19 April Friday

അതിർത്തികൾ വരയ്‌ക്കുന്നവർ

സ്‌മിത ആദർശ്‌Updated: Sunday Mar 29, 2020

 "കസബിനെ നിങ്ങൾ ഇന്ത്യക്കാർ തൂക്കിക്കൊന്നു! ടീച്ചർ അറിഞ്ഞോ? "വ്യക്തതയില്ലാത്ത ഇംഗ്ലീഷിൽ അബ്‌ദുൾ റഹ്‌മാൻ തെല്ലമർഷത്തോടെ പറഞ്ഞു. അവന്റെ മൂക്കിനുചുറ്റും വിയർപ്പുകണങ്ങൾ പൊടിഞ്ഞത്‌ ഞാൻ ഭയത്തോടെ കണ്ടു. അതെ... ഇന്നലെ എല്ലാ ചാനലുകളും കാണിച്ച പ്രധാനവാർത്ത. പാകിസ്ഥാനിയാണെന്നതിൽ അഭിമാനിച്ചിരുന്ന അബ്‌ദുൾ റഹ്‌മാൻ എന്ന എന്റെ വിദ്യാർഥി ഈ വാർത്തയ്‌ക്ക്‌ അമിത പ്രാധാന്യം നൽകിയതിൽ ഒട്ടും അത്ഭുതം തോന്നിയില്ല. ദേശസ്‌നേഹം വ്രണമാക്കി വളർത്തിയെടുക്കപ്പെട്ട കുഞ്ഞാണെന്ന് പതിയെ മനസ്സിലാക്കിയപ്പോൾ അവനോട് സംസാരിക്കുന്നത് സ്‌നേഹക്കരുതലോടെ തന്നെയായിരുന്നു.

 

മുമ്പും പലവട്ടം കസബിനെ അനുകൂലിച്ച് സംസാരിച്ചപ്പോഴൊക്കെ അവന്റെ ഭംഗിയുള്ള കണ്ണുകളിലെ വന്യതയിലേക്കുള്ള പകർന്നാട്ടം തിരിച്ചറിഞ്ഞതാണ്. അത് തിരുത്താൻ ശ്രമിച്ച് പരാജയമടയുകയുംചെയ്‌തു.
 
"ഇന്ത്യക്കാരെ ഇത്ര വെറുത്തിട്ടും നീയെന്തേ ഇന്ത്യൻ സ്‌കൂളിൽത്തന്നെ ചേർന്നു?’ എന്ന ചോദ്യത്തിന് അതീവ ലാഘവത്തോടെ നൽകിയ മറുപടി ഇതായിരുന്നു - "ഇവിടെ ഇന്ത്യൻ സ്‌കൂളിൽ ടീച്ചർമാർ കുട്ടികളെ തല്ലാറില്ലല്ലോ, പാകിസ്ഥാനി സ്‌കൂളിൽ അങ്ങനെയല്ല. കുട്ടികളെ തല്ലുന്നത് അമ്മജാന്‌ ഇഷ്ടമല്ല.”
  
ഗൾഫിലെ ഇന്ത്യൻ സ്‌കൂളിൽ ഓരോ കുട്ടിയും മാനേജ്മെന്റിന്റെ ചട്ടങ്ങൾ പാലിക്കണം. പക്ഷേ, അബ്‌ദുൾ റഹ്‌മാനെപ്പോലെയുള്ളവർ ചട്ടങ്ങളെല്ലാം പതിയെ മറക്കാൻ തുടങ്ങും. അതോടെ ഇവർ തലവേദനയാകും. ഞാനെപ്പോഴും ഈ ഉൽക്കണ്ഠ സഹപ്രവർത്തകരോട് പങ്കുവയ്‌ക്കാറുണ്ട്. മൈമൂന ടീച്ചർ പറയും: ‘-ആ ചെക്കൻ മഹാ എടങ്ങേറാ. ഇസ്ലാമിക് ക്ലാസില് പടച്ചോന് നിരക്കാത്തതേ ഓൻ പറയൂ.’  മലയാളി ടീച്ചർമാർ മൈമൂന ടീച്ചറെ പിന്തുണച്ചു. "അവൻ അസംബ്ലി പ്രാക്ടീസിന് വന്നതേയില്ല. ഇന്ത്യൻ പ്രതിജ്ഞ പറയലും ദേശീയഗാനം ആലപിക്കലും പറ്റില്ലെന്ന്  മുഖത്തുനോക്കി പറഞ്ഞു.’  ഛത്തീസ്ഗഢുകാരിയായ സുരഭി ടീച്ചർ പരാതിപ്പെട്ടു. സ്വാഭാവികം! ഇന്ത്യ എന്റെ രാജ്യമാണെന്ന് പാകിസ്ഥാനിക്കുട്ടി എങ്ങനെ പറയും?
 
വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചാൽ വഴുതിമാറാൻ ആ പതിനൊന്നുകാരൻ വിദഗ്‌ധനാണ്‌. അമ്മജാനാണ് ഇഷ്ടകഥാപാത്രമെങ്കിലും ബാബ എന്ന് വിളിക്കുന്ന അച്ഛനാണ്‌ ഹീറോ. അമ്മ പ്രസവിച്ച ആദ്യ നാലു കുഞ്ഞുങ്ങളും പെട്ടെന്ന് മരിച്ചു. രക്തസംബന്ധമായ എന്തോ അപൂർവ പാരമ്പര്യരോഗം ആണത്രേ. കുഞ്ഞനുജനും അതേ അസുഖമുണ്ട്. ചികിത്സ ഫലപ്രദമായില്ലെങ്കിൽ അസുഖംകൂടി അവനും ഒരുദിവസം മരിക്കും. അനുജനെ ചികിത്സിക്കാനാണ് ഗ്രാമവും ആപ്പിൾ കൃഷിയും തൽക്കാലത്തേക്ക്‌ ഉപേക്ഷിച്ച് അവർ ഗൾഫിൽ വന്നത്‌. ഇടയ്‌ക്ക്‌ എന്നോട് അതിയായ സ്‌നേഹം വരും അവന്. അപ്പോൾ ഇങ്ങനെയൊക്കെയാണ് - "മിസ്സ് വരണം. ഞങ്ങളുടെ ഗ്രാമത്തിലേക്ക്‌. നിറയെ കുലകുലയായി ആപ്പിൾ ഉണ്ടാകുന്ന മരങ്ങളാണ് അവിടെ. ഞാൻ എല്ലാം കാട്ടിത്തരാം. തണുപ്പുകാലത്താണ് വരുന്നതെങ്കിൽ എന്റെ നാനി സ്വാദുള്ള ആട്ടിൻ സൂപ്പുണ്ടാക്കി തരും’. അവനൊത്ത് ഒരു കുട്ട നിറയെ മൂത്തുപഴുത്ത ആപ്പിൾ പറിച്ചെടുക്കുന്നത് ഞാൻ പലപ്പോഴും സ്വപ്‌നം കണ്ടിട്ടുണ്ട്.
 
പതിവില്ലാതെ അവൻ അവധിയെടുത്തപ്പോൾ ഞാനൊന്ന് ഭയന്നു. അനുജന് അസുഖം കൂടിയോ? ഞാൻ ആശങ്കപ്പെട്ടത് വെറുതെ ആണെന്ന് അവൻതന്നെ പിറ്റേന്ന് ബോധ്യപ്പെടുത്തി. "ഇന്നലെ ഗാന്ധിജയന്തി അല്ലേ... സ്‌കൂളിൽ പോയാൽ സ്‌പെഷ്യൽ അസംബ്ലിയിൽ പങ്കുചേരേണ്ടി വരും’ എന്ന് ബാബ പറഞ്ഞു. ഗാന്ധിജയന്തിയിൽ സ്‌കൂളിൽ പോകേണ്ട കാര്യമില്ല എന്നും പറഞ്ഞു. നിങ്ങൾക്ക് നിങ്ങളുടെ ഗാന്ധിജി ആരൊക്കെയോ ആണ്. പക്ഷേ, ഞങ്ങൾക്ക് ആരുമല്ല. രഘുപതി രാഘവ രാജാറാം പാടാൻ ഒട്ടും താൽപ്പര്യമില്ല. ഇന്ത്യൻ പതാക കളർ ചെയ്‌ത്‌ മാർക്ക് കിട്ടിയിട്ട് എനിക്കൊന്നും നേടാനുമില്ല.’ പെട്ടെന്ന് മുതിർന്നവരെപ്പോലെ അവൻ നയം വ്യക്തമാക്കി.
 
ചിലപ്പോഴൊക്കെ അവന്റെ കുസൃതികൾ അതിരുകടന്നു. മറ്റ്‌ കുട്ടികളും മാതാപിതാക്കളും പരാതിപ്പെട്ടു. മകന്റെ  സ്വഭാവത്തെപ്പറ്റി അച്ഛന്  സൂചന നൽകാം, ഒപ്പം പഠനത്തിൽ അവൻ വളരെ പുറകിലാണെന്ന് ഓർമിപ്പിക്കുകയും ആകാം. രണ്ടുംകൽപ്പിച്ച്  ബാബയെ വിളിച്ചു. പക്ഷേ, തന്ത്രപരമായി അയാൾ ആ പരാതി കൈകാര്യം ചെയ്‌തു. "ഞാനിവിടെ ഗ്യാരേജ് നടത്തുന്നു. ടീച്ചറുടെ കാറിന് എന്തുപണി ഉണ്ടെങ്കിലും ഇവിടേക്ക് കൊണ്ടുവരാം.’ വേറെ എന്തെങ്കിലും പറയുംമുമ്പ്‌ കട്ട് ചെയ്‌തു.
 
