03 July Sunday

അഭയാർഥികൾ ഉണ്ടാകുന്നത്

ഡോ. എസ് എസ് സന്തോഷ് കുമാർUpdated: Sunday May 29, 2022

ഡോ. എസ്‌ എസ്‌ സന്തോഷ്‌ കുമാർ സഹപ്രവർത്തകർക്കൊപ്പം (ഇടത്തുനിന്ന്‌ മൂന്നാമത്‌)

യുദ്ധം വലിച്ചെറിഞ്ഞ മനുഷ്യരുടെ വൻകടലിനു നടുവിലാണ് ഞാൻ ഇപ്പോൾ. സബറേഷ്യ–- ഉക്രയ്‌നിലെ നാലാമത്തെ വലിയ നഗരം. 25 ലക്ഷത്തിലേറെ അഭയാർഥികളാണ് ഇവിടെ ഇപ്പോഴുള്ളത്. പുറത്തുനിന്നു വന്നവരല്ല, രാജ്യത്തിനകത്ത്‌ ഇടം നഷ്ടമായവർ- ‘ഇന്റേണലി ഡിസ്‌പ്ലെയ്‌സ്‌ഡ്‌ പീപ്പിൾ’ എന്നാണ് അവർ വിശേഷിപ്പിക്കപ്പെടുന്നത്. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന പ്രദേശങ്ങളിൽനിന്നു വന്നവർ. യുദ്ധത്തിനിടയിൽ എപ്പോഴെങ്കിലുമൊരു ഹരിതപാത തുറക്കും. അപ്പോൾ ആ വഴിയിലൂടെ റെഡ്ക്രോസോ ഏതെങ്കിലും സർക്കാർ ഏജൻസികളോ പലായനത്തിനു സഹായിക്കും. എല്ലാം ഇട്ടെറിഞ്ഞ് രക്ഷപ്പെട്ട്‌ എത്തും. മുന്നിൽ അവശേഷിക്കുന്നത് ജീവൻ എന്ന മൂന്നക്ഷരംമാത്രമാണ്.

അത്യാവശ്യം പണമുള്ളവർ യുക്രയ്‌നിന്റെ പടിഞ്ഞാറു ഭാഗത്തേക്കോ യൂറോപ്പിലേക്കോ ഒക്കെ പോയി. അതിനൊന്നും സാധിക്കാത്തവരാണിവർ. ഇതേ സാഹചര്യം പണ്ട് സിറിയയിലും യമനിലുമൊക്കെ കണ്ടതാണ്. സിറിയയിൽനിന്നുള്ള കൂട്ടപ്പലായനം മെഡിറ്ററേനിയൻ കടലിലൂടെയായിരുന്നു. ചെറുകപ്പലുകളിലും സാധാരണ വള്ളങ്ങളിലും ബോട്ടുകളിലുമൊക്കെ കയറിപ്പോയവർ. അവ മുങ്ങി, കൂട്ടത്തോടെ മരിച്ചവർ. ഒരുദിവസം 5000 മുതൽ 10,000വരെ ആളുകൾ സബറേഷ്യയിലേക്ക്‌ എത്തുന്നു. നേരത്തേ അത് 2000ൽ താഴെമാത്രം. യുദ്ധം നീളുന്തോറും അഭയാർഥികളുടെ എണ്ണവും കൂടും.  വിശപ്പ് മാറ്റാൻ ഉൾപ്പെടെ സംവിധാനങ്ങൾ വേണം. ആളുകൾ കൂട്ടത്തോടെ എത്തുമ്പോൾ ഏതു നാടും ഒന്നു പകച്ചുപോകും. സബറേഷ്യയിലെ മേയറുമായി സംസാരിച്ചപ്പോൾ ആ പകപ്പ് അദ്ദേഹത്തിലും ദൃശ്യമായിരുന്നു. കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ഭാവിയെപ്പറ്റിയുള്ള ആകുലത ആ കണ്ണുകളിൽനിന്നു വായിച്ചെടുക്കാനായി. സ്‌ത്രീകളും കുട്ടികളുമാണ് അഭയാർഥികളിൽ ഏറെയും. പുരുഷന്മാരിൽ നല്ലൊരു പങ്കും സേനയിൽ ചേർന്നു.

