28 March Thursday

പോയിന്റ് ബ്ലാങ്ക്

സുനീഷ് ജോ suneeshmazha@gmail.comUpdated: Sunday Mar 29, 2020

നീതിന്യായവ്യവസ്ഥയെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മുഖ്യധാരാ മാധ്യമങ്ങൾ മൗനം പാലിച്ചപ്പോൾ സത്യം വിളിച്ചുപറഞ്ഞ "ദ കാരവാൻ' മാസികയെക്കുറിച്ചും എക്‌സിക്യൂട്ടീവ്‌ എഡിറ്റർ വിനോദ്‌ കെ ജോസിനെക്കുറിച്ചും

 
നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന രണ്ടാം എൻഡിഎ സർക്കാർ ഒരുവർഷം തികയ്‌ക്കാൻ രണ്ടുമാസം ബാക്കി.  ആറു വർഷത്തോളം തുടർച്ചയായി പ്രധാനമന്ത്രിപദത്തിലിരിക്കുന്ന മോഡിയെ വിമർശനാത്മകമായി വിലയിരുത്താൻപോലും ദേശീയമാധ്യമങ്ങൾക്ക്‌ ഭയമാണിന്ന്. മോഡിയെ മാത്രമല്ല, ആഭ്യന്തരമന്ത്രിയായ അമിത്‌ ഷായെക്കുറിച്ചും അവർ മിണ്ടുന്നില്ല. എന്നാൽ, ഇതിന്‌ ഒരപവാദമാകുകയാണ്‌ വിനോദ്‌ കെ ജോസും അദ്ദേഹം എക്‌സിക്യൂട്ടീവ്‌ എഡിറ്ററായ ദ കാരവാൻ മാസികയും. അമിത്‌ ഷാ പ്രതിയായ സൊഹ്‌റാബുദീൻ ഷേഖ്‌ വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണയിലായിരുന്ന  സിബിഐ പ്രത്യേക കോടതി ജഡ്‌ജി ബി എച്ച്‌ ലോയയുടെ ദുരൂഹമരണത്തെക്കുറിച്ച്‌ ലോകമറിഞ്ഞത്‌ 2018ൽ കാരവാൻ മാസികയിലൂടെയാണ്‌. ഹൃദയാഘാതത്തെ തുടർന്ന്‌ ലോയ മരിച്ചെന്നായിരുന്നു ഔദ്യോഗികഭാഷ്യം. സഹപ്രവർത്തകയുടെ  മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാഗ്‌പുരിലെത്തിയ ലോയ 2014 ഡിസംബർ ഒന്നിന്‌ ‘മരിച്ചെന്നാണ്‌' രേഖകളിൽ. അതേ മാസം 14ന്‌ വിചാരണക്കോടതിയിൽ അമിത്‌ ഷാ ഹാജരാകണമെന്ന്‌ നിർദേശിച്ചിരിക്കെയായിരുന്നു  കണിശക്കാരനായ ആ ന്യായാധിപന്റെ മരണം.
 
രേഖകൾ പരിശോധിച്ച ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഫോറൻസിക്‌ മെഡിസിൻ ആൻഡ്‌ ടോക്‌സിക്കോളജി വിഭാഗം  മുൻമേധാവി ആർ കെ ശർമ മരണകാരണം ഹൃദയാഘാതമാണെന്ന വാദം തള്ളിക്കളഞ്ഞു. വിഷം അകത്തുചെന്നതിനെത്തുടർന്നുള്ള മസ്‌തിഷ്‌കാഘാതമാകാം മരണകാരണമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ജസ്റ്റിസ് ലോയയുടെ തലയുടെ പുറകിലും ഷർട്ടിന്റെ കോളറിലും രക്തക്കറയുണ്ടായിരുന്ന കാര്യം അദ്ദേഹത്തിന്റെ  മൂത്ത സഹോദരി ഡോ. അനുരാധ  വെളിപ്പെടുത്തി.  അമിത്‌ ഷായ്‌ക്ക്‌ അനുകൂലമായി വിധി പുറപ്പെടുവിച്ചാൽ 100 കോടി രൂപയും ഫ്‌ളാറ്റും ബോംബെ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ മോഹിത്‌ ഷാ വാഗ്‌ദാനം ചെയ്‌തെന്ന്‌ മകൻ പറഞ്ഞിരുന്നതായി ജസ്റ്റിസ് ലോയയുടെ അച്ഛൻ ഹർകിഷനും വെളിപ്പെടുത്തി. തുടർച്ചയായ റിപ്പോർട്ടുകൾ. ഒടുവിൽ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായ ദീപക്‌ മിശ്രയുടെ ബെഞ്ചിൽനിന്ന്‌ 2018 ഏപ്രിലിൽ ആ വിധി വന്നു,  ലോയയുടെ മരണത്തിൽ ദുരൂഹതയില്ല!  ഒടുവിലിതാ മറ്റൊരു സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായിരുന്ന രഞ്‌ജൻ ഗൊഗോയ്‌ രാജ്യസഭാ എംപിയായിരിക്കുന്നു. വസ്‌തുതകളും  രേഖകളുമാണ്‌ റിപ്പോർട്ടുകളുടെ അടിസ്ഥാനമെന്ന്‌ വിശ്വസിക്കുന്ന വിനോദ്‌   ജോസ്‌ സംസാരിക്കുന്നു. പിന്നോട്ടല്ല, മുന്നോട്ടാണ്‌ യാത്രയെന്ന്‌ ആ വാക്കുകളിൽ  ഉറപ്പുണ്ട്‌.         
         
