19 August Friday

ഫീനിക്‌സ്‌

എ സുൽഫിക്കർ sulffiro@gmail.comUpdated: Sunday May 29, 2022

ചാരത്തിൽ ചിറകുവിടർത്തി ഉയർത്തെണീക്കുന്ന ഫീനിക്‌സ്‌ കവിഭാവനയായിരിക്കാം. പക്ഷേ, അങ്ങനെയൊന്നുണ്ട്‌ കോട്ടയം ജില്ലയിലെ വെള്ളൂരിൽ. ആക്രിവിലയ്‌ക്ക്‌ വിൽക്കാൻ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ  ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌ ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്തതോടെ ഫാക്‌ടറി മാത്രമല്ല, നാടാകെ പുതുജീവൻ നേടുകയാണ്‌. അങ്ങനെ കേരളം  ഒരു മാതൃകകൂടി സൃഷ്‌ടിക്കുന്നു

പ്രതീക്ഷയുടെ പുതിയ അക്ഷരങ്ങൾ എഴുതിച്ചേർക്കുകയാണ്‌ വെള്ളൂർ ഇന്ന്‌. കേരളത്തിന്റെ സ്വന്തം പേപ്പർ ക്യാപിറ്റലാകാൻ, പുതുചരിത്രമെഴുതാൻ. എല്ലാം അവസാനിച്ചിടത്തുനിന്നാണ്‌ വെള്ളൂരിന്റെ ഈ തുടക്കം. മൂന്നു വർഷമായി അടഞ്ഞുകിടന്ന കമ്പനി. തുരുമ്പിച്ച്‌ നശിച്ച യന്ത്രങ്ങൾ. ജോലി നഷ്ടപ്പെട്ട ആയിരങ്ങൾ. സ്വകാര്യവൽക്കരണത്തിന്റെ പേരിൽ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌സിനെ ആക്രിവിലയ്‌ക്ക്‌ തൂക്കിവിൽക്കാൻ കേന്ദ്രം തീരുമാനിച്ചപ്പോൾ എല്ലാം അവസാനിച്ചെന്ന്‌ ഭയപ്പെട്ടവരാണ്‌ വെള്ളൂരുകാർ.  എന്നാൽ, ഈ വ്യവസായത്തെ വിട്ടുകളയാൻ കേരളം തയ്യാറായിരുന്നില്ല. ചരിത്രത്തിലാദ്യമായി അടച്ചുപൂട്ടാനിരുന്ന ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ കേരള സർക്കാർ ലേലത്തിൽ ഏറ്റെടുത്തു. "കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌' എന്ന പുതിയ പേരുനൽകി. ജനുവരിയിൽ പുനരുദ്ധാരണം ആരംഭിച്ചു. മെയ്‌ 19നു മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെനിന്നുള്ള ആദ്യ പേപ്പർ റീൽ പുറത്തിറക്കി. കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനിയായി വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് പുതിയ രൂപത്തിലും ഭാവത്തിലും പ്രവർത്തനം ആരംഭിക്കുമ്പോൾ പൊതുമേഖലാ സംരക്ഷണനയത്തിൽ രാജ്യത്തിനു മുന്നിൽ കേരളം വീണ്ടും മാതൃകയാകുകയാണ്.

പുതുചരിത്രമെഴുതാൻ പേപ്പറിന്റെ നാട്‌

അതിരാവിലെമുതൽ രാത്രിവരെ പല സമയങ്ങളിലുള്ള സൈറണുകളായിരുന്നു വെള്ളൂരിന്റെ ശബ്ദം. പേപ്പറിന്റെ നാട്‌ എന്നായിരുന്നു വെള്ളൂരിന്റെ വിളിപ്പേര്‌. ഈ വിളിപ്പേരിന്‌ ഒരു കാരണവുമുണ്ട്‌. വനപ്രദേശമായിരുന്നു വെള്ളൂരിൽ അധികവും. മുവാറ്റുപുഴയാറിന്റെ  തീരം. തൊട്ടടുത്ത്‌ പിറവംറോഡ്‌ റെയിൽവേ സ്റ്റേഷൻ. വെള്ളത്തിന്റെ ലഭ്യതയും കൽക്കരി ട്രയിനിലെത്തിക്കാനുള്ള സൗകര്യവുമായിരുന്നു എച്ച്‌എൻഎൽ വെള്ളൂരിൽ എത്താൻ കാരണം. 700 ഏക്കർ ഭൂമി കമ്പനിക്കായി ഏറ്റെടുത്തു. ഇവർക്കെല്ലാം കമ്പനിയിൽ ജോലിയായി. ആദ്യകാലത്ത്‌ മെഷീനുകളുടെ പ്രവർത്തനങ്ങൾക്കും മറ്റും ഒഡിഷ, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ തൊഴിലാളികളായിരുന്നു എത്തിയത്‌. പതിയെ വെള്ളൂർ ടൗൺഷിപ്പായി. ആശുപത്രിയും കേന്ദ്രീയ വിദ്യാലയവുമടക്കമുള്ള അനുബന്ധ സ്ഥാപനങ്ങളായി.

