25 April Thursday

പൊന്നിയിൻ സെൽവൻ ബമ്പർ ഓഫർ

ശ്രീരാജ്‌ ഓണക്കൂർ sreerajonakkoor@gmail.comUpdated: Sunday Apr 30, 2023

ജയം രവി

ഇരുപത്‌ വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ തനിക്ക്‌ ലഭിച്ച ബമ്പർ ഓഫറാണ്‌ പൊന്നിയിൻ സെൽവൻ എന്ന്‌ നടൻ ജയം രവി. ലോകം ആദരിക്കുന്ന സംവിധായകനായ മണിരത്‌നത്തിന്റെ കീഴിൽ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിലും രണ്ടിലും അഭിനയിക്കാനായി. ടൈറ്റിൽ കഥാപാത്രമായ അരുൺമൊഴി വർമൻ എന്ന പൊന്നിയിൻ സെൽവനെ അവതരിപ്പിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച്‌ നടൻ ജയം രവി ദേശാഭിമാനിയോട്‌ മനസ്സ്‌ തുറക്കുന്നു. 

അഭിനയം പഠിപ്പിക്കാത്ത സംവിധായകൻ

ഏറെ ഉത്തരവാദിത്വമുള്ള കഥാപാത്രമാണ്‌ പൊന്നിയിൻ സെൽവന്റേതെന്ന്‌ മണിരത്‌നം ആദ്യം തന്നെ പറഞ്ഞു. അദ്ദേഹം ഒരിക്കലും അഭിനയം പഠിപ്പിക്കാറില്ല. എങ്ങനെ അഭിനയിക്കണമെന്ന ചിന്തയുടെ വിത്ത്‌  നമ്മുടെ മനസ്സിൽ മുളപ്പിക്കും. അഭിനയം നന്നായാൽ  ക്രെഡിറ്റ്‌ സ്വന്തമാക്കാനും അദ്ദേഹം വരില്ല. ഇഷ്ടമായാൽ നന്നായി അഭിനയിച്ചു എന്ന്‌ മാത്രം പറയും. അരുൺമൊഴി വർമൻ എന്ന പൊന്നിയിൻ സെൽവനെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തിന്റെ മഹത്വത്തിനും അന്തസ്സിനും കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു ഭാവചലനങ്ങളും ഉണ്ടാകരുതെന്ന്‌ മണിരത്‌നം പ്രത്യേകം പറഞ്ഞിരുന്നു. യുദ്ധത്തിനു പോകുമ്പോൾപോലും സ്വന്തം പ്രജകൾക്ക്‌ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന്‌ നിഷ്‌കർഷയുള്ളയാളായിരുന്നു പൊന്നിയിൻ സെൽവൻ. 

രണ്ടാം ഭാഗത്തിലാണ്‌ കഥ 

ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ്‌. യഥാർഥ കഥ ഉരുത്തിരിയുന്നത്‌ രണ്ടാം ഭാഗത്തിലാണ്‌. ഓരോ രംഗങ്ങളും ക്ലൈമാക്‌സിലേക്ക്‌ കൊണ്ടു പോകും. തുടക്കം മുതൽ ആ ക്ലൈമാക്‌സ്‌ മൂഡ്‌ നിങ്ങൾക്ക്‌ ഫീൽ ചെയ്യും. രാജ രാജ ചോളൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പൊന്നിയിൻ സെൽവനെ എന്റെ മനസ്സിലേക്ക്‌ പതിയെ കുത്തിവച്ചു തന്നത്‌ സംവിധായകൻ മണിരത്‌നം തന്നെയാണ്‌. ഈ കഥാപാത്രം ഒരു ദിവസം കൊണ്ട്‌ ചെയ്യാൻ കഴിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ആറുമാസം നീ പോയി പൊന്നിയിൻ സെൽവനായി ജീവിച്ചു വരാനാണ്‌ അദ്ദേഹം പറഞ്ഞത്‌. വീട്ടുകാരോട്‌ സംസാരിക്കുമ്പോൾപോലും ആ കഥാപാത്രം പെരുമാറുന്ന ശൈലി പിന്തുടരാൻ പറഞ്ഞു. പൊന്നിയിൻ സെൽവൻ പ്രജകൾക്കായി അണക്കെട്ടുകൾ നിർമിച്ചതടക്കമുള്ള നല്ല കാര്യങ്ങൾ അദ്ദേഹം ഫോണിൽ വിളിച്ച്‌ സംസാരിക്കുമായിരുന്നു. 