2018 ജനുവരി 12. പകൽ 12. ന്യൂഡൽഹിയിലെ തുഗ്ലക്‌ റോഡിലുള്ള അന്നത്തെ സുപ്രീംകോടതി ജഡ്‌ജി ജെ ചെലമേശ്വരിന്റെ ഔദ്യോഗികവസതിയിൽ അദ്ദേഹം ഉൾപ്പെടെ  കൊളീജിയത്തിലെ നാലു ജഡ്‌ജിമാർ മാധ്യമങ്ങളെ കണ്ടു. പത്തുമിനിറ്റ്‌ നീണ്ടുനിന്ന ആ വാർത്താസമ്മേളനത്തിൽ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌യോട്‌ മാധ്യമപ്രവർത്തകർ: ‘ഇത്‌  അച്ചടക്കലംഘനമാണോ? ’ഗൊഗോയ്‌: ‘അല്ല . ആരും അച്ചടക്കം ലംഘിക്കുന്നില്ല. ഞങ്ങൾ രാജ്യത്തോടുള്ള കടമ നിർവഹിക്കുകയാണ്‌.’  മാധ്യമപ്രവർത്തകർ: ‘ലോയയുടെ കേസാണോ ഇന്ന്‌ ഉന്നയിച്ചത്‌?’ ഗൊഗോയ്‌; ‘അതെ.’
 

? എന്താണ്‌ സംഭവിച്ചത്‌

 

