25 April Thursday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Apr 30, 2023

രാഷ്‌ട്രീയജീവിയുടെ അനുഭവാഖ്യാനം

ഡോ. വി പി പി മുസ്‌തഫ

സമകാലിക ജനപക്ഷ രാഷ്‌ട്രീയത്തിന്റെ ഉപകരണങ്ങളിലൊന്നാണ്‌ ഓർമ. അനുഭവങ്ങളും ഓർമകളും ആഖ്യാനം ചെയ്യുന്ന ആത്മകഥകൾ വിശാലാർഥത്തിൽ രാഷ്‌ട്രീയരൂപകമാണ്‌. വർത്തമാനകാല സംഘർഷങ്ങളോട്‌ സമരത്തിലേർപ്പെടാനും പ്രതിരോധിക്കാനുമുള്ള സാമഗ്രികളായി ആത്മകഥകൾ മാറുന്നു. അത്തരത്തിലൊന്നാണ്‌ പി കരുണാകരന്റെ ‘അനുഭവങ്ങൾ, ഓർമകൾ’. ആത്മകഥയായും ദേശചരിത്രമായും ജീവചരിത്രമായും സമീപിക്കാൻ കഴിയുന്ന കൃതിയാണിത്‌. ഒരു വ്യക്തിയുടെ ഓർമ ദേശചരിത്രമാകുന്നു. പല വ്യക്തികൾ, ഇടങ്ങൾ, സംസ്‌കാരം, രാഷ്‌ട്രീയം ഇങ്ങനെ പി കരുണാകരന്റെ പലതരം ഓർമകളാണ്‌ ഇതിൽ രേഖപ്പെടുത്തുന്നത്‌. വിഷയങ്ങളുടെ വൈപുല്യവും വൈവിധ്യവും ശ്രദ്ധേയമാണ്‌. പണ്ട്‌ കണ്ട കാഴ്‌ചകൾ, കേൾവികൾ ഇവയെല്ലാം ഓർമിച്ചെടുത്ത്‌ രേഖപ്പെടുത്തുന്നതിലെ സൂക്ഷ്‌മത വിസ്‌മയകരമാണ്‌. ആഖ്യാതാവ്‌ വെറും സാക്ഷിയല്ല, മിക്കപ്പോഴും ഇടപെടുന്നയാളാണ്‌. അനുഭവങ്ങളും ഓർമകളും രാഷ്‌ട്രീയ നിലപാടുകളും കൂടിക്കുഴയുന്നു. നാട്‌, വിദ്യാലയം, പഠനം, രാഷ്‌ട്രീയം, സാഹിത്യം, കായികം, യാത്ര, പ്രകൃതി ഇതെല്ലാം കടന്നുവരുന്നു. ഒരു കുറിപ്പിൽതന്നെ ഒന്നിലേറെ വിഷയങ്ങൾ നിറയുന്നു. വ്യക്തിജീവിതത്തെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായി നോക്കിക്കാണുന്ന ആഴത്തിലുള്ള രാഷ്‌ട്രീയ ബോധ്യങ്ങൾ പി കരുണാകരന്റെ ആത്മകഥയിൽ പ്രവർത്തിക്കുന്നുണ്ട്‌. അനുഭവാഖ്യാനങ്ങളിലൂടെ നിർമിക്കപ്പെടുന്ന സ്വത്വവും രാഷ്‌ട്രീയജീവിയായ സ്വത്വവും ചേർത്തുവച്ചതിലൂടെ ഈ ആത്മകഥ രാഷ്‌ട്രീയ പ്രവർത്തനമായി മാറുന്നു.

 