എല്ലാവരും ഒരു കുടുംബം

മുപ്പത്തഞ്ചോളം പ്രശസ്‌ത താരങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. വിക്രം, ഐശ്വര്യ റായ്‌, കാർത്തി, ജയറാം, ലാൽ, പ്രകാശ്‌ രാജ്‌, റഹ്‌മാൻ, ഐശ്വര്യ ലക്ഷ്‌മി തുടങ്ങിയ ഒട്ടേറെ പ്രതിഭകൾ. ഇവരുൾപ്പെടെ നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്‌. എന്നാൽ, മറ്റുള്ളവരേക്കാൾ തന്റെ കഥാപാത്രത്തിന്‌ പ്രാധന്യമോ സ്‌ക്രീൻ സമയമോ കുറഞ്ഞു പോകുമെന്ന ചിന്ത ആർക്കും ഉണ്ടായിട്ടില്ല. എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. ഞങ്ങൾ പരസ്‌പരം ആശയങ്ങളും അഭിപ്രായങ്ങളും പങ്കു വച്ചു. ഭക്ഷണം കഴിക്കുന്നതും ജിംനേഷ്യത്തിൽ പോകുന്നതുമെല്ലാം ഒന്നിച്ചായിരുന്നു. ഈ കൂട്ടായ്‌മ സിനിയ്‌ക്ക്‌ ഏറെ ഗുണം ചെയ്‌തു. അവരിൽനിന്ന്‌ തനിക്കും അഭിനയത്തിന്റെ പുതിയ പാഠങ്ങൾ മനസ്സിലാക്കാനായി. പ്രകാശ്‌ രാജും ഞാനും അച്ഛനും മകനുമായി പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. എന്നാൽ, ഈ ചിത്രത്തിലെ അച്ഛൻ–-മകൻ കോമ്പിനേഷൻ ഒരു പ്രത്യേക അനുഭവമായിരുന്നു.  

155 ദിവസം ഷൂട്ടിങ്‌

155 ദിവസമാണ്‌ രണ്ട്‌ ഭാഗങ്ങളും ചിത്രീകരിച്ചത്‌. പുലർച്ചെ മൂന്നു മണിക്ക്‌ ഉണർന്നായിരുന്നു പല ദിവസവും ഷൂട്ടിങ്‌. കഥാപത്രത്തിനായി കുതിരസവാരിയും വാൾപയറ്റും കളരിയുമെല്ലാം അഭ്യസിച്ചു. ആർക്കെങ്കിലും പരിക്ക്‌ പറ്റിയാൽ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ സെറ്റിൽ എപ്പോഴും ആംബുലൻസ്‌ സജ്ജമായിരുന്നു. ചിത്രത്തിൽ നിങ്ങൾ കാണുന്ന കുതിരകൾക്കും ആനകൾക്കുമെല്ലാമായി മറ്റൊരു ആംബുലൻസും 24 മണിക്കൂറും റെഡിയായിരുന്നു. ഈ സജ്ജീകരണങ്ങൾ ഒരുക്കിയ പ്രൊഡക്ഷൻ കമ്പനികളായ ലൈക്കാ പ്രൊഡക്ഷൻസിനും  മദ്രാസ്‌ ടാക്കീസിനും പ്രത്യേകം നന്ദിയുണ്ട്‌.