പേപ്പർ നിർമാണത്തിന് ആവശ്യമായ ഈറ്റ, യൂക്കാലി തുടങ്ങിയ തടിയുമായി എത്തുന്ന ലോറികൾ വെള്ളൂരിന്റെ പതിവുകാഴ്‌ചയായി. പല ഷിഫ്റ്റിലായി ജോലി ചെയ്യുന്ന തൊഴിലാളികളും ജോലി കഴിഞ്ഞിറങ്ങുന്നവരും ക്വാർട്ടേഴ്സിലെ താമസക്കാരും കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരുമൊക്കെയായി എപ്പോഴും തിരക്കായി. രാത്രിയും പകലും ഒരുപോലെ സജീവം. മുന്നൂറിലധികം തൊഴിലാളികളുമായാണ്‌ ആരംഭം.  ഉൽപ്പാദനംകൂടിയതോടെ തൊഴിലാളികളുടെ എണ്ണവുംകൂടി. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ പേപ്പർ റീൽ പുറത്തിറക്കുന്ന കമ്പനിയായി വെള്ളൂർ മാറി.

ഉൽപ്പാദനം വർധിച്ചതോടെ വെള്ളൂരിലെ പേപ്പർ റീലിന്‌ ആവശ്യക്കാരേറി. ഇന്ത്യൻ എക്‌സ്‌പ്രസ്‌ പത്രത്തിനായുള്ള റീൽ വെള്ളൂരിൽ മാത്രമാണ്‌ ഉൽപ്പാദിപ്പിച്ചിരുന്നത്‌. 168 സെന്റി മീറ്റർ വീതിയുള്ള റീലുകൾ. ഫൈനാൻഷ്യൽ ടൈംസ്‌, ഇക്കോണാമിക്‌ ടൈംസ്‌ തുടങ്ങിയ ധനകാര്യ പത്രങ്ങൾ അച്ചടിച്ചിരുന്ന കനംകുറഞ്ഞ പിങ്ക്‌ പേപ്പറുകൾ ഉൽപ്പാദിപ്പിച്ചതും വെള്ളൂരിൽ. പത്രങ്ങൾക്കുള്ള റീലുകൾ മാത്രമായിരുന്നില്ല, ജർമനിയിലേക്കും ബ്രിട്ടനിലേക്കുമുള്ള പ്രിന്റിങ്‌ പേപ്പറുകളും കയറ്റുമതി ചെയ്‌തിരുന്നു. 300 തൊഴിലാളികളിൽനിന്ന്‌ ആരംഭിച്ച കമ്പനിയിൽ 2012 ആകുമ്പോഴേക്കും രണ്ടായിരത്തഞ്ഞൂറിലധികം സ്ഥിരംജീവനക്കാരായി. ആയിരത്തിയിരുനൂറിലധികം കരാർ തൊഴിലാളികളായി. എന്നാൽ, കമ്പനിയെ കൂടുതൽ മികവുറ്റതാക്കുന്നതിനു പകരം തൂക്കിവിൽക്കുന്നതിനായിരുന്ന നരേന്ദ്ര മോദി സർക്കാരിനു താൽപ്പര്യം. എച്ച്എൻഎൽ വിൽക്കാൻ തീരുമാനിച്ച സന്ദർഭത്തിൽ കേരളത്തിനു സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന പരിഗണിക്കാൻപോലും കേന്ദ്ര സർക്കാർ തയ്യാറായില്ല. തുടർന്നാണ്‌ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ ലേലപ്രക്രിയയിൽ പങ്കെടുത്ത്‌ സംസ്ഥാനം എച്ച്‌എൻഎല്ലിനെ ഏറ്റെടുത്തത്‌.  പ്രതിദിനം ഒരു ലക്ഷം ടൺ ന്യൂസ് പ്രിന്റ് പുറത്തുകൊണ്ടുവരാനുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്‌ ഇന്നും വെള്ളൂരിന്‌. പാക്കേജിങ്‌, പേപ്പർ ബോർഡ് വ്യവസായം ലോകത്താകെ വളർച്ച നേടുന്ന സന്ദർഭമാണ്‌ ഇത്. ഇ- കൊമേഴ്‌സ്, റീട്ടെയ്ൽ,  ഫാർമസ്യൂട്ടിക്കൽസ്, ഫുഡ് ആൻഡ്‌ ബിവറേജ് തുടങ്ങിയ മേഖലകളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ കൂടുതൽ ഉയരത്തിൽ വെള്ളൂരിന്‌ കുതിക്കാം. കെപിപിഎല്ലിലൂടെ പേപ്പറിന്റെ നാടിന്‌ പുതുചരിത്രമെഴുതാം.