2017 നവംബർ 20, 21 തീയതികളിലാണ്  സിബിഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ദ കാരവാൻ മാസിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്.  പിന്നീട്‌ ഇതുമായി ബന്ധപ്പെട്ട് ആറുമാസത്തിനകം 
30 റിപ്പോർട്ടുകൾ.  ഇതിന് പിന്നാലെ ആറ് പൊതുതാൽപ്പര്യ ഹർജികൾ കോടതിയിലെത്തി. ബോംബെ ഹൈക്കോടതിയുടെ ബോംബെ ബെഞ്ചിലും നാഗ്പുർ ബെഞ്ചിലുമാണ് ഇതുണ്ടായിരുന്നത്.  ഇതിൽ അന്വേഷണം നടക്കുമെന്ന് കണ്ടപ്പോൾ    സംശയാസ്പദമായ നിലയിൽ രണ്ടുഹർജികൾ സുപ്രീംകോടതിയിൽ  ഫയൽ ചെയ്യപ്പെടുന്നു. ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണത്തിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട്  മഹാരാഷ്ട്ര ബിജെപി അധ്യക്ഷനുമായി അടുപ്പമുണ്ടായിരുന്നയാൾ  ഉൾപ്പെടെയുള്ളവരുടെ ഹർജികളാണ് സുപ്രീംകോടതി സ്വീകരിച്ചത്. തുടർന്ന് അന്നത്തെ ചീഫ് ജസ്റ്റിസ്  ദീപക് മിശ്ര ഈ ഹർജികൾ സീനിയോറിറ്റി മറികടന്ന് പത്താമനായ അരുൺ മിശ്രയുടെ ബെഞ്ചിലേക്ക് വിടുന്നു. ഇതിനെതിരെയാണ്  മുതിർന്ന  ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, ജെ  ചെലമേശ്വർ, മദൻ ബി ലോക്കൂർ, മലയാളികൂടിയായ കുര്യൻ ജോസഫ് എന്നിവർ  ന്യൂഡൽഹി തുഗ്ലക് റോഡിലെ ചെലമേശ്വറിന്റെ ഔദ്യോഗികവസതിയിൽ മാധ്യമങ്ങളെ കാണുന്നത്‌. കേസിൽ നിർണായകമായ വഴിത്തിരിവായിരുന്നു അത്. ആദ്യ റിപ്പോർട്ടുകൾവന്ന്‌ 42ാം നാളിലായിരുന്നു അത്‌. ക്രിക്കറ്റിൽ മാച്ച്‌ ഫിക്‌സിങ്‌ നമ്മളൊക്കെ കേട്ടിട്ടുണ്ട്‌. എന്നാൽ, ബെഞ്ച്‌ ഫിക്‌സിങ്‌  നടക്കുന്നു എന്ന്‌ സുപ്രീംകോടതിയിലെതന്നെ മുതിർന്ന ന്യായാധിപന്മാർ കോടതിക്ക്‌ പുറത്ത്‌ പറയുന്നതിന്‌ അന്ന്‌ രാജ്യം സാക്ഷിയായി. ഇതിനുമുമ്പ്‌ ഇത്തരം ഒരു സംഭവം മറ്റേതെങ്കിലും രാജ്യത്ത്‌ നടന്നതായി അറിവില്ല. കാരവാൻ റിപ്പോർട്ട്‌ വന്നശേഷം ദേശീയമാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുമെന്നും മുന്നോട്ടു കൊണ്ടുപോകുമെന്നും ഞങ്ങൾ കരുതി. ഭാഷാപത്രങ്ങൾ റിപ്പോർട്ടുകൾക്ക്‌ കവേറജ്‌ കൊടുത്തെങ്കിലും പ്രധാന ഹിന്ദി, ഇംഗ്ലീഷ്‌  മാധ്യമങ്ങൾ അങ്ങനെയായിരുന്നില്ല.
 
ആ ദിവസങ്ങളിലൊന്നിൽ ടൈംസ്‌ ഓഫ്‌ ഇന്ത്യ  ഒന്നാംപേജിൽ കൊടുത്ത വാർത്ത പൊതുതെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ അന്നത്തെ ബിജെപി അധ്യക്ഷനായ അമിത്‌ ഷാ തമിഴും ബംഗാളിയും പഠിക്കാൻ ടീച്ചറെ നിയമിച്ചതിനെക്കുറിച്ചാണ്‌! ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീൻ ഷേഖ്‌ വ്യാജ ഏറ്റുമുട്ടൽ കേസിലെ വഴിത്തിരിവിനെക്കുറിച്ചും കേസ്‌ പരിഗണിച്ച ജസ്റ്റിസ്‌ ലോയയുടെ ദുരൂഹ മരണത്തെപ്പറ്റിയും ഒരു വാർത്ത പോലുമില്ല. ലോയ റിപ്പോർട്ട്‌ വന്ന ദിവസം ഇപ്പോൾ അസൗകര്യമുണ്ടെന്നും  പാർലമെന്റ്‌ ചേരുമ്പോൾ ഇക്കാര്യം തീർച്ചയായും ഉന്നയിക്കുമെന്നും ഫോണിൽ  മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ വിളിച്ച്‌ പറഞ്ഞിരുന്നു. 10 ദിവസം പാർലമെന്റ്‌ ചേർന്നിട്ടും  കേസിലെ പുതിയ ഗതിമാറ്റത്തെക്കുറിച്ച്‌  കോൺഗ്രസ്‌ ഒരക്ഷരം മിണ്ടിയില്ല. അതൊക്കെ കഴിഞ്ഞാണ്‌  സുപ്രീംകോടതി ഹർജി പരിഗണിച്ച ആദ്യ ദിവസം ഉച്ചയ്‌ക്ക്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കെതിരെ നാലു ജഡ്‌ജിമാർ രംഗത്തുവന്നത്‌. 
 

