20 April Saturday

മഹാഭാരത പഠനം: വര്‍ഗീയതയ്‌ക്കെതിരെ വൈജ്ഞാനിക പ്രതിരോധം

രാജന്‍ ഗുരുക്കള്‍ rgurukkal@gmail.comUpdated: Sunday Mar 29, 2020

ലോകത്തെ മറ്റിതിഹാസങ്ങളുടേതില്‍നിന്ന്‌ ഭിന്നമായി ഇന്ത്യയുടെ ഇതിഹാസങ്ങള്‍ക്ക്‌ ആനുകാലിക സാമൂഹിക സാംസ്‌കാരിക ജീവിതത്തിനുമേലുള്ള സ്വാധീനം നിര്‍ണായകമാണ്. നേരിട്ട്‌ ജീവിതത്തിലിടപെട്ട്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ് അവയിലെ കഥാപാത്രങ്ങളെല്ലാം. വലിയൊരളവോളം അവരാണ്‌ രാഷ്ട്രീയജീവിതത്തെ ഇന്ന്‌ നയിക്കുന്നത്. രാമായണവും മഹാഭാരതവും പോലുള്ള ഐതിഹാസിക കൃതികള്‍ക്ക്‌ പൊതുജീവിതത്തിനുമേലുള്ള സ്വാധീനം കണക്കിലെടുത്ത്‌ അവയുടെ സാംസ്‌കാരികചരിത്രം സ്വതന്ത്രവും ജനാധിപത്യപരവും മതനിരപേക്ഷവുമായ ജ്ഞാനവിശകലനംവഴി നിര്‍ധാരണം ചെയ്യേണ്ടതുണ്ട്.  ആ സുപ്രധാന രാഷ്ട്രീയദൗത്യമാണ് മഹാഭാരതത്തിന്റെ  ബഹുസ്വരാത്മകവും മതനിരപേക്ഷവും ജനകീയവുമായ ഉള്ളടക്കം വെളിപ്പെടുത്തുകവഴി ഗ്രന്ഥകാരനിവിടെ നിർവഹിക്കുന്നത്

 
ഹിന്ദു വർഗീയതക്കെതിരെ വൈജ്ഞാനിക പ്രതിരോധം തീർത്തുകൊണ്ട്  സുനിൽ പി ഇളയിടം മഹാഭാരതത്തെ ഉപജീവിച്ചു അടുത്തകാലത്തു നടത്തിയ പ്രഭാഷണപരമ്പര എഴുഭാഗങ്ങളും ഇരുപത്തഞ്ചദ്ധ്യായങ്ങളുമുള്ള ‘മഹാഭാരതം: സാംസ്‌കാരികചരിത്രം’ എന്ന സവിശേഷ ഗ്രന്ഥമായി പുറത്തിറങ്ങിയിരിക്കുന്നു. പ്രഭാഷണപരമ്പര ചെറുതായിമാത്രം പരാമർശിച്ച ആശയങ്ങളെ വിപുലീകരിച്ചു ചിട്ടപ്പെടുത്തിയും വിട്ടുപോയവ കൂട്ടിച്ചേർത്തും അത്യന്തം വിജ്ഞാനപ്രദമാക്കിയ ഗ്രന്ഥം. പ്രമേയത്തെ സമഗ്രമായി അഭിസംബോധന ചെയ്യാൻ എട്ടു അധ്യായങ്ങൾ പുതുതായി കൂട്ടിച്ചേർത്തിരിക്കുന്നു. പേർഷ്യനിലെഴുതപ്പെട്ട മഹാഭാരതത്തെക്കുറിച്ചുള്ള വിശകലനമാവട്ടെ പ്രഭാഷണത്തിലുണ്ടായിരുന്നില്ലതാനും.
 

