25 April Thursday

ഇവിടെയുയരും നന്മയുടെ സംഗീതം

നിമിഷ ജോസഫ്‌ nimishajosephpk@gmail.comUpdated: Sunday Nov 29, 2020

ലളിതാംബിക സംഗീത നാട്യകൂടത്തിൽ തിരുവനന്തപുരം സംഗീത കോളേജ്‌ വിദ്യാർഥികൾക്കൊപ്പം പരിശീലനം നടത്തുന്ന ഉണ്ണിക്കൃഷ്‌ണൻ (മധ്യത്തിൽ)

തിരുവനന്തപുരത്ത്‌  ഒരു രൂപ പോലും ചെലവാക്കാതെ നൃത്തവും സംഗീതവും അവതരിപ്പിക്കാവുന്ന ഒരു കുഞ്ഞ്‌ ഓഡിറ്റോറിയം. എൽ പി ഉണ്ണിക്കൃഷ്‌ണൻ എന്ന കലാകാരന്റെ വീടിന്റെ ഭാഗമാണ്‌ ലളിതാംബിക സംഗീത നാട്യകൂടം  

 

കലയ്‌ക്ക്‌ നന്മയെന്നൊരു പര്യായമുണ്ടോ? നൃത്തവും സംഗീതവും തപസ്യയാക്കിയ, കലയെ അത്രയേറെ പ്രണയിക്കുന്ന ഒരാൾ കലയെ നന്മയുടെ വഴിയേ ചരിപ്പിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. തങ്ങളുടെ സർഗവാസനകൾ അവതരിപ്പിക്കാൻ സ്വന്തമായി വേദി ലഭിക്കാത്ത കലാകാരന്മാർക്കായി ഒരിടം ഒരുക്കുന്നതിലൂടെ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലുള്ള ഉണ്ണിയെന്ന എൽ പി  ഉണ്ണിക്കൃഷ്‌ണൻ ആ നന്മയാണ്‌ മറ്റുള്ളവരിലേക്ക്‌‌ പടർത്തുന്നത്‌. ‘ലളിതാംബിക സംഗീത നാട്യകൂടം’ എന്ന തന്റെ ചെറിയ സംരംഭത്തിലൂടെ, അവസരങ്ങൾ നിഷേധിക്കപ്പെടുന്ന, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കലാകാരന്മാർക്കായി വേദിയൊരുക്കുന്നു.   സ്വന്തം വീടിന്റെ വാതിൽ  ഉണ്ണി അവർക്കായി തുറന്നിടുന്നു, ഒരു രൂപ പോലും പ്രതിഫലം  വാങ്ങാതെ. നഗരത്തിൽ  ആയിരങ്ങളും പതിനായിരങ്ങളും വാങ്ങി വേദികൾ വിൽക്കുന്നവരോട്‌ ഉണ്ണിക്ക്‌ മത്സരമില്ല.  ഒരാഗ്രഹം മാത്രം. താൻ അഭ്യസിച്ചതും അറിഞ്ഞതുമായ കലയിലൂടെ മറ്റുള്ളവർക്കും വളരാനാകണം. ലളിതാംബിക സംഗീത നാട്യകൂടം ഒരു സഭയായി വളരണം. വീടിനോടു ചേർന്നുള്ള ഒരു ഭാഗമാണ്‌ ഓഡിറ്റോറിയമാക്കി മാറ്റിയിരിക്കുന്നത്‌.
 
സംഗീതവുമായി ബന്ധമില്ലാത്ത കുടുംബത്തിൽനിന്നാണ്‌ ഉണ്ണിക്കൃഷ്‌ണൻ സംഗീതലോകത്തെത്തിയത്‌. ‘നവരാത്രികാലത്ത്‌ എല്ലാനാളിലും  കച്ചേരിയും നൃത്തവും ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലേതുപോലെ മാസം തോറും സഭകൾ നടക്കണമെന്നാണ്‌ ആഗ്രഹം. തിരുവനന്തപുരത്ത്‌ അതിനു സാഹചര്യം കുറവാണ്‌. ശാസ്‌ത്രീയമായി നൃത്തവും സംഗീതവും പഠിച്ച ആർക്കും ഇവിടെ വരാം. പരിപാടികൾ അവതരിപ്പിക്കാം. സംഗീതം മെയിനായി എടുക്കുന്ന കുട്ടികൾ പിന്നീട്‌ പരിശീലനത്തിനുള്ള ബുദ്ധിമുട്ടും മറ്റു കാരണങ്ങൾ കൊണ്ടും പഠനം പാതിവഴി ഉപേക്ഷിക്കുകയാണ്‌ പതിവ്‌. അങ്ങനെ ബുദ്ധിമുട്ടുള്ളവർക്ക്‌ ഇവിടെ വരാം. കച്ചേരിയോ നൃത്തപരിപാടികളോ സംഘടിപ്പിക്കാൻ സ്ഥലം കിട്ടാത്തവർക്കും ഇവിടെ വരാം’‐ ഈ 37കാരൻ  പറയുന്നു. 
 
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ബോട്ടണിയിൽ ബിരുദം പൂർത്തിയാക്കിയ ഉണ്ണി പിന്നീട്‌   സ്വാതിതിരുനാൾ സംഗീതകോളേജിൽനിന്ന്‌ വീണയിൽ ബിരുദം നേടി. അതിനുശേഷം എംബിഎ പഠിച്ച്‌ കോവളം ഉദയസമുദ്ര ഹോട്ടലിൽ ജോലി നേടി. കോവിഡിനെത്തുടർന്ന്‌ ആറുമാസം അവധി കിട്ടിയതോടെയാണ്‌ നാട്യകൂടത്തിലേക്ക്‌ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. രംഗപ്രവേശത്തിനുള്ള തയ്യാറെടുപ്പിലാണ്‌ ഉണ്ണിയിപ്പോൾ.
 
 സംഗീത കോളേജ്‌ വിദ്യാർഥികളായ എട്ടുപേർ ഉണ്ണിക്കൊപ്പം വീട്ടിൽ താമസിച്ച്‌ പഠിക്കുന്നു. അവരുടെ ഭക്ഷണത്തിനും മറ്റുമായി ചെറിയൊരു തുക വാങ്ങുന്നുണ്ട്‌.
 
രാത്രിയും പകലുമെല്ലാം കുട്ടികൾക്ക്‌ ഇവിടെ പരിശീലനം നടത്താം. സംഗീതോപകരണങ്ങൾ വാങ്ങിവച്ചിട്ടുണ്ട്‌. ഇവിടെ താമസിച്ചുള്ള പഠനം ഏറെ ഫലപ്രദമാണെന്ന്‌  മലപ്പുറം സ്വദേശിയായ ജിഷ്‌ണു, തിരുവനന്തപുരം സ്വദേശിയായ സംഗീത്‌ എന്നിവർ പറയുന്നു.
 
ഇതുകൂടാതെ ചില നേരംപോക്കുകൾ കൂടിയുണ്ട്‌ ഉണ്ണിക്ക്‌.  500ലധികം ബൊമ്മകളുണ്ട്‌ ഉണ്ണിയുടെ ശേഖരത്തിൽ. സ്‌കൂൾ കാലഘട്ടം മുതൽ ശേഖരിച്ചുതുടങ്ങിയവ.  നവരാത്രിയുടെ ഭാഗമായി ബൊമ്മക്കൊലു ഒരുക്കും. അച്ഛൻ, അമ്മ ഒരു സഹോദരി എന്നിവരടങ്ങുന്നതാണ്‌ ഉണ്ണിയുടെ കുടുംബം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top