 ? കാരവാൻ വാർത്തയുടെ പിറവി എങ്ങനെ

ലോയയുടെ ദുരൂഹമരണം സംബന്ധിച്ച്‌ മാസിക നേരിട്ട്‌ നടത്തിയ അന്വേഷണമായിരുന്നില്ല . മറാഠി മാധ്യമപ്രവർത്തകനായ നിരഞ്‌ജൻ ടക്ളേയാണ് അത്  കൊണ്ടുവന്നത്. അദ്ദേഹം ജോലിചെയ്‌തിരുന്ന സ്ഥാപനം കൊടുക്കാൻ വിസമ്മതിച്ച വാർത്ത. അദ്ദേഹം മുംബൈയിലെയും ഡൽഹിയിലെയും മാധ്യമസ്ഥാപനങ്ങൾ കയറിയിറങ്ങി. ആരും  പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. അങ്ങനെയാണ്‌ കാരവാനിൽ എത്തുന്നത്‌.  റിപ്പോർട്ടിന്‌ കൂടുതൽ ബലം നൽകുന്നതിന്‌ രണ്ടുമാസത്തെ അന്വേഷണം ആവശ്യമാണെന്ന്‌ ബോധ്യപ്പെട്ടു. 
ബി എച്ച് ലോയയുടെ അച്ഛൻ ഹർകിഷൻ ലോയ, സഹോദരി ഡോ. അനുരാധ, മറ്റ്‌ ബന്ധുക്കൾ തുടങ്ങിയവരുടെ വീഡിയോ അഭിമുഖങ്ങൾ എടുത്തു. ഇതൊന്നും സ്റ്റിങ് ഓപ്പറേഷൻ ആയിരുന്നില്ല. എഡിറ്റർ എന്ന നിലയിൽ അത്തരം പ്രവൃത്തിയിൽ വിശ്വസിക്കുന്നുമില്ല. അന്വേഷണാത്മ റിപ്പോർട്ടുകൾ എന്ന നിലയിലാണ്‌ വാർത്തകൾ തയ്യാറാക്കുന്നത്‌. മെറിറ്റുണ്ടെങ്കിൽ ആർക്കെതിരെയും വാർത്തകൾ കൊടുക്കാമെന്ന നിലയിലാണല്ലോ ന്യൂസ്‌ റൂമുകൾ പ്രവർത്തിക്കേണ്ടത്‌. ആരെങ്കിലും പ്ലാൻ ചെയ്‌തതല്ല. അലഞ്ഞുനടന്ന വാർത്ത തങ്ങൾ പ്രസിദ്ധീകരിക്കുക മാത്രമായിരുന്നു. 
 
2020 മാർച്ച്‌ 17. സുപ്രീംകോടതിയുടെ 46‐ാമത്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന രഞ്‌ജൻ ഗൊഗോയ്‌ വിരമിച്ച്  നാല്‌ മാസങ്ങൾക്കുശേഷം രാജ്യസഭാംഗമായി. സത്യപ്രതിജ്ഞക്കുശേഷം മാധ്യമങ്ങളോട്‌ പറഞ്ഞു: ‘2018ൽ അന്നത്തെ ചീഫ്‌ ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം വിളിച്ചപ്പോൾ ഞാൻ ആ ലോബിയുടെ പ്രിയപ്പെട്ടവനായിരുന്നു. പക്ഷേ അവരുടെ ഇംഗിതത്തിന്‌ അനുസരിച്ച്‌ ഞാൻ കേസ്‌ തീർപ്പാക്കണമെന്ന്‌ അവർ ആഗ്രഹിച്ചു. കോടതിയുടെ പുറത്തുള്ളവരുടെ താൽപ്പര്യത്തിന്‌ വഴങ്ങിയില്ല. എന്റെ മനഃസാക്ഷിക്ക്‌ ശരിയെന്ന്‌ തോന്നുന്നതിനനുസരിച്ചാണ്‌ ഞാൻ വിധി പറഞ്ഞത്‌’.
 