എച്ച്എൻഎൽ മുതൽ കെപിപിഎൽ വരെ

1972:  കേന്ദ്ര സർക്കാരിനു കീഴിലുള്ള എച്ച്‌എൻസിയുമായി കേരളം കരാർ ഒപ്പിട്ടു.

1979: ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനുമായി ചേർന്ന് കേരള സർക്കാർ വെള്ളൂരിൽ 700 ഏക്കർ ഭൂമിയേറ്റെടുത്തു. തുടർന്ന് ഈ ഭൂമി ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിനു നൽകി.

1982: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌സ്‌ പ്രവർത്തനമാരംഭിച്ചു.

1982–-2015: മികച്ച പ്രവർത്തനമായിരുന്നു ഇക്കാലയളവിൽ. എല്ലാ സാമ്പത്തികവർഷവും കമ്പനി ലാഭത്തിൽ. 2002ൽ വാജ്‌പേയി സർക്കാർ സ്വകാര്യ കമ്പനികൾക്ക്‌ വിൽക്കാൻ ശ്രമിച്ചെങ്കിലും തൊഴിലാളികളുടെ പ്രക്ഷോഭം കാരണം പിൻവാങ്ങി.

2015–-2019: പേപ്പർ അച്ചടിക്ക്‌ ആവശ്യമായ പൾപ്പിന്റെ വില കൂടി.  പേപ്പറിന്റെ ഇറക്കുമതി വർധിച്ചതോടെ എച്ച്‌എൻഎല്ലിന്‌ മാർക്കറ്റിൽ പിടിച്ചുനിൽക്കാനായില്ല. 2017ൽ കമ്പനിയെ സ്വകാര്യവൽക്കരിക്കുമെന്ന്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നഷ്ടത്തിലാണെന്നായിരുന്നു  വാദം. 2019 ജനുവരി ഒന്നിന്‌ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു.

2021:  എച്ച്‌എൻഎൽ കേരള സർക്കാർ ഏറ്റെടുത്തു. പുനരുദ്ധാരണ പ്രവർത്തനത്തിന്‌ രൂപംനൽകി. കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പുതിയ പേരുനൽകി.

2022 ജനുവരി ഒന്ന്‌: പുനരുദ്ധാരണ പ്രവർത്തനമാരംഭിച്ചു.

2022 മെയ്‌ 19: മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ പേപ്പർ റീൽ പുറത്തിറക്കി.

കെപിപിഎൽ രാജ്യത്തിന്‌ മാതൃകയാകും

പി രാജീവ്‌ (വ്യവസായ മന്ത്രി)

കേന്ദ്ര സർക്കാരിൽനിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനി പുതിയ രൂപത്തിലും ഭാവത്തിലും പ്രവർത്തനം ആരംഭിച്ചത്. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി വികസിപ്പിക്കുക എന്നതാണ് നിലവിലെ ലക്ഷ്യം. മൂവായിരത്തോളംപേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ചു ലക്ഷം മെട്രിക് ടൺ ഉൽപ്പാദനശേഷിയുള്ള സ്ഥാപനമായി കെപിപിഎൽ മാറും. മത്സരക്ഷമവും ലാഭകരവുമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായിരിക്കും കെപിപിഎൽ.

യോഗ്യതയുടെയും പെർഫോമൻസിന്റെയും അടിസ്ഥാനത്തിലാകും ജീവനക്കാരുടെ തുടർച്ച നിശ്ചയിക്കുക. അടിമുടി പ്രൊഫഷണലായ മാനേജ്മെന്റാകും ബോർഡ് മുതൽ താഴോട്ട് ഉണ്ടാകുക. ഓരോ ഘട്ടത്തിലും സ്ഥാപനത്തിന് ആവശ്യമായ രീതിയിൽ മാറ്റംവരുത്തും. പൊതുമേഖല സംരക്ഷിക്കുന്നതിൽ കേരളം പ്രതിജ്ഞാബദ്ധമാണ്. കെപിപിഎൽ അതിന്റെ ഒന്നാന്തരം മാതൃകയും. അസ്‌തമിച്ചെന്നു കരുതിയ ഒരു വ്യവസായസ്ഥാപനം വലിയ സ്വപ്‌നങ്ങളോടെ കുതിച്ചുയരുന്നത് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടും.