പ്രതികരണത്തിന്റെ മഷിപ്പാത്രം

ആര്‍ എസ് ബാബു

‘മാറ്റൊലി' എന്ന ഈ പുസ്തകത്തിന്റെ പ്രത്യേകതകളിലൊന്ന് 175–-ാം വര്‍ഷത്തിലെത്തിയ മലയാള പത്രചരിത്രത്തിലെ മഹത്തായ ഒരു പാരമ്പര്യത്തിന്റെ കണ്ണിയാണ് ഇതിന്റെ ഗ്രന്ഥകര്‍ത്താവ് രമേശ് ബാബു എന്നതാണ്. തൊഴിലാളി വര്‍ഗ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യകാല ശക്തിസ്രോതസ്സാണ് ആലപ്പുഴയില്‍നിന്ന് പ്രസിദ്ധീകരിച്ച 'തൊഴിലാളി'. ആ പത്രത്തിന്റെ പത്രാധിപരും കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയുടെ സ്ഥാപകനുമായ വാടപ്പുറം പി കെ ബാവയുടെ ചെറുമകനാണ്‌ രമേശ് ബാബു. രമേശ് ബാബുവിന്റെ ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്ന ലേഖനങ്ങള്‍ ജനയുഗം ദിനപ്പത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചതില്‍നിന്ന് തിരഞ്ഞെടുത്തവയാണ്. 'ജീവിതമാകുന്ന കടലാണ് ഞങ്ങള്‍ക്ക് മഷിപ്പാത്രം' എന്ന് മഹാകവി വൈലോപ്പിള്ളി പറഞ്ഞിട്ടുണ്ട്. അതുപോലെ, കേരള രാഷ്ട്രീയ സാംസ്‌കാരിക അവസ്ഥകളോട് പ്രതികരിക്കാനുള്ള നല്ലൊരു മഷിപ്പാത്രമാണ് രമേശ് ബാബുവിന്റെ മാറ്റൊലി. മലയാള രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തിലെ ബൗദ്ധിക വായനാനുഭവമാണ് ഈ പുസ്തകം. സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നുവിളിക്കാനിടയായത് മൈസൂരില്‍ വച്ച് ഡോ.പല്‍പ്പുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്. ആ കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ അവസ്ഥ സ്വാമിയെ നന്നായി ഡോ.പല്‍പ്പു ബോധ്യപ്പെടുത്തിയിരുന്നു. ശങ്കരാചാര്യരെ വിവേകാനന്ദന്‍ ബഹുമാനിച്ചപ്പോള്‍ത്തന്നെ, ഹൃദയശൂന്യമായ ബ്രാഹ്മണാധിപത്യത്തെയും അതിന്റെ രക്തപങ്കിലമായ നടപടികളെയും പരസ്യമായി ചോദ്യം ചെയ്യാത്തതില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം വര്‍ത്തമാനകാലത്തെ പല ശരിയിലേക്കും നടത്താന്‍ ഉപകരിക്കുന്നതാണ് ഈ പുസ്തകം.

 

രാമരാജ്യം പുനർവായിക്കുമ്പോൾ

എം സി പോൾ

വർത്തമാനകാല ഇന്ത്യയെ നിർധാരണം ചെയ്യുന്ന 12 ലേഖനങ്ങളുടെ സമാഹാരമാണ്‌ ഇയ്യങ്കോട്‌ ശ്രീധരന്റെ ‘രാമരാജ്യവിശേഷങ്ങൾ’. മതനിരപേക്ഷതയുടെ ഇനിയും മരിക്കാത്ത പ്രതീകമായ ഗാന്ധിജി ഒരു രാമഭക്തനായിരുന്നു; അദ്ദേഹത്തിന്റെ കൊലയാളി ഗോഡ്‌സെയും. എന്നാൽ, ഭാരതജനത മഹാത്മജിയുടെ രാമപക്ഷത്തായിരുന്നു എന്ന ചരിത്രയാഥാർഥ്യം ഉൾക്കൊള്ളുന്നവരായിരുന്നു. ഹിന്ദു മുസ്ലിം ഐക്യത്തിനുവേണ്ടി രക്തം ചിന്തിയ മഹാത്മാവിന്റെ ഇന്നത്തെ ഇന്ത്യൻ അവസ്ഥയെക്കുറിച്ച്‌ ഇയ്യങ്കോട്‌ എഴുതിയ ഏറ്റവും പുതിയ സെക്കുലർ ഗ്രന്ഥമാണ്‌ ‘രാമരാജ്യവിശേഷങ്ങൾ’. ‘മനുസ്‌മൃതി എന്ന മനുഷ്യനിന്ദ’ എന്ന ലേഖനത്തിൽ ബ്രാഹ്മണിക്യൽ ഇമേജറികളെ, സ്‌ത്രീവിരുദ്ധതയെ എല്ലാം ലേഖകൻ വെളിപ്പെടുത്തുന്നുണ്ട്‌. ഇവിടെ ബുദ്ധിസത്തിന്റെ മതനിരപേക്ഷതയുടെ, അനന്തസാധ്യതകൾ ഗ്രന്ഥകാരൻ അവതീർണമാക്കുന്നു. അഹിംസയാണ്‌ പരമമായ ധർമമെന്ന്‌ ബുദ്ധൻ ഉപദേശിച്ചു. മനുഷ്യരിൽ ചിലർക്ക്‌ ദുഃഖവും മറ്റുചിലർക്ക്‌ സുഖവും സമ്മാനിക്കുന്ന ഈശ്വരൻ ഇല്ലെന്ന്‌ ബുദ്ധൻ സിദ്ധാന്തിച്ചതായി ഗ്രന്ഥകാരനായ ഇയ്യങ്കോട്‌ വെളിപ്പെടുത്തുന്നു. നാടുവാഴിത്തത്തിന്റെ ജീർണതകളും മുതലാളിത്തത്തിന്റെ മാലിന്യങ്ങളും കൂടിക്കുഴഞ്ഞ്‌ ഇന്നത്തെ അവസ്ഥയിൽ മതമൗലികവാദങ്ങൾക്കും ക്ഷേത്ര പുനരുദ്ധാരണ ശ്രമങ്ങൾക്കും പള്ളി നിർമാണങ്ങൾക്കും പ്രസക്തി വർധിക്കുന്നതിന്റെ അപകടസാധ്യത ഇയ്യങ്കോട്‌ പഠനവിധേയമാക്കുന്നു. മോദിയുടെ വാഴ്‌ചയുടെ സനാതനധർമവും ശ്രീനാരായണീയത എന്ന ദർശനം, പാണ്ഡിത്യം എന്ന സത്യാന്വേഷണം, ഭാഷയുടെ അപചയം, നട്ടുച്ചയ്‌ക്ക്‌ ചൂട്ടുകത്തിക്കാം തുടങ്ങിയ ലേഖനങ്ങളും ഇയ്യങ്കോടിന്റെ രാഷ്‌ട്രീയപരവും സാംസ്‌കാരികപരവും ചരിത്രപരവുമായ സാധ്യതകൾ സംവാദവിധേയമാക്കുന്നു.