? ഗൊഗോയ്‌ക്കെതിരെ സംശയത്തിന്റെ മുന എത്രത്തോളമുണ്ട്‌

 
ചീഫ്‌ ജസ്റ്റിസുമാരായി അധികാരമേൽക്കുമ്പോൾ അഭിമുഖങ്ങൾ ഇന്ത്യാ ടുഡേയുടെയും ഔട്ട്‌ലുക്കിന്റെയുമൊക്കെ  കവർസ്റ്റോറിയായി വരുന്നത്‌ നമ്മൾ കണ്ടിട്ടുണ്ട്‌. എന്നാൽ, അവരുടെ റോളുകളോ ഇടപെടലുകളോ അന്വേഷിക്കുന്ന  റിപ്പോർട്ടുകൾക്ക്‌ ശ്രദ്ധ കിട്ടിയതായി അറിവില്ല. മുമ്പും ചീഫ്‌ ജസ്റ്റിസുമാർക്കെതിരെ ആരോപണങ്ങൾ ഉണ്ടായപ്പോൾ എന്തുകൊണ്ട്‌ അന്വേഷിച്ചില്ല എന്ന്‌ മാധ്യമപ്രവർത്തകർ സ്വയം ചോദിക്കണം. കോൺഗ്രസിന്റെ കാലത്തും ഇത്തരം ഇടപെടലുകൾ നടന്നിരുന്നു.  ബിജെപിയുടെ കാലത്ത്‌ അതാവർത്തിക്കുന്നു എന്നേയുള്ളൂ. ഗൊഗോയ്‌ക്ക്‌ ലഭിച്ച രാജ്യസഭാസീറ്റിൽ ജനാധിപത്യവ്യവസ്ഥയ്‌ക്കും നീതിന്യായവ്യവസ്ഥയ്‌ക്കും ഒരുപോലെ ആശങ്കപ്പെടാനുണ്ട്‌.
 
ലോയയുടെ ദുരൂഹമരണത്തിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയുണ്ടായത്‌   നിർണായകമായ വഴിത്തിരിവായിരുന്നു. എന്നാൽ, പിന്നെയുണ്ടായത്‌ അവിശ്വസനീയതയായിരുന്നു. ദീപക്‌ മിശ്രയുടെ പിൻഗാമിയായി ഗൊഗോയ്‌ക്ക്‌ ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനം കൊടുക്കില്ലെന്ന്‌ അതിനിടെ കേൾക്കുന്നു. എന്നാൽ, 2018 ഒക്‌ടോബർ മൂന്നിന്‌  അദ്ദേഹം 46ാമത്തെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായി.
 
 ഗൊഗോയ്‌യുടെ ഓഫീസിലെ ജീവനക്കാരിയുടെ പരാതി സംബന്ധിച്ച് ‘കാരവാൻ ’ റിപ്പോർട്ട്‌ കൊടുക്കുന്നത്‌ 2019 ഏപ്രിൽ 19ന്. അവർ സുപ്രീംകോടതിയിലെ 28 ജഡ്‌ജിമാർക്ക്‌ പരാതി നൽകി. ആ സ്‌ത്രീ കാരവാൻ റിപ്പോർട്ടറോട്‌ സംസാരിച്ച കാര്യങ്ങൾകൂടി ചേർത്തായിരുന്നു വാർത്ത. അപ്പോഴേക്കും പൊതുസമൂഹത്തിന്‌ സംശയം ജനിപ്പിക്കുന്നതും സാധാരണ യുക്തിക്ക്‌ നിരക്കാത്തതുമായ മൂന്നിലേറെ വിധി പ്രസ്‌താവങ്ങൾ ഗൊഗോയ്‌യുടേതായി വന്നിരുന്നു. അതുപോലെ സ്‌ത്രീയുടെ പരാതി കാരവാനിലൂടെ പുറത്തുവന്നത്‌ ഒരു ശനിയാഴ്‌ച രാവിലെയാണ്‌. അന്ന്‌ വൈകിട്ട്‌ പ്രധാനപ്പെട്ട സംഭവമെന്ന നിലയ്‌ക്ക്‌ അത്‌ അന്വേഷിക്കാൻ മൂന്നംഗ ബെഞ്ച്‌ രൂപീകരിക്കുന്നു. വിരോധാഭാസം എന്ന്‌ പറയട്ടെ, തനിക്കെതിരെയുള്ള കേസിന്റെ ജഡ്‌ജിയായി  ചീഫ്‌ ജസ്റ്റിസായ ഗൊഗോയ്‌ അദ്ദേഹത്തെത്തന്നെ അവരോധിച്ചു.  നേരായവഴിക്കുള്ള അന്വേഷണത്തിലൂടെ കേസ്‌ മുന്നോട്ട്‌ പോയില്ല എന്ന്‌ മാത്രമല്ല, തന്നെ വെള്ളപൂശി കുറ്റവിമുക്തനാക്കുകയും ചെയ്യുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. ദേശീയ പൗരത്വ രജിസ്‌റ്റർ കേസിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ  കാരവാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എട്ടുമാസമെടുത്ത്‌ നടത്തിയ ആ അന്വേഷണ റിപ്പോർട്ട്‌ രണ്ടുമാസം മുമ്പാണ്‌ പ്രസിദ്ധീകരിച്ചത്‌. 
 