ഘടനയും പഠനരീതിയും

 

പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മകചരിത്രം, ഗീതാ ചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ മഹാഭാരതചരിത്രജീവിതത്തിന്റെ  വിവിധതലങ്ങളെ  അനാവരണം ചെയ്യുന്ന എഴുഭാഗങ്ങളും  ഓരോഭാഗത്തിനു കീഴിലായി രണ്ടും മൂന്നും നാലും അധ്യായങ്ങളുമുള്ള ഘടനയാണ് ഗ്രന്ഥത്തിന്. ഒരോ അധ്യായവും ഓരോപ്രമേയം വിസ്തരിക്കുകയും ഓരോപ്രമേയവും മഹാഭാരതമെന്ന സാംസ്കാരിക ശൃംഖലയുടെ ഭാഗമാവുന്നതെങ്ങനെയെന്നു പരിശോധിക്കുകയും ചെയ്യുന്നു. ഒരധ്യായം പരിശോധിക്കുന്നത് മഹാഭാരതത്തിന്റെ  ആധുനിക ജീവിതം തന്നെയാണ്. ഈ അധ്യായങ്ങളൊക്കെ ചേർത്തുവച്ചാലതു മഹാഭാരതത്തിന്റെ  ചരിത്രജീവിതത്തിലേക്കും സാംസ്‌കാരിക സ്വരൂപത്തിലേക്കും വെളിച്ചം പകരുമെന്ന പ്രതീക്ഷയാണ് ഗ്രന്ഥകാരനുള്ളത്. പ്രത്യേകിച്ച് മൂന്നും നാലും ഭാഗങ്ങളെ ചേർത്തുവച്ചാലതു മഹാഭാരത ചരിത്രജീവിതത്തിന്റെ സാമാന്യചിത്രം വ്യക്തമാക്കും. ഇങ്ങനെ വ്യത്യസ്‌ത അടരുകളായേ മഹാഭാരതത്തിന്റെ സങ്കീർണവും വിസ്‌തൃതവുമായ ചരിത്രജീവിതത്തെ അനാവരണം ചെയ്യാനാകൂ എന്നാണു  ഗ്രന്ഥകാരന്റെ  സാധൂകരണം. 
 
ചരിത്രപരവും ഭൗതികാസ്‌പദങ്ങളെ മുൻനിർത്തുന്നതുമായ രീതിയാണു ആദ്യത്തെ ആറുഭാഗങ്ങളിലെ വിശകലനത്തിനു സ്വീകരിച്ചിരിക്കുന്നത്.  അതിൽനിന്നു വ്യത്യസ്‌തമാണ് അവസാനത്തെ ഭാഗമായ വിഭാവനചരിത്രത്തിന്റേതെന്നു ഗ്രന്ഥകാരൻ എടുത്തുപറയുന്നുണ്ട്. ഏറിയകൂറും മഹാഭാരതത്തിന്റെ  വ്യക്തിഗതവായനകളാണതിലെ ഉള്ളടക്കം. മഹാഭാരതം ഒരു സാഹിത്യപാഠമായി പരിഗണിച്ചുകൊണ്ടുള്ള വിശകലനമാണത്. ഗ്രന്ഥകാരന്റെ ലക്ഷ്യം സാഹിതീയതയെക്കുറിച്ചുള്ള ആധുനിക സങ്കല്പങ്ങൾക്കുള്ളിൽനിന്ന് മഹാഭാരതപാഠസമുച്ചയത്തെ വീക്ഷിക്കുകയാണ്. മഹാഭാരതത്തിന്റെ  ആധുനിക-സമകാലിക ജീവിതകേന്ദ്രം അതിന്റെ സാഹിതീയതയാണെന്നു ഗ്രന്ഥകാരൻ വിശ്വസിക്കുന്നു. മതാത്മകവും മറ്റുമായ പരിവേഷത്തിൽനിന്നു വേർപെടുത്തി സാഹിത്യപാഠം എന്ന പദവിയിലേക്കുയർത്തി മഹാഭാരതത്തെ സൗന്ദര്യശാസ്‌ത്ര മാനദണ്ഡമനുസരിച്ചു വിലയിരുത്തകയും  വിമർശിക്കുകയും  ചെയ്യുന്ന പാഠങ്ങളുടെ തലമാണത്. ഈ സൗന്ദര്യശാസ്‌ത്ര സമീക്ഷയുടെ ചരിത്രപരിശോധനയും മഹാഭാരതത്തിന്റെ സമകാലികജീവിതം തിരിച്ചറിയുന്നതിനാവശ്യമാണ്. ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം ഏതൊരു പാഠത്തിന്റെയും ചരിത്രവൽക്കരണത്തിന്  അനുഭൂതിയുടെ പ്രപഞ്ചത്തെ ചരിത്രവൽക്കരിക്കാതെ വയ്യ.
 