 

മാനവപുരോഗതി തടഞ്ഞ യാങ്കി വെടിയുണ്ടകൾ

എ ശ്യാം

മാനവരാശിയുടെ ജനാധിപത്യ മുന്നേറ്റങ്ങളെ തടയാൻ അമേരിക്കയും അവരുടെ ചാരസംഘടനയായ സിഐഎയും ലോകമെങ്ങും നടത്തിയ അതിക്രമങ്ങൾക്ക്‌ കണക്കില്ല. കേരളത്തിലെ ആദ്യ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചതിൽപോലും അമേരിക്കയുടെ പങ്ക്‌ കുപ്രസിദ്ധമാണ്‌. ഇറാൻ മുതൽ ഇന്തോനേഷ്യ വരെ, ഗ്വാട്ടിമാല മുതൽ ഗിനി ബിസൗ വരെ അവർ നടത്തിയ അട്ടിമറികളും കൂട്ടക്കൊലകളും ചരിത്രത്തിന്റെ ഭാഗമാണ്‌. അവയിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌ ലെഫ്‌റ്റ്‌വേഡ്‌ ബുക്‌സിന്റെ ചീഫ്‌ എഡിറ്റർ വിജയ്‌ പ്രഷാദിന്റെ പുസ്‌തകം ‘വാഷിങ്‌ടൺ ബുള്ളറ്റുകൾ’. ബൊളിവിയയിൽ 2019ൽ അമേരിക്കൻ ഇടപെടലിൽ നടന്ന അട്ടിമറിയിൽ പുറത്താക്കപ്പെട്ട പ്രസിഡന്റ്‌ ഇവോ മൊറാലിസാണ്‌ പുസ്‌തകത്തിന്‌ മുഖവുര എഴുതിയിരിക്കുന്നത്‌. തങ്ങളുടെ ഭാഗധേയം സ്വയം നിർമിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങളിൽ സാമ്രാജ്യത്വം അവരുടെ നിഗൂഡ താൽപര്യങ്ങൾ സംരക്ഷിക്കാൻ എങ്ങനെയാണ്‌ കടന്നുകയറുന്നത്‌ എന്നു ലളിതമായും സമഗ്രമായും ഈ പുസ്‌തകത്തിൽ  വിവരിച്ചിരിക്കുന്നു എന്നു മൊറാലിസ്‌ കുറിച്ചിരിക്കുന്നു. പശ്ചിമ യൂറോപ്പിന്റെ കാടത്തത്തെ ബഹുദൂരം പിന്നിലാക്കുന്നത്‌ അമേരിക്കയുടെ കാടത്തം മാത്രമാണ്‌ എന്ന്‌ മാർടിനിക്കിലെ വിപ്ലവകവിയും എഴുത്തുകാരനും സാംസ്‌കാരിക–-രാഷ്‌ട്രീയ പ്രവർത്തകനുമായിരുന്ന എയ്‌മ്‌ സെസെ പറഞ്ഞിട്ടുണ്ട്‌. അത്‌ ശരിവയ്‌ക്കുന്ന സംഭവങ്ങളും അതിന്‌ ആധാരമായ രാഷ്‌ട്രീയവുമാണ്‌ മൂന്നുഭാഗങ്ങളായുള്ള പുസ്‌തകത്തിന്റെ ഉള്ളടക്കം. ലാറ്റിനമേരിക്കയിൽ സാമ്രാജ്യത്വത്തിന്‌ എതിരെ ജനപക്ഷത്തുനിന്ന്‌ പ്രവർത്തിച്ച ആർച്ച്‌ ബിഷപ്പ്‌ ഓസ്‌കാർ റൊമേരോ അടക്കമുള്ള ക്രൈസ്‌തവ പുരോഹിതരുടെയും കന്യാസ്‌ത്രീകളുടെയും രക്തസാക്ഷിത്വവും ഗ്രന്‌ഥകാരൻ ഓർമിപ്പിക്കുന്നു. അറബ്‌ രാജവാഴ്‌ചകൾ പലതും ജനഹിതത്തിന്‌ എതിരായി പാശ്ചാത്യ സാമ്രാജ്യത്വശക്തികളുടെ കളിപ്പാവകളായി മാറിയ ചരിത്രവും പുസ്‌തകത്തിലുണ്ട്‌. സി ബി വേണുഗോപാൽ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌ത കൃതി കൊച്ചിയിലെ സാമൂഹ്യ സംരംഭക സഹകരണ സംഘത്തിന്റെ പ്രസാധന വിഭാഗമായ സമൂഹ്‌ ആണ്‌ പുറത്തിറക്കിയിരിക്കുന്നത്‌.