 

 

രണ്ടാംഘട്ടം ആഗസ്‌തിൽ പൂർത്തിയാകും

പ്രസാദ്‌ ബാലകൃഷ്‌ണൻ നായർ (സ്‌പെഷ്യൽ ഓഫീസർ)

സംസ്ഥാന സർക്കാർ കെപിപിഎല്ലിനെ കൈപിടിച്ചുയർത്തുകയാണ്‌. നാലു ഘട്ടമായാണ്‌ പുനരുദ്ധാരണം വിഭാവനം ചെയ്‌തത്‌. അഞ്ചുമാസംകൊണ്ട്‌ അതിലെ ആദ്യഘട്ടം നമ്മൾ പൂർത്തിയാക്കി. മൂന്ന്‌ പ്ലാന്റ്‌ പ്രവർത്തനസജ്ജമാക്കി. കമ്പനിയുടെ ഹൃദയഭാഗമായ പേപ്പർ മെഷീൻ പൂർണമായും പ്രവർത്തിക്കാനായി. രണ്ടാംഘട്ടത്തിൽ കെമിക്കൽ മെക്കാനിക്കൽ പ്ലാന്റുകൾ നവീകരിക്കും. ആഗസ്‌ത്‌ ആദ്യവാരം ഇത്‌ പൂർത്തിയാകും. കമ്പനിയുടെ നിലവിലുള്ള ശേഷി മുഴുവൻ ഉപയോഗിക്കാവുന്ന സ്ഥിതിയിലെത്തും. മൂന്നാംഘട്ടത്തിൽ 650 കോടി രൂപയാണ് നിക്ഷേപം. പ്രവർത്തനമാരംഭിച്ച് ഒമ്പത്‌ മാസമാകുമ്പോൾ പ്രകടമായ മാറ്റമുണ്ടാകും. നാലാംഘട്ടമായ 17 മാസംകൊണ്ട് പൂർണശേഷി കൈവരിക്കുന്ന കമ്പനിയാകും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ 42,45 ജിഎസ്എം ന്യൂസ് പ്രിന്റും 52,-70 ജിഎസ്എം പ്രിന്റിങ്‌ പേപ്പറും പുറത്തിറക്കും.

 

 

എല്ലാം പഴയപോലെയാകും

പി വൈ രാജു (പാക്കിങ്‌ സെക്‌ഷൻ)

കമ്പനി ഇരിക്കുന്നിടത്ത്‌ ഞങ്ങളുടെ സ്ഥലവും ഉണ്ടായിരുന്നു. എച്ച്‌എൻഎല്ലിന്‌ വിട്ടുകൊടുത്തപ്പോൾ എനിക്ക്‌ ജോലി കിട്ടി 1982ൽ. ജോലിക്ക്‌ കയറിയ ആദ്യം കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴയിൽ  ഈറ്റയും യൂക്കാലിയുമെല്ലാം വെട്ടാൻ പോയിട്ടുണ്ട്‌. 36 കൊല്ലം വിവിധ സെക്‌ഷനിലായിരുന്നു. 2018 വരെ കമ്പനിയിൽ കുഴപ്പവുമില്ലായിരുന്നു. കമ്പനി അടച്ചപ്പോൾ ഞങ്ങളോട്‌ ഇനി വരേണ്ട എന്നുപോലും പറഞ്ഞിട്ടില്ല. കേരള സർക്കാർ ഏറ്റെടുക്കുകയാണെന്ന്‌ അറിഞ്ഞപ്പോൾ മുതൽ പ്രതീക്ഷയായിരുന്നു. കെപിപിഎൽ ആയപ്പോൾ വീണ്ടും ജോലിക്ക്‌ അപേക്ഷിച്ചു. ഇന്റർവ്യൂവിൽ പങ്കെടുത്താണ്‌ കിട്ടിയത്‌. എല്ലാം പഴയ പോലെയാകുമെന്ന വിശ്വാസത്തിലാണ്‌ ഇവിടെയുള്ളവരെല്ലാം.

