുന്ന മട്ടിൽ  വ്യത്യസ്‌തത പുലർത്തുന്ന രചനകളുണ്ട്. പ്രകൃതിയുടെ ഭാവഭേദങ്ങളെ  ജീവിതത്തിന്റെ അന്തർഭാവങ്ങളുമായി ബന്ധപ്പെടുത്തുന്ന രീതി പല കവിതയിലും കാണാം.
 
“ഇന്നു പാടുവതെന്തേ ചോദിപ്പു മന്ദാകിനി
ഇന്നലെ നീ പാടിയ സാഗരസംഗീതമോ
ഓർക്ക നീയതു വെറുമിരമ്പൽ എനിക്കിനി
കടലിൽ ഒഴുകേണ്ട, ചെറു കുമ്പിളു മതി.
അതിലേ നിറയൂ ഞാൻ, കടലിൽ ഞാനെന്നൊരു
ഭാവമേ കാണാനില്ല, കടലെന്നഭാവമാം.” 
 
ഇങ്ങനെ സഹജവും സ്വാഭാവികവുമായ രീതിയിലാണ് മിക്കവാറും കവിതകൾ ഉരുത്തിരിഞ്ഞുവരുന്നത്. കാൽപ്പനികവും വൈകാരികവുമായ ഇഴകളുള്ള ഭാവാത്മകരചനകളാണ് ഈ രീതിയിലുള്ള കവിതകൾ.
 
ജീവിതത്തിന്റെ വൈചിത്ര്യമാർന്ന  ഭാവാന്തരങ്ങൾ പലതും സ്വപ്‌നം കാണുകയും പ്രണയത്തിന്റെ സ്വരഭേദങ്ങളും വർണക്കൂട്ടുകളും ആവിഷ്‌കരിക്കുകയും ചെയ്യുന്ന കവിതകൾ സമാഹാരത്തിലുണ്ട്. വൈവിധ്യം നിറഞ്ഞ പ്രമേയങ്ങളും ആവിഷ്‌കാര രീതികളും  കവിതകളിലുണ്ട്‌. മിക്കവാറും കവിതകൾ മലയാളത്തിലെ പരിചിതമായ കാവ്യഭാഷയിൽ എഴുതപ്പെട്ടവ. അതേസമയം, വളരെ വ്യത്യസ്‌തമായ ഭാഷയിൽ രചിക്കപ്പെട്ട കവിതകളും ഈ സമാഹാരത്തിലുണ്ട്. തന്റെ ഗ്രാമത്തിന്റെയും ഗൃഹപരിസരങ്ങളുടെയും ഭാഷയിൽ എഴുതിയിട്ടുള്ള കവിതയാണ് ‘അഹമദ്’. പ്രിയപ്പെട്ട സഹോദരന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കവിതയാണത്. 
 
“നുമ്മ പെണങ്ങ്യാ പെണങ്ങീതാ
അയിന് പെണങ്ങീറ്റില്ലലോ
അനിയന്റെ മോളെ കല്യാണം  
റാഹത്തായി കയിഞ്ഞി
സ്രിദനമൊന്നും ബേണ്ടേയ്
സൊർണം മേണം 
നെറയെ കൊട്ത്ത്”
 
കഥയിലും നോവലിലുമൊക്കെ ദേശ്യഭാഷയിലുള്ള സംഭാഷണങ്ങളും ചിലപ്പോൾ വിവരണങ്ങൾ പോലും സാധാരണം. എന്നാൽ, കവിതയിൽ അതത്ര സാധാരണമല്ല. അവിടെയാണ് ഈ സാധ്യത സി പി കവിതയിൽ പ്രായോഗികമാക്കുന്നത്. കവിതയിൽ തന്റെ മൂലധനങ്ങളിലൊന്ന് മാതാവ് ചൊല്ലിയിരുന്ന അറബിമലയാളം പാട്ടുകളായിരുന്നുവെന്ന് കവി പറയുന്നു. 
 
ഉള്ളും ഉലകും പല പാകത്തിൽ പല വിതാനത്തിൽ കവികളുടെ അന്വേഷണ വിഷയമാകാറുണ്ട്. അതിനപ്പുറം എന്താണ് ജീവിതം, ആരാണ് ഞാൻ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എഴുത്തുകാരെ അലട്ടുന്ന  മൗലികപ്രശ്നങ്ങളാണ്. ഈ കവിയും  അങ്ങനെയുള്ള ചില സമസ്യകളുടെ പൊരുളന്വേഷിക്കുന്ന രചനകൾ നടത്തിയിട്ടുണ്ട്.  എനിക്ക്‌ ഞാനായ് എന്ന കവിത നോക്കുക.
 
“എനിക്കു ഞാനായി മരിക്കണം പാരിൻ 
മുരിക്കു പൂവായ് ചെമന്നു തുടുക്കണം.
ചുടലയിൽ കത്തിപ്പൊടിഞ്ഞു തീരുവാൻ
നടുനിവർന്നൊരു ശവമായ് മാറണം
എരുക്കു ചാലിച്ച മഷിയിലെന്റെയീ
കുരുക്കിനെപ്പറ്റി കവിത തീർക്കണം.
നിറന്നു കത്തുമാ വിറകുകൊള്ളികൾ-
ക്കരികിൽ നാളമായ് തിളച്ചുനിൽക്കണം.”
 
ഭൂരിപക്ഷം പേരും മറ്റാരെയെങ്കിലും പോലെയായിത്തീരുവാൻ ശ്രമിക്കുന്ന കാലത്ത്  സ്വന്തം അസ്‌തിത്വത്തിന്റെ നീതീകരണം  ഈ കവി കാണുന്നത് തന്റെ നാട്ടുതനിമയിലാണ്. പലതരം ബന്ധങ്ങളും ബന്ധനങ്ങളും ചേർന്ന് ഉളവാക്കുന്ന കുരുക്കിന്റെ ഉള്ളിൽ നിന്നുകൊണ്ട് ഓരോ ജീവിതവും അതിന്റെ തനിമ കാട്ടാൻ ശ്രമിക്കുന്നു. മുരിക്കു പൂവിന്റെ ചുവപ്പും എരുക്കു ചാലിച്ച മഷിയുടെ കറുപ്പും ഈ കവിയുടെ തനിമയെ എടുത്തുകാട്ടുന്നതാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top