19 April Friday

കാർഷിക പ്രതിസന്ധിയുടെ സങ്കീർണതയും വൈവിധ്യവും

കെ വി സുധാകരൻUpdated: Sunday Aug 29, 2021

സമകാല ഇന്ത്യയിൽ കാർഷികരംഗം പൊള്ളുന്ന നിരവധി ചോദ്യമുയർത്തുന്നുണ്ട്‌. കൃഷിസംബന്ധമായ നാനാതരം വിനിമയങ്ങളിലെ പ്രശ്‌ന സങ്കീർണതകൾക്കൊപ്പം കൃഷിക്ക്‌ ആധാരമായ മണ്ണിന്റെയും മനുഷ്യന്റെയും അവസ്ഥകളും സജീവ ചർച്ചയ്‌ക്ക്‌ വിഷയമാകുന്നു. ഇവ മൂന്നും തമ്മിലുള്ള ജൈവബന്ധത്തിന്റെ ചോര ഞരമ്പുകൾ മുറിയാതെ സൂക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌. എന്നാൽ, വിദേശാധിപത്യവും ജന്മിത്തവും നാടുവാഴിത്തവും ആഗോളവൽക്കരണ–-ഉദാരവൽക്കരണ നയങ്ങളുമൊക്കെ ഓരോ കാലഘട്ടത്തിലും ഈ ബന്ധത്തിന്റെ മുന്നേറ്റങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ കാർഷികപ്രശ്‌നങ്ങളും അതുൽപ്പാദിപ്പിക്കുന്ന സമരസംഘർഷങ്ങളും വ്യത്യസ്‌ത കാലഘട്ടങ്ങളിൽ വ്യത്യസ്‌ത രൂപഭാവങ്ങളിൽ  അരങ്ങേറുന്നുണ്ട്‌. അതിന്റെ തുടർച്ചയ്‌ക്കാണ്‌ മറ്റൊരു രൂപത്തിൽ രാജ്യം സാക്ഷ്യംവഹിക്കുന്നത്‌.

രാജ്യത്തെ കർഷകരിൽ 86 ശതമാനവും ചെറുകിട–-നാമമാത്ര കർഷകരാണെന്നാണ്‌  ഔദ്യോഗിക രേഖകൾ.  കാർഷികമേഖലയിലെ പ്രതിസന്ധികൾ ആത്യന്തികമായി  രാജ്യത്തിന്റെ സമ്പദ്‌ഘടനയെ ബാധിക്കുന്നു. സാമൂഹ്യ–-സാംസ്‌കാരിക രംഗങ്ങളിലും ഇത്‌ പ്രതിധ്വനിക്കും.  ഇതൊക്കെ കേവലമായതോ ഒറ്റപ്പെട്ടതോ ആയ പ്രതിഭാസങ്ങളല്ല. നിലനിൽക്കുന്ന സാമൂഹ്യ സാഹചര്യങ്ങൾ ഈ രംഗത്തെ ഗതിവിഗതികളെ നിർണായകമായി സ്വാധീനിക്കുന്നുണ്ട്‌. അത്തരമൊരു വിശാലമായ പരിപ്രേക്ഷ്യത്തിൽനിന്നു കൊണ്ട്‌ കാർഷികമേഖലയുടെ കയറ്റിറക്കങ്ങളെയും അതിലെ ആദാനപ്രദാനങ്ങളെയും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു ‘കൃഷി മണ്ണ്‌ മനുഷ്യൻ’ എന്നപേരിൽ ഡോ. കെ എൻ ജയചന്ദ്രൻ എഡിറ്റ്‌ ചെയ്‌ത്‌ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ഗ്രന്ഥം.  കാർഷിക മേഖലയിലെ സങ്കീർണതകളെ സമഗ്രമായി  വിശകലനം ചെയ്യുന്നു ഈ ഗ്രന്ഥം.

സാമൂഹ്യ–-സാമ്പത്തിക–-കാർഷിക–-വൈജ്ഞാനിക രംഗങ്ങളിലെ വിശ്രുതരും വിദഗ്‌ധരും ഉൾപ്പെടുന്നതാണ്‌ ഇതിൽ ഉൾപ്പെട്ട ലേഖനങ്ങളുടെ രചയിതാക്കൾ. പ്രഭാത്‌ പട്‌നായിക്കും ജയതിഘോഷും പി സായ്‌നാഥും വിജൂ  കൃഷ്‌ണനും പി കൃഷ്‌ണപ്രസാദും യോഗേന്ദ്രയാദവും സി ജോർജ്‌ തോമസും എം കുഞ്ഞാമനും ഫ്രെഡി കെ താഴത്തുമൊക്കെ വ്യത്യസ്‌ത കോണിൽനിന്ന്‌ പ്രശ്‌ന സങ്കീർണതകളെ വിലയിരുത്തുന്നു. ആഗോളവൽക്കരണത്തിന്റെയും ധനമൂലധന വ്യവഹാരത്തിന്റെയും ആടിത്തിമിർക്കലുകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ, ഭൂമിയിൽനിന്നുപോലും പുറത്താക്കപ്പെടുന്ന കർഷകരുടെ സന്ദിഗ്‌ധാവസ്ഥ, ഓട്ടവീഴുന്ന പരിസ്ഥിതി, പുത്തൻ കാർഷികനയങ്ങളുടെ ന്യായാന്യായങ്ങൾ, ഇനിയും ഭൂമി സ്വന്തമായില്ലാത്തവരുടെ ധർമസങ്കടങ്ങൾ, സ്വാതന്ത്ര്യാനന്തര ആസൂത്രണവികസന രീതികളുടെ കണക്കെടുപ്പ്‌, കാർഷികമേഖലയിലെ ലിംഗ അസമത്വം തുടങ്ങി വിവിധങ്ങളായ തലങ്ങൾ ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്‌.

പ്രശ്‌നങ്ങളെ സൈദ്ധാന്തികമായും ആശയപരമായും വിരുദ്ധ കോണുകളിൽനിന്ന്‌ സമീപിക്കുന്നവരാണ്‌ ലേഖന കർത്താക്കൾ.  കേരളത്തിലെ കാർഷികമേഖലയുടെ പ്രശ്‌നങ്ങളെ സവിശേഷമായി പരിശോധിക്കുന്ന ലേഖനങ്ങളും ശ്രദ്ധേയം. എല്ലാ ലേഖനങ്ങളുടെയും സാരസംഗ്രഹത്തിലേക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്‌  ഡോ. വി എൻ ജയചന്ദ്രന്റെ ആമുഖക്കുറിപ്പ്‌.  

കൃഷിയും കാർഷിക സംസ്‌കാരവും നമ്മുടെ സാഹിത്യത്തെ വലിയതോതിൽ പ്രചോദിപ്പിച്ചിട്ടുണ്ടല്ലോ. തകഴിയും പൊൻകുന്നം വർക്കിയും വൈക്കം മുഹമ്മദ് ബഷീറും ഇടശ്ശേരിയും വൈലോപ്പിള്ളിയുമൊക്കെ ഇതിന്‌ തെളിവായി നമുക്ക്‌ ചൂണ്ടിക്കാണിക്കാനാകും. കൃഷിയും കാർഷിക സംസ്‌കാരവുമൊക്കെ ഘടനാപരമായിത്തന്നെ പരിവർത്തനവിധേയമായ വർത്തമാനകാലത്ത്‌ അത്‌ സാഹിത്യത്തെയും സംസ്‌കാരത്തെയും അവയിലെ വിനിമയങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന അന്വേഷണത്തിനും പ്രസക്തിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top