19 April Friday

അവാർഡിനു വേണ്ടിയല്ല അഭിനയം

ശൈലൻ mahashylan@gmail.comUpdated: Sunday Nov 29, 2020

കനി കുസൃതി

സജിൻ ബാബു സംവിധാനം ചെയ്‌ത ബിരിയാണിയിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള ഈ വർഷത്തെ സംസ്ഥാന പുരസ്‌കാരം നേടിയ കനി കുസൃതി  സംസാരിക്കുന്നു

 
മുഖ്യധാരാ മലയാളസിനിമ വേണ്ടവിധം പരിഗണിക്കാതെവിട്ട കനി കുസൃതിക്കാണ്‌ 2019ലെ  മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം.  ഈ അംഗീകാരം സാധാരണപ്രേക്ഷകരെ സംബന്ധിച്ച് അത്ഭുതമാണെങ്കിലും  ബിരിയാണി എന്ന സിനിമ കണ്ടവർക്ക്‌ അങ്ങനെയല്ല. 
  
? തീർത്തും ബോൾഡ് ആയ  ശ്രമം ആയിരുന്നു ബിരിയാണി.  കദീജ എന്ന കഥാപാത്രത്തിന് വേണ്ടി തയ്യാറെടുത്തപ്പോൾ  എക്‌സൈറ്റ്‌മെന്റോ അതോ ആശങ്കയോ ഉണ്ടായിരുന്നത്.
 
 = സംവിധായകൻ സജിൻബാബു സ്‌ക്രിപ്റ്റ്  വായിച്ചുകേൾപ്പിച്ചപ്പോൾ  അത്ര എക്‌സൈറ്റ്മെന്റ് ഒന്നും തോന്നിയിരുന്നില്ല. എന്റേതായ വിശ്വാസ്യതയില്ലായ്‌മകളൊക്കെ കഥയിലും കഥാപാത്രത്തിലും തോന്നിയിരുന്നു.  അത് സജിനോട് പങ്കുവയ്‌ക്കുകയും ചെയ്‌തു. ‘കഥ വായിക്കുമ്പോൾ എക്‌സൈറ്റ്‌മെന്റ് തോന്നുന്ന ഏതെങ്കിലും ആക്റ്ററെ കണ്ടുപിടിക്കൂ, അങ്ങനെയൊരാൾ ആയിരിക്കില്ലേ ഡയറക്ടർക്ക് കൂടുതൽ ആഗ്രഹം’ എന്നൊക്കെ പറഞ്ഞപ്പോൾ സജിൻ വേറെ പലരോടും കഥ പറഞ്ഞു.  അതൊന്നും ഫലിച്ചില്ല. അങ്ങനെ കഥാപാത്രം  എന്നിലേക്ക് തിരിച്ചെത്തി. മുഴുനീള കഥാപാത്രം  ഒരവസരം  എന്ന രീതിയിൽ സ്വീകരിക്കുന്നു എന്ന് തുറന്നുപറഞ്ഞാണ് ബിരിയാണിയിൽ ജോയിൻ ചെയ്‌തത്. ബോൾഡ് ആയൊരു ശ്രമമെന്നൊന്നും  കരുതുന്നില്ല. സമൂഹം എന്തുകരുതും എന്ന ആശങ്കയും തോന്നിയിരുന്നില്ല. അതൊന്നും ചിന്തിച്ചല്ല ഞാൻ സിനിമ സ്വീകരിക്കുന്നത്. ഡയറക്ടർക്ക്‌ നടി എന്ന നിലയിൽ ആവശ്യമുള്ളത് കഥാപാത്രത്തിലൂടെ പരമാവധി നന്നായി ചെയ്യുക എന്നു മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. 
 
? സംസ്ഥാന അവാർഡും മോസ്‌കോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ബ്രിക്‌സ് വിഭാഗം പുരസ്‌കാരവും ലഭിച്ചിരിക്കുന്നു.  ഇത്രയും ഹെവി കണ്ടെന്റ് ഉള്ള സിനിമ  ആണെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നോ.?
 