അഭയാർഥി കേന്ദ്രത്തിൽ ഭക്ഷണത്തിനായി വരിനിൽക്കുന്നവർ

അഭയാർഥി കേന്ദ്രത്തിൽ ഭക്ഷണത്തിനായി വരിനിൽക്കുന്നവർ

27 പുനരധിവാസകേന്ദ്രമാണ് സബറേഷ്യയിൽ ഒരുക്കിയിട്ടുള്ളത്. അഭയാർഥികളായി എത്തുന്നവർക്കും രജിസ്ട്രേഷനുണ്ട്. തുടർന്ന് ആരോഗ്യപരിശോധനയും. അതിനുശേഷം പുനരധിവാസകേന്ദ്രങ്ങളിലേക്കു വിടും. അവിടെ തിരക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധികൾ.  തണുപ്പിന് കുറവുള്ളതാണ് ഏക ആശ്വാസം. തണുപ്പുകാലമായാൽ സൗകര്യങ്ങൾ അപര്യാപ്തമാകും. ഭക്ഷണമൊക്കെ കേന്ദ്രീകൃതമായാണ് നൽകുന്നത്.

ഇത്രയുംപേർക്ക് ഭക്ഷണം ഉണ്ടാക്കേണ്ടിവരുന്നത് പ്രതിസന്ധിതന്നെയാണ്. ശുദ്ധമല്ലാത്ത വെള്ളം മറ്റെവിടെനിന്നെങ്കിലും ശേഖരിച്ച് കുടിക്കുന്നതുമൂലം വയറിളക്കരോഗങ്ങൾ പതിവാണ്. അഭയാർഥികളായി എത്തുന്നവർക്കൊപ്പം തങ്ങളുടെ നാട്ടിലുള്ളവരുടെ കാര്യവും അധികൃതർക്ക് നോക്കേണ്ടതുണ്ട്.  ബഹുഭൂരിപക്ഷവും അമ്മമാരും കുട്ടികളുമാണ്. ഒന്നിനും രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളുള്ള മുലയൂട്ടുന്നവരുടെ കാര്യത്തിലാണ് പ്രധാന പ്രതിസന്ധി. പോഷകാഹാരം അപര്യാപ്തം. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കാണ്‌  പുനരധിവാസകേന്ദ്രങ്ങളുടെ ചുമതല. അവിടെയും സൗകര്യങ്ങൾ കുറവാണ്. ആംബുലൻസുകളും മറ്റും സേന കൊണ്ടുപോയി. മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തുടങ്ങാനുള്ള സംവിധാനങ്ങളുമില്ല. ഡോക്ടർമാരും നഴ്സ്‌മാരും ഉണ്ടെങ്കിലും മരുന്നും വാഹനങ്ങളും രോഗപരിശോധനകൾക്കുള്ള ഉപകരണങ്ങളുമില്ല. പത്തോളം മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തുടങ്ങാനായിരുന്നു ഞങ്ങളുടെ ശ്രമം. ഹെൽത്ത് സെന്ററുകൾക്ക് വാഹനവും ഡ്രൈവർമാരെയും സോഷ്യൽ വർക്കർമാരെയും മരുന്നും പരിശോധനാ ഉപകരണങ്ങളുമൊക്കെ നൽകും. പക്ഷേ, അതിനായി വാഹനം കണ്ടുപിടിക്കലാണ് ബുദ്ധിമുട്ട്. ആരും വണ്ടികൾ വാടകയ്ക്ക് തരുന്നില്ല. യുദ്ധസ്ഥലങ്ങളിൽ വാഹനമോടിച്ച് കേടുപറ്റിയാൽ കമ്പനികൾ  ഇൻഷുറൻസ് നൽകില്ല. 10 കിലോമീറ്റർ അപ്പുറം യുദ്ധമേഖലയാണ്. അതുകൊണ്ടുതന്നെ വാഹന ഉടമകൾക്കു പേടിയാണ്.  സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ  വാങ്ങിയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കുന്നത്. ആംബുലൻസുണ്ട്, പക്ഷേ, ഇന്ധനമില്ല. ഒരു ദിവസം റേഷനായി കിട്ടുന്ന 20 ലിറ്റർ ഇന്ധനം ഉപയോഗിച്ച് നൂറോ നൂറ്റമ്പതോ കിലോമീറ്റർ മാത്രമേ സഞ്ചരിക്കാനാകൂ. പരിക്കേറ്റവരെയും ഗുരുതരമായ രോഗങ്ങൾ ഉള്ളവരെയുമൊന്നും കൂടുതൽ ചികിത്സ ലഭിക്കുന്നിടത്ത് എത്തിക്കാനാകുന്നില്ല. പ്രധാന നഗരമായ നിപ്രോയിലേക്ക് 70 കിലോമീറ്റർ സഞ്ചരിക്കണം. ഗുരുതരാവസ്ഥയിലുള്ളവർ മരിക്കുന്നത് പതിവായിരിക്കുന്നു. രക്ഷപ്പെടാൻ സാധ്യതയുള്ളവർപോലും കൺമുന്നിൽ മരിച്ചുവീഴുന്നു, പ്രത്യേകിച്ച് ചെറുപ്പക്കാർ.