 നീതിന്യായസ്ഥാപനങ്ങളെയും എക്‌സിക്യൂട്ടീവിനെയും  ചെറിയ രീതിയിൽ ഗ്രസിച്ചിരുന്ന ‘രോഗം’ അതിന്റെ മൂർധന്യത്തിലാണ്‌. ഗൊഗോയ്‌ക്ക്‌ നൽകിയ രാജ്യസഭാസീറ്റിലൂടെ ശക്തമായ സന്ദേശമാണ്‌ ഭരണകക്ഷി നീതിന്യായസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക്‌  കൊടുക്കുന്നത്‌.  റിട്ടയർമെന്റിന് ശേഷമുണ്ടാഷകൻ പോകുന്ന നേട്ടങ്ങൾ വിധിന്യായങ്ങളെ സ്വാധീനിക്കും. ഇക്കാര്യങ്ങളൊക്കെ  ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്‌.  വിശ്വസ്‌തർ ആകൂ അല്ലെങ്കിൽ ലോയയാകൂ (Be Loyal or Loya )എന്നിങ്ങനെയുള്ള വാട്‌സാപ്‌ മെസേജുകൾ  അതിനു തെളിവാണ്.  ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും  തമ്മിൽ അകലം വേണമെന്നുതന്നെയാണ്‌ ഭരണഘടന വിഭാവനംചെയ്തവർ കണ്ടിട്ടുള്ളത്‌. അതല്ലാതെ ഭരണകക്ഷി കൈകാര്യംചെയ്യുന്ന ഒരു വകുപ്പുപോലെയാകുന്നത്‌ അപകടംചെയ്യും. എൻആർസി കേസിൽ ബിജെപി സർക്കാരിന് ഗൊഗോയ്‌ ചെയ്‌തത് ഹിതകരമായ കാര്യംപോലെയാണ്‌ തോന്നുന്നത്‌. എൻആർസി രാഷ്‌ട്രീയമായി 20-‐25 വർഷം മൈലേജ്‌ ഉണ്ടാക്കാവുന്ന വിഷയമാക്കിമാറ്റുകയായിരുന്നു അദ്ദേഹം.
 

? ശബരിമല സംബന്ധിച്ച്  ഭരണഘടനാബെഞ്ചിന്റെ വിധിക്കുമേലുള്ള പുനഃപരിശോധനാ ഹർജിയിൽ വിധി വരാനിരിക്കുന്നു. വിധി  മറ്റൊരു  മുതലെടുപ്പിന് വഴിവയ്ക്കുമോ

 

ഡൽഹിയിൽനിന്ന്‌  2018ൽ മാധ്യമവാർത്തകൾ കണ്ടപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധം കേരളത്തിൽ നടക്കുന്നതായാണ്‌ തോന്നിയത്‌. എന്നാൽ,  കേരളത്തിലെ ഗ്രാമങ്ങളിൽവന്ന്‌ ആളുകളോട്‌ സംസാരിച്ചപ്പോൾ അതല്ല സ്ഥിതി  എന്ന്‌ മനസ്സിലായി. 150 വർഷം പഴക്കമുള്ള നവോത്ഥാനത്തിന്റെ മൂല്യങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്‌. ഈ മൂല്യങ്ങൾ വെല്ലുവിളി നേരിടുകയാണ്‌.  അയോധ്യയിൽ കർവസേവ നടന്നപ്പോഴും മണ്ഡൽ കമീഷനുണ്ടായപ്പോഴും ഇത്തരമൊരു സാഹചര്യമായിരുന്നില്ല. പക്ഷേ ശബരിമലവിധി കേരളത്തെ സംബന്ധിച്ച്‌ ഒരു വാട്ടർ ലൂ ആണ്‌. കേരളം ഏതുരീതിയിൽ  പെരുമാറും എന്നതിനെ ആശ്രയിച്ചാണത്‌. അപ്പോഴും അപകടകരമായ സ്ഥിതിയിലേക്ക്‌ പോകാൻ സാധ്യതയില്ല. ശ്രീനാരായണഗുരുവിനെപ്പോലുള്ളവർ മൂല്യങ്ങളിലാണ്‌ ഊന്നിയത്‌. കേരളത്തെ മറ്റുസംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമാക്കിയിരുന്നത്‌ നവോത്ഥാനമൂല്യങ്ങളായിരുന്നു. അവ മതങ്ങൾക്ക്‌ എതിരായിരുന്നില്ല. മതങ്ങളിലെ മൂല്യം ഉയർത്തിപ്പിടിക്കുകയായിരുന്നു. ഇത്‌ ഹിന്ദുമതത്തിൽ മാത്രമല്ല മറ്റെല്ലാ മതങ്ങളിലും നടന്നു എന്നതും ശ്രദ്ധേയമാണ്‌. പ്രളയമുണ്ടായപ്പോൾ നമ്മൾ അത്‌ കണ്ടതാണ്‌. ഒറ്റമെയ്യോടുകൂടി പൊരുതാൻ പറ്റുമെന്ന്‌ നമ്മൾ കാണിച്ചു.  പ്രകൃതിദുരന്തങ്ങൾക്കെതിരെ അത്‌ സാധ്യമാകുമെങ്കിൽ മനുഷ്യനിർമിതകലാപത്തിനെതിരെയും നമുക്ക്‌ ഒന്നിച്ച്‌ നിൽക്കാനാകും.
 