 

 

തൊഴിലാളികൾ ഒപ്പമുണ്ട്‌

സന്ദീപ്‌ (മെക്കാനിക്കൽ സെക്‌ഷൻ)

2009ൽ ട്രെയിനി ആയിട്ടാണ്‌ ഞാൻ എച്ച്‌എൻഎല്ലിൽ ജോലിക്ക്‌ കയറുന്നത്‌. മൂന്നു വർഷത്തിനുശേഷം സ്ഥിരംജീവനക്കാരനായി. ഇരുനൂറോളം ചെറുപ്പക്കാരുണ്ടായിരുന്നു ആ സമയത്ത്‌. ജീവിതം ഒന്ന്‌ പച്ചപിടിച്ചുവരുന്നതിനിടെ കമ്പനി അടയ്‌ക്കുമെന്ന്‌ കേന്ദ്രം പ്രഖ്യാപിച്ചു. 13 മാസത്തോളം ശമ്പളമില്ലാത്ത ജോലി ചെയ്‌തു. കമ്പനി അടച്ചതോടെ ജോലിയുമില്ല, ശമ്പളവുമില്ല. ഒപ്പമുണ്ടായിരുന്ന കുറേയാളുകൾ വേറെ ജോലിക്കൊക്കെ പോയിത്തുടങ്ങി. ഒരാൾ ആത്മഹത്യചെയ്‌തു. എല്ലാ പ്രതീക്ഷയും അസ്‌തമിച്ചപ്പോഴാണ്‌ കേരള സർക്കാർ ഏറ്റെടുത്തത്‌. ജനുവരി ഒന്നുമുതൽ വീണ്ടും ജോലിക്ക്‌ കയറി. കൃത്യമായി ശമ്പളം കിട്ടിത്തുടങ്ങി. സർക്കാരിനൊപ്പം, കെപിപിഎല്ലിനൊപ്പം ഞങ്ങൾ മുഴുവൻ തൊഴിലാളികളുമുണ്ടാകും.

 

 

സർക്കാരിൽ പ്രതീക്ഷയുണ്ട്‌

അരവിന്ദാക്ഷൻ നായർ (അരവിന്ദ്‌ സ്‌റ്റോഴ്‌സ്‌)

35 വർഷമായി വെള്ളൂരിൽ കട നടത്തുകയാണ്‌. കമ്പനി പ്രവർത്തിച്ചിരുന്ന കാലത്ത്‌ നല്ല കച്ചവടമായിരുന്നു. മുഴുവൻ സമയവും ലോറിയും ആളുകളും. ലോഡ് ഇറക്കാൻ കാത്തുകിടക്കുന്ന ലോറിത്തൊഴിലാളികളും മറ്റും പറ്റുകാരായി ഉണ്ടായിരുന്നു. മൂന്നുവർഷമായി ഒന്നുമില്ല. കട തുറക്കുന്നുവെന്നു മാത്രം. കേരള സർക്കാർ കമ്പനി ഏറ്റെടുത്തപ്പോൾമുതൽ പ്രതീക്ഷയാണ്‌. 19നു മുഖ്യമന്ത്രി തന്നെ ഉദ്‌ഘാടനവും ചെയ്‌തു. ഇനി ഞങ്ങളും രക്ഷപ്പെടും.

 

 

 

ഇനി എല്ലാം ശരിയാകും

സുരേഷ്‌ (ആനന്ദ്‌ ഹോട്ടൽ)

കമ്പനിയുടെ തുടക്കംമുതൽ ഇവിടെ ഹോട്ടൽ നടത്തുകയാണ്‌. മൂന്നു വർഷംമുമ്പുവരെ ഹോട്ടലിൽ നല്ല തിരക്കായിരുന്നു. യുക്കാലി, ഈറ്റ ഇതൊക്കെക്കൊണ്ടുള്ള ലോറി വരും. സിഐഎസ്‌എഫുകാരുണ്ടായിരുന്നു. രാത്രി വൈകിയാലും കടയിൽ ആൾക്കാരുണ്ടാകും. ദിവസം 10,000 രൂപയുടെവരെ കച്ചവടവുമുണ്ടാകും. കേന്ദ്ര സർക്കാർ കമ്പനി പൂട്ടിയതോടെ എല്ലാംനിന്നു. കച്ചവടവുമില്ല. വാടക കൊടുക്കാൻപോലും കഴിയുന്നില്ല. എല്ലാ പ്രതീക്ഷയും ഇല്ലാതായപ്പോഴാണ്‌ കമ്പനി കേരള സർക്കാർ ഏറ്റെടുത്തത്‌. ഇനി എല്ലാം ശരിയാകുമെന്നാണ്‌ വിശ്വാസം. ആഗസ്‌ത്‌ ആകുമ്പോഴേക്കും ഹോട്ടൽ മോടിപിടിപ്പിക്കണം. കൂടുതൽ സൗകര്യമൊരുക്കണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top