= നിർമാണത്തിന്റെ ഘട്ടങ്ങളിലല്ലാതെ സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ നമ്മൾക്ക് സിനിമയെക്കുറിച്ച് ധാരണ ഉണ്ടാകുമല്ലോ. ഹെവി കണ്ടന്റ് എന്നൊന്നും തോന്നിയിട്ടില്ല. അവസാനകട്ട് കഴിഞ്ഞുള്ള സിനിമയുടെ ഫൈനൽ കോപ്പി ഇതുവരെ കണ്ടിട്ടില്ലാത്തതുകൊണ്ട്, പറയുന്ന വിഷയം എത്രമാത്രം ആത്മാർഥമായി അതിൽ വന്നു എന്നുമറിയില്ല. കദീജ  എടുക്കുന്ന പല തീരുമാനങ്ങളും വ്യക്തിപരമായി എനിക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. പിന്നെ ഒരു നടി എന്ന നിലയിൽ കഥാപാത്രത്തിന്റെ സ്വഭാവങ്ങൾ ചോദ്യം ചെയ്യാനാകില്ലല്ലോ. ഡയറക്ടർ തീരുമാനിച്ച  കാര്യങ്ങൾ നന്നായി ചെയ്യാൻ ശ്രമിച്ചു.
 
പിന്നെ കദീജയ്‌ക്കുവേണ്ടി പ്രത്യേകിച്ചെന്തെങ്കിലും തയ്യാറെടുപ്പ് നടത്താൻ സമയം കിട്ടിയിരുന്നുമില്ല. ആംസ്റ്റർഡാമിൽ ഒരു വർക്ക് ചെയ്യാനായി പോയിരുന്നു. അവിടെനിന്ന് നേരെ വന്ന് ചെയ്യുകയായിരുന്നു. അതിന്റെ പോരായ്‌മകളും ഉണ്ടെന്നു തോന്നിയിരുന്നു. ജെസ്റ്റേഴ്‌സ് ഒക്കെ ശരിയായത് സജിന്റെ സഹായംകൊണ്ടുതന്നെയാണ്.
 
ബിരിയാണിയിൽനിന്ന്‌

ബിരിയാണിയിൽനിന്ന്‌

? ഒന്നര പതിറ്റാണ്ടോളമായി അഭിനയരംഗത്തുള്ള കനിയുടെ ബെഞ്ച്മാർക്കായി  ഈ കഥാപാത്രത്തെയും  അംഗീകാരങ്ങളെയും കാണാനാകുമോ?
 
=  കൂടുതൽ ചെയ്‌തിട്ടുള്ളത് നാടകങ്ങൾ ആയതുകൊണ്ട്, അഭിനയരംഗത്തെ ബെഞ്ച്മാർക്ക് ആണ്  കദീജ എന്നൊന്നും കരുതുന്നില്ല. ബെഞ്ച്മാർക്ക് എന്നുപറയാവുന്ന അനുഭവങ്ങൾ നാടകത്തിൽ തന്നെയാണ് ഉണ്ടായിട്ടുള്ളത്. സിനിമയെ മാത്രമെടുത്താൽ, അവാർഡിലൂടെ പ്രേക്ഷകശ്രദ്ധ കിട്ടിയെന്ന അർഥത്തിൽ പരിഗണിച്ചാൽ ബെഞ്ച്മാർക്ക് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാമെന്നു മാത്രം. പൂർണമായൊരർഥത്തിൽ  അഭിനയജീവിതത്തിലെ നാഴികക്കല്ല് ആയൊന്നും ബിരിയാണിയെ പരിഗണിക്കാനാകില്ല. അവാർഡിനായുള്ള എന്തെങ്കിലും മഹത്തായ അഭിനയം കാഴ്‌ചവച്ചെന്നും കരുതുന്നില്ല. 
 
? നാടകപ്രവർത്തക എന്ന നിലയിൽ ഫ്രാൻസിൽ ഉപരിപഠനം നടത്തിയ ആളാണ് കനി. വിദേശത്തെ  ആർട്ടിസ്റ്റുകളുമൊത്തുള്ള അനുഭവങ്ങൾ.
 