മൈൻ പൊട്ടി ഗുരുതരമായി പരുക്കേറ്റ നാലഞ്ചുപേരെ കഴിഞ്ഞദിവസം കൊണ്ടുവന്നെങ്കിലും ആംപ്യൂട്ടേഷൻ ചെയ്‌ത്‌ രണ്ടുപേരെ മാത്രമാണ് രക്ഷിക്കാനായത്. മറ്റു മൂന്നുപേരും മരിച്ചു. മോർച്ചറികൾക്ക് ഇത്രയും മരണം താങ്ങാനാവില്ല.  പോസ്റ്റ്മോർട്ടം ചെയ്യാനാകുന്നില്ല. മോർച്ചറികളിൽ മൃതദേഹം കൂട്ടിയിട്ടിരിക്കുന്നു.  യുദ്ധം വളരെ അടുത്തെത്തുകയും മറ്റു നിവൃത്തിയില്ലാതാകുകയും ചെയ്യുമ്പോൾ മാത്രമാണ് അവർ പലായനത്തിന്‌ ഒരുങ്ങുക. അപ്പോൾ ഒന്നും എടുക്കാനാകില്ല.  നിവൃത്തികെടുമ്പോൾ അഭയാർഥികളായി രക്ഷപ്പെടും.  ലോകത്തെ എല്ലാ യുദ്ധഭൂമികളിലെയും കാഴ്‌ച. യുദ്ധം ആരുടെയും അകലെയല്ല. പ്രതീക്ഷിക്കാതിരിക്കുന്നിടത്തും ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാം. അധികാരവും ദുരയും അതിനുള്ള കോപ്പുകൂട്ടുകയാണ്. ആർക്കും പ്രശ്നമുണ്ടാകാതെ സ്വസ്ഥമായി ജീവിക്കുന്ന സാധാരണ മനുഷ്യർ അനാഥത്വത്തിലേക്ക് എടുത്തെറിയപ്പെടുന്ന കാഴ്‌ച യുദ്ധഭൂമികൾ  സമ്മാനിച്ചുകൊണ്ടേയിരിക്കുന്നു.

(തിരുവനന്തപുരം മെഡിക്കൽ കോളേജ് എമർജൻസി വിഭാഗം പ്രൊഫസറായ ലേഖകൻ ഐക്യരാഷ്ട്രസംഘടന കൺസോർഷ്യത്തിന്റെ മെഡിക്കൽ വിഭാഗം ഡയറക്ടറായി ഉക്രയ്‌നിൽ താൽക്കാലിക സേവനമനുഷ്ഠിക്കുകയാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top