 

സന്തോഷവും സങ്കടവും ഇഴചേരുമ്പോൾ

പ്രൊഫ. കെ കുമാരൻ

മൂർഖൻ പറമ്പിൽ വിമാനത്താവളം വരുമ്പോഴുണ്ടായ ആളുകളുടെ സന്തോഷവും സങ്കടവും എഴുതിച്ചേർത്തതാണിവിടെ. ഇതിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം മാത്രമാണ്. 'താച്ചിയമ്മ' എന്ന തന്റെ ആദ്യനോവലിൽ ആശാഹരീന്ദ്രൻ പറയുന്നു. മട്ടന്നൂരിൽ വിമാനത്താവളം വരുന്നതോടെ പാരമ്പര്യഭൂമിയിൽനിന്നും പുറത്താവുന്നവരുടെ കഥയാണ് താച്ചിയമ്മ. കുടിയിറക്കപ്പെടുന്നവന്റെ വിഷമവും കണ്ണീരും വലിയപുരക്കൽ തറവാടിന്റെ കഥയിലൂടെ അവതരിപ്പിക്കുകയാണ്. നഷ്ടപരിഹാരമായി കിട്ടിയ പണം ജനങ്ങളിൽ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങളും നോവലിൽ കാണാം. കൈമോശം വരുന്ന ജീവിതമൂല്യങ്ങളും മനുഷ്യബന്ധങ്ങളിലെ തകർച്ചയും ഇതിൽ നിറയുന്നു. ഈ കൃതിയിൽ പശ്ചാത്തലമായി നാടിന്റെ ചരിത്രം, ജനങ്ങളുടെ പോരാട്ടങ്ങൾ, സാമൂഹ്യ പരിഷ്‌കരണം, ജന്മികുടിയാൻ ബന്ധം, കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം എന്നിവയുമുണ്ട്. ഉയർന്ന ജാതിക്കാർക്കുവേണ്ടി അടിമപ്പണി ചെയ്യേണ്ടി വന്ന പാവപ്പെട്ട ജനങ്ങളുടെ കഥയും ഇതിലുണ്ട്. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പുതുലോകം നവോത്ഥാന നായകന്മാരും രാഷ്ട്രീയക്കാരും മാറ്റിയെടുത്ത വടക്കേ മലബാറിന്റെ ചരിത്രം എന്നിവയിലേക്കും നോവൽ വെളിച്ചം വീശുന്നു. വികസനം വരുമ്പോൾ കൂടെ പല പ്രശ്നങ്ങളും വരും. എന്നാൽ, വികസനം വേണ്ടെന്നുവയ്‌ക്കാനും പറ്റില്ല.  ലളിതവും സുന്ദരവുമാണിതിലെ ഭാഷ. തലശേരി പ്രദേശങ്ങളിലെ നാട്ടുഭാഷയുടെ ഉപയോഗവും ഉടനീളം കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top