= കുട്ടിക്കാലത്തുള്ള നാടകാനുഭവം തുടങ്ങുന്നത്‌  ഫ്രാൻസിൽനിന്നുള്ള  തിയറ്റർ ഗ്രൂപ്പിന്റെ വർക്‌‌ഷോപ്പിൽ പങ്കെടുത്തുകൊണ്ടാണ്. പിന്നെ, തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ സൗത്ത് ആഫ്രിക്കൻ  തിയറ്റർ ആർട്ടിസ്റ്റായ സ്‌ത്രീ വന്ന്  പെട്ടെന്നൊരു വർക്‌‌ഷോപ് തന്നിട്ട് പ്ളേ ചെയ്‌തത് ഓർക്കുന്നു. പാരീസിൽ പഠിച്ചശേഷം ഫ്രാൻസിലെ ഫൂട്സ്‌ ബാർൺ ട്രാവലിങ് തിയറ്ററിനൊപ്പം പ്രവർത്തിച്ചു. പിന്നെ പോളണ്ടിൽനിന്നുമുള്ള തിയറ്റർ ഗ്രൂപ്പിനൊപ്പം ബേണിങ്‌ ഫ്ളവേഴ്‌സ് എന്ന പേരിൽ തൃശൂരിൽ അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ ലാസ് ഇൻഡ്യാസ് എന്നപേരിൽ 2010ൽ ചിലിയിലെയും ബ്രസീലിലെയും അഭിനേതാക്കൾക്കൊപ്പം പ്രോജക്ട്‌ ചെയ്‌തിട്ടുണ്ട്.  ക്രാഫ്റ്റ്, ടെക്‌നിക്‌, അപ്രോച്ച് എന്നിവയിലൊക്കെ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. പിന്നെ പല സംസ്‌കാരങ്ങളിൽനിന്ന് വരുന്ന ആളുകൾ ഒന്നിച്ച് വർക്ക് ചെയ്യുമ്പോൾ ഓരോ ഇമോഷൻസും അഭിനയ ശൈലിയും അവർ കൈകാര്യം ചെയ്യുന്നത് കണ്ടു പഠിക്കാൻ സഹായകരമാണ്. ഇത്തരം അവസരങ്ങളുടെ കാര്യത്തിൽ ഞാൻ ഭാഗ്യവതി ആണെന്ന് തോന്നുന്നു.
 
? സ്റ്റേജ് എക്‌സ്‌പിരിയൻസുകൾ സിനിമയിൽ ഗുണകരമാണോ ബാധ്യതയാണോ.
 
= സ്റ്റേജ് പരിചയം  ഒരിക്കലും ബാധ്യതയായി തോന്നിയിട്ടില്ല. ഗുണകരമായതായാണ് അനുഭവം. ഉദാഹരണത്തിന് ടേക്ക് കൂടുതൽ വരുമ്പൊഴൊക്കെ മടുപ്പില്ലാതെ ക്യാമറയ്‌ക്കുമുന്നിൽ നിൽക്കാൻ അത് സഹായകമാണ്. സിനിമയും നാടകവും വ്യത്യസ്‌ത മാധ്യമങ്ങൾ ആണെങ്കിലും അഭിനയത്തിൽ  സത്യസന്ധത പുലർത്തിയാലേ രണ്ടിടത്തും മികച്ച റിസൾട്ട് കിട്ടൂ. 
 
? മൈത്രേയന്റെയും ജയശ്രീയുടെയും മകൾ എന്ന നിലയിൽ കേരളീയ പൊതുബോധത്തിൽനിന്നു മാറിനടന്ന ബാല്യവും കൗമാരവും ആയിരുന്നു കനിയുടേത്.
 
= മൊത്തത്തിൽ വിപുലീകരിച്ച് പറയാൻ ഒരു ഇന്റർവ്യൂവിൽ ഒന്നും സാധിക്കാത്ത അത്രയ്‌ക്കുമുണ്ട്. നടി എന്ന നിലയിൽ  അത് ഒരുപാട് ഗുണം ചെയ്‌തിട്ടുമുണ്ട്. സാധാരണ വീട്ടുകാരാണെങ്കിൽ നാട്ടുകാരുടെ ചോദ്യങ്ങൾ കേട്ട് വിഷമിച്ച്  റിഹേഴ്‌സലും നാടകവുമൊക്കെ ഉപേക്ഷിക്കേണ്ടി വരാവുന്ന സാഹചര്യം വരെ ഉള്ള നമ്മുടെ നാട്ടിൽ അത്തരം പ്രശ്‌നങ്ങൾ ഒന്നും എനിക്കുണ്ടായിട്ടില്ല.  ഓരോ പ്രൊഫഷനും വേണ്ടിവരുന്ന അർപ്പണബോധത്തെയും തയ്യാറെടുപ്പുകളെയും കുറിച്ച് അച്ഛനും അമ്മയ്‌ക്കും നന്നായറിയാവുന്നതുകൊണ്ട്  അവരോട് വിശദീകരിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടില്ല. അതിന്റെ ഗുണം എത്രത്തോളമാണെന്ന് സഹ ആർട്ടിസ്റ്റുകളുടെ വിഷമങ്ങൾ നന്നായി അറിയുന്നത് കൊണ്ടുതന്നെ എനിക്ക് പറയാനാകും. ആരെങ്കിലും എന്തെങ്കിലുമൊക്കെ കുറ്റം പറഞ്ഞാലും, നന്നായി മനസ്സിലാകുന്ന മൂന്ന് കൂട്ടുകാരെ പോലെ അത് പരസ്പരം  പറഞ്ഞു ചിരിക്കാനാകുന്നത്  വലിയകാര്യമാണ്.
 