മലയാളം പഠിച്ചിട്ടേ അഭിനയിക്കൂ

മലയാള സിനിമയിൽനിന്ന്‌ നിരവധി ഓഫറുകൾ വന്നു. കൂടുതലും അതിഥി വേഷങ്ങൾ. തമിഴ്‌ സിനിമകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നതു കൊണ്ടാണ്‌ അവ നടക്കാതിരുന്നത്‌. മലയാള ഭാഷ പഠിച്ചിട്ട്‌ മാത്രമേ അഭിനയിക്കൂ എന്നാണ്‌ തീരുമാനം. എങ്കിൽ മാത്രമേ ആ കഥാപാത്രത്തിനു ജീവൻ ലഭിക്കുകയുള്ളൂ. ഡബ്ബിങ്‌ ആർടിസ്‌റ്റിനെ വച്ച്‌ ചെയ്‌താൽ ആ ഫീൽ ലഭിക്കില്ല. സിനിമകളുടെ പ്രചാരണത്തിനു വേണ്ടി പല തവണ കേരളത്തിൽ വന്നു. മലയാള ഭാഷ  പഠിച്ചു വരികയാണ്‌. മലയാള സിനിമ അഭിനയത്തിന്റെ വിലയ സ്‌കൂളാണ്‌. കോമഡി ഉൾപ്പെടെ എല്ലാം സ്വാഭാവികമായി ചെയ്യുന്ന അഭിനയപ്രതിഭകളാണ്‌ മലയാളത്തിലുള്ളത്‌.

പുതിയ ചിത്രങ്ങൾ

നയൻതാര നായികയായ ‘ഇരൈവൻ’ ജൂണിൽ റിലീസാകും. ഞാൻ ഇതു വരെ ചെയ്യാത്ത ജോണറിലുള്ള സിനിമയാണിത്‌. എഡ്‌ജ്‌ ഓഫ്‌ ദി സീറ്റ്‌ ത്രില്ലർ എന്ന്‌ പറയാം. സംവിധായകൻ രാജേഷിനൊപ്പമുള്ള ചിത്രവും വരുന്നുണ്ട്‌. സൈറൺ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ പൂർത്തിയാകാറായി. കീർത്തി സുരേഷും അനുപമ പരമേശ്വരനുമാണ്‌ നായികമാർ. മറ്റൊരു പ്രധാന ചിത്രം ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കും.

ഭാവിയെക്കുറിച്ച്‌ ആശങ്കയില്ല

എന്റെ സിനിമാജീവിതത്തിലെ ഓരോ ദിവസങ്ങളും ഓരോ അനുഭവ പാഠങ്ങളായിരുന്നു. മഹത്തരമായ ഒരു യാത്രയായി അതിനെ കണക്കാക്കുന്നു. ഭാവിയിൽ വിശ്വാസമില്ലാത്തയാളാണ്‌ ഞാൻ. ഭാവി എങ്ങോട്ടു കൊണ്ടു പോകുന്നോ അങ്ങോട്ട്‌ പോകും. ഇന്ന്‌ എന്തു ചെയ്യാനാകുമെന്ന്‌ മാത്രമാണ്‌ ചിന്ത. ജീവിതത്തിലെ ഓരോ ദിവസവും ആസ്വദിച്ചാണ്‌ മുന്നോട്ടുള്ള യാത്ര. സിനിമാ ജീവതത്തിന്റെ തുടക്കത്തിൽ ആത്‌മവിശ്വാസം കുറവായിരുന്നു. ഇപ്പോൾ ആത്‌മവിശ്വാസം ലഭിച്ചു കൊണ്ടിരിക്കുകയാണ്‌. അഭിനയത്തിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്‌. പുതിയ തെറ്റുകൾ ചിലപ്പോൾ വന്നേക്കാം. പക്ഷേ സംഭവിച്ചവ ഇനി ആവർത്തിക്കില്ലെന്ന ആത്മവിശ്വാസമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top