ഇറാനിക്കുട്ടികളും സുഡാനിക്കുട്ടികളും ഒരു പ്രശ്നവുമില്ലാതെ ഇന്ത്യൻ സ്‌കൂൾ നിയമം പാലിക്കുമ്പോൾ അബ്‌ദുൾ റഹ്‌മാൻ ഒറ്റയാനായി. ചിത്രരചനാ മത്സരത്തിന് "കുട്ടികൾ പാർക്കിൽ" എന്ന വിഷയത്തിന് ഒരു കൂസലുമില്ലാതെ കറാച്ചിക്കുമുകളിൽ പറക്കുന്ന വിമാനം ഭംഗിയായി വരച്ചു. തരം കിട്ടുമ്പോഴൊക്കെ ഇന്ത്യൻ ക്രിക്കറ്റ്, സിനിമാ താരങ്ങളുടെ ചിത്രങ്ങളിൽ മഷികോരിയൊഴിച്ചു. അവന്റെയുള്ളിലെ ഇന്ത്യൻ വിദ്വേഷം മാറ്റാൻ ഞാൻ കിണഞ്ഞ് ശ്രമിച്ചു. "നിനക്ക് മലാല യൂസഫ്സായിയെ അറിയുമോ? അവളും പാകിസ്ഥാനി ആണ്. പക്ഷേ, ലോകത്തെയാകെ സ്‌നേഹിക്കുന്ന അവൾ എത്ര നല്ല കുട്ടിയാണ്. ലോകനന്മയാണ് അവളുടെ ലക്ഷ്യം.’ ഞാൻ ഒരിക്കൽ അവനോട് പറഞ്ഞു. മറുപടിയായി ദേഷ്യത്തോടെ ശബ്‌ദമുയർത്തി അവൻ പറഞ്ഞു - "‘വിവരം കെട്ടവൾ! റൊട്ടി ഉണ്ടാക്കാൻ പഠിക്കുന്നതിനു പകരം ലോകം നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു. ലോകം നന്നാക്കേണ്ടത് ഇങ്ങനെയല്ല. അതിനുള്ള ശിക്ഷയും കിട്ടിയല്ലോ. നന്നായിപ്പോയി! പക്ഷേ, കസബ് രാജ്യസ്‌നേഹിയാണ്. ജീവൻ കൊടുത്തും -രാജ്യത്തിനുവേണ്ടി പോരാടിയില്ലേ’’.
 
"അല്ല അബ്‌ദുൾ റഹ്‌മാൻ, കസബ് ചതിക്കപ്പെട്ടവൻ ആണ്. അവനെ വഞ്ചിച്ചവർ പാകിസ്ഥാൻകാർ തന്നെയാണ്. അവന്റെ ദാരിദ്ര്യവും അറിവില്ലായ്‌മയും ചൂഷണം ചെയ്‌തത് തീവ്രവാദികളും മതാന്ധരുമാണ്. ഇന്ത്യയിൽ ഞങ്ങൾ എല്ലാ മതത്തിൽപ്പെട്ടവരും അടുത്തടുത്ത് ജീവിക്കും. പെരുന്നാളിന്‌ ഞങ്ങൾ അവരുടെ വീട്ടിൽച്ചെന്ന്‌ ബിരിയാണി കഴിക്കും. ഞങ്ങളുടെ ഉത്സവത്തിന്‌ അവരും വരും. അതിനിടയിൽ ഇടിത്തീ എന്നപോലെ ഇത്തരം കസബുമാർ. ഇയാൾക്ക് എന്ത്‌ നേട്ടം ഉണ്ടായി? എത്ര നിഷ്‌കളങ്കരെ കൊന്നൊടുക്കി. എത്ര കുടുംബങ്ങളുടെ സമാധാനം കളഞ്ഞു. നിന്റെ  നാടിന്റെ  പേരിനുതന്നെ അവൻ കളങ്കം വരുത്തിവച്ചില്ലേ? എന്നിട്ടും അവന് ജീവൻ നഷ്ടപ്പെട്ടില്ലേ.’   ഞാൻ അവന്റെ  മനസ്സ് മാറ്റിയെടുക്കാൻ ഒരു ശ്രമം നടത്തി.
 