സുനിൽ പി ഇളയിടം

സുനിൽ പി ഇളയിടം

സമീക്ഷ

 
ഇതിഹാസങ്ങളെ വെറും അയുക്തികവും ബ്രാഹ്മണികവും ഹിന്ദുവർഗീയതയുടെ ആശയ സ്രോതസ്സും അതിന്റെ പ്രചാരണോപാധിയും മാത്രമാണെന്നു തള്ളിക്കളയുന്നതിനുപകരം  ഇതിഹാസ പാരമ്പര്യത്തെ ചരിത്രപരമായും സാംസ്‌കാരികമായും അഭിസംബോധന ചെയ്യുന്ന സമീക്ഷയാണു സുനിലിന്റേത്. അദ്ദേഹം മഹാഭാരതത്തെ കാണുന്നത് സുനിശ്ചിതവും പരമവുമായ അർഥമാരോപിക്കാനാകുന്ന ഒരേകപാഠമായല്ല; വ്യത്യസ്‌ത ചരിത്രസന്ദർഭങ്ങളിൽ ഓരോമാതിരി അർഥം കൈവരികയും അതനുസരിച്ച് പ്രവർത്തിക്കുകയുംചെയ്ത  ഒരു പാഠപരമ്പരയായാണ്. ഓരോ ചരിത്ര സന്ദർഭത്തിലുമുണ്ടായ സാംസ്‌കാരികാർഥങ്ങളുടെ വ്യത്യസ്‌ത അടരുകളുമായി  വളർന്നു  വലുതായ മഹാഭാരതത്തെ കാലത്തിനു നീളെയും സമൂഹ്യഘടനകൾക്കു കുറുകെയും പരിശോധിക്കുന്ന ചരിത്രാധിഷ്‌ഠിത വിശകലന രീതിയാണ് ഏറക്കുറെ അദ്ദേഹവും പിന്തുടരുന്നത്. സാഹിത്യ പണ്ഡിതന്റെ സാംസ്‌കാരിക പഠനരീതിയുടെ സ്വാധീനമുണ്ടെങ്കിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാട് പാഠം ചരിത്രത്തെ പ്രതിഫലിപ്പിക്കുകയല്ല ചരിത്രസന്ദർഭം സൂചിപ്പിക്കുക മാത്രമാണെന്നതാണ്.
 
ഗ്രന്ഥകാരന്റെ വീക്ഷണമനുസരിച്ച് മഹാഭാരതം നാടോടിസംസ്‌കാരത്തിൽനിന്നു തുടങ്ങി ലിഖിത സംസ്‌കാരത്തിലെത്തി നിലച്ചുപോയതും ലിഖിതപാഠം പൊട്ടിപ്പിളർന്നു പുതിയ പാഠങ്ങളായി പെരുകി വളർന്നതുമായ രണ്ടു വ്യത്യസ്‌ത ധാരകളുടെ സമ്മിശ്രമാണ്. ഈ രണ്ടു പാരമ്പര്യങ്ങളുമൊരുപോലെ  സന്നിഹിതമായിരിക്കുന്ന മഹാഭാരത പാഠജീവിതത്തെയാണ് അദ്ദേഹം അപഗ്രഥിക്കുന്നത്. ഇന്ത്യാ ചരിത്രത്തിലെ വിഭിന്ന ഘട്ടങ്ങളോടു വിനിമയങ്ങളിലേർപ്പെട്ടുകൊണ്ടു പരിണമിച്ച പാഠസമുച്ചയവും അതിന്റെ ചരിത്രവും അർഥങ്ങളും പ്രവർത്തനങ്ങളും നിർധാരണം ചെയ്യുകയാണു ലക്ഷ്യം. പതിവു സാംസ്‌കാരികചരിത്ര സമീക്ഷയിലതാവില്ല. ഏതെങ്കിലുമൊരു ചരിത്ര സന്ദർഭത്തിനു പകരം വിപുലമായൊരു ചരിത്രപ്രക്രിയയെയാണു മഹാഭാരതം സൂചിപ്പിക്കുന്നത്. അതിന്റെ പാഠജീവിത സാംസ്‌കാരികചരിത്രം വേറെയാണ്. റെയ്‌മണ്ട് വില്യംസിന്റെ സാംസ്‌കാരികചരിത്ര സമീക്ഷയെയാണ് ഗ്രന്ഥകാരൻ ആശ്രയിക്കുന്നത്. അതനുസരിച്ച് സംസ്‌കാരമെന്നത് ജീവിതായോധനത്തിന്റെ  ഭാഗമായി ജനവിഭാഗം ഏർപ്പെടുന്ന എല്ലാ പ്രയോഗങ്ങളുമടങ്ങുന്ന അതിവിപുല ബന്ധവ്യവസ്ഥയാണ്. ഈ ബന്ധവ്യവസ്ഥയിലെ വിവിധഘടകങ്ങളുമായുള്ള വിനിമയങ്ങളിലൂടെ സംസ്‌കാരം രൂപപ്പെടുകയും പ്രവർത്തിക്കുകയും ഫലമുളവാക്കുകയും  ചെയ്യുന്നു.  ആ പ്രക്രിയയുടെ വ്യാഖ്യാനമാണു  സാംസ്‌കാരിക ചരിത്രം. സാമൂഹ്യവ്യവസ്ഥയിലെ വിവിധഘടകങ്ങളുമായുള്ള വിനിമയങ്ങളിലൂടെ  മഹാഭാരതപാഠം രൂപപ്പെടുകയും പ്രവർത്തിക്കുകയും ഫലമുളവാക്കുകയും  ചെയ്‌തതെങ്ങനെയെന്ന വിശദീകരണമാണു   മഹാഭാരത സാംസ്‌കാരിക ചരിത്രം എന്നർഥം.
 
മഹാഭാരതത്തിനു സ്വന്തമായ ചരിത്രജീവിതം സങ്കൽപ്പിക്കുന്നതു പ്രശ്നമാണ്. ഒരുപാഠത്തിനും  സ്വതന്ത്രമായ ചരിത്രമോ  ജീവിതമോ സാധ്യമല്ല. അതിനു സാമൂഹ്യചരിത്രമേ ഉള്ളൂ. രൂപകമെന്നനിലയ്‌ക്ക്‌ അതിനു സംവേദനക്ഷമതയുണ്ടാകാം. പക്ഷേ  മാർക്‌സ്‌ പറയുംപോലെ അതൊരു ഫെറ്റിഷിസമായി മാറും. ഗ്രന്ഥത്തിലുടനീളം രൂപകമായല്ല, സങ്കല്പനമായാണു പലപ്പോഴും വരുന്നത്. റെയ്‌മണ്ട് വില്യംസിന്റെ സാംസ്‌കാരികചരിത്ര സമീക്ഷയുമായി അത്‌ ഇടഞ്ഞുനിൽക്കും. മാർക്‌സിനേക്കാളത്‌ ഹെഗലിനോടിണങ്ങിയും.
 

രാഷ്ട്രീയം

 
ലോകത്തെ മറ്റിതിഹാസങ്ങളുടേതിൽനിന്നു ഭിന്നമായി ഇന്ത്യയുടെ ഇതിഹാസങ്ങൾക്കു ആനുകാലിക സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിനുമേലുള്ള സ്വാധീനം നിർണായകമാണ്. നേരിട്ടു ജീവിതത്തിലിടപെട്ടു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ് അവയിലെ കഥാപാത്രങ്ങളെല്ലാം. വലിയൊരളവോളം അവരാണു രാഷ്ട്രീയ ജീവിതത്തെ ഇന്നു നയിക്കുന്നത്.
 
രാമായണവും മഹാഭാരതവും പോലുള്ള ഐതിഹാസിക കൃതികൾക്കു പൊതുജീവിതത്തിനുമേലുള്ള സ്വാധീനം കണക്കിലെടുത്തു അവയുടെ സാംസ്‌കാരിക ചരിത്രം സ്വതന്ത്രവും ജനാധിപത്യപരവും മതനിരപേക്ഷവുമായ ജ്ഞാനവിശകലനം വഴി നിർധാരണം ചെയ്യേണ്ടതുണ്ട്. ആ സുപ്രധാന രാഷ്ട്രീയ ദൗത്യമാണ് മഹാഭാരതത്തിന്റെ  ബഹുസ്വരാത്മകവും മതനിരപേക്ഷവും ജനകീയവുമായ ഉള്ളടക്കം വെളിപ്പെടുത്തുകവഴി ഗ്രന്ഥകാരനിവിടെ നിർവഹിക്കുന്നത്.
 
ആശയംതന്നെ  ഭൗതിക ശക്തിയായി മാറുന്നുവെന്ന പ്രമാണം ആധാരമാക്കി ആശയാനുഭൂതികളുടെ ഭൗതികതയെയും മൂർത്തതയെയും ഗ്രന്ഥകാരനുയർത്തിപ്പിടിക്കുന്നു. ജനങ്ങൾക്കുമേലെ ആശയം പിടിമുറുക്കുന്നതെങ്ങനെയെന്നു വിശദീകരിക്കാനും ഉദാഹരിക്കാനുമാണ് ഗ്രന്ഥകാരന്റെ ശ്രമം. ആ  ഉറച്ച ധൈഷണിക നിലപാടാണ്  ഗ്രന്ഥത്തിന്റെ  രാഷ്ട്രീയം. പക്ഷെ മാർക്‌സിന്റെ പ്രത്യയശാസ്‌ത്ര സിദ്ധാന്തമല്ലേ ഇവിടെ ആശ്രയിക്കേണ്ടത്? ഇപ്പോഴത് ഹെഗലിന്റെ ആശയമൂർത്തതയെ പ്രാപിക്കലായി പരിണമിക്കുന്നു.
 

പരിമിതി

 

ഗ്രന്ഥത്തിന്റെ പരിമിതികൾ എന്തൊക്കെയാണെന്നു  ഗ്രന്ഥകാരന്റെതന്നെ കുറിപ്പുണ്ട്. ചരിത്രവൽക്കരണത്തിന്റെ പല അടരുകളിൽവച്ചു മഹാഭാരതത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണീ ഗ്രന്ഥത്തിലുള്ളതെന്നും  മഹാഭാരതത്തിലെ സവിശേഷമായ ആശയക്രമങ്ങളെ മുൻനിർത്തിയുള്ള  ഇതിഹാസപാഠവ്യവഹാര ചരിത്രത്തിന്റെ  ഒരേകദേശ രൂപരേഖ തയ്യാറാക്കുകയാണു  ചെയ്‌തിരിക്കുന്നതെന്നും ഇന്നോളമുള്ള പഠനങ്ങളുടെ വൈജ്ഞാനിക ഭൂമികയാണ്  അവതരിപ്പിക്കുന്നതെന്നും ഗ്രന്ഥത്തിലെ വലിയൊരുപങ്കും രണ്ടു നൂറ്റാണ്ടായി നടന്നുവന്ന ഗവേഷണങ്ങളുടെയും വിശകലനങ്ങളുടെയും ഫലമാണെന്നും  അല്ലാതെ പുതുതായൊരു വ്യാഖ്യാനം കൂട്ടിച്ചേർക്കുകയല്ലെന്നും  അദ്ദേഹം വ്യക്തമാക്കുന്നു.
 
മഹാഭാരതത്തിന്റെ മതാത്മക താർക്കിക ദാർശനിക  പഠനങ്ങളോ അതുപോലുള്ള മറ്റു വിശേഷാവഗാഹ തലങ്ങളോ  പരാമർശിക്കാനായിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്. ഒറ്റഗ്രന്ഥത്തിലെല്ലാം ഉൾക്കൊള്ളിക്കാനാർക്കു കഴിയും. ഒഴിവാക്കാനാവുന്ന പരിമിതിയല്ലത്. ഒഴിവാക്കാമായിരുന്ന ഒരു പരിമിതി അച്ചടിത്തെറ്റുകളാണ്. പ്രവേശികയുടെ ആദ്യഖണ്ഡികയിലുള്ള തെറ്റുകളുടെ എണ്ണംതന്നെ ആറാണ്. പല സ്ഥലത്തും ഈതെറ്റുകളാവർത്തിക്കുന്നുണ്ട്. വെറും അച്ചടിയല്ലല്ലോ പ്രസാധനം.
 
മൗലിക വ്യാഖ്യാനംപോലെ ഇതുപോലുള്ള ഗ്രന്ഥരചനയും എല്ലാവർക്കും ചെയ്യാവുന്ന പണിയല്ല. വളരെ വലുതാണ്‌ ഈ ഗ്രന്ഥത്തിന്റെ വൈജ്ഞാനിക മൂല്യം. മഹാഭാരതപഠനങ്ങളെപ്പറ്റി ഇത്രയധികം അറിവുപകരുന്ന ഒരുഗ്രന്ഥം മലയാളത്തിലുണ്ടായിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top