? കേരളത്തിന് പുറത്താണ്  താമസം. ബിരിയാണിയിലെ കദീജ അടക്കമുള്ള സ്‌ത്രീകൾ ജീവിക്കുന്ന കേരളസമൂഹത്തെ പുറത്തുനിന്ന് എങ്ങനെ  കാണുന്നു? കേരളത്തിനെ  ഒബ്സെഷൻ ആയിട്ടൊക്കെ തോന്നാറുണ്ടോ.
 
= കേരളത്തിന്‌ പുറത്താണ് താമസിക്കുന്നത് എങ്കിലും ഞാൻ കേരളീയ സമൂഹത്തിൽ തന്നെയാണല്ലോ കൂടുതൽ താമസിച്ചിട്ടുള്ളത്. പുറത്തുനിന്ന്‌ നോക്കുമ്പോൾ, വസ്‌ത്രധാരണം പോലെയൊക്കെയുള്ള കാര്യങ്ങളിൽ കേരളീയ സമൂഹത്തിന്റേത് വളരെ പ്രതിലോമകരമായ കാഴ്‌ചപ്പാട് ആണെന്ന്  തോന്നാറുണ്ട്.  മറ്റ് സംസ്ഥാനങ്ങളിൽ  അങ്ങനെ തോന്നാറില്ല. കേരളത്തിൽ നഗരങ്ങൾ വികസിക്കുന്നുണ്ടെങ്കിലും പെൺകുട്ടികൾക്ക് ഇഷ്ടമുള്ള ഉടുപ്പ് ഇടാനുള്ള സ്വാതന്ത്ര്യം പോലുമായിട്ടില്ല. രാത്രി സഞ്ചരിക്കുന്നതിലോ പെൺ‐-ആൺ സൗഹൃദങ്ങളിലോ ഒക്കെയുള്ള മോറൽ പൊലീസിങ്‌ പുറത്തൊക്കെ (നഗരങ്ങളിലെങ്കിലും) താരതമ്യേന കുറവാണ്്‌. കേരളം ഒരു ഒബ്സഷൻ ആയൊന്നും  തോന്നാറില്ല. പ്രകൃതിയും പച്ചപ്പും മൺസൂണും ഒക്കെയാണ് കേരളത്തിൽ എനിക്കിഷ്‌ടം. പശ്ചിമഘട്ടം  മൊത്തത്തിൽ ഇഷ്ടമാണ്. ഗോവയിൽ ജീവിക്കുന്നതുകൊണ്ട് മലനിരകളും തീരദേശവുമൊക്കെ ആ അർഥത്തിൽ എന്റെ കൂടെയുണ്ട്.
 
 അഭിപ്രായവ്യത്യാസങ്ങൾ  മോശം ഭാഷയുടെ പരകോടിയിൽ സംസാരിക്കുന്ന പുതിയ തലമുറയെ സോഷ്യൽ മീഡിയയിൽ കാണുമ്പോൾ സങ്കടവും വിഷമവും തോന്നാറുണ്ട്. മാന്യമായ ഭാഷയാകാമല്ലോ വിയോജിപ്പ് രേഖപ്പെടുത്താൻ... കാര്യമറിയാതെ, പോകുന്ന വഴി എവിടെയും കയറി കമന്റ് ഇടുന്ന ശീലവും അതിനുപയോഗിക്കുന്ന ഭാഷയും ഒക്കെ എന്നെങ്കിലും മാറുമെങ്കിൽ നല്ലത്.
 
? വരാനിരിക്കുന്ന വർക്കുകൾ.
 
= ‘ട്രിസ്റ്റ്‌‌വിത്‌ ഡെസ്റ്റിനി' എന്ന ഹിന്ദി സിനിമ, ബേക്കാ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്‌തു.  ‘ഓക്കെ കംപ്യൂട്ടർ' വെബ്‌ സീരീസ്‌ ഹോട്ട്‌ സ്റ്റാർ റിലീസിന് ഒരുങ്ങുന്നു.  കമൽ കെ എം സംവിധാനം ചെയ്‌ത ‘പട' റിലീസിന് തയ്യാറായി.  "മഹാറാണി" എന്ന മറ്റൊരു സീരിസിന്റെ ഷൂട്ട്‌ നടക്കുന്നു.  മറ്റു രണ്ടു മലയാള സിനിമകൾ ഷൂട്ട്‌ തുടങ്ങാൻ ഇരിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top