സൊഹ്‌റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസ്‌

 
ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്‌കർ ഇ തോയിബ ഭീകരരെന്ന്‌ ആരോപിച്ചാണ്‌ മാർബിൾ വ്യാപാരിയായ സൊഹ്‌റാബുദീൻ ഷേഖിനെ 2005 നവംബറിൽ വെടിവച്ചുകൊല്ലുന്നത്‌. അയാളുടെ ഭാര്യ കൗസർബിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി ശരീരം വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു. 2006ൽ ഇവരുടെ ഡ്രൈവർ  തുൾസിറാം പ്രജാപതിയെ കസ്റ്റഡിയിൽനിന്ന്‌ ചാടിപ്പോകാൻ ശ്രമിച്ചെന്ന്‌ ആരോപിച്ചും കൊലപ്പെടുത്തി. കേസിൽ എല്ലാ പ്രതികളെയും സിബിഐ  കോടതി  വെറുതെവിട്ടു. അമിത‌് ഷാ, രാജസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി ഗുലാബ്‌ചന്ദ് കഠാരിയ, ഗുജറാത്ത് എടിഎസ് മുൻ മേധാവി ഡി ജി വൻസാര തുടങ്ങി 16 പ്രതികളെ 2014ൽത്തന്നെ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടിരുന്നു. 2018ൽ ബാക്കിയുള്ള 22 പേരെയും തെളിവില്ലെന്ന കാരണംപറഞ്ഞ് പ്രത്യേക ജഡ‌്ജി എസ് ജെ ശർമ വെറുതെവിട്ടതോടെ മൂന്ന് കൊലപാതകങ്ങൾ നടത്തിയവർ നീതിക്കുമുമ്പിൽ എത്താതെ രക്ഷപ്പെട്ടു.
 
ഹൈദരാബാദിൽനിന്ന‌് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് സൊഹ്റാബുദീനും ഭാര്യ കൗസർബിയും തുൾസിറാം പ്രജാപതിയും പോകുമ്പോൾ തെലങ്കാന അതിർത്തിയിൽ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധസംഘം മൂന്നുപേരെയും ബസിൽനിന്ന് ഇറക്കി പ്രത്യേക വാഹനത്തിൽ കൊണ്ടുപോയെന്നാണ് സാക്ഷിമൊഴി. 
 

വിനോദ്‌ കെ ജോസ്‌

 
വയനാട്‌  സ്വദേശി.18 വർഷമായി ഡൽഹിയിൽ മാധ്യമപ്രവർത്തകൻ.  ഡൽഹി ഇന്ത്യൻ എക്‌സ്‌പ്രസിൽ മാധ്യമപ്രവർത്തകനായാണ് തുടക്കം. റേഡിയോ പസഫിക്കയുടെ ദക്ഷിണേഷ്യൻ കറസ്‌പോണ്ടന്റ്‌,  ഫ്രീ പ്രസ്‌ മാസിക എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2010 മുതൽ  "ദ കാരവാൻ' മാസികയുടെ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ. 2011ൽ ജാമിയ മിലിയ ഇസ്ലാമിയയിൽനിന്ന്  സോഷ്യോളജിയിൽ പിഎച്ച്‌ഡി നേടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top