  അവന്റെ  ഉള്ളിലെ രാജ്യസ്‌നേഹം സടകുടഞ്ഞെണീറ്റു. പരിസരം മറന്ന് ശബ്ദമുയർത്തി. "കസബ് വീര പോരാളിയാണ്. ജീവനാണ് ബലി കഴിച്ചത്. അതും മറ്റുള്ളവർക്കുവേണ്ടി. ദാരിദ്ര്യം തുടച്ചുനീക്കാനും വിശുദ്ധരാജ്യം നിർമിക്കാനും ഇത്തരം പോരാളികൾ വേണം. കസബ് ജിഹാദിൽ പങ്കെടുത്തവനാണ്'‐ അവൻ പുലമ്പിക്കൊണ്ടിരുന്നു. വിശുദ്ധരാജ്യം വെട്ടിപ്പിടിക്കാനായി കുപ്രസിദ്ധ തീവ്രവാദ സംഘടന നടത്തിയ സംഭാവന എണ്ണിയെണ്ണി പറയുന്നത് കേട്ട് ഞാൻ തരിച്ചിരുന്നു. അവന്റെ  ശ്രദ്ധ ഈ വിഷയത്തിൽനിന്ന്‌ എങ്ങനെ മാറ്റുമെന്ന് ഗൂഢമായി ചിന്തിക്കുന്നതിനിടയിൽ ഭാഗ്യത്തിന് ബെല്ലടിച്ചു. ക്ലാസിൽനിന്ന്‌ ഇറങ്ങുംമുമ്പ്‌ ഞാൻ ചോദിച്ചു -"ഇതെല്ലാം ആരു പറഞ്ഞുതന്നു?’ "ഒട്ടും ചിന്തിക്കാതെ അവൻ പറഞ്ഞു എന്റെ ബാബ! ബാബയുടെ അനിയൻ മുജാഹിദ് ആയിരുന്നു. ജിഹാദിൽ പങ്കെടുത്ത വിശുദ്ധ പോരാളി!’ ഇതുകേട്ട ഞാൻ അടുത്ത ക്ലാസിലേക്ക്‌ നടക്കുകയല്ല ഓടുകയായിരുന്നു.
 
 പതിനൊന്ന് വയസ്സുള്ള ചെറുമനസ്സിൽ വിഷവിത്തുകൾ പാകി മുളപ്പിച്ചത് സ്വന്തം പിതാവ്! അതുണ്ടാക്കിയ നടുക്കം കുറച്ചുനാൾ നീണ്ടുനിന്നു. തീവ്രവാദത്തെ തന്മയത്വത്തോടെ ജിഹാദ് ആക്കി സ്വന്തം മകനെ പഠിപ്പിച്ചുവച്ചിരിക്കുന്നു ബാബ.
 
അതേ അധ്യയനവർഷം ശസ്‌ത്രക്രിയക്ക് അവധിയെടുത്ത എന്നെത്തേടി ഒരു കോൾ, അബ്‌ദുൾ റഹ്‌മാനിൽനിന്ന്. "ഞങ്ങൾ തിരിച്ചുപോകുന്നു, പാകിസ്ഥാനിലേക്ക്. പക്ഷേ, ബാബയുടെ ഗ്രാമത്തെപ്പറ്റി ഉത്സാഹത്തോടെ സംസാരിച്ചിരുന്ന അവന്റെ  വാക്കുകളിൽ എവിടെയോ നിരാശ. "എന്തുപറ്റി? എന്തിനാ പെട്ടെന്ന് മടക്കം?’ ഞാൻ ചോദിച്ചു. “ബാബയുടെ അനുജന് വെടിയേറ്റു. ഓർമയില്ലാതെ കിടപ്പിലായി. ഞങ്ങൾ ചെന്നിട്ടുവേണം ബാബയ്‌ക്ക്‌ ഒരുപാട് കാര്യം ചെയ്‌തുതീർക്കാൻ." അവൻ ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു. ഞാൻ തരിച്ചിരുന്നു. ഫോൺ വച്ചപ്പോൾ എന്തോ ഭയം പടർന്നു. എങ്കിലും ഇടയ്‌ക്കെങ്കിലും ഞാനോർക്കും ഗ്രാമത്തിലെ ഏറ്റവും വലിയ ആപ്പിൾ കൃഷിക്കാരായി മാറിയിരിക്കും ഇപ്പോൾ അച്ഛനും മകനുമെന്ന്… അവരുടെ ആപ്പിൾ മധുരം നാടിന്റെ അതിരുകൾ താണ്ടി ലോകത്തിൽ മുഴുവൻ പരക്കുന്നുണ്ടാകുമെന